Current Date

Search
Close this search box.
Search
Close this search box.

മൂന്ന് സെന്റിൽ കൂടുതൽ എടുത്താൽ പൊങ്ങില്ല നമ്മുടെ പൊലീസിന്

എത്രയോ തീവെട്ടിക്കൊള്ളക്കാർക്കും വനഭൂമി കൈയേറ്റക്കാർക്കും അപ്പീൽ പോകാനും മറ്റെന്തെങ്കിലും നിയമക്കുരുക്ക് കണ്ടെത്താനും അവസരം നൽകി, ദിവസങ്ങളോളമോ കൊല്ലങ്ങളോളം തന്നെയോ ഔദാര്യം കാണിക്കുന്നു നമ്മുടെ റവന്യൂ ഡിപാർട്മെന്റും പൊലീസും. ശതകോടികൾ മുക്കുന്നവന് കടൽ കടക്കാൻ സാവകാശം നൽകുന്നു.

മംഗലം ഡാമിനടുത്ത് യു.ടി.ടി കമ്പനിയുടെ 18,000 ഏക്കറിൽ 3,500 ഏക്കർ മിച്ചഭൂമിയാണെന്നും അത് ഏറ്റെടുക്കണമെന്നും ഹൈക്കോടതി വിധിച്ചിട്ട് വർഷങ്ങൾ തന്നെയായി. പക്ഷേ, മിച്ചഭൂമി തിരിച്ചറിയാൻ ഇനിയും റവന്യൂ വകുപ്പിന് പറ്റിയിട്ടില്ല.

ആര്യങ്കാവിലെ 60 ഏക്കർ വനഭൂമിയും മിച്ചഭൂമിയും ഹാരിസൻസ് കമ്പനി മറിച്ചു വിറ്റതായി കണ്ടെത്തി, കൊല്ലങ്ങൾക്ക് ശേഷം വിജിലൻസ് ഇടപെട്ടപ്പോൾ കേസെടുത്തു. തുടർ നടപടി ഒന്നുമില്ല. ജനങ്ങളുടെ മണ്ണ് കവർന്ന് ഹാരിസൻ ഗ്രൂപ്പ് കഞ്ഞികുടിക്കുന്നു, ബ്യൂറോക്രസിയും പൊലീസും കഞ്ഞി പാകം ചെയ്തുകൊടുക്കുന്നു.

കൊക്കയാറിലും സർക്കാർ ഭൂമിയാണ് ഹാരിസൻസ് കമ്പനി കച്ചവടം ചെയ്തത്. 1,666 ഏക്കറോളം വരുന്ന ബോയ്സ് എസ്റ്റേറ്റ്. ഒരു നടപടിയുമുണ്ടായിട്ടില്ല ഇതുവരെ.

തോട്ടം മേഖലയിൽ അഞ്ച് ലക്ഷം ഏക്കർ സർക്കാർ ഭൂമി ടാറ്റയും ഹാരിസൻസുമൊക്കെച്ചേർന്ന് കൈവശം വെച്ചിട്ടുണ്ട് എന്ന് ഹൈക്കോടതിയെ ബോധിപ്പിച്ചത് സർക്കാർ തന്നെയാണ്. അത് വീണ്ടെടുക്കാൻ സിവിൽ കോടതികളെ സമീപിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നിട്ടോ? എത്ര കേസുകൾ ഫയൽ ചെയ്തു? മൂന്നാറിൽ എത്ര ഒഴിപ്പിക്കൽ ഉത്തരവുകളുണ്ടായിട്ടുണ്ട്? വല്ലോം നടന്നോ?
(വിവരങ്ങൾക്ക് കടപ്പാട്: മാധ്യമം ദിനപത്രം 30/12/20).

മൂന്ന് സെന്റിൽ കൂടുതൽ എടുത്താൽ പൊങ്ങില്ല നമ്മുടെ പൊലീസിന്. ഈ കഴിവു കേടിനെ മറച്ചുവെക്കാൻ അവർ കൂരകൾ തച്ചു തകർക്കുകയും അരപ്പട്ടിണിക്കാരനെ അന്നത്തിന് മുന്നിൽ നിന്ന് വലിച്ചിഴക്കുകയും ചെയ്യും. ഉത്തരവിന് അരമണിക്കൂറിനകം സ്റ്റേ വരും എന്നറിഞ്ഞാൽ അവർ വിമാനം പിടിച്ചും ഉടൻ സ്ഥലത്തെത്തി അതിസാഹസികമായി നിയമം നടപ്പാക്കിക്കളയും.
പ്രതി കേരള സർക്കാറാണ്. ക്ഷമിക്കണം, പിണറായി സർക്കാർ എന്നല്ല പറഞ്ഞത്. തികഞ്ഞ അക്ഷരശുദ്ധിയോടെ കേരള സർക്കാർ എന്ന് തന്നെയാണ്.

എല്ലാം ശരിയാക്കും എന്ന് വലിയ വായിൽ കൂവിയിട്ട് ബ്യൂറോക്രസിക്കും പൊലീസിനും മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഇന്നത്തെ സർക്കാറിനോട് എക്സ്ട്രാ ഒരു സഹതാപം മാത്രം.

ഭൂപരിഷ്കരണം ഒരു വിപ്ലവം തന്നെയാണ് സഖാവേ. പക്ഷേ, മുതലാളിത്തവും മൂലധനശക്തികളും ഭൂമി കൈയേറ്റവുമൊക്കെ അവിടുന്നൊരുപാട് പുരോഗമിച്ചു പോയി. പഴയ ഭൂപരിഷ്കരണത്തിന്റെയൊക്കെ മൂർഛ എന്നേ തേഞ്ഞുപോയി. ആ നൊസ്റ്റാൾജിയയിൽ ഇന്നും അഭിരമിക്കുന്ന പാർട്ടിക്കാരോടും സഹതാപം.

അതിനപ്പുറം നാട് ഭരിക്കുന്നുവെന്ന വ്യാജേന സകല കള്ളന്മാർക്കും കഞ്ഞി വെച്ചു കൊടുത്തിട്ടുള്ള എല്ലാ സർക്കാറുകൾക്കും അഭിവാദ്യങ്ങൾ.

Related Articles