Current Date

Search
Close this search box.
Search
Close this search box.

‘ഭരണ പദ്ധതി’യെന്ന ആരോപിത സിദ്ധാന്തം!

നേരത്തെപറഞ്ഞപോലെയുള്ള തെറ്റും അബദ്ധജഡിലങ്ങളുമായ സമീകരണങ്ങൾക്കു ശേഷം ആഷ്ലി തന്റെ ഇഷ്ട വിമർശന വിഷയമായ ജമാഅത്തെ ഇസ്‌ലാമിയിലേക്ക് പ്രവേശിക്കുകയാണ്. ലേഖനത്തിന്റെ അതുവരെയുള്ള ഉള്ളടക്കവുമായി തട്ടിച്ചു നോക്കുമ്പോൾ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ നാം പ്രതീക്ഷിക്കുക, ഇനി ഇന്ത്യൻ സാഹചര്യത്തിലെ “ഭൂരിപക്ഷ വാദ മതിഭ്രമ കല്പനകളെയും” അതിലെ സംഘ് പരിവാറിന്റെ കരാള കാമനകളെയും കുറിച്ചായിരിക്കും ലേഖനം എന്നാണ്. വിഷയത്തിലെ ജമാഅത്തിലേക്കുള്ള ട്വിസ്റ്റ്‌ അപ്രതീക്ഷിതമായി തോന്നാമെങ്കിലും, ആഷ്ലിയിൽ നിന്ന് ഇത് പ്രതീക്ഷിക്കാതിരിക്കുന്നതാവും തെറ്റ്‌. ജമാഅത്തെ ഇസ്‌ലാമി ആഷ്ലിക്ക്‌ ഒരു ജനിതക പ്രശ്നമാണെന്ന് കരുതുന്നത് കൊണ്ടല്ല ഞാൻ ഇത് പറയുന്നത്. മറിച്ചു, അദ്ദേഹം ഇത്തരം വിഷയങ്ങൾ എഴുതുമ്പോഴുള്ള ഉള്ളടക്കത്തിന്റെ തലത്തിൽ നിന്നുകൊണ്ടാണ്. അദ്ദേഹം പറയുന്നത് കാണുക :

“ഇതൊക്കെ കൊണ്ട് തന്നെ ഇസ്ലാം ഒരു ഭരണപദ്ധതി ആണെന്നും ഭരണാധികാരം കിട്ടിയാലേ വിശ്വാസം പൂർത്തിയാവൂ എന്നുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാന മൗദൂദിയുടെ സിദ്ധാന്തങ്ങളെയും രാഷ്ട്രീയ പൈതൃകത്തെയും അങ്ങേയറ്റം അധാർമികവും അബദ്ധവും അപകടവും ആയി കാണുന്ന ആളാണ് ഞാൻ.”

“ഇസ്ലാം ഒരു ഭരണപദ്ധതി ആണെന്നും ഭരണാധികാരം കിട്ടിയാലേ വിശ്വാസം പൂർത്തിയാവൂ” എന്നും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ മൗലാന മൗദൂദി പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടുണ്ടെങ്കിൽ എവിടെ? ജമാഅത്തിനെ കുറിച്ച് പറയുമ്പോൾ ആഷ്ലിക്ക് അദ്ദേഹത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിൽ ഉപരിപ്ലവൻ ആകാം. എന്നാൽ എന്ത് ആവാസ്തവവും പറയാമോ? കേട്ടു കേൾവിയെ മാത്രം ആശ്രയിച്ചു കൊണ്ടാണോ ഇത്തരം ആരോപണം ഉന്നയിക്കേണ്ടത്? ബുദ്ധിപരമായ സത്യസന്ധത കാണിക്കേണ്ടതില്ലേ?ഒരു റഫറൻസ് പോലും ഇല്ലാതെ ഇങ്ങനെയൊക്കെ തട്ടിവിട്ട് പിന്നെ അതിനെ ഉപജീവിച്ചു നീട്ടി പരത്തി മത പുരോഹിതർ പ്രസംഗിക്കുന്ന തലത്തിൽ ആഷ്ലിയെ പോലെയുള്ള ഒരാൾ എഴുതാമോ? “ഇസ്ലാം ഒരു ഭരണ പദ്ധതി” എന്ന് മൗദൂദി പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറയുന്നത് വ്യക്തി സാമൂഹിക തലങ്ങളിൽ സമഗ്ര സമ്പൂർണ ജീവിത പദ്ധതിയായ ഇസ്‌ലാമിനെ ന്യൂകരിക്കലല്ലേ? “ഭരണാധികാരം കിട്ടിയാലേ വിശ്വാസം പൂർത്തിയാവൂ” എന്ന് ജമാഅത്തോ മൗദൂദിയോ പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞാൽ മൗദൂദി അദ്ദേഹത്തിന്റെയും മുഴുവൻ ജമാഅത്ത്കാരുടെയും വിശ്വാസം മാത്രമല്ല, അധികാരം കയ്യാളുവാൻ സാധിച്ചിട്ടില്ലാത്ത മുഴുവൻ പ്രവാചകരുടെയും വിശ്വാസം പോലും പൂർർത്തിയായില്ല എന്നല്ലേ വരിക? സ്വന്തം കാലിൽ തന്നെ വെടിവെക്കുന്ന ഇമ്മാതിരി വാദം ആരെങ്കിലും മുന്നോട്ടു വെക്കുമോ?സാമാന്യ ബുദ്ധിയില്ലാത്ത മത പുരോഹിതർ അവരുടെ വയറ്റു പിഴപ്പിന്ന് വേണ്ടി ഇങ്ങനെ ആരോപിക്കുന്നത് മനസ്സിലാക്കാം. എന്നാൽ സെന്റ് സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ അമ്മാതിരി മത പുരോഹിതാരുടെ വിതാനത്തിലേക്ക് അധഃപതിക്കാമോ? എന്തെങ്കിലും സ്വന്തമായി സിദ്ധാന്തിച്ചിട്ടുണ്ടോ? അദ്ദേഹം ഇസ്ലാമിക പ്രമാണങ്ങളും ചരിത്രവും മുന്നിൽ വെച്ചു കൊണ്ടു പറഞ്ഞ കാര്യം ആദ്യമായി പറഞ്ഞത് അദ്ദേഹമാണോ? ഏത് തലത്തിലാണ് അത് “അധാർമികവും അബദ്ധവും അപകടകരവും” ആകുന്നത്? ആഷ്ലി ഇങ്ങനെ കാടടച്ചു വെടിവെക്കുന്നതിന്നു പകരം ഒന്ന് വ്യക്തമാക്കിയാൽ നന്നാകുമായിരുന്നു. ഞാൻ ഗൌരവമേറിയ ചർച്ചക്ക് തയ്യാറാണ്.

ഇസ്ലാം കേവലമായ വിശ്വാസം പറയുന്ന orthodoxy അല്ല. വിശ്വാസ രഹിതമോ നിരപേക്ഷമോ ആയ കർമത്തെ കുറിച്ച് മാത്രം പറയുന്ന orthopraxy യുമല്ല. അത് വിശ്വാസവും അതിനനുസൃതമായ കർമവും ആവശ്യപ്പെടുന്ന oorthodopractic ആയ ജീവിത ദർശനമാണ്. ആദർശ വിശ്വാസത്തെ സംബന്ധിച്ച വിവക്ഷ എത്ര വിശാലമാണോ, അത് പോലെ വിശാലമായിരിക്കും അത് സാക്ഷാൽക്കരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യവും അതിന്റെ തേട്ടമായ കർമ മണ്ഡലവും. ആദർശ വാക്യത്തിന്റെ അർത്ഥ കല്പന എത്രകണ്ടു സങ്കുചിതമാണോ അത്രയും സങ്കുചിതവുമായിരിക്കും അത് തേടുന്ന കർമം. ഇസ്‌ലാമിന്റെ ആദർശ വാക്യമായ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നതിൽ സൃഷ്ടാവായ ഏക ദൈവത്തിന്ന് മാത്രമേ അടിപ്പെട്ടു, വഴിപ്പെട്ടു, വിധേയപ്പെട്ടു ജീവിക്കുകയുള്ളൂ എന്നത് കൂടി ഉൾകൊള്ളുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കൃത്യമായും വ്യക്തമായും പറയുന്നുണ്ട്. അങ്ങനെ പറയുമ്പോൾ, അത് നമ്മുടെ വൈയക്തികവും സാമൂഹ്യവുമായ ജീവിതത്തിന്റെ സ്ഥൂല സൂക്ഷ്മ തലങ്ങളെല്ലാം ഉൾകൊള്ളുന്നു. വൈയക്തിക തലത്തിൽ സാധ്യമാകുന്നത് കർമപഥത്തിൽ നടപ്പാക്കാൻ ഓരോ വ്യക്തിയും ബാധ്യസ്തനുമായിരിക്കും .

സാമൂഹികതലത്തിൽ തദനുസാരമുള്ള മാറ്റത്തിന്ന് വേണ്ടി നിലകൊള്ളലും അതിന്ന് വേണ്ടി സമാധാനപൂർണമായി പ്രവർത്തിക്കലും അതേ വിശ്വാസത്തിന്റെ തന്നെ തേട്ടവുമാണ്. ഏതൊരു വിശ്വാസത്തിന്നും അതിനോട് യോജിക്കുന്ന ലക്ഷ്യമാണെല്ലോ ഉണ്ടാവുക? പ്രായോഗികതയുടെ തലത്തിൽ നിന്നുകൊണ്ടുള്ള മുൻഗണനാക്രമങ്ങൾ ഉണ്ടായിരിക്കാമെങ്കിലും, താത്വികമായി സ്വന്തം വിശ്വാസാദർശ ത്തിന്റെ തേട്ടത്തിന്ന് വിരുദ്ധമായതിന്ന് വേണ്ടി ആർക്കും നിലകൊള്ളുവൻ സാധിക്കില്ലല്ലോ?

ഒരു കമ്മ്യൂണിസ്റ്റിന്നു ക്യാപിറ്റലിസ്റ്റ് സാമ്പത്തീകക്രമം സ്ഥാപിക്കുക എന്ന ലക്ഷ്യമുണ്ടാകില്ലല്ലോ? ഒരു ക്യാപിറ്റലസ്റ്റിന്റെ ലക്ഷ്യം തൊഴിലാളിവർഗത്തിന്റെ സമഗ്രാധിപത്യം സ്ഥാപിക്കുക എന്നതും ആകുവാൻ പറ്റില്ലല്ലോ? ഓരോ വിഭാഗത്തിന്റെയും മുഖ്യ ലക്ഷ്യത്തിലേക്ക് എത്തുവാൻ സഹായിക്കുമെന്ന് അവർ കരുതുന്ന കൊച്ചു കൊച്ചു ഉപലക്ഷ്യങ്ങളും അവർക്കൊക്കെ ഉണ്ടാകാവുന്നതാണ്. ജമാഅത് അത് ലക്ഷ്യം വെക്കുന്ന ഇഖാമത്തുദ്ധീൻ എന്ന പ്രാപഞ്ചിക വ്യവസ്ഥയുടെ മാനുഷിക മുഖവും മനുഷ്യന്റെ പ്രകൃതി മുഖവുമായ ഒരു ജീവിത വ്യവസ്ഥ മനുഷ്യ സമൂഹത്തിൽ സംസ്ഥാപിതമാകുവാൻ വളരെ സമാധാന പൂർണമായി, ക്രമ പ്രവൃദ്ധമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം തന്നെയാണ്. (തുടരും)

Related Articles