ഇന്നലെയും (14.12.19) ഞാൻ പ്രതിഷേധ റാലിയിൽ പങ്കെടുക്കുവാൻ ജാമിയ മില്ലിയ്യയിൽ പോയിരുന്നു. ഇന്നലെ സമരം അത്രയും പ്രശ്നം പിടിച്ചതായിരുന്നില്ല… ഇന്ന് നാലര മണിക്ക് അസർ നമസ്കാരം കഴിഞ്ഞ ശേഷമാണ് ജാമിയയിലെ സ്ഥിതിഗതികൾ അറിയാൻ അങ്ങോട്ട് പോയത്. 5.15 വരെ അന്തരീക്ഷം മുഴുവൻ കണ്ണീർ വാതകങ്ങളായിരുന്നു. മഗ്‌രിബ് നമസ്കരിക്കാൻ കാമ്പസിനുള്ളിൽ തന്നെയുള്ള പള്ളിയിൽ കയറി. അന്തരീക്ഷത്തിൽ കലർന്നു ചേർന്നിരിക്കുന്ന വാതകം കാരണം നമസ്കരിക്കുമ്പോൾ പോലും കണ്ണുകൾ കടഞ്ഞ് കലങ്ങുകയായിരുന്നു.
നമസ്കാര ശേഷം അടുത്തുള്ള കടയിൽ നിന്നും ചായകുടിച്ചു നിൽകുമ്പോയാണ് അടഞ്ഞു കിടന്നിരുന്ന ഗേറ്റ് ഭേതിച്ചുകൊണ്ട് പോലീസ് ഉള്ളിലേക്ക് ആക്രമണം തുടങ്ങിയത്. അതിർത്തിയിൽ ശത്രുരാജ്യത്തോട് പോരാടുന്ന പോലെയായിരുന്നു അവരുടെ വരവ്. ആദ്യം അവർ രണ്ടോ അതിലധികമോ ഷെൽ പ്രയോഗിക്കും, പിന്നാലെ കണ്ണീർ വാതകം. എന്നിട്ട് ആയുധധാരികളായിക്കൊണ്ട് ഉള്ളിലേക്ക് കയറും. അതുകണ്ടതും എന്റെ സുഹൃത്ത് സൈൻ ഓടാൻ പറഞ്ഞു. ഓടാൻ മനസ്സില്ലായിരുന്നു എങ്കിലും അവന്റെ കൂടെയോടി… ആദ്യ ആക്രമണം കഴിഞ്ഞ് പോലീസ് തിരികെ പോയി. പോലീസ് ക്യാമ്പസിൽ കയറിതല്ലിയപ്പോൾ സ്റ്റുഡന്റ്സ് ആകെ പരിഭ്രാന്തരായി. പിന്നീട് കുറച്ചു സമയത്തേക്ക് പോലീസിനെ കണ്ടില്ല. എന്നാലും അകത്തേക്ക് കണ്ണീർ വാതകങ്ങളും ഷെല്ലുകളും ഇടക്കിടെ വന്നു കൊണ്ടിരുന്നു…
കണ്ണീർ വാതകങ്ങൾ കെടുത്താൻ ഞാൻ പള്ളിയിലെ വുളു ചെയ്യുന്ന സ്ഥലത്തെ കൂജയിൽ വെള്ളവുമായി വന്നു. ഒന്നേ എനിക്ക് വെള്ളം ഒഴിച്ച് കെടുത്താൻ സാധിച്ചുള്ളൂ. പിന്നെ കണ്ണുനീറി ചുമച്ചു തുപ്പി, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. പേടിച്ച് ഞാൻ കണ്ണും തിരുമ്മി ഓടി. അരമണിക്കൂർ സമയത്തിന് ശേഷം വീണ്ടും പോലീസ് അകത്തേക്ക് കടന്നു. പള്ളിയിൽ നമസ്കരിക്കുന്ന ആളുകളെ പോലീസ് ക്രൂരമായി മർദിച്ചു … “എന്തെടാ നിനക് ആസാതി വിളിക്കണോ” എന്ന് ചോദിച്ചായിരുന്നു ഇത്തവണ അടി… പോലീസിന്റെ പിടിയിൽ ഒരാൾ ശെരിക്കും പെട്ടുപോയി. കാലിൽ അടികിട്ടിയതൊണ്ടാവാം ഓടാൻ കഴിയാതെപോയത്… പിന്നീട് ധാരാളം പോലീസ് കൂട്ടമായി തല്ലുന്നത് കണ്ടുനിൽക്കാൻ മാത്രമേ എനിക്കായുള്ളൂ … അവർ വെടിവെക്കുമോ എന്നുവരെ പേടിയുള്ളത്കൊണ്ടാവാം ആരും മുന്നോട്ട് വരാൻ തയ്യാറായില്ല.
അടിയും ഇടിയും സഹിക്കാമായിരുന്നെകിലും അവർ ഇടക്ക് പ്രയോഗിച്ചിരുന്ന ആ “ഡൈന” ശബ്ദം ഇപ്പോഴും എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ട്… സഹികെട്ട വിദ്യാർത്ഥികൾ ധൈര്യം സംഭരിച്ച് ഒച്ചവെച്ച് വീണ്ടും പോലീസിന്റെ അടുത്തേക്ക് ഓടിക്കൂടി. പോലീസ് ഓടിവരുന്ന വിദ്യാർത്ഥികളെ കണ്ട് പേടിച്ച് വീണ്ടും ക്യാമ്പസിന്റെ പുറത്തേക്ക് ഓടി. എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല. ഞാൻ പേടിച്ച് പോയി. അവനെ വിളിച്ചിട്ടും കിട്ടുന്നില്ല… പിന്നെയാണ് അവൻ നെഹ്റു ഗെസ്റ്റ് ഹൗസിൽ ഉണ്ടെന്ന് അറിഞ്ഞത്. അവൻ ഇങ്ങോട്ട് വന്ന് എന്നേം കൊണ്ട് പോയി. അവിടന്ന് നേരെ പോയത് ഒരു ഗേറ്റ്ന്റേ അടുത്തേക്കാണ്. അടികിട്ടി കിടക്കുന്ന ഒരാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ വിടുമോ എന്ന് കേണപേക്ഷിച്ചു, സമ്മതിച്ചില്ല. പുറത്ത് മുഴുവൻ പോലീസ് ആണ്. കാണുന്ന വാഹനങ്ങൾ തല്ലി തകർക്കുകയാണ്.
ഞാൻ തിരിച്ചു ഗെസ്റ്റ് ഹൗസിലേക്ക് വന്നു.അവിടെ അടികിട്ടിയ ആളെ കിടത്തിയിട്ടുണ്ടായിരുന്നു… വലത്തേ കാലിൽ രക്തം തളം കെട്ടിക്കിടക്കുന്നു… ഇടതു കാൽ ഒടിഞ്ഞു അനക്കാൻ സാധിക്കുന്നില്ല… വേദനകടിച്ചമർത്താൻ ശ്രമിക്കുന്ന സഹോദരനെ കണ്ടപ്പോൾ സഹതാപവും ആവേശവും തോന്നി… ഒരു മണിക്കൂർ ഞങ്ങൾ കുറച്ചുപേർ കഴിയുന്നതും നോക്കി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ… ഏകദേശം 1 മണിക്കൂർ കഴിഞ്ഞാണ് ഒരു ബൈക്ക് എത്തിയത്. അതിൽ അദ്ദേഹത്തെ പുറകിൽ ഇരുത്തി പിന്നേം പുറകിൽ ഒരാളുടെ ഇരുന്നു. ഷാൾ കൊണ്ട് കെട്ടി 2 പേര് മുന്നിലും 2 പേര് പിന്നിലും എസ്കോട്ട് ആയി ഓടികൊണ്ടിരുന്നു .പകുതിക്ക് വെച്ചാണ് വീണ്ടും ഒരാൾ വന്നു പറഞ്ഞത് ഇങ്ങോട്ടും പോവാൻ സാധിക്കില്ല ക്യാമ്പസിന്റെ പുറത്ത് മുഴുവൻ പോലീസ് ആണ് എന്ന്. അപ്പോൾ കൂട്ടത്തിൽ ഉള്ള ആരുടെയോ നിർദ്ദേശപ്രകാരം വണ്ടി ഗേൾസ് ഹോസ്റ്റലിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ ഉള്ളിലേക്ക് വിടാൻ ആദ്യം സെക്യൂരിറ്റി സമ്മതിച്ചെങ്കിലും എങ്ങനെയോ സമ്മതം വാങ്ങി മൈതാനത്തേക്ക് കയറി… പുറകെ ഒരു ആംബുലൻസ് വന്നു ഉള്ളിൽ 4 ഓളം പരിക്ക് പറ്റിയവർ ഉണ്ടായിരുന്നു. എല്ലാവരെയും അതിലാക്കി പറഞ്ഞയച്ചപ്പോഴാണ് മനസ്സിന് സമാധാനമായി.
ഇതിനിടയിൽ ആദ്യം ജിയോ ഇന്റർനെറ്റ് ആണ് പ്രവർത്തനരഹിതമായത്… ബാകി എല്ലാം നെറ്റ്‌വർക്കും പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ഞങ്ങളോട് അവിടെ ബോയ്സ് ഹോസ്റ്റലിൽ താമസിക്കാനും നാളെ പോകാനും അവിടുത്തെ വിദ്യാർത്ഥികൾ പറഞ്ഞു. അപ്പോൾ ഒരു ധീരൻ പറഞ്ഞു ഞാൻ കൊണ്ടുവിടാം എന്ന്. ഞങ്ങൾ പോലീസ് ഇല്ലാത്ത ഏതോ ഒരു വഴിയിലൂടെ പുറത്തിറങ്ങി റോഡിൽ എത്തി. പിന്നെ ഞങ്ങൾ 2 പേരും വഴി ചോദിച്ചു നടന്നു. അവൻ ഹിന്ദികാരൻ ആയതുകൊണ്ട് കുറച്ച് എളുപ്പമായി. 2km നടത്തത്തിന് ശേഷം ഞങ്ങൾ റൂമിലെത്തുമ്പോൾ സമയം ഏകദേശം 9 മണി ആയിരുന്നു… പിന്നീട് റൂമ്മേറ്റ് പറഞ്ഞപ്പോഴാണ് അറിഞ്ഞത് പോലീസ് മുസ്ലിങ്ങൾ തിങ്ങി താമസിക്കുന്ന ബട്ല ഹൗസിലെ വീടുകളിൽ കയറി തല്ലിയെന്ന്. തല്ലുമ്പോഴും വാഹനങ്ങൾ കത്തിക്കുമ്പോഴും പോലീസ് അവിടെ അടുത്തുതന്നെ ഉണ്ടായിരുന്നു. പോലീസ് സംഘത്തിൽ അവർ അല്ലാത്ത ചില ആളുകളെയും ശ്രദ്ധിച്ചിരുന്നു. അവർ ആരായിരുന്നു എന്ന് പോലീസിന് മാത്രമേ വ്യക്തമായി അറിയൊള്ളു.
മുസ്‌ലിംകളെ നിങ്ങൾ തല്ലി പീഡിപ്പിച്ചാൽ പേടിച്ച് പോകുമെന്ന് വിചാരിക്കേണ്ട. ഞങ്ങൾ ഈ മരണ ശേഷം മറ്റൊരു ജീവിതമുണ്ട് ഈ ജീവിതത്തെ ദൈവത്തിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരുമെന്നും അതിന്നു അനുസരിച്ച് സ്വർഗ്ഗ നരകമുണ്ടെന്നും വിശ്വസിക്കുന്നവരാണ്… ചുരുക്കി പറഞ്ഞാൽ ഇവിടെ മരിച്ചാൽ അവസാനിക്കുന്നില്ല ഞങ്ങളുടെ ജീവിതം. ഇവിടെ ഞങ്ങൾക്കും ജീവിക്കണം നിങ്ങൾക്കും ജീവിക്കണം. ഞങ്ങളുടെയും നിങ്ങളുടെയും ഉപ്പാപ്പമാരും അച്ചാചന്മാരും നേടിത്തന്നത് അങ്ങനത്തെ സ്വാതന്ത്ര്യമാണ് എന്ന് ഓർത്താൽ നന്ന്.