Current Date

Search
Close this search box.
Search
Close this search box.

തസ്ബീഹ് മാലയിലെ ബിദ്അത്ത്

ഒരിക്കൽ ഒരു പരിചയക്കാരൻ എനിക്ക് ഒരു ആഡംബര തസ്ബീഹ് മാല നൽകി. ഞാൻ അയാളോട് നന്ദി പറഞ്ഞ് അത് സ്വീകരിച്ചു. എന്നിട്ട് ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി. അവിടെയെത്തിയപ്പോൾ എന്റെ പേരക്കുട്ടി എന്നെ കാത്തു നില്ക്കുന്നു. ഞാനതവൾക്ക് സമ്മാനമായി കൊടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ സുഹൃത്ത് എന്നോട് ചോദിച്ചു ..” സമ്മാനമായി തന്ന ആ തസ്ബീഹ് മാല താങ്കളുപയോഗിക്കുന്നത് കണ്ടില്ലല്ലോ?”

ഞാൻ പറഞ്ഞു: “നിങ്ങളുടെ നന്മയെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ എന്റെ നമസ്കാര ശേഷമുള്ള ദിക്ർ രണ്ടോ മൂന്നോ മിനിറ്റ് പോലുമില്ല, വിരലുകൾ ഉപയോഗിച്ച് ആ ദിക്റുകൾ ചൊല്ലലാണ് എന്റെ ഇഷ്ടം . അതിന് തൽക്കാലം എണ്ണൽ ഉപകരണത്തിന്റെ ആവശ്യമില്ല” …
ഈ സംഭാഷണം കണ്ടുനിന്ന ചെറുപ്പക്കാരൻ ആഗതൻ പോയതിന് ശേഷം എന്നോട് വന്ന് ചോദിച്ചു: “തസ്ബീഹ് മാല മതവിരുദ്ധമാണെന്നും ബിദ്അത്താണെന്നും നിങ്ങൾ അയാളോട് എന്തുകൊണ്ട് പറഞ്ഞില്ല? നിങ്ങൾ ബിദ്അത്തിനെ കുറച്ചുകാണുന്ന ആളാണോ ?”

അല്പനേരത്തെ നിശബ്ദതക്ക് ശേഷം ഞാനയാളോട് പറഞ്ഞു:
“നിസ്സാരകാര്യങ്ങൾ ചർച്ചചെയ്യുന്നത് പോലും എനിക്ക് പുച്ഛമാണ് . ഈച്ചയോ കാക്കയോ വരുമ്പോഴേക്കും മറ്റുള്ളവരെ സഹായിക്കാൻ വിളിച്ച് അട്ടഹസിച്ച് ഓടുന്ന വിഡ്ഡിയായ മനുഷ്യനല്ല ഞാൻ .ഈ ലോകത്തെ അഹങ്കാരികൾ ദുർബലരും അശക്തരുമായ സാധാരണക്കാരേയും സാത്വികരായ പണ്ഡിതന്മാരേയും വധിക്കാൻ ഗൂഡാലോചന ചെയ്യുന്ന കെട്ടകാലത്ത് , പീഡിതരുടെ പ്രതിസന്ധിയെ മുതലെടുത്ത് അവന്റെ നേതൃത്വം സ്വന്തമാക്കാനുമുള്ള പീഡകന്റെ വ്യഗ്രതകൾക്കിടയിൽ അത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കുകയോ ?

ലോകത്തിലെ കൊമ്പന്മാർ ഇസ്‌ലാമിനെ ഞെരുക്കാനും വിശ്വാസത്തിന്റെ തൂണുകൾ തകർക്കാനുമുള്ള പദ്ധതി ശക്തമാക്കി ഇസ്ലാമിനെ തന്നെ അവസാനിപ്പിക്കാൻ പെടാപാട് പെടുമ്പോൾ ഇത്തരം ശാഖപരമായ , കർമശാസ്ത്ര ഭിന്നതകളിൽ ചെലവഴിക്കാൻ എനിക്ക് സമയമില്ല എന്നതാണ് നേര്. നിങ്ങളിലെ പ്രസംഗകരെയും അധ്യാപകരെയും ഉണർത്താനുള്ളത് ഈ വാചകമാണ് :-

(إن الله يحب معالي الأمور ويكره سفسافها)

(അല്ലാഹു ഉയർന്ന കാര്യങ്ങളെ ഇഷ്ടപ്പെടുകയും നിസ്സാരകാര്യങ്ങളെ വെറുക്കുകയും ചെയ്യുന്നു)

കയ്പുള്ള സത്യം (അൽ ഹഖ്ഖുൽ മുർർ – ആറാം ഭാഗം)
സമ്പാ & വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles