കേരളത്തിൽ നാസ്തികർ മുസ്ലിംകളുമായി നടത്തിയ മൂന്ന് സംവാദങ്ങളെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇതിൽ രണ്ടും മുസ്ലിം നാമധാരികളുമായിട്ടായിരുന്നു നടന്നിരുന്നത്. എം എം അക്ബറും ജബ്ബാറുമായുള്ള സംവാദം ജബ്ബാർ തന്നെ നടത്തിയ ഒരു വെല്ലുവിളിക്ക് ഉത്തരമായി കേരള യുക്തിവാദി സംഘത്തിന്റെ അധ്യക്ഷതയിൽ നടന്നതായിരുന്നു. അതിൽ ജബ്ബാറിന്റെ പ്രകടനം കേരള യുക്തിവാദി സംഘം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല. ‘മതം വേണമോ മനുഷ്യന്ന്’ എന്ന തലക്കെട്ടിൽ ആരിഫും ഹൈത്തമിയുമായി നടന്ന സംവാദമായിരുന്നു രണ്ടാമത്തേത്. അത് സംഘടിപ്പിച്ചത് എസ്സെൻസ് ആയിരുന്നു. അതിൽ ആരിഫ് ഹുസ്സയിന്റെ അവതരണം എസ്സെൻസിനെ സംബന്ധിച്ച മതിപ്പ് നഷ്ടപ്പെടുത്തുവാനാണ് കാരണമായത്. ധൈഷണിക തലത്തിൽ എസ്സെൻസിന്റെ ജീവാത്മാവും പരമാത്മാവുമായി അറിയപ്പെടുന്ന ശ്രീ രവി ചന്ദ്രനും ടി മുഹമ്മദിനുമിടയിൽ നടന്ന ( 11.3.2023 ) സംവാദം നേരത്തെ നടന്ന രണ്ട് സംവാദങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് അനുഭവപ്പെട്ടത്.
ആദ്യമായി, ഇത്രയും നല്ലൊരു ആരോഗ്യകരമായ സംവാദം സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിന്ന് നന്ദിയും ആശംസയും അർപ്പിക്കുന്നു. സംഘാടകർ തികഞ്ഞ നിക്ഷ്പക്ഷത പുലർത്തി. ഇരു വിഭാഗവും സമയ നിഷ്ഠ പാലിച്ചു. മോഡറേറ്റർ സുശീൽ കുമാർ പ്രത്യേക പ്രശംസ അർഹിക്കുന്നു. ഏറെ മാതൃകാ പരമായിരുന്നു സംവാദത്തിലുടനീളം അദ്ദേഹത്തിന്റെ സമീപനം. സംവാദത്തിലുടനീളം അണുകിട നീതി ബോധത്തിൽനിന്നോ, നിക്ഷ്പക്ഷതയിൽ നിന്നോ അദ്ദേഹം വ്യതിചലിച്ചില്ല . പ്രിയ സുശീൽ കുമാറിന് kudos .
ഇരു വിഭാഗവും പരസ്പരാദരവും ബഹുമാനവും സൂക്ഷിച്ചു. ഈ സ്വഭാവം എല്ലാ മത-മതേതര – നിർമത- നിരീശ്വര – കക്ഷി രാഷ്ട്രീയ വിഭാഗങ്ങളുടെയും ഗ്രാസ്റൂട് ലെവലിലേക്ക് വളർന്നാൽ, അത് കേരളത്തിന്റെ സാംസ്കാരികമായ ഔന്നത്യത്തിലും, ചിന്താപരമായ വികാസത്തിലും , സമാധാനപൂർണമായ സഹവർത്തിത്വത്തിലും, പരസ്പര സഹിഷ്ണുതയോട് കൂടിയ ആശയാദർശങ്ങളുടെ കൈമാറ്റത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും, പല തലങ്ങളിൽ നടക്കുന്ന വിഭവ ദൂർത്തും ചോർച്ചയും തടയുകയും ചെയ്യും.
വീക്ഷണ പരമായി ഭിന്ന ധ്രുവങ്ങളിൽ നിലകൊള്ളുന്ന ഇരുവരും അവസാനം നടത്തിയ ആശ്ലേഷം ഏറെ മാതൃകാപരമായി. നാം ചിന്താപരമായും വിശ്വാസപരമായും എത്ര തന്നെ ഭിന്നരാണെങ്കിലും , അതിന്റെ പേരിൽ നാം പരസ്പരം ശത്രുക്കൾ ആവേണ്ട ആവശ്യമില്ലെന്നും, നമ്മുടെ ജീവിതത്തിൽ നമ്മുക്ക് പരസ്പരം കെട്ടിപ്പിടിച്ചു ഒരുമയോടെ ജീവിക്കുന്നതിന്ന് അതൊന്നും തടസ്സമെല്ലന്നും, ചിന്താപരവും വിശ്വാസ പരവുമായ വൈവിധ്യം നമ്മുടെ ശക്തിയാണെന്നും, അവ കൊണ്ടും കൊടുത്തതുമാണ് നാം വളർന്നു കൊണ്ടേയിരിക്കുന്നതെന്നും പ്രതീകാത്മകമായി പറഞ്ഞു ആ കെട്ടിപ്പിടുത്തം. അവസാനം ഇങ്ങനെയൊരു സന്ദേശം കൈമാറിയ ശ്രീ രവി ചന്ദ്രനും ശ്രീ ടി മുഹമ്മദ് വേളത്തിനോടുമുള്ള ഈ ശ്രോതാവിന്റെ ഭാഗത്തുനിന്നുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുകയും അഭിനന്ദനങ്ങൾ നേരുകയും ചെയ്യുന്നു .
ഉള്ളടക്കം:
വിഷയാവതരണത്തിൽ രണ്ടു പേരും ഏറെക്കുറെ നീതി പുലർത്തി. രവിചന്ദ്രൻ മൊറാലിറ്റിയെ നിർവചിക്കുവാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം നൽകിയ നിർവചനം, ‘മനുഷ്യനിൽ ധാർമികത സഹജമാണ് ‘ എന്ന അദ്ദേഹത്തിന്റെ തന്നെ വാദത്തെ ഖണ്ഡിക്കുന്നതാണെന്നു തോന്നിച്ചു. മുഹമ്മദ് ധാർമികതയെ നിർവചിക്കുവാൻ നിന്നില്ല. ഇസ്‌ലാമിക ദൃഷ്ട്യാ അതിനെ രൂപപ്പെടുത്തുന്ന ഘടകങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കുകയും, അതിനെ കാലികമായി വികസിപ്പിക്കുവാനുള്ള ഒരു മൂല്യ സ്രോതസ്സ് ഇസ്‌ലാമിലുണ്ടെന്നും വാദിച്ചു. മറ്റൊരു കാര്യം മുഹമ്മദ് പറഞ്ഞത്, ധാർമികത ഫ്രീഡം ഓഫ് ചോയ്സിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ, മനുഷ്യനിൽ അധാർമികതയും സഹജമാണ് എന്ന ഖുർആനിക ആശയമാണ്. ആ അർത്ഥത്തിൽ മൃഗങ്ങൾ programmed ആണെന്നും മനുഷ്യൻ programmed അല്ലെന്നും മുഹമ്മദ് കൃത്യമായും വ്യക്തമായും പറഞ്ഞു. രവിചന്ദ്രൻ ധാർമികതയുടെ മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കിയില്ലങ്കിലും, വ്യത്യസ്തതരം ധാർമികതകളെ കുറിച്ചാണ് കൂടുതലായും വിഷയാവതാരണത്തിൽ പറഞ്ഞത്.
മൊറാലിറ്റി ഇൻ nature എന്നതിനെ കുറിച്ച് രവിചന്ദ്രൻ പറഞ്ഞപ്പോൾ വിസ്മരിച്ചു പോയ ഒരു കാര്യം, ‘മൊറാലിറ്റി’ എന്നത് ഉത്ഭവിക്കുന്നത് തന്നെ , ഫ്രീഡം ഓഫ് ചോയ്സിൽ നിന്നാണെന്ന വസ്തുതയാണ്. മനുഷ്യേതര ജീവികൾക്ക് അവർ ഇപ്പോൾ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ രൂപത്തിൽ ചെയ്യുവാൻ കഴിയുമോ, അതിന്നുള്ള ചോയ്സ് ഉണ്ടോ എന്ന് വ്യക്തമാക്കാതെയാണ് രവി ചന്ദ്രൻ ഫ്രീഡം ഇൻ nature പറഞ്ഞത് . ഏതെങ്കിലും ഒരു കുറുക്കൻ കോഴിയെ കിട്ടിയിട്ട് “അയ്യോ, പാവം കോഴി, ഇതിനെ ഞാൻ പോറ്റി വളർത്തി വലിയവനാക്കട്ടെ” എന്ന ദയാ പൂർണമായ ഓപ്ഷൻ എപ്പോഴെങ്കിലും സ്വീകരിച്ചിട്ടുണ്ടോ? മനുഷ്യേതര ജീവികളുടെ ലോകത്തു നിന്നും അവരിൽ പ്രകൃത്യാ കാണപ്പെടുന്ന ഒരൊറ്റ മാർഗം അല്ലാതെ, ഇങ്ങനെയുള്ള വ്യത്യസ്ത ഓപ്ഷൻ സ്വീകരിച്ച അനുഭവം ഉണ്ടോ ? തെരെഞ്ഞെടുക്കുവാനുള്ള ചോയ്സ് ഇല്ലെങ്കിൽ, അതിനെയാണ് instinct എന്നും , ഉണ്ടെങ്കിൽ അതിനെയാണ് Moral , Amoral , Immoral ഓപ്ഷനുകളെന്നും വിശേഷിപ്പിക്കുന്നത് എന്ന വസ്തുത രവിചന്ദ്രൻ വിസ്മരിച്ചു പോയതായി തോന്നി. ശരിയോ, തെറ്റോ ?; ന്യായമോ,അന്യായമോ?; നന്മയോ, തിന്മയോ?; നീതിയോ, അനീതിയോ എന്ന ചിന്തക്ക് ആധാരമായി വർത്തിക്കുന്നത് മനുഷ്യന്റെ ധാർമികതയാണ്. തെറ്റിനെ ശരിയായും, അനീതിയെ നീതിയായും, തിന്മയെ നാന്മയായും, അതേപോലെ മറിച്ചും തെറ്റിദ്ധരിച്ചു മനുഷ്യൻ നിലപാട് എടുക്കാറുണ്ട്. അപ്പോഴും, ഒരു കൃത്യമായ മാനദണ്ഡം ഇല്ലാത്തത് കൊണ്ട് ചിന്താപരമായി തലതിരിഞ്ഞ ഒരു ധാർമിക ബോധം അവനെ നയിക്കുന്നുണ്ട് . ചിലപ്പോൾ തെറ്റാണെന്നും അനീതിയാണെന്നും തിന്മയാണെന്നും അറിഞ്ഞു കൊണ്ട് തന്നെ മനുഷ്യൻ അത്തരം കൃത്യങ്ങൾ ചെയ്യാറുണ്ട്. അപ്പോൾ അത് ചെയ്യുന്നവരിലെ ധാർമിക ബോധം അത്തരം ചെയ്തികളുടെ ആദ്യ ഘട്ടങ്ങളിൽ മനസ്സംഘർഷമായിട്ടാണ് അനുഭവപ്പെടുന്നത്.
ധാർമികത എന്ന വിഷയത്തിൽ രവി ചന്ദ്രന്റെ സമീപനത്തെ നിരൂപണം ചെയ്യാൻ രവി ചന്ദ്രനും അദ്ദേഹത്തിന്റെ സപ്പോർട്ടേഴ്സും ഏക ഖണ്ഡമായി അംഗീകരിക്കുന്ന ഒരു റഫറൻസ് ഇല്ലാതെ പോയത്, ഈ സംവാദത്തിൽ മുഹമ്മദ് അഭിമുഖീകരിച്ച പരിമിതിയായിരുന്നു. എന്നാൽ മുഹമ്മദിന്റെ ഈ വിഷയത്തിലെ സമീപനത്തെ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്ന പ്രമാണങ്ങളുടെ പിൻബലത്തിൽ നിരൂപണം ചെയ്യുവാൻ രവി ചന്ദ്രന്ന് വേണ്ടത്ര റഫെറെൻസുകളും അവസരങ്ങളുമുണ്ടായിരുന്നു. പക്ഷെ , അത് അക്കാദമിക തലത്തിൽ പഠിച്ചു, വസ്തുനിഷ്ഠമായ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വേണ്ടത്ര വിജയിച്ചതായി സംവാദത്തിലുടനീളം അനുഭവപ്പെട്ടില്ല. മുഹമ്മദാവട്ടെ, എത്തീസ്റ്റുകൾ ഏകഖണ്ഡമായി അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്ന പ്രശ്നം പരിഗണിക്കാതെ, ഈ വിഷയത്തിൽ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, പീറ്റർ സിംഗർ, നീഷേ തുടങ്ങിയ നാസ്തികരും യുക്തിവാദികളുമായ ചിന്തകരുടെ സമീപനങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യമായും നിരൂപണ വിധേയമാക്കി.
സംഗതമല്ലാത്ത സാമാന്യവൽക്കരണവും ചില ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്റുകളും അതിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതിനെ കുറിച്ചൊന്നും രവി ചന്ദ്രൻ പ്രതികരിച്ചതേയില്ല. ജൂത വംശജനായ പീറ്റർ സിംഗറിനെ പഠന വിധേയമാക്കിയാൽ , യുക്തി വാദിയെന്ന വാദം ഒഴിച്ചു നിർത്തിയാൽ, ഏതെങ്കിലും വിഷയത്തിൽ ഒരു സുസ്ഥിര നിലാപാട് ഉള്ള വ്യക്തിയാണോ അദ്ദേഹം എന്നത് സംശയാസ്പദമാണ് . പ്രയോജനാത്മക വാദവും ഫിലാന്ത്രഫിയും പോലെ വൈരുദ്ധ്യങ്ങളുടെ സംഘാതം. എന്നാൽ രവി ചന്ദ്രൻ ബനൂ ഖുറൈദ,, അടിമത്തം, സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലെ പാകിസ്ഥാൻ കോടതി മൗദൂദിക്ക് വിധിച്ച വധ ശിക്ഷ( വിഷയവുമായി ഒരു ബന്ധവും ഇതിന്ന് ഉണ്ടായിരുന്നില്ല) തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, അധികം വലിച്ചു നീട്ടാതെ മുഹമ്മദ് അവയെ ഫലപ്രദമായ രൂപത്തിൽ അഡ്രസ് ചെയ്തു. ബനൂഖുറൈദ സംഭവ വിഷയത്തിൽ , മദീന കരാറിനെയും, ആ കരാറിനെ നിരവധി തവണ ലംഘിച്ചതിന്റെയും, സകല വൈദേശിക ആഭ്യന്തര ശത്രുക്കളും ചേർന്ന് മദീനയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, അവസരം ഉപയോഗപ്പെടുത്തി, മദീനയെ അസ്ഥിരപ്പെടുത്തുവാനും , ബാലാരിഷ്ടത പിന്നിട്ടില്ലാതിരുന്ന , ഭരണ കൂടത്തെ പിഴുതെറിയുവാനും ശ്രമിച്ച ജൂത ഗോത്രത്തെ അവർതന്നെ നിർദേശിച്ച മധ്യസ്ഥൻ, അവരുടെ തന്നെ വേദത്തിന്റെ അടിസ്ഥാനത്തിൽ വിധിച്ച ശിക്ഷ ഭരണാധികാരിയുടെ തലത്തിൽ നിന്ന് കൊണ്ട് രാഷ്ട്രീയമായി നടപ്പാക്കിയ സാഹചര്യം മുഹമ്മദ് വേളം വ്യക്തമാക്കി. ജനായത്ത ഭരണത്തിൻ കീഴിൽ വരെ കോടതികൾ എക്സിക്യൂട്ടീവിന്റെ വാലായി മാറുന്ന വർത്തമാന കാല സാഹചര്യത്തിൽ, സ്വേച്ഛാധിപത്യ ഭരണകൂടത്തിന് കീഴിലെ കോടതികൾ അവരുടെ എതിരാളികളെ വേട്ടയാടുന്നത് യുക്തിവാദ തലത്തിൽ ഏറെ പഥ്യമാകുന്നത് എന്തുകൊണ്ട് എന്ന് മൗദൂദിക്ക് വധ ശിക്ഷ വിധിച്ച കാര്യത്തിലും, ബംഗ്ലാദേശിലെ വേട്ടയാടലിന്റെയും പശ്ചാത്തലത്തിൽ മുഹമ്മദ് രവി ചന്ദ്രനോട് തിരിച്ചു ചോദിക്കാതിരുന്നത് ചർച്ചാ വിഷയം വഴിതിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കുവാനായിരിക്കും.
രവി ചന്ദ്രനിൽ നിന്നും ഏറെ പ്രതീക്ഷിച്ചവർ തീർച്ചയായും നിരാശപ്പെട്ടിട്ടുണ്ടാവും. മുഹമ്മദ് അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണക്കുന്നവരെ നിരാശപ്പെടുത്തിയില്ല. രവിചന്ദ്രൻ സംവാദത്തിന്റെ പൊതു നിലവാരത്തിൽ നിന്നും വളരെ താഴെ പോയ കുറെ അവസരങ്ങൾ ഉണ്ടായിരുന്നു. ഇതാകട്ടെ, ശ്രോതാക്കൾ മുഴുക്കെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവണം. Willful blindness ന്റെയോ voluntary ignorance ന്റെ യോ മാനസികാവസ്ഥക്ക് അപ്പുറത്ത് ഒരു സംവാദത്തിൽ പുലർത്തേണ്ട ബുദ്ധിപരമായ സത്യസന്ധതയെ സംബന്ധിച്ച സംശയം പോലും ജനിപ്പിക്കുന്നതായിപ്പോയി പലപ്പോഴും അത്.
ഒരു ഹദീസിന്റെ സ്രോതസ്സും നമ്പറും പറഞ്ഞു, രവി ചന്ദ്രൻ അതിനില്ലാത്ത അർത്ഥം കെട്ടിച്ചമച്ചു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്, ശ്രോതാക്കളിൽ ബഹുഭൂരിപക്ഷവും അതിന്റെ സ്രോതസ്സിൽ പോയി അത് വായിച്ചു ,അതിന്റെ അർത്ഥവും വിവക്ഷയും പരിശോധിക്കില്ലയെന്ന ഉറപ്പിലായിരിക്കും. ചർച്ച ചെയ്യുന്ന വിഷയത്തിലെ ശരിയായ സമീപനം എന്ത് എന്ന് അറിയാൻ ഒരു മുൻവിധിയുമില്ലാതെ ആഗ്രഹിക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാർക്ക് രുചിക്കുന്നതോ യോജിക്കുന്നതോ ആയിരിക്കില്ല , തന്റെ മുൻവിധിക്കനുസരിച്ചു ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമക്കുന്ന ധൈഷണികാചാര്യന്റെ ഈ സംഘ് പരിവാർ രീതിയെന്ന് രവി ചന്ദ്രൻ എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.
ഏറെ അതിശയോക്തിയോടു കൂടി രവി ചന്ദ്രൻ അവതരിപ്പിച്ച ഇസ്‌ലാമിക ഭീകരതയെ FBI, MI5, തുടങ്ങിയ ഏജൻസികളുടെയും the guardian പോലുള്ള പത്രങ്ങളുടെയും റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി refute ചെയ്യാൻ മുഹമ്മദ് ശ്രമിച്ചപ്പോൾ, അവയെയൊക്കെ paid ന്യൂസ് എന്ന് പറഞ്ഞു തള്ളുകയായിരുന്നു രവി ചന്ദ്രൻ! എന്നാൽ രവി ചന്ദ്രൻ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു റെഫെറെൻസും നൽകിയിരുന്നില്ല. ദുരൂഹമായതും മറ്റു നിലക്ക് തെളിയിക്കപ്പെടാത്തതുമായ ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ കുറിച്ച് ജനറിക് ആയി പരാമർശിച്ചു കൊണ്ട് തന്റെ വാദത്തെ സമർത്ഥിക്കുവാൻ ശ്രമിക്കുകയായിരുന്നു രവി ചന്ദ്രൻ . അപ്പോഴും, ആദ്യം മുസ്ലിംകളുടെ ചുമലിൽ കെട്ടിയേല്പിക്കപ്പെട്ട മാലിഗോൺ, സംജോത, ഹൈദരാബാദ്, അജ്മീർ പോലുള്ള പല ഭീകരാക്രമണങ്ങൾക്കും പിന്നിലെ തെളിഞ്ഞ സംഘ് പരിവാർ ബന്ധത്തെകുറിച്ചു ശ്രോതാക്കൾ ചിന്തിച്ചു പോയിട്ടുണ്ടാവുക സ്വാഭാവികം മാത്രമായിരുന്നു.
നിന്ദാ പരമായി സംസാരിക്കുന്ന സദസ്സിൽ നിന്നും വിട്ടു നിൽക്കാനുള്ള ഖുർആനിക നിർദേശത്തെ ആരോഗ്യകരമായ സംവാദത്തിൽ നിന്നും വിട്ടു നിൽക്കുവാനാണെന്ന് രവി ചന്ദ്രൻ പറയുകയും, തന്റെ സഹ സംവാദകനായ മുഹമ്മദ് സംവാദത്തിന്ന് തയ്യാറായത് തന്നെ, ഖുർആനിക അധ്യാപനങ്ങൾക്കു വിരുദ്ധമാണ് എന്ന് സൂചിപ്പിക്കുകയും ചെയ്തു . ഇവിടെ രവി ചന്ദ്രൻ നിന്ദക്കും സംവാദത്തിനുമിടയിലെ വിത്യാസം മനസ്സിലാക്കിയില്ല. ഏറ്റവും ഉത്തമമായ രൂപത്തിൽ ആരോഗ്യകരമായ ആശയ സംവാദത്തിൽ ഏർപ്പെടുവാനുള്ള ഖുർആനിലെ കല്പനയെ കണ്ടതുമില്ല.
ശിർക്ക് ആണ് ഏറ്റവും വലിയ പാപമെന്നും, ആയതിനാൽ ശിർക്ക് ചെയ്യാത്ത കാലത്തോളം ഒരു വ്യക്തി മറ്റെന്ത് കുറ്റം ചെയ്താലും ഇസ്‌ലാമിൽ പ്രശ്നമെല്ലന്നും രവി ചന്ദ്രൻ ആരോപിച്ചു. ഇവിടെ രവി ചന്ദ്രൻ പാപത്തിന്നും (Sin ) കുറ്റ (crime )ത്തിനുമിടയിലെ വിത്യാസം ഉൾക്കൊണ്ടില്ല. സ്വകാര്യതക്കും സാമൂഹ്യതക്കും ഇടയിലെ വ്യത്യാസവും മനസായിലാക്കിയില്ലെന്ന് തോന്നുന്നു. ദൈവത്തിന്റെ അടുക്കൽ വലിയ പാപമാകുന്നതിനെ സാമൂഹ്യ തലത്തിൽ തെറ്റായി വ്യവഹരിച്ചു സമീകരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണെന്നും, എന്നാൽ സാമൂഹ്യ കുറ്റങ്ങൾ ചെയ്യുന്നതു ആ അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നില്ലെന്നും രവി ചന്ദ്രന് അറിയാതെ പോയതാണോ ? ‘ശിർക്’ ഇസ്‌ലാമിൽ സ്റ്റേറ്റ് ശിക്ഷിക്കുന്ന ഒരു കുറ്റമല്ലെന്നും, അതിന്ന് സ്റ്റേറ്റിന്റെ ഭാഗത്ത് നിന്ന് ഒരു ശിക്ഷയും ഇസ്‌ലാം നിശ്ചയിട്ടില്ലെന്നും, എന്നാൽ സാമൂഹ്യ കുറ്റങ്ങൾക്ക് ഇസ്‌ലാം ശിക്ഷാ വിധി നിശ്ചയിച്ചിട്ടുണ്ടെന്നുമുള്ള കാര്യം ഇസ്‌ലാമിലെ ‘പ്രാകൃത ശിക്ഷാ’ രീതികളെ വിമർശിക്കുന്ന കേരളത്തിലെ യുക്തിവാദികളുടെ ഇപ്പോഴത്തെ ധൈഷണികാചാര്യൻ വിസ്മരിച്ചു പോയത് എന്ത് കൊണ്ടാണെന്നു സദസ്സ് അത്ഭുതപ്പെട്ടുകാണും .
സംവരണത്തെ എതിർക്കാൻ, “പിന്നോക്കക്കാരെയാണ് പരിഗണിക്കുന്നത് എങ്കിൽ റാങ്കിങ്ങിൽ പൂജ്യം മാർക് കിട്ടിയവനെയാണ് സെലെക്റ്റ് ചെയ്യേണ്ടത്” എന്ന വാദം രവി ചന്ദ്രൻ ഉന്നയിച്ചപ്പോൾ , അദ്ദേഹം അതുവരെയും സാമാന്യേന നന്നായി നടന്നു പോകുകയായിരുന്ന സംവാദത്തിന്റെ നിലവാരത്തെ പാതാളത്തോളം താഴ്ത്തി. അന്തം വിട്ടു നിന്ന സദസ്സ് അല്പം പോലും ചിരിക്കാതെ അവരുടെ സാംസ്കാരികമായ ഔന്നത്യവും കാണിച്ചു.
മുഹമ്മദ് നബിയാണ് മുസ്ലിംകളുടെ ദൈവം എന്ന് രവിചന്ദ്രൻ പറഞ്ഞപ്പോൾ, ഇസ്‌ലാമുമായി സംവാദത്തിന്ന് വന്ന അദ്ദേഹം ആ വിഷയത്തിൽ വിവരക്കേടിന്റെ പരകോടിയിലാണ് ഉള്ളതെന്ന് തെളിയിച്ചു. സംഘ് പരിവാറിന്റെ വാട്സ് അപ്പ് യൂണിവേഴ്സിറ്റിയിൽ പോലും പഠിപ്പിക്കപ്പെടാത്ത വിവരക്കേട് ആയിരുന്നു അത്.
ചോദ്യോത്തര സമയത്ത് മുഹമ്മദ് വേളം എല്ലാ ചോദ്യങളും മോഡറേറ്ററെ ഏല്പിച്ചു ചോദിക്കാൻ ആവശ്യപ്പെടുകയും പരമാവധി വേഗത്തിൽ, ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി മറുപടി പറയുകയും ചെയ്തപ്പോൾ, രവി ചന്ദ്രൻ അങ്ങനെ ചെയ്യാതെ ചോദ്യങ്ങളെ സ്വയം തന്നെ SORT ചെയ്തു തെരഞ്ഞെടുത്തതും, എന്നിട്ടു ആ ചോദ്യങ്ങൾക്കു ഉത്തരം നൽകുമ്പോൾ പോലും കൃത്യതയോ വ്യക്തതയൊ ഇല്ലാതെ പോയതും രണ്ടു പേർക്കുമിടയിലുള്ള ആത്മ വിശ്വാസത്തിന്റെ വിടവിനെ വ്യക്തമാക്കുകയും, സംവാദത്തിലുടനീളം മുഹമ്മദിന്റെ ഭാഗത്ത് ചാഞ്ഞിരുന്ന ത്രാസ് കൂടുതൽ വെയിറ്റോടെ അതേപടി അവസാനിക്കുകയും ചെയ്തു.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1