Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷത്തിന്റെ അജണ്ട തിരിച്ചറിയണം

അപരവത്കരണത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയക്കളരിയായി കേരളീയ പരിസരവും മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമങ്ങളാണിപ്പോൾ ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഫാസിസ്റ്റുകൾ രാജ്യവ്യാപകമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ വർഗീയത ഇവിടെയും പരീക്ഷിക്കാനുള്ള നീക്കം അത്യന്തം അപകടകരവും തീർത്തും അപലപനീയവുമാണ്. എല്ലാറ്റിലും വർഗീയത ആരോപിക്കുന്നതിലൂടെ കൂടുതൽ രാഷ്ട്രീയലാഭം നേടാമെന്ന് ചിന്തിക്കുന്നത് ഒരുപക്ഷേ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

കേരളീയ മുസ്‌ലിംകൾക്കിടയിൽ നൂറ്റാണ്ടുകളായി അനിഷേധ്യമാംവിധം സ്വാധീനമുള്ളവരാണ് പാണക്കാട് സാദാത്ത് കുടുംബം. ജാതി-മത ഭേദമന്യെ മാനവ സാഹോദര്യവും ശാന്തി-സമാധാനവും ഉയർത്തിപ്പിടിച്ച അവരിലെ ഇന്നത്തെ കാരണവർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് കൂടി ഉൾപെടുന്ന യുഡിഎഫ് മുന്നണിയുടെ നേതൃത്വം സന്ദർശിക്കുന്നതും കൂടിയാലോചനകൾ നടത്തുന്നതും വർഗീയമായി വ്യാഖ്യാനിച്ച്, അതിനെതിരെ പ്രസ്താവനകളിറക്കുന്നത് ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്.

ആദ്യം ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികളെയാകും തത്പരകക്ഷികൾ ഉന്നംവെക്കുക. വഴിയേ മത സംഘടനകളെയും നമ്മുടെ ഗാത്രങ്ങളെ തന്നെയും അവർ തേടിയെത്തിയേക്കും. കേരളത്തിന്റെ ഭരണ ഭൂമിക മുസ്‌ലിംകൾ കൈയടക്കുമെന്ന തരത്തിൽ അർത്ഥശൂന്യ പ്രസ്താവനകളിറക്കുന്നതിനു പിന്നിലെ അജണ്ട നാം തിരിച്ചറിയാതെ പോകരുത്.

54.73 % ഹിന്ദുക്കളും 26.56 % മുസ്‌ലിംകളും 18.38 ക്രിസ്ത്യാനികളും 0.30 % മറ്റു മതക്കാരുമുള്ള കേരളത്തിൽ ഭൂരിപക്ഷ വർഗീയത നിർമിച്ചെടുക്കാൻ സാഹസപ്പെടേണ്ടതില്ലെന്ന് അവർ വ്യാമോഹിച്ചിരിക്കാം.

മതം നോക്കി മന്ത്രിപദം വരെ നിർണയിക്കുന്ന തരത്തിലേക്ക് നമ്മുടെ രാഷ്ട്രീയാന്തരീക്ഷവും മാറുന്നത് ദൗർഭാഗ്യകരമാണ്. വർഗീയത പ്രചരിപ്പിക്കുന്നതിനോടൊപ്പം മതനിരാസ-നിരീശ്വര യുക്തിവാദ ധാരയിലേക്ക് പുതുതലമുറയെ വലിച്ചിഴക്കുന്നവരെ തലോടി നിർത്തുന്നതിനു പകരം അവരുടെ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ജനാധിപത്യ-ദേശസ്‌നേഹീ-ന്യൂനപക്ഷ വിഭാഗങ്ങൾ രംഗത്തിറങ്ങേണ്ടതുണ്ട്.

Related Articles