ആരാണ് പണ്ഡിതന് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളും നല്കപ്പെട്ടിട്ടുണ്ട്. ഒരാളുടെ പാണ്ഡിത്യം അളക്കുന്നത് അയാളുടെ അറിവിന്റെ അടിസ്ഥാനത്തിലാണ്. ഇസ്ലാമില്‍ പണ്ഡിതന് എന്നതിന് മറ്റു ചില വ്യാഖ്യാനങ്ങള്‍ കൂടി നല്‍കിയിട്ടുണ്ട്. പ്രവാചകന്മാരുടെ അനന്തരഗാമികള്‍ എന്ന വിശേഷണം കൂടി. പ്രവാചകന്മാര് ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളാണ് ഒരു കണക്കില്‍ പണ്ഡിതന്മാര്ക്കും നിര്‍വഹിക്കാനുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമുദായത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പ് തന്നെ ഇവരെ ആശ്രയിച്ചാണ്.
ഇസ്ലാമിക ലോകത്തെ എന്നും നയിച്ചത് പണ്ഡിതര്‍ തന്നെ. പ്രവാചക അനുചരന്മാരില് പലരും ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതും അറിവിനെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍, ഇബ്നു മസഊദ് (റ) എന്നിവരുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടത് അവരുടെ അറിവിന്റെ കാര്യത്തിലായിരുന്നു എന്നത് ഒരു ചരിത്രമാണ്. ഹിജറ ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മദഹബീ ഇമാമുകള്‍ രംഗ പ്രവേശനം ചെയ്തു. പിന്നീട് ഇസ്ലാമിക ലോകം മുന്നോട്ട് പോയത് അവരെ ചുറ്റിപ്പറ്റിയായിരുന്നു. പിന്നീട് വന്ന ഹദീസ് പണ്ഡിതരും അംഗീകരിക്കപ്പെട്ടത് അവരുടെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെ.
പിന്നേയും ഒരു പാട് പണ്ഡിതര്‍ സമുദായത്തില്‍ വന്നുപോയി. അവരുടെ രചനകളും പ്രഭാഷണങ്ങളും സമുദായത്തിന് നല്കിയ ഊര്‍ജം വലുതായിരുന്നു. എന്നും നിലനില്‍ക്കുന്ന പുണ്യം ബാക്കിയാക്കാന്‍ കഴിയുന്നു എന്നിടത്താണ് പണ്ഡിതര്‍ അനുഗ്രഹീതരാകുന്നത്. അത് കൊണ്ട് തന്നെ ടി കെ അബ്ദുല്ല സാഹിബ് വിട്ടേച്ചു പോയ പ്രകാശം ഒരുകാലത്തും കെടാന്‍ സാധ്യതയില്ല എന്ന് നാം വിശ്വസിക്കുന്നതും. ദീനീ വിജ്ഞാനം സാധാരണക്കാരന് മനസ്സിലാക്കി കൊടുക്കുക എന്നതാണ് പണ്ഡിത ധര്‍മ്മം. പുരോഹിതന് ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില്‍ തടസ്സം നില്ക്കുന്നു. പണ്ഡിതന് ദൈവീക വിധികള്‍ ജനത്തിനു അവരുടെ ഭാഷയില്‍ വിശദീകരിച്ചു കൊടുക്കുന്നു. ഇസ്ലാമിക വിധികളും വിശ്വാസവും അതിന്റെ ശരിയായ രീതിയില്‍ ജനത്തെ പഠിപ്പിച്ചു എന്നതാണ് ടി കെ ചെയ്ത വലിയ കാര്യം. “ ലിസാനുല്‍ ഖൗം” എന്നത് ഇസ്ലാമിക പ്രബോധന രംഗത്ത് പ്രാധാന്യമുള്ള കാര്യമാണ്. അതില്‍ വിജയിച്ചു എന്നതാണ് അബ്ദുള്ള സാഹിബിന്റെ മഹത്വം.
ടി കെ യെ കുറിച്ച് ഓര്‍ക്കാന്‍ പലതുമുണ്ട്. ഹിറാ സെന്റെറില്‍ ജോലിയുണ്ടായിരുന്ന സമയത്ത് ഒരിക്കല്‍ ലിഫ്റ്റില്‍ വെച്ചാണ് ആദ്യാമായി നേരില്‍ പരിചയപ്പെടുന്നത്. ഇവിടെ ജോലി ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ “ എന്ത് കൊണ്ട് നേരില്‍ വന്നു പരിച്ചപ്പെട്ടില്ല” എന്നാതായിരുന്നു അദ്ദേഹം ഉന്നയിച്ച മറുചോദ്യം. അങ്ങിനെ ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒഴിവു നോക്കി നേരില്‍ പോയി. കൂടെ മറ്റു ചിലരുമുണ്ടായിരുന്നു. ഞങ്ങള്‍ പലതും അദ്ദേഹത്തോട് പറഞ്ഞു. എല്ലാം കേട്ട ശേഷം അദ്ദേഹം അര മണിക്കൂര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ഒന്നാം തിയ്യതി മുതല്‍ അദ്ദേഹം പറഞ്ഞു തുടങ്ങി. തിയ്യതിയും പേരും കൃത്യമായി അദ്ദേഹം പറഞ്ഞു. പ്രായം പോരാളിയെ തളര്‍ത്തില്ല എന്ന അനുഭവമാണ് അത് നല്‍കിയത്.
പ്രമാണങ്ങള്‍ അതെ പോലെ പറയുക എന്നതിലപ്പുറം അതിന്റെ വര്‍ത്തമാന ആശയം കൂടി വിശദീകരിക്കുക എന്നതാണു പണ്ഡിതര്‍ ചെയ്യേണ്ടത്. അവിടെയാണ് മര്‍ഹൂം ടി കെ യും , കെ ട്ടിയും വ്യത്യസ്തമാകുന്നത്. പണ്ഡിതന്റെ മറ്റൊരു വിശേഷണമായി പറഞ്ഞത് “ ഉള്‍ക്കാഴ്ച” എന്നതാണ്. വരാനിരിക്കുന കാലത്തെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു എന്നതാണ് ടി കെ യുടെ പ്രത്യേകത. പലതും ടി കെ പറയുന്ന സമയത്ത് നമുക്ക് സംശയം തോന്നാം. പിന്നീട് അത് നേരില്‍ അനുഭവിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അതു ബോധ്യമാകുക.
കേരള മണ്ണില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നതില്‍ ടി കെ നിര്‍വഹിച്ച പങ്ക് വലുതാണ്. പണ്ഡിതരുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ പെട്ടെന്ന് സാധിക്കില്ല. ഒരാളുടെ പോലെ മറ്റൊരാള്‍ ഉണ്ടാവുക എന്നതും അസാധ്യമാണ്. പൈണ്ഡിത്യം എന്നത് അനുകരണമല്ല. പ്രമാണങ്ങളില്‍ ഊന്നിനിന്ന്കൊണ്ട് വര്‍ത്തമാനത്തെ വ്യാഖ്യാനിക്കലാണ്. നാളയെ മുന്നില്‍ കണ്ടുകൊണ്ടു ഇന്നിനെ ശക്തിപ്പെടുത്തുക എന്നതും അതിന്റെ ഭാഗമാണ്. ചരിത്രത്തില്‍ ഓരോ പണ്ഡിതരും ഓര്‍മ്മിക്കപ്പെടാന്‍ കാരണങ്ങളുണ്ട്. ടി കെ അബ്ദുല്ല സാഹിബിനെയും ഓര്‍മ്മിക്കപ്പെടാനുള്ള കാരണം ബാക്കിയാക്കിയാണ് അദ്ദേഹം തിരിച്ചു പോയത്. “ പണ്ഡിതന് മരിക്കുന്നില്ല “ എന്നതിനു ചരിത്ര സാക്ഷ്യമുണ്ട്.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU