Current Date

Search
Close this search box.
Search
Close this search box.

ഫാഷിസ്റ്റ് കാലത്തെ ഇന്ത്യൻ ഭരണഘടന

“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര,സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി,ചിന്ത,ആശയാവിഷ്ക്കാരം, വിശ്വാസം,തനിഷ്ഠ,ആരാധന,എന്നിവക്കുള്ള സ്വാതന്ത്യം,സ്ഥാനമാനങ്ങൾ,അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്ത:സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിലും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടന സഭയിൽവെച്ച് ഇന്ന് 1949 നവംബർ 26 ആം തീയതി ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു”

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖമാണ് മുകളിൽ ഉദ്ദരിച്ചിരിക്കുന്നത്. ഏതൊരു ഇന്ത്യക്കാരനെയും സമ്പദിച്ചിടത്തോളം ആശയും, പ്രതീക്ഷയും, അഭിമാനവും ഉളവാക്കുന്ന വാക്കുകളാണിവ.എന്നാൽ ഇന്ത്യൻ ഭരണഘടന 71 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ മേൽ സൂചിപ്പിച്ച ആശയങ്ങൾ രാജ്യത്ത് എത്രമാത്രം പ്രായോഗികവൽക്കരിക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് വിശകലനം അർഹിക്കുന്നതാണ്. 22ഭാഗങ്ങളിലായി 395 അനുച്ഛേദങ്ങളും 8 ഷെഡ്യൂളുകളുമായി Dr.BR അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നമ്മുടെ ഭരണഘടനയുടെ രത്നച്ചുരുക്കമാണ് മേൽസൂചിപ്പിച്ച അതിന്റെ ആമുഖം. സമത്വം, ജനാധിപത്യം, മതേതരത്വം, നീതി തുടങ്ങിയ ഭരണഘടനയുടെ പാവനമായ സാങ്കേതിക ശബ്ദങ്ങൾ മനുവാദികൾ ഭരണചക്രം തിരിക്കുന്ന നവ രാഷ്ട്രീയ ചുറ്റുപാടിൽ എങ്ങനെയാണ് പ്രായോഗികവൽക്കരിക്കപ്പെടുന്നത് എന്നത് ഭരണഘടനയുടെ എഴുപത്തിയൊന്നാം വാർഷിക വേളയിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

Also read: എന്താണ് സി.എ.എ-എൻ.പി.ആർ-എൻ.ആർ.സി? ഇന്ത്യൻ പൗരൻമാരെ ഏതുവിധത്തിൽ ബാധിക്കും?

ആദ്യമായി ജനാധിപത്യം തന്നെയെടുക്കാം പരമാധികാര ജനാധിപത്യ രാഷ്ട്രം എന്നാണ് ഇന്ത്യയെ ഭരണഘടന വിഭാവന ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുള്ളിൽ ഗതികിട്ടാതലയുന്ന ജനാധിപത്യത്തിന്റെ തേങ്ങലുകളാണ് എങ്ങും കേൾക്കുവാൻ കഴിയുക.പാർലമെന്ററി ജനാധിപത്യ ഘടന നിലനിൽക്കുന്ന രാജ്യത്ത് റിസോർട്ട് രാഷ്ട്രീയവും കുതിരക്കച്ചവടവും, അതിനായുള്ള ഭരണഘടനാ ലംഘനങ്ങളും ഭരണഘടനയുടെ ജനാധിപത്യ വിഭാവനയെ നോക്കി പരിഹാസിക്കുന്നത് നാം കാണുന്നു.2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ് ഇന്ത്യൻ ജനാധിപത്യത്തിന് ഏൽപ്പിച്ച മുറിവ് ചെറുതല്ല.പണമെറിഞ്ഞും,റിസോർട്ടിൽ പാർപ്പിച്ചുമൊക്കെയാണ് സാധാരണഗതിയിൽ കുതിരക്കച്ചവടങ്ങൾ നടന്നിരുന്നതെങ്കിൽ അതിനൊപ്പം തന്നെ ഉന്നതവും നിഷ്പക്ഷവുമാ വേണ്ട ഭരണഘടനാപദവി വഹിക്കുന്ന രാഷ്ട്രപതിയെ വരെ മോദി സർക്കാർ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗപ്പെടുത്തുന്ന കാഴ്ച്ചയാണ് നാം കണ്ടത്. മഹാരാഷ്ട്രയിലെ പാതിരാ അട്ടിമറിക്ക് പാതിരാവിലും ഉണർനിരുന്ന രാഷ്ട്രപതിയും ഗവർണ്ണറും ഭരണഘടനയോട് പറഞ്ഞുവെക്കുന്നത് എന്താണ്.ഇന്ത്യയുടെ ജനാധിപത്യ മൗലികാവകാശങ്ങളുടെ കറുത്ത ഏടായി മാറിയിരിക്കുന്നു കാശ്മീർ ഇന്ന്.കാശ്മീരിന് ഭരണഘടന അനുവദിക്കുന്ന 370 ആം വകുപ്പ് റദ്ദ് ചെയ്യുന്ന ബില്ല് ആവശ്യമായ ചർച്ചകൾക്കുപോലും അവസരം നൽകാതെ രണ്ട് സഭകളും കടത്തി അമിത് ഷാ. പല ബില്ലുകളും സെലക്ട് കമ്മറ്റികൾക്ക് വിടാതെ പാസാക്കിയെടുക്കുന്ന കാഴ്ച്ചയും നമ്മുടെ മുന്നിലുണ്ട്.ഭരണഘടനാപരമായി 370 ആം വകുപ്പ് റദ്ദാക്കുമ്പോൾ കശ്മീരികളോട് കാണിക്കേണ്ട പല മര്യാദകളും അത് റദ്ദ് ചെയ്യുമ്പോൾ ഭരണകൂടം കാണിച്ചില്ല .370 ആം വകുപ് റദ്ദ് ചെയ്യുന്നതിന് മുമ്പായി കാശ്മീർ നിയമസഭയുടെ അനുവാദം വാങ്ങേണ്ടതുണ്ട്.എന്നാൽ ഇവിടെ സംഭവിച്ചത് അങ്ങനെയല്ലന്ന് മാത്രമല്ല മുൻ കാശ്മീരി മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയും,ഉമർ അബ്ദുല്ലയുമടക്കം പല നേതാക്കളെയും PSA പോലുള്ള കരിനിയമങ്ങൾ ചുമത്തി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ.എല്ലാവിധ ഉപരോധങ്ങൾക്കും നടുവിൽ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനതയായി കശ്മീരികൾ മാറിയപ്പോൾ ലോകത്തെ ഏറ്റവും വലിയ തടങ്കൽ പാളയമായി താഴ് വര രൂപാന്തരപ്പെട്ടപോൾ അവിടെ പരാജയപ്പെട്ടത് ഇന്ത്യൻ ഭരണഘടനയാണ്.

ഇനിയൽപ്പം നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പറയട്ടെ.ഭരണഘടനയുടെ കാവൽക്കാരൻ എന്നാണല്ലൊ സുപ്രീം കോടതിയെ വിശേഷിപ്പിക്കുന്നത്.നമുക്കറിയാവുന്നത് പോലെ രാജ്യത്തിന്റെ ഭരണസംവിധാനം Judiciary(നീതിന്യായം),Legislative(നിയമ നിർമ്മാണം, executive(കാര്യനിർവഹണ വിഭാഗം) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. എന്നാൽ ചില സമീപകാല ജുഡീഷ്യൽ അനുഭവങ്ങൾ മേൽപ്പറഞ്ഞ “ജുഡീഷറി” എന്ന വിഭജനത്തെ എടുത്തുമാറ്റേണ്ട ഒന്നായി ചിന്തിപ്പിക്കുന്നതായിരുന്നു. എന്തുകൊണ്ടെന്നാൽ ജുഡീഷ്യറി എന്നത് എക്സിക്യൂട്ടീവിന്റെ ഭാഗമായിരിക്കുകയാണൊ എന്ന തരത്തിലാണ് സമീപകാല ജുഡീഷ്യൽ വർത്തമാനങ്ങൾ.ബാബരി വിധിയിലെ വൈരുധ്യങ്ങൾ നോക്കു 70 വർഷക്കാലം നീണ്ടു നിന്ന ബാബരി മസ്ജിദ് ഭൂമിതർക്ക കേസിൽ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗഗോയിയുടെ നേതൃത്വത്തിൽ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞു.ലോകം ആകാംക്ഷയോടെ കാത്തിരുന്ന ലോക ജുഡീഷ്യൽ ചരിത്രത്തിലെ സുപ്രധാന വിധി പ്രഖ്യാപനമായിരുന്നു അത്.ക്ഷേത്രം തകർത്തല്ല പള്ളി പണിതതെന്നും 1992 ൽ പള്ളി തകർത്തത് കുറ്റകൃത്യവുമാണെന്ന് നിരീക്ഷിച്ച കോടതി പക്ഷെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുക്കുന്ന വിധി പുറപ്പെടുവിച്ചപ്പോൾ അതങ്ങേയറ്റം വൈരുധ്യം നിറഞ്ഞതായിരുന്നു.വികാരവും, വിശ്വാസങ്ങളുമല്ല, തെളിവുകളുടെയും, നീതിയുടേയും അടിസ്ഥാനത്തിലാണ് വിധി പറയേണ്ടത് എന്ന സാമാന്യ തത്വമാണ് ജുഡീഷറിക്ക് അവിടെ കൈമോശം വന്നത്.രാജ്യത്തെ ന്യൂനപക്ഷങ്ങളുടേത് മാത്രമല്ല ജുഡീഷറിയിൽ വിശ്വാസമർപ്പിക്കുന്ന കോടിക്കണക്കിന് മതേതര ജനാധിപത്യ വിശ്വാസികളുടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ യോടുള്ള വിശ്വാസമാണ് പ്രസ്തുത വിധി പോറലേൽപ്പിച്ചത്.

Also read: ഇസ്‌ലാം ആത്മഹത്യയെ പ്രതിരോധിക്കുന്നതെങ്ങനെ?

പ്രത്യക്ഷത്തിൽ തന്നെ ഭരണഘടനാ ലംഘനവും,വർഗീയ വിദ്വേഷത്താൽ തയ്യാറാക്കപ്പെട്ടതുമായ പൗരത്വ ഭേദഗതി നിയമം കോടതയിൽ എത്തിയപ്പോൾ,പാതിരാവിലും, ഒഴിവു ദിനത്തിലും കോടതി ചേർന്ന ചരിത്രമുള്ള സുപ്രീം കോടതി ഒരു മാസത്തെ അവധിക്കു ശേഷം കേസ് പരിഗണിക്കാനായി മാറ്റിവെച്ചതും നാം കണ്ടു.രാജ്യമൊട്ടാകെ പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കലാലയങ്ങളിലും തെരുവുകളിലും പ്രക്ഷോപങ്ങൾ പാരമ്യത്തിൽ എത്തി നിൽക്കുമ്പോഴാണ് കോടതിയുടെ ഈ നടപടിയെന്നത് ഓർക്കേണ്ടതാണ്ട്.മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള എല്ലാതരം വേർതിരിവുകളെയും വിലക്കുന്ന ഭരണഘടന സൂക്തങ്ങളെ നോക്കുകുത്തിയാക്കി ശുദ്ധവംശീയതയിൽ ഫാഷിസ്റ്റ് ഭരണകൂടം ചുട്ടെടുത്ത പൗരത്വ നിയമ ഭേദഗതി നിയമം അവധി കഴിഞ്ഞ് കോടതി പരിഗണിച്ചപ്പോൾ നിയമം സ്റ്റേ ചെയ്യാതെ നാലംഗ ബെഞ്ചിന് കൈമാറിയത് രാജ്യത്തെ അക്ഷരാർത്ഥത്തിൽ നടുക്കുന്നതായിരുന്നു.ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉരുക്കുവനിത എന്ന് വിശേഷണമുള്ള ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ് റദ്ദുചെയ്ത ആർജവത്തിന്റെ ചരിത്രമുള്ള നമ്മുടെ ജുഡീഷ്യറിക്ക് ഇതെന്തുപ്പറ്റിയെന്ന് ജനങ്ങൾ ചോദിക്കുന്നു. മതേതരത്വം എന്ന ഭരണഘടനാ ആശയം എത്രമാത്രം പ്രധാന്യമർഹിക്കുന്നു എന്നതിന് ഭരണഘടനാ ആമുഖത്തിലെ രാഷ്ട്ര നിർവചനം നോക്കിയാൽ മതിയാകും.ഇന്ത്യയെ ഒരു പരമാധികാര,സ്ഥിതി സമത്വ,മതനിരപേക്ഷ,ജനാധിപത്യ റിപബ്ലിക്കായി നിർവചിക്കുന്ന ഭരണഘടന മതേതരത്വത്തെ എത്രമാത്രം പാവനമായി കാണുന്നു എന്ന് മനസ്സിലാക്കാം. ഹിന്ദുത്വ ഫാസിസം സംഹാരതാണ്ഡവമാടുന്ന വർത്തമാന കാലത്ത് മതേതരത്വം എന്ന ഭരണഘടനാ ആശയം എത്രമാത്രം മലീമസമായിരിക്കുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.അധികാര വൃത്തത്തിനുപുറത്തുള്ള സംഘപരിവാർ വിദ്വേശത്തെ ഇവിടെയൊന്ന് മാറ്റി നിർത്തിയിട്ട് തൽക്കാലം അധികാരവൃത്തത്തിനകത്തേക്കൊന്ന് വരാം.അവരാണല്ലൊ ഭരണഘടനയുടെ നടത്തിപ്പുക്കാർ.2019 ലോക്സഭ തിരഞ്ഞെടുപ് വേളയിൽ രാഹുൽ ഗാന്ധി അമേഠിക്കുപുറമെ മൽസരിക്കുവാൻ വയനാടിനെയും തെരഞ്ഞെടുത്തപ്പോൾ പച്ചയായ വർഗീയത കൊണ്ടാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചത്.രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത് ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണെന്നും അതിനാലാണ് ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിലേക്ക് ചില നേതാക്കൾ അഭയാർത്ഥികളെ പോലെ പോകുന്നതെന്നും പരിഹസിച്ച പ്രധാനമന്ത്രി പിന്നീട് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ട് തിരിച്ചറിയാം എന്നുവരെ പറഞ്ഞു വെച്ചു.ഒരു മാന്യതയുമില്ലാതെ ഇരിക്കുന്ന പദവിയുടെ അന്ത:സ്സുപോലും മറന്നുകൊണ്ട് പ്രധാനമന്ത്രിക്കസേരയിലിരുന്ന് വർഗീയദ തുപ്പുന്ന ഒരു പ്രധാനമന്ത്രി വാഴുന്ന രാജ്യത്ത് മതേതരത്വം എങ്ങനെയുള്ളതാവണം.ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ സങ്കൽപ്പങ്ങളിൽ നിന്നും എത്രമാത്രം ദൂരെയാണ് ഭരണകൂടം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കരിനിയമങ്ങളും അതിനെ തുടർന്നുകൊണ്ടുള്ള വിചാരണാ തടവുകളും നമ്മുടെ മൗലികാവകാശ സങ്കൽപ്പങ്ങളെ കാർന്നുതിന്നുകയാണ്.1919ൽ ഗാന്ധിജിയാണ്  ”കരിനിയമം” എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.സ്വാതന്ത്ര്യ സമര പ്രക്ഷോബങ്ങളെ അടിച്ചമർത്തുവാൻ ബ്രിട്ടീഷുകാർ നിർമിച്ചെടുത്ത ചരിത്രപ്രസിദ്ദമായ റൗലറ്റ് ആക്റ്റിനെയാണ് ഗാന്ധിജി അങ്ങനെ വിശേഷിപ്പിച്ചത്.പ്രസ്തുത നിയമം സ്വാതന്ത്ര്യ സമര പ്രക്ഷോബങ്ങളിൽ പങ്കെടുക്കുന്ന പ്രക്ഷോബകാരികളെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടവിൽ വെക്കാൻ ബ്രിട്ടീഷുകാർക്ക് അധികാരം നൽകുന്നതായിരുന്നു. റൗലറ്റ് നിയമത്തെ തുടർന്നുള്ള പ്രക്ഷോബങ്ങളുടെ തുടർച്ചയായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊല.കരിനിയമത്തിനെതിരെ പോരാട്ടം നയിച്ച മുൻഗാമികൾ ചരിത്രത്തിലും കരിനിയമങ്ങൾ ചുട്ടെടുക്കുന്ന പിൻഗാമികൾ വർത്തമാനത്തിലും എന്നത് എത്രമാത്രം വിരോധാഭാസമാണ്.AFSPA(Armed force special power act),UAPA (unlawful activities prevention act) തുടങ്ങിയ കരിനിയമങ്ങൾ തുലച്ചു കളഞ്ഞ ജീവിതങ്ങൾ ഭരണകൂടം ഭരണഘടന മൂല്യങ്ങൾ ചവിട്ടിയരച്ചടതിന്റെ തെളിവുകളാണ്.

Also read: സാവിത്രിഭായിയുടെയും ഫാത്തിമ ശൈഖിന്റെയും പെൺമക്കൾ

ചോദ്യോത്തരങ്ങളാണ് ഏതൊരു ജനാധിപത്യ വ്യവസ്ഥയെയും അതിന്റെ തനത് രൂപത്തിൽ മുന്നോട്ട് നയിക്കുന്നത്.ചോദ്യങ്ങളും വിമർശനങ്ങളുമാണ് ജനാധിപത്യ വ്യവസ്ഥയെ മികവുറ്റതും കുറ്റമറ്റതു മാക്കുന്നത്.ഇത്തരം ചോദ്യങ്ങളുടെ അഭാവം ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്.370-ആം വകുപ്പ് റദ്ദ് ചെയ്യുന്ന സഭ നടപടികൾ നടക്കുമ്പോൾ കശ്മീരിലെ സമുന്നത നേതാവും കശ്മീർ സിംഹം എന്നറിയപ്പെടുന്ന ശൈഖ് അബ്ദുല്ലയുടെ മകനും,മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പിതാവുമായ മുൻമുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാ അംഗവുമായ ഫറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി രാജ്യസഭയിൽ നിന്നും മാറ്റിനിർനിർത്തിയത് ചോദ്യങ്ങൾക്കുനേരെയുള്ള ഭരണകൂടത്തിന്റെ ഭയവും അസഹിഷ്ണുതയുമാണ് വരച്ചുകാട്ടിയത്.പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവി നൽകി ആദരിക്കുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് പ്രതിപക്ഷ നേതാക്കന്മാരെയും എതിർശബ്ദങ്ങളെയും ഭരണകൂട എജൻസികളെ ഉപയോഗിച്ച് കണ്ണുരുട്ടി നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ.രാജ്യത്ത് ഉടലെടുക്കുന്ന എതിർശബ്ദങ്ങളേയും വിദ്യാർത്ഥി പ്രക്ഷോബങ്ങളേയും ദേശവിരുദ്ദമെന്നും അർബൻ നക്സലുകളെന്നും,ജിഹാദികളെന്നും ലേബൽ നൽകിയും രാത്രിയുടെ മറവിൽ തലതല്ലിപൊളിച്ചും നിശബ്ദരാക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ അവിടെ റദ്ദ് ചെയ്യപ്പെടുന്നത് ഭരണഘടന തന്നെയാണ്.ഭൂരിപക്ഷത്തിന്റെ അഭിലാഷമാണല്ലൊ ജനാധിപത്യം.ഒരു വിഭാഗം ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ ഭരണകൂടം തങ്ങളെ പിന്തുണക്കാതിരുന്ന ജനവിഭാഗത്തിന്റെ അവകാശങ്ങളും പിന്തുണച്ചവരുടേതിന് സമാനമായ രീതിയിൽ സംരക്ഷിക്കുന്നതാണല്ലൊ ജനാധിപത്യത്തിന്റെ സൗന്ദര്യം.എന്നാൽ വ്യക്തമായ ഭൂരിപക്ഷവാദവും ന്യൂനപക്ഷ വിരുദ്ധതയും ഇന്ധനമാക്കി അധികാരത്തിലേറിയ ഒരു ഭരണകൂടം അധികാരത്തിലിരിക്കുമ്പോൾ ഭരണഘടന നിർവചിക്കുന്ന ജനാധിപത്യം എങ്ങനെയാണ് രാജ്യത്ത് പുലരുക.

ഭരണഘടനയെ അംഗീകരിക്കാത്ത മനുസ്മൃതി വാദികളുടെ തത്വശാസ്ത്രത്തിന്റെ രാഷ്ട്രീയത്തിന് മേൽക്കോയ്മുള്ള നവസാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ ഭരണഘടനയുടെ കാവൽക്കാരാകുക എന്നത് ഏതൊരു പൗരന്റെയും കർത്തവ്യമാണ്.ഇന്ത്യയുടെ വീണ്ടെടുക്കുക എന്നത് ഭരണഘടനയെ വീണ്ടെടുക്കുക എന്നതാണ്.ഭരണഘടനയുടെ വീണ്ടെടുപ്പിലൂടെ മാത്രമേ രാജ്യം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭയാനക സ്ഥിതിവിശേഷങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.

Related Articles