Current Date

Search
Close this search box.
Search
Close this search box.

രണ്ട് സ്മരണികകൾ അങ്കുരിപ്പിച്ച ശ്ലഥ ചിന്തകൾ

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ഏറ്റവും നല്ലകാലം ഏതെന്ന് അന്വേഷിച്ചാൽ 1960കളും പിന്നെ 1970കളുടെ ആദ്യ വർഷങ്ങളുമടങ്ങുന്ന വ്യാഴവട്ടക്കാലമെന്ന സുചിന്തിത നിരീക്ഷണമാണ് ഈയുള്ളവനുള്ളത്. 1973ൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മക്കയിൽ വെച്ച് മരണപ്പെട്ടതിൽ പിറകെയുള്ള രണ്ട്/മൂന്ന് വർഷങ്ങളിലാണ് മുസ്ലിംലീഗിന്റെ തളർച്ച തുടങ്ങുന്നത്. പിന്നീടുള്ള രണ്ട് ദശകങ്ങളിൽ മുസ്ലിംലീഗിൽ നിർഭാഗ്യകരമായ രണ്ട് പിളർപ്പുകൾ ഉണ്ടായി. അഖിലേന്ത്യാതലത്തിൽ മർഹൂം ഖാഇദെമി ല്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും നേതൃത്വം നൽകിയ ആ നാളുകൾ പ്രതികൂല ചുറ്റുപാടുകളുള്ളതായിരുന്നു. മുസ്ലിം സമുദായം വളരെ പിന്നോക്കവും ദരിദ്രവുമായിരുന്നു. ഭരണാധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ല.ഗൾഫിന്റെ സാധ്യതകളും വലുതായിട്ടൊന്നും തെളിഞ്ഞു വന്നിട്ടില്ല. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പലരും മുസ്ലിംലീഗിനെയും മറ്റ് മുസ്ലിം സംഘടനകളെയും ഒട്ടും പരിഗണിക്കാറു ണ്ടായിരുന്നില്ല. നിസ്വാർത്ഥമായ ത്യാഗ പരിശ്രമങ്ങളായിരുന്നു അന്നത്തെ മുസ്ലിംലീഗിന്റെ മുഖമുദ്ര.ഇക്കാര്യം വ്യക്തമാക്കാനുതകുന്ന ഒരു വസ്തുത വിവരിക്കാം.
1969ൽ ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന സാക്കിർ ഹുസൈന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി നിർത്തിയ സഞ്ജീവറെഡ്ഡിക്കെതിരെ അന്ന് വൈസ് പ്രസിഡണ്ട് ആയിരുന്ന വി.വി ഗിരിയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിപ്പിച്ചു. ഇത് പിന്നീട് കോൺഗ്രസിൽ പിളർപ്പുണ്ടാക്കി. അന്ന് ഇടതുപക്ഷം ഉൾപ്പെടെ പലരും ഇന്ദിരയുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചു.മൊറാർജി ദേശായി, നിജലിംഗപ്പ, കാമരാജ് തുടങ്ങിയവർ ഉൾപ്പെടെ ഔദ്യോഗിക വിഭാഗത്തെ സോഷ്യലിസത്തോട് ആഭിമുഖ്യമില്ലാത്ത, മുതലാളിത്ത ലോബിയോട് ചേർന്ന് നിൽക്കുന്ന വിഭാഗമായിട്ടാണ് പൊതുവേ അന്ന് മനസ്സിലാക്കപ്പെട്ടത്. വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിലാണ് വി വി ഗിരി ജയിച്ചത് ( ജയിച്ച പ്രതിപക്ഷത്തിന്റെ മൂല്യം ഏതാണ്ട് 15300 ആണെന്നാണ് ഓർമ്മ) അന്ന് ഖാഇദെമില്ലത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പിന്തുണ ഇന്ദിരാ വിഭാഗം തേടുകയും മുസ്ലിം ലീഗ് നിരുപാധികം പിന്തുണയ്ക്കുകയും ചെയ്തു. മുസ്ലിംലീഗിന് അന്ന് ലോകസഭയിലും രാജ്യസഭയിലുമായി 7 എം.പി.മാർ ഉണ്ടായിരുന്നു. കേരളത്തിൽ 14 എം.എൽ.എമാർ, പശ്ചിമബംഗാളിൽ 7, തമിഴ്നാട്ടിൽ മൂന്ന്, മഹാരാഷ്ട്രയിൽ ഒന്ന് വീതം എം.എൽ.എമാരും ഉണ്ടായിരുന്നു. ലീഗിന്റെ കൈവശമുള്ള വോട്ടിന്റെ മൂല്യം ഏകദേശം അമ്പതിനായിരമായിരുന്നു. അന്ന് ഇന്ദിരയും വി.വി ഗിരിയുമൊക്കെ ഖാഇദെമില്ലത്തിനോട്‌ നന്ദി അറിയിച്ചിരുന്നു.

മേൽപ്പറഞ്ഞ കാലഘട്ടത്തിലെ മുസ്ലിംലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വരുമായി പലതവണ ഇടപഴകാൻ അവസരമുണ്ടായിട്ടുള്ള ബഹുമാന്യ വ്യക്തിത്വമാണ് അഡ്വ: ടി.എം വാസൻകുട്ടി. അതുകൊണ്ടുതന്നെ ഈ സ്മരണിക താൽപര്യപൂർവ്വമാണ് വായിച്ചത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം പതിനാറ് /പതിനേഴ് സംവത്സരങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു സ്മരണക തലശ്ശേരിയിൽ നിന്നും ഇറങ്ങുന്നത്. സാവൻ കുട്ടിയോടൊപ്പം പ്രവർത്തിച്ച, അദ്ദേഹത്തെ പലനിലക്കും അനുഭവിച്ച ധാരാളം വ്യക്തിത്വങ്ങൾ മൺമറഞ്ഞതിന് ശേഷ മാണിത് ഇറങ്ങിയതെന്ന പരിമിതി ഈ സ്മരണികക്കുണ്ട്. ഇതിന്റെ എഡിറ്റർ സി വി ശ്രീജിത്തിന്റെ മുഖമൊഴി, വഖഫ് ബോർഡ് മെമ്പർ അഡ്വ: പി വി സൈനുദ്ദീന്റെ പ്രൗഢമായ സമർപ്പണക്കുറിപ്പ് എന്നിവ അടക്കം 47 ലേഖനങ്ങൾ ഇതിലുണ്ട്. കൂടാതെ സാവൻ കുട്ടി സാഹിബിന്റെ 9 കൊച്ചു കുറിപ്പുകളും ഇതിലുണ്ട്. സമര്യപുരുഷന്റെ ബന്ധുക്കൾ, ഇപ്പോൾ കേരള ഹൈക്കോടതി ജഡ്ജിയായ അദ്ദേഹത്തിന്റെ പുത്രൻ ജസ്റ്റിസ് മുഹമ്മദ് നിയാസ്, ജസ്റ്റിസ് എം ഫാത്തിമ ബീവി, പി.എസ്.സി ചെയർമാനായ എം കെ സക്കീർ, മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ അബൂബക്കർ, പത്രപ്രവർത്തകരായ ടി.പി ചെറൂപ്പ, ടി സി മുഹമ്മദ്,നവാസ് പൂനൂർ, കുഞ്ഞമ്മദ് വാണിമേൽ, പ്രശസ്ത എഴുത്തുകാരനായ എം എൻ കാരശ്ശേരി, എ.പി കുഞ്ഞാമു തുടങ്ങിയ പലരുടെയും ലേഖനങ്ങൾ നല്ലൊരു വായനാനുഭവമാണ്.

1. ടി എം സാവൻ കുട്ടി: ജീവിതം ദർശനം
പ്രസാ: ഡിസൈൻ പബ്ലിഷേഴ്സ്, തലശ്ശേരി

2. ജസ്റ്റിസ്:വി ഖാലിദ് പ്രകാശം പരത്തിയ ജീവിതം
പ്രസാ:സർ സയ്യിദ് കോളേജ് പബ്ലിക്കേഷൻ ഡിവിഷൻ

ഏഴ് പതിറ്റാണ്ട് പ്രായമുള്ള പി.എസ്‌.സിയെ പറ്റി പലവിധ പരാതികളും വിമർശനങ്ങളും പരക്കെ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സാവൻ കുട്ടി സാഹിബ് കേരളം ദർശിച്ച പി എസ് സി ചെയർമാൻമാരിൽ ഏറെ തലയെടുപ്പോടെ, തെളിഞ്ഞ വ്യക്തിത്വത്തോടെ വേറിട്ട് നിൽക്കുന്നുവെന്ന വസ്തുത സംശയലേശ മന്യെ വ്യക്തമാക്കുന്നതാണ് പലരും വ്യക്തമാക്കിയ വിവരങ്ങൾ. ഏറ്റവും ഒടുവിലത്തെ പി.എസ്.സി ചെയർമാനായി ഇപ്പോൾ പടിയിറങ്ങിയ അഡ്വ: എം കെ സക്കീർ രേഖപ്പെടുത്തുന്നത് കാണുക: “അദ്ദേഹം പി എസ് സി മെമ്പർ എന്ന നിലക്ക് പ്രവർത്തിക്കുമ്പോൾ തന്നെ കരുതിവെച്ച പരിഷ്കരണ നടപടികൾ നടപ്പിൽ വരുത്താൻ മറ്റൊരു പഠനം ആവശ്യമായി വന്നില്ല”. പി എസ് സി അംഗമായും പിന്നീട് ചെയർമാനായും ഒരു ദശകത്തിലേറെ കാലം പ്രാഗൽഭ്യത്തോടെ പ്രവർത്തിച്ച സാവൻ കുട്ടി പിന്നീട് എം.എസ്.എസ് നേതാവ് എന്ന നിലക്കും ശോഭിച്ചിരുന്നു. പി.എസ്.സിയിൽ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിന്റെയും മുസ്ലിം ലീഗിൽ സി എച്ച് മുഹമ്മദ് കോയയുടെയും പിൻഗാമിയായ സാവൻകുട്ടി കെ.എം.സിതി സാഹിബിന്റെ ജീവിതകഥ പിൻഗാമികൾക്ക് പ്രചോദനമേകും വിധം തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രസാധനാലയമാണ് ( അറഫ പബ്ലിക്കേഷൻസ്) My Life: A Fragment എന്ന മൗലാനാ മുഹമ്മദലിയുടെ പരിഷ്കരിച്ച (വിവർത്തനം) പതിപ്പ് പൂർത്തിയാക്കിയതും എം എൻ റോയിയുടെ Historical role of Islam എന്ന് കൃതിയുടെ പരിഭാഷ, കുമാരനാശാന്റെ ‘ വീണപൂവ് ‘ന്റെ അറബി പരിഭാഷ ( വിവർത്തകൻ: നമ്മണ്ട അബൂബക്കർ മൗലവി) എന്നിവ ഇറക്കിയതും അറഫ പബ്ലിക്കേഷനായിരുന്നു.

തലശ്ശേരി മുൻസിപ്പാലിറ്റിയിലേക്ക് എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പിന്നീട് ചെയർമാൻ ആയപ്പോൾ ഏറ്റവും കുറഞ്ഞ യാത്രപ്പടി പറ്റിയ ചെയർമാൻ എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ധൂർത്തിനെയും ദുർവ്യയത്തെയും വളരെയേറെ എതിർത്ത സമര്യ പുരുഷൻ ആഡംബരങ്ങളിൽ നിന്നും ആർഭാടങ്ങളിൽ നിന്നും പരമാവധി അകലം പാലിച്ചു. ഇക്കാലത്തെ പല നേതാക്കൾക്കും അദ്ദേഹത്തിൽ നിന്നും പലതും സ്വാംശീകരിക്കാനുണ്ട്. ഇത്തരം വ്യക്തിത്വങ്ങളുടെ ചരിത്രം പുത്തൻ തലമുറക്ക് ദിശാബോധവും പ്രചോദനവും പകർന്നു നൽകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ജസ്റ്റിസ് വി ഖാലിദിന്റെ സ്മരണിക ഇറക്കിയിട്ടുള്ളത്, സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഉത്തരകേരളത്തിലെ പ്രശസ്ത സ്ഥാപനമായ സർ സയ്യിദ് കോളേജിന്റെ പ്രസാധന വിഭാഗമാണ്. ഈ സ്ഥാപനത്തിന്റെ സംസ്ഥാപനത്തിൽ മുഖ്യപങ്ക് വഹിക്കുകയും അതീവ ശ്രദ്ധയോടെ അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഫലപ്രദമായി ഇടപെടുകയും ചെയ്ത ക്രാന്ത ദർശിയാണ് ഖാലിദ് സാഹിബ്. ബഹളമയമായ ശൈലി ഒട്ടുമില്ലാതെ,നിശബ്ദ,നിസ്വാർഥ വ്യക്തിത്വമാണ് ഖാലിദ് സാഹിബ് എന്നത് അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോഴലം തിരിച്ചറിഞ്ഞ വസ്തുതയാണ്. ഖാലിദ് സാഹിബിനെ സാമാന്യം ചുരുങ്ങിയ രീതിയിൽ അറിയാൻ മാത്രമേ ഈ സ്മരണിക സഹായകമാവുകയുള്ളൂ. ഭാവി തലമുറക്ക് വിശിഷ്യാ നിയമ വിദ്യാർത്ഥികൾക്ക് ഉപകരിക്കും വിധമുള്ള നല്ലൊരു പഠനം ഖാലിദ് സാഹിബിനെ പറ്റി ഇനിയും നടക്കേണ്ടതായിട്ടാണ് ഉള്ളത്. മലപ്പുറം ഗവർമെന്റ് ഹൈസ്കൂളിലെ അധ്യാപകനായി ആരംഭിച്ച് പ്രശസ്തനായ വക്കീൽ, ഹൈക്കോടതി ജഡ്ജി, സുപ്രീംകോടതി ജഡ്ജി,ആക്ടിംഗ് ഗവർണർ, തമിഴ്നാട് പോലീസ് കമ്മീഷൻ അംഗം, റെയിൽവേ ട്രിബ്യൂണൽ അംഗം തുടങ്ങി പലവിധ മേഖലകളിൽ വിജയകരമായി വിരാജിച്ച ഖാലിദ് സാഹിബിന്റെ അനുഭവങ്ങൾ വിശദമായി രേഖപ്പെടുത്താതെ പോയത് ഒരു വലിയ നഷ്ടം തന്നെയാണ്.ഇക്കാര്യം അദ്ദേഹം വിശ്രമ ജീവിതം നയിക്കുമ്പോൾ ഒന്നിലധികം തവണ വിനയപൂർവ്വം സൂചിപ്പിച്ചപ്പോൾ വളരെ മനോഹരമായി ചിരിച്ചു ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

ജസ്റ്റിസ് കെ.ടി തോമസ്, ജസ്റ്റിസ് എം ഫാത്തിമ ബീവി, ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ, ജസ്റ്റിസ് എം മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് പി കെ ഷംസുദ്ദീൻ,ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവവരും അഡ്വ: ടി ആസിഫലി,അഡ്വ:പി വി സൈനുദ്ദീൻ,അഡ്വ: പി മഹമൂദ്, ഖാലിദ് സാഹിബിന്റെ പേരക്കുട്ടി ഫാത്തിമ സക്കീർ തുടങ്ങിയവർ ഉൾപ്പെടെ 34 ലേഖനങ്ങളും ഖാലിദ് സാഹിബിന്റെ മൂന്ന് ലേഖനങ്ങളും അദ്ദേഹവുമായി വി കെ സുരേഷ് നടത്തിയ അഭിമുഖവും ഒക്കെ അടങ്ങുന്നതാണ് 200 ലേറെ പേജുകൾ ഉള്ള ഈ സ്മരണിക. പലരുടെയും ലേഖനങ്ങൾ ആയതിനാൽ സ്വാഭാവികമായും ആവർത്തനങ്ങളുണ്ട്. Something is better than nothing എന്ന നിലക്ക് ഇത് ഉപകാരപ്രദമാണ്. ഖാലിദ് സാഹിബിനെ പറ്റി വിശദവും സമഗ്രവുമായ കൃതി ഇംഗ്ലീഷിൽ തയ്യാറാക്കാൻ അദ്ദേഹത്തിന്റെ കുടുംബം ശ്രമിക്കുന്നുണ്ടെന്നാണറിവ്. വൈകാതെ അത് വെളിച്ചം കാണുമെന്ന് പ്രത്യാശിക്കാം. ഭരണാധികാരികളുടെ അപ്രീതി ഖാലിദ് സാഹിബ് ഭയന്നിരുന്നില്ല. സുപ്രീംകോടതി ജഡ്ജിയും മുൻ ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി കുറിച്ചതിങ്ങനെ: “ജുഡീഷ്യറിയിൽ നിന്നും പിരിഞ്ഞവരെ ഗവർണർ മാരാക്കാൻ തീരുമാനമുണ്ടായപ്പോൾ ഉയർന്നുവന്ന മൂന്നു പേരുകളിൽ ഒന്ന് ജസ്റ്റിസ് ഖാലിദ് സാഹിബിന്റെതായിരുന്നു. എന്നാൽ പൊതു പ്രതീക്ഷക്ക് വിരുദ്ധമായി, ഇന്ദിരാ കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചതിന്റെ പേരിൽ കോൺഗ്രസിന്റെ അനിഷ്ടത്തിന് പാത്രമായതിനാലാണ് ആ അവസരം അദ്ദേഹത്തിന് നഷ്ടമായത്”.

കെ.ടി തോമസ് എഴുതിയതിങ്ങനെ: “…….. നീതിയുക്തതയും മാനുഷികതയുമായിരുന്നു ജസ്റ്റിസ് ഖാലിദിന്റെ വിധികളുടെ സവിശേഷത. ആളുകൾക്ക് അനുകൂലമായി നിയമത്തെ എങ്ങനെ വളച്ചെടുക്കാം എന്നതായിരുന്നു അതിന്റെ പ്രത്യേകത. സാധാരണ പലരും നിയമത്തെ വളക്കാൻ ശ്രമിക്കുമ്പോൾ ഒടിഞ്ഞു പോകാറുണ്ട്. പക്ഷേ ഖാലിദ് വളരെ സൂക്ഷിച്ച് ഓടിയാതെ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തു. ജാതിമത ചിന്തകൾക്കതീതമായിരുന്നു അദ്ദേഹത്തിന്റെ സമീപനംഎന്നതാണ് മറ്റൊരു പ്രത്യേകത. നല്ല വിശ്വാസിയായ മുസ്ലിം ആയിരിക്കുമ്പോഴും ഒരു തരം പക്ഷപാതകരമായ സമീപനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ആരും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല…….. ”

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles