Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് മുനവ്വർ ഹസൻ അസത്യത്തോട് കലഹിച്ച നേതാവ്

പാകിസ്ഥാൻ ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ സയ്യിദ് മുനവ്വർ ഹസൻ സാഹിബ് കഴിഞ്ഞ ജൂൺ 26 വെള്ളിയാഴ്ച ജുമുഅയോടടുത്ത സമയം അല്ലാഹുവിലേക്ക് യാത്രയായി 79 വയസ്സായ അദ്ദേഹം കുറച്ചു ദിവസങ്ങളായി കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖാദി ഹുസൈൻ സാഹിബിന്‌ ശേഷം പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ നാലാമത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഇസ്‌ലാമിക പ്രവർത്തകർക്ക് പ്രചോദ നവും ആവേശവും നൽകുന്നതായിരുന്നു. നിലപാട് കൊണ്ട് വ്യത്യസ്ഥനായി സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന ജനകീയനായ നേതാവ് കൂടിയായിരുന്നു അദ്ദേഹം. സത്യമെന്ന് ഉറച്ച ബോ ധ്യമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ‘കാർക്കശ്യക്കാരൻ’ കൂടിയായിരുന്നു അദ്ദേഹം. സത്യം ആരുടെയും മുമ്പിൽ തുറന്ന് പറയാൻ യാതൊരു ഭയവും അദ്ദേഹാത്തിനുണ്ടായിരുന്നില്ല. താൻ സത്യമെന്ന് മനസ്സിലാക്കിയ വഴി മുഖ്യധാരയോട് കലഹിക്കുന്നതോ വേറിട്ടതോ ആണെങ്കിൽ പോലും ആരെയും ഭയക്കാതെ ആ വഴിയിലൂടെ സഞ്ചരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പ്രക്ഷുബ്ധമായ വിദ്യാർഥി ജീവിതം

1941 ആഗസ്തിൽ ദൽഹിയിലെ കരോൾബാഗിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വിഭജനാനന്തരം കുടുംബം പാകിസ്താനിലെ ലാഹോറിലേക്ക് താമസം മാറ്റി. പിന്നീട് കറാച്ചിയിലാണ്‌ സ്ഥിര താമസമാക്കിയത്. 6 വയസ്സുള്ളപ്പോൾ പാകിസ്താനിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം കുട്ടിക്കാലം മുതൽ തന്നെ അവിടെയായിരുന്നു. ഒന്നോ രണ്ടോ വർഷത്തെ പ്രാഥമിക പഠനത്തിന്‌ ശേഷം ഔദ്യോഗിക പഠനം മുഴുവനായും പാകിസ്താനിലായിരുന്നു. സ്കൂൾ പഠനത്തിന്‌ ശേഷം അദ്ദേഹം ബി.എസ്.സി ബിരുദം കരസ്ഥമാക്കി. പിന്നീട് 1963ൽ സോഷ്യോളജിയിലും 1966ൽ ഇസ്‌ലാമിക വിഷയങ്ങളിലും കറാച്ചി യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പാകിസ്താനിലെ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ യാണ്‌ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായത്. കാറൽ മാർക്സ്, ട്രോട്സ്കി, ലെനിൻ തുടങ്ങി കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിന്തകളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു മുനവ്വർ ഹസൻ. അദ്ദേഹത്തിന്റെ അക്കാലത്തെ വായനാ മുറി കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് ഗ്രന്ഥങ്ങളാൽ സമ്പന്നമായിരുന്നു. എൻ.എസ്.എഫിൽ സജീവമായ അദ്ദേഹം 1959-ൽ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കറാച്ചി യൂനിവേസിറ്റി മാഗസിൻ എഡിറ്ററായിരുന്ന അദ്ദേഹം നല്ല ബാഡ്മിന്റൺ കളിക്കാരൻ കൂടിയായിരുന്നു.

Also read: പ്രതിസന്ധി നാളുകളില്‍ കര്‍മനിരതരായിരിക്കുക

ചെറുപ്പം മുതലേ കർമോത്സുകനായ അദ്ദേഹത്തിന്‌ അടങ്ങിയൊതുങ്ങിയിരിക്കുന്ന പതിവില്ലായിരുന്നു. രാഷ്ട്രീയമാകട്ടെ ഏറെ പ്രിയപ്പെട്ട പ്രവർത്തന മേഖലയായി അദ്ദേഹം മനസ്സിലാക്കി. അതു കൊണ്ട് കൂടിയായിരിക്കാം കാമ്പസുകളിൽ ഏറെ സജീവമായിരുന്ന എൻ.എസ്.എഫ് തെരഞ്ഞെടുക്കാൻ അധികമൊന്നും അദ്ദേഹത്തിന്‌ ആലോചിക്കേണ്ടി വന്നില്ല. എൻ.എസ്.എഫിൻറെ  അറിയപ്പെട്ട നേതാക്കളായിരുന്ന മിഅ്റാജ് മുഹമ്മദ് ഖാൻ, പുരോഗമന വാദിയും പത്ര പ്രവർത്തകനുമായിരുന്ന ഹുസൈൻ നഖിയ് എന്നിവരാണ്‌ സഹപ്രവർത്തകരായി അക്കാലത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. ഇവർ തമ്മിൽ പ്രത്യയശാസ്ത്രപരമായ അടുപ്പമെന്നതിൽ കവിഞ്ഞ് ആഴത്തിലുള്ള സൗഹൃദ ബന്ധവും രൂപപ്പെട്ടിരുന്നു. ഇടതു പക്ഷത്തോടൊപ്പം നിൽക്കുമ്പോഴും പിന്നീട് ജമാഅത്തെ ഇസ്‌ലാമിയിൽ ചേർന്നപ്പോഴും സ്തിരോത്സഹിയും സമർപ്പണ മനസ്സോടെ നിലകൊണ്ട ത്യാഗീവര്യനുമായിരുന്നു അദ്ദേഹം. അസാധാരണമായ നേതൃപാടവം അദ്ദേഹത്തിൻറെ പ്രകൃതത്തിൽ തന്നെ അന്തർലീനമായിരുന്നു. കാറ്റിലും കോളിലും ഉലയുന്ന തോണിയാണെങ്കിലും തുഴയേറ്റെടുക്കാൻ അദ്ദേഹത്തിന്‌ പ്രയാസമുണ്ടായിരുന്നില്ല. അതോടൊപ്പം ജനങ്ങളെ പിടിച്ചിരുത്തുന്ന പ്രഭാഷണ കലയുടെ ഉടമ കൂടിയായിരുന്നു സയ്യിദ് മുനവ്വർ. ഇക്കാരണങ്ങളെല്ലാം വളരെ പെട്ടെന്നാണ്‌ അദ്ദേഹം എൻ.എസ്.എഫിൻറെ നേതൃനിരയിലേക്കുയർന്നത്. നേതൃപാടവും സംഘാടന ശേഷിയും തെളിഞ്ഞുവന്ന കാലം എന്ന നിലയിൽ വിദ്യാർഥി കാലഘട്ടം അദ്ദേഹത്തിന്‌ ആവേശകരവും കർമോത്സുകവുമായിരുന്നു. മുനവ്വർ ഹസൻ പ്രസിഡണ്ടായിരിക്കെയാണ്‌ വിദ്യാർഥി പ്രശ്നങ്ങൾ ഉയ ർത്തിപ്പിടിച്ച് നടന്ന പ്രക്ഷോഭത്തിന്‌ നേരെ പോലീസ് വെടിവെപ്പുണ്ടായതും 26 വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്ത സംഭവം ഉണ്ടായത്. ഖാജാ നാസിമുദ്ദീൻ ആയിരുന്നു അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി. വിദ്യാർഥി പ്രശ്നങ്ങളോടൊപ്പം യുവാക്കൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുക എന്നതും അക്കാലത്ത് എൻ.എസ്.എഫിൻറെ പ്രധാന അജണ്ടകളിലൊന്നായിരുന്നു.

കാമ്പസിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൻറെ വക്താവായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ്‌ മുനവ്വർ ഹസൻ സയ്യിദ് മൗദൂദിയുടെ സാഹിത്യങ്ങളിൽ ആകൃഷ്ടനാകുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വ രൂപീകരണത്തിലും രാഷ്ട്രീയ നയം രൂപീകരിക്കുന്നതിലും പ്രത്യശാസ്ത്ര വ്യക്തത വരുത്തുന്നതിലും ഈ സാഹിത്യ ബന്ധം നിർണ്ണായക പങ്കാണ്‌ വഹിച്ചത്. കറാച്ചി യൂനിവേഴ്സിറ്റിയിൽ സയ്യിദ് മൗദൂദിയുടെ ചിന്തകൾ പ്രസരിപ്പിക്കുന്നതിന്‌ അദ്ദേഹത്തിന്റെ ജീവിതം സമർപ്പിക്കാൻ പിന്നെ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. എൻ.എസ്.എഫുമായുള്ള ബന്ധം വിഛേദിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി പ്രസ്ഥാനമായ ഇസ്‌ലാമി ജംഇയ്യതുത്വലബയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. 1960-ൽ മെമ്പർഷിപ്പെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ യൂനിവേഴ്സിറ്റി യൂനിയൻ പ്രസിഡണ്ടായും കേന്ദ്ര സമിതി അംഗമായും തെരെഞ്ഞെടുക്കപ്പെട്ടു. 1964-ൽ വിദ്യാർഥി പ്രസ്ഥാനത്തിൻറെ കേന്ദ്ര പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.

Also read: അനിശ്ചിതത്വത്തെ മറികടക്കാനുള്ള വഴികള്‍

അദ്ദേഹം വിദ്യാർഥി പ്രസ്ഥാനത്തിൻറെ പ്രസിഡണ്ടായിരുന്ന കാലം ജനറൽ അയ്യൂബ്ഖാനെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികളെല്ലാം ഒന്നിച്ച് പ്രക്ഷോഭങ്ങൾ നയിക്കുന്ന കാലമായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുകയും നിരവധി രാഷ്ട്രീയ നേതാക്കളെ ജയിലിലടക്കുകയും ചെയ്ത കാലം. വിദ്യാർഥി പ്രസ്ഥാനത്തിൻറെ ദേശീയ നേതാവായ മുനവ്വർ ഹസൻ അയ്യൂബ് ഖാൻറെ സ്വേഛാധിപത്യ നടപടികൾക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുവാൻ വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ചു. വ്യക്തി സംഭാഷണങ്ങളിൽ മിത ഭാഷിയായിരുന്ന അദ്ദേഹം പ്രഭാഷണ വേദിയിലെ ഉജ്ജ്വല താരമായിരുന്നു. അദ്ദേഹത്തിൻറെ പ്രഭാഷണത്തിൽ ജനങ്ങൾ ആകൃഷ്ടരാകുന്ന കരണത്താൽ അദ്ദേഹത്തിന്‌ മേൽ പല വിധത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും രാഷ്ട്രീയ വേദികളിൽ പ്രസംഗിക്കുന്നത് തടയാൻ പലനിലക്കും ശ്രമിക്കുകയും ചെയ്തിരുന്നു.

പക്ഷേ, നിയന്ത്രണങ്ങളും ഉപരോധങ്ങളും മറികടക്കാൻ പുതിയ വഴികൾ കണ്ടെത്തുകയും ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. താഷ്കൻറ്  കരാറി (1965-ലെ ഇന്ത്യ പാകിസ്താൻ യുദ്ധം പരിഹരിക്കുന്നതിൻറെ ഭാഗമായി 1966 ജനുവരി 10-ന്‌ ഇരു രാജ്യങ്ങളും തമ്മിൽ താഷ്കൻറിൽ വെച്ച് നടത്തിയ സമാധാന ഉടമ്പടി) നെതിരെ സംസാരിക്കുന്നതും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതും അയ്യൂബ് ഖാൻ വിലക്കേർപ്പെടുത്തി. വിലക്ക് മറികടക്കാൻ മുനവ്വർ ഹസൻ പ്രയോഗിച്ച തന്ത്രം രസകരമായിരുന്നു. അദ്ദേഹം തൻറെ സുഹൃത്തിൻറെ വിവാഹ സദസ്സ് സംഘടിപ്പിക്കാനെന്ന പേരിൽ കറാച്ചിയിലെ YWCA ഹാൾ ബുക്ക് ചെയ്യുകയും ഹാളിലേക്ക് ജനങ്ങളെ ക്ഷണിച്ച് താഷ്കൻറ് കരാറിനെ സംബന്ധിച്ച ജംഇയ്യതുത്വലബയുടെ നിലപാട് വിശദീകരിക്കുകയും കരാറിൻറെ നേട്ടകോട്ടങ്ങളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.

1967-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അദ്ദേഹത്തിൻറെ പ്രക്ഷുബ്ധമായ വിപ്ലവവീര്യം പ്രകടമാകുന്ന അനുഭവമുണ്ടായിട്ടുണ്ട്. മുനവ്വർ ഹസൻറെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ സഈദ് ഉസ്മാനി പ്രചരണ വേളയിലുണ്ടായ ഒരു സംഭവം വിശദീകരിക്കുന്നുണ്ട്. അയ്യൂബ്ഖാൻ മുസ്‌ലിം ലീഗിൽ അഭയം തേടിയ കാലമാണത്. പാകിസ്താൻ പ്രക്ഷോഭത്തിൻറെ മുൻ നിരയിലുണ്ടായിരുന്ന ചൗധരി ഖലീഖുസ്സമാൻ അദ്ദേഹത്തിന്റെ സഹായിയായി കൂടെയുമുണ്ട്. ചൗധരി ഖലീഖുസ്സമാനും കൂട്ടാളികളും ചേർന്ന് ഫാതിമ ജിന്നക്കെതിരെ ജനറൽ അയ്യൂബ് ഖാന്‌ അനുകൂലമായി ഒരു രാഷ്ട്രീയ വിശദീകരണ സദസ്സ് സംഘടിപ്പിച്ചു.

പരിപാടി നടക്കുന്ന സമയം മുനവ്വൻ ഹസൻ തൻറെ ഏതാനും അടുത്ത സുഹൃത്തുക്കളോടൊപ്പം സദസ്സിലേക്ക് കടന്നുവന്നു. പുഞ്ചിരിക്കുന്ന മുഖവുമായി വേദിയിലുള്ള ചൗധരി ഖലീഖുസ്സമാനെയും മറ്റു പ്രമുഖരെയും കൈവീശി അഭിവാദ്യം ചെയ്തു. ശേഷം അദ്ദേഹം ഒരു കസേര വലിച്ചിട്ട് അതിൽ കയറി നിന്ന് പ്രസംഗിക്കാൻ തുടങ്ങി. സഈദ് ഉസ്മാനി പറയുന്നു; മുനവ്വർ ഹസൻറെ പ്രസ്ഥാന ജീവിതത്തിൽ അദ്ദേഹം നടത്തിയ ഏറ്റവും മനോഹരമായ പ്രസംഗമായിരുന്നു അത്. സദസ്സിൽ തടിച്ചുകൂടിയ ജനങ്ങൾ മുഴുവൻ യഥാർഥ വേദി വിട്ട് മനോഹരമായ ശൈലിയിൽ ഘനഗാംഭീര്യത്തോടെ പ്രസംഗിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. സംഘാടകർ ഒന്നും ചെയ്യാൻ സാധിക്കാതെ കാണികളാകുകയും വേദി വിട്ട് പോകുകയും ചെയ്തു.

Also read: എല്‍ ജി ബി റ്റി ക്യു വും ഇസ്‌ലാമും: പുനരാലോചനക്ക് വിധേയമാക്കുമ്പോള്‍

ജമാഅത്ത് നേതൃത്വത്തിലേക്ക്

വിവിധ കാലഘട്ടങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വ്യത്യസ്ഥ ചുമതലകൾ അദ്ദേഹത്തിൻറെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിൻറെ സജീവ പ്രവർത്തകനും കറാച്ചി യൂനിവേഴ്സിറ്റി യൂനിറ്റ് പ്രസിഡന്റുമായിരിക്കെ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് റിസേർച്ച് അക്കാഡമിയുടെ റിസേർച്ച് അസിസ്റ്റന്റ് നിയമിക്കപ്പെട്ടു. പിന്നീട് അതിൻറെ സെക്രട്ടറി ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അക്കാഡമിയുടെ ചുമതല വഹിക്കുന്ന കാലത്ത് എഴുപതിലധികം ഇസ്‌ലാമികവും വൈജ്ഞാനികവുമായ ബൃഹത് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ദി ക്രിറ്റേറിയൻ (The Criterion), ദി യൂനിവേഴ്സൽ മെസേജ് (The Univer- sal Message) എന്നീ മാഗസിനുകളുടെ ചീഫ് എഡിറ്റർ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 1967-ലാണ്‌ ജമാഅത്തെ ഇസ്‌ലാമി അംഗത്വമെടുത്തത്. അതേ വർഷം തന്നെ ജമാഅത്തെ ഇസ്‌ലാമി കറാച്ചി അസിസ്റ്റന്റ് സെക്രട്ടറി ജനറലായി അദ്ദേഹത്തെ നിശ്ചയിച്ചു. പിന്നീട് അസിസ്റ്റന്റ് അമീറും അമീറുമായും തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറ, എക്സിക്യൂട്ടീവ് കൗൺസിൽ എന്നീ ഉന്നത ബോഡികളിൽ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1977-ൽ നടന്ന പാകിസ്താൻ ദേശീയ അസ്സംബ്ലി തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്‌ അദ്ദേഹം അസ്സംബ്ലി മെമ്പറായി കറാച്ചി അസംബ്ലി മണ്ഡലത്തിൽ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താൻ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പ് വിജയമായിരുന്നു അത്. പോൾ ചെയ്ത 80 ശതമാനം വോട്ടും ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. കപട രാഷ്ട്രീയവും നിഷ്കളങ്ക രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്. മുനവ്വർ ഹസന്റെ ജനകീയത വിളിച്ചോതുന്ന തിളക്കമേറിയ വിജയം രാഷ്ട്രീയ നേതാക്കളിൽ ഞെ ട്ടലുളവാക്കിയിരുന്നു. 1992-ൽ ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ അദ്ദേഹം തൊട്ടടുത്ത വർഷം 1993-ൽ സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. 2009-ലാണ്‌ അദ്ദേഹം ജമാഅത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടത്.

മുനവ്വർ ഹസൻ ധാരാളം വായിക്കുന്നയാളായിരുന്നു. ഇടത് വലത് സാഹിത്യങ്ങളും സെക്യുലർ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ തന്നെ ധാരാളമായി വായിച്ചു തീർത്തിരുന്നു. അതോടൊപ്പം ചരിത്രം, സാഹിത്യം, കവിത തുടങ്ങിയവ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ജീവിതം മുഴുവൻ നീണ്ട് നിന്ന പരന്ന വായന അദ്ദേഹത്തിന്റെ പ്രഭഷണങ്ങളിൽ മുഴച്ചുകാണുമായിരുന്നു. നവാസ് ശരീഫിന്റെ നേതൃത്വത്തിൽ രണ്ടാം സർക്കാർ അധികാരത്തിലേറിയ കാലത്ത് പത്ര പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിയമം കൊണ്ടുവന്നു. ആ സമയത്ത് പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷകനായി മുനവ്വർ ഹസനുമുണ്ടായിരുന്നു. പത്രസ്വാതന്ത്ര്യത്തെ പറ്റിയും അതിനെതിരെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമർശിച്ചും അദ്ദേഹം നടത്തിയ പ്രഭാഷണം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്‌. പ്രസ്തുത നിയമത്തിൽ പിന്നീട് ഇളവു വരുത്താൻ സർക്കാറിനെ നിർബന്ധിതമാക്കും വിധം കുറിക്കുകൊള്ളൂന്നതും മൂർച്ച യേറിയതുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രസംഗ ശേഷം ഇടവേളയിൽ പാകിസ്താനിലെ ഒരു മുതിർന്ന കോളമിസ്റ്റ് തമാശരൂപേണ അദ്ദേഹത്തോട് സ്വകാര്യമായി പറഞ്ഞുവത്രെ; “നിങ്ങളെ പോലെയുള്ള ഒരാൾ ഏതെങ്കിലുമൊരു പത്രത്തിലെ കോൾമിസ്റ്റായാൽ ഞങ്ങളുടെയൊക്കെ കാര്യമെന്താകും”?

Also read: പവിത്രമായ നാല് മാസങ്ങള്‍

വാക്കുകളിലെന്ന പോലെ ഇടപെടലുകളിലും അൽപം മൂർച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്‌. മറ്റുള്ളവർക്ക് പരുക്കൻ സ്വഭാവെന്ന് ആക്ഷേപിക്കാൻ ചിലപ്പോഴെങ്കിലും ഇത്തരം കർശന നിലപാടുകൾ കാരണമായിട്ടുണ്ട്. ജനറൽ സിയാഉൽ ഹഖിന്റെ കാലത്ത് സിന്ധ് ഗവർണരായിരുന്ന എസ്.എം. അബ്ബാസി ജമാഅത്ത് നേതാക്കളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മുനവ്വർ ഹസന്റെ നേതൃത്തിൽ ഒരു ചെറു സംഘം അദ്ദേഹത്തെ സന്ദർശിച്ചു. അബ്ബാസി ഏകപക്ഷീയമായി ജമാഅത്തിനെതിരെ സംസാരിച്ചുതുടങ്ങി. നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും നിങ്ങളുടെ കേന്ദ്ര നേതൃത്വം സിയാഉൽഹഖിന്റെ മാർഷൽ ലോയെ പിന്തുണക്കുമ്പോൾ കറാച്ചിയിലെ ജമാഅത്ത് അതിനെതിരെ സഞ്ചരിക്കുകയാണെന്നും മറ്റുമായിരുന്നു വിമർശനങ്ങൾ. ജമാഅത്തിനെയും അതിന്റെ നേതാക്കളെയും കടുത്ത ഭാഷയിൽ അദ്ദേഹം കുറ്റപ്പെടുത്തി സംസാരിച്ചു കൊണ്ടിരുന്നു. ഗവർണറുടെ ക്ഷണിച്ചുവരുത്തിയുള്ള കുറ്റപ്പെടുത്തലുകൾ കേട്ടുനിൽക്കാൻ സാധിക്കാതെ മുനവ്വർ ഹസൻ രൂക്ഷമായി പ്രതികരിക്കുകയും പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. ഈ സംഭവത്തോടെ സിയാഉൽഹഖിനെ പിന്തുണക്കുന്നവരും അല്ലാത്തവരും എന്ന നിലയിൽ രണ്ട് ചേരി അഭ്യന്തര രംഗത്ത് രൂക്ഷമാകുകയും ജമാഅത്തിനകത്ത് അതിന്റെ പേരിൽ ചില പ്രതിസന്ധികൾ ഉടലെടുക്കുകയും ചെയ്തിരുന്നു.

മുത്തഹിദ ഖൗമി മൂവ്മെന്റ (MQM) സ്ഥാപക നേതാവ് അൽതാഫ് ഹുസൈനുമായി നടന്ന അഭിമു ഖത്തിനിടയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അൽതാഫ് ഹുസൈന്റെ സമ്മതമില്ലാതെ ഒരില പോലും കറാച്ചിയിൽ അനങ്ങാറില്ല എന്ന് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്ന കാലമായിരുന്നു അത്. അഥവാ മറുവാക്കില്ലാത്ത നേതാവായിരുന്നു അദ്ദേഹം. ഒരിക്കൽ. അൽതാഫ് ഹുസൈൻ മുനവ്വർ ഹസനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. സംസാരത്തിലുടനീളം അദ്ദേഹം മുഹാജിർ മുസ്‌ലിംകളെ അവഹേളിച്ചും പരിഹസിച്ചും കൊണ്ടിരുന്നു. മുനവ്വർ ഹസന്റെ ഹൃദയത്തിനകത്തെ മുഹാജിർ എന്ന വികാരത്തെ മുറിവേൽപ്പിക്കാൻ മാത്രം മാരകമായിരുന്നു അദ്ദേഹത്തിന്റെ അവഹേ ളനവും പരിഹാസവും നിറഞ്ഞ സംസാരം. മാത്രവുമല്ല, അൽതാഫ് ഹുസൈന്റെ ശരീരഭാഷ പോലും ഏതൊരാളെയും പ്രകോപിപ്പിക്കാൻ മാത്രം തീവ്രമായിരുന്നു. ഒരാളും മറുത്ത് സംസാരിക്കാൻ ഭയക്കുന്ന അൽതാഫ് ഹുസൈന്റെ മുമ്പിൽ ചൂളിപ്പോകാതെ, അഭിമാനം ഒരാളുടെ മുമ്പിലും അടിയറവ് വെക്കാൻ തയ്യാറില്ലാത്ത മുനവ്വർ ഹസൻ രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധ സൂചകമായി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. അൽതാഫ് ഹുസൈൻ എന്ന ചോദ്യം ചെയ്യപ്പെടാത്ത നേതാവിന്റെ ജീവിതത്തിനേറ്റ അപ്രതീക്ഷിത പ്രഹരവും ഒരിക്കലും ഉണങ്ങാത്ത മുറിവുമായിരിക്കും ഈ സംഭവം.

ലളിതമായ ജീവിതം

ലളിത ജീവിതത്തിൻറെ ഉടമയായിരുന്നു അദ്ദേഹം. സാമ്പത്തികമായി സുസ്ഥിയുള്ള കുടുംബമാണ്‌ അദ്ദേഹത്തിന്റേത്. തന്റെ ജീവിതത്തിന്റെ അധിക കാലവും അദ്ദേഹം ജീവിച്ചത് രണ്ട് മുറികൾ മാത്രമുള്ള ഒരു വാടക വീട്ടിലായിരുന്നു. ജമാഅത്ത് അമീറായി തെരഞ്ഞെടുക്കുന്നവർക്ക് താമസിക്കാൻ ലാഹോറിലെ മൻസൂറയിലെ ജമാഅത്ത് ആസ്ഥാനത്ത് പ്രത്യേക ഫ്ലാറ്റ് തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻഗാമികളായ മിയാൻ തുഫൈൽ അഹ്മദ് സാഹിബും ഖാദി ഹുസൈൻ സാഹിബും താമസിച്ചിരുന്നത് പ്രസ്തുത ഫ്ലാറ്റിലായിരുന്നു. പക്ഷേ മുനവ്വർ ഹസൻ അതിൽ താമസിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ നേതൃകാലം മുഴുവനും ഓഫീസിന്റെ ചാരത്തുള്ള അതിഥി മന്ദിര ത്തിലുള്ള ഒറ്റമുറിയിലാണ്‌ താമസിച്ചത്. ഒറ്റമുറിയിൽ ഒരു കയറ്‌ കെട്ടി കർട്ടൻ സ്ഥാപിച്ച് കിടക്കാനുള്ള സ്ഥലവും വായിക്കാനും അതിഥികളെ സൽക്കരിക്കാനുമുള്ള സ്ഥലവും ക്രമീകരിക്കുകയാണ്‌ അദ്ദേഹം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജനറൽ സെക്രട്ടറി കൂടിയായിരുന്ന ഭാര്യ ആയിശ മുനവ്വർ കറാച്ചിയിൽ നിന്നും വന്നാൽ തിരശ്ശീലക്കപ്പുറമുള്ള ഈ പാതി മുറിയിൽ തന്നെയാണവർ താമസിച്ചിരുന്നത്.

Also read: അബ്ദുല്ലാഹിബിനു ഉബയ്യിബ്നി സുലൂല്‍, അതൊരു നിലപാടിന്റെ പേരാണ്

കുറഞ്ഞ ചെലവിൽ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ അദ്ദേഹം ശീലിച്ചിരുന്നു. ഒരു സാധാരണ പൗരന്റെ ഏറ്റവും കുറഞ്ഞ ചെലവിന്‌ വേണ്ട തുക കണക്കാക്കി അതാണ്‌ അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളമായി നിശ്ചയിച്ചത്. ജീവിതച്ചെലവുകൾ അതിനപ്പുറം പോകാതിരിക്കാനുള്ള ജാഗ്രത ജീവിതത്തിലുടനീളം അദ്ദേഹം നിഷ്കർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ലളിതവും പുറമെ നിന്നും വീക്ഷിക്കുന്നവർക്ക് പ്രയാസകരമെന്ന് തോന്നുന്നതുമായ ജീവിതം കണ്ട് ചില ഗുണകാംക്ഷിയകളായ ബിസിനസുകാർ അദ്ദേഹത്തെ സമീപ്പിക്കുകയും ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ സന്തോഷപൂർവ്വം അദ്ദേഹം നിരസിച്ചു. ബിസിനസിൽ പങ്കാളിയാകുന്നതോടെ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട സാഹചര്യമോ തനിക്കവരോട് വല്ല വിധത്തിലുള്ള വിധേയത്വമോ ഉണ്ടാകുന്നത് അനീതിക്കിടയാക്കുമെന്ന ഭയമാണ്‌ അതിൽ നിന്നും പിന്തിരിയാൻ കാരണമായത്.

ഉറച്ച രാഷ്ട്രീയ ബോധ്യവും സാമൂഹ്യ പ്രതിബദ്ധത്യുമുള്ള നേതാവായിരുന്നു അദ്ദേഹം. അതോടൊപ്പം ആരാധനാ കാര്യങ്ങളിലും അല്ലാഹുവുമായുള്ള ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിലും കണിശത പുലർത്തുന്നയാളായിരുന്നു. അഞ്ച് നേരത്തെ നമസ്കാരം മസ്ജിദുകളിൽ ഒന്നാം തക്‌ബീറിനോടൊപ്പം നിർവ്വഹിക്കണമെന്ന കണിശക്കാരനായിരുന്നു അദ്ദേഹം. ഏത് യോഗങ്ങളിൽ പങ്കെടുക്കുകയാണെങ്കിലും നമസ്കാര സമയമായാൽ അദ്ദേഹം പള്ളിയിലേക്ക് പുറപ്പെടുകയും നമസ്കാരം സമയത്ത് തന്നെ നിർവ്വഹിക്കുകയും ചെയ്യുമായിരുന്നു.

ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് രീതി തികച്ചും ജനാധിപത്യപരമായതിനാൽ തന്നെ ചിലപ്പോൾ ജനാധിപത്യപരമായ ചില പ്രശ്നങ്ങൾ സ്വാഭാവിമകമായും സംഭവിക്കും. സയ്യിദ് മൗദൂദിക്ക് ശേഷവും മിയാൻ തുഫൈൽ സാഹിബും അദ്ദേഹത്തിന്‌ ശേഷം ഖാദി ഹുസൈൻ സഹിബും നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം അത്തരം ചില അഭ്യന്തര പ്രശ്നങ്ങൾ കാണാൻ സാധിക്കും. മുൻ അമീറുമാരേക്കാൾ താരതമ്യേന കർക്കശക്കാരനും വിപ്ലവവീര്യവും നിലനിർത്തുന്ന വ്യക്തിയായിരുന്നു മുനവ്വർ ഹസൻ സാഹിബ്. ജമാഅത്തിലെ മുതിർന്ന നേതാക്കളായി ലിയാഖത്ത് ബലൂച്ച് സാഹിബ്, സിറാജുൽ ഹഖ് സാഹിബ് എന്നിവരെ പിന്തള്ളിയാണ്‌ അദ്ദേഹം ജമാഅത്ത് അമീറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വാക്കിലും സ്വഭാവത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് കണിശക്കാരനായിട്ടും അദ്ദേഹത്തിന്റെ നേതൃത്വം എല്ലാവർക്കും സ്വീകാര്യമായിരുന്നു.

വേറിട്ട നിലപാടുകൾ

പാകിസ്താനിലെ അമേരിക്കൻ ഇടപെടലുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി യായിരുന്നു അദ്ദേഹം. പരസ്യമായി അമേരിക്കക്കെതിരെ അദ്ദേഹം സംസാരിച്ചു. 2002 ജമാഅത്ത് സെക്രട്ടറി ജനറൽ ആയിരുന്ന സമയത്ത് അമേരിക്കയെ കൊലയാളിയും കശാപ്പുകാരനുമായി വിശേഷിപ്പിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. പിന്നീട് ജമാഅത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷം അദ്ദേഹം അമേരിക്കക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. പാകിസ്താനിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയിലെ ബ്ലാക്ക് വാട്ടർ എന്ന ഭീകര സംഘടനയാണെന്നും പാകിസ്താൻ അഭ്യന്തര മന്ത്രി റഹ്മാൻ മാലിക് അവർക്ക് വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുകയാണെന്നുമാണ്‌ അദ്ദേഹം ആരോപിച്ചത്. 2009-ൽ മുനവ്വർ ഹസൻ സാഹിബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗോ അമേരിക്ക ഗോ പ്രസ്ഥാനം രാജ്യമൊട്ടാകെ ഏറ്റെടുക്കുന്ന കാഴ്ചയാണ്‌ കണ്ടത്. തുടക്കത്തിൽ ഈ മൂവ്മെന്റിനെ നിസ്സാരമായി കണ്ടവർ പോലും അധികം വൈകാതെ ജനകീയ മുന്നേറ്റമായി മാറിയ പ്രസ്ഥാനത്തോടൊപ്പം ചേർന്നു. അമേരിക്കക്ക് പി ന്മാറുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന നിർബന്ധിത സാഹചര്യം സൃഷ്ടിച്ചത് ഈ പ്രസ്ഥാന ത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ടായിരുന്നു.

Also read: മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതുജനാഭിപ്രായം

അദ്ദേഹമെടുത്ത ചില നിലപാടുകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അമീറായിരിക്കെ മരണപ്പെട്ട പാകിസ്താനിലെ താലിബാൻ നേതാവ് ഹകീമുല്ലാഹ് മസ്ഊദ് വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഭരണകൂടവും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ നിലപാടിനെതിരെ രംഗത്തുവരികയും അപലപിക്കുകയും ചെയ്തിരുന്നു. പാകിസ്താൻ സേനയുടെ മീഡിയാ വിഭാഗമായ ഐ.എസ്.പി.ആർ ഈ പ്രസ്താവന ഭീകരതക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കി ന്‌ പാകിസ്താൻ പൗരന്മാരെ അവഹേളിക്കലാണെന്നും ആയതിനാൽ അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. 2002-ൽ പൊതു തെരഞ്ഞെടുപ്പ് വേളയിൽ ജമാഅത്ത് മുഖ്യ പങ്കാളിത്തം വഹിക്കുന്ന എം.എം.എ മുന്നണിയിലുള്ള സഖ്യകക്ഷി ചർച്ചകൾ പുരോഗമിക്കുമ്പോൾ ജമാഅത്തിന്റെ നിലപാട് അദ്ദേഹം വളച്ചുകെട്ടലുകളില്ലാതെ തുറന്നുപറഞ്ഞു. ഭീകരവാദത്തിനെ തിരെ അമേരിക്ക നേതൃത്വം നൽകുന്ന പോരാട്ടത്തിൽ പാകിസ്താൻ പങ്കാളിയാകുന്നത് അംഗീകരി ക്കാനാകില്ലെന്നായിരുന്നു ജമാഅത്ത് നിലപാട്.

2013-ലെ പാകിസ്താൻ പൊതു തെരഞ്ഞെടുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയേൽക്കേണ്ടിവന്ന തെരഞ്ഞെടുപ്പായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അമീർ എന്ന നിലയിൽ രാജി സന്നദ്ധതയറിയിക്കുകയും എന്നാൽ ശൂറാ കൗൺസിൽ രാജി നിരസി ക്കുകയുമായിരുന്നു. അതിന്‌ ശേഷം 2014-ൽ നടന്ന ജമാഅത്ത് തെരഞ്ഞെടുപ്പിൽ നിലവിലെ അമീർ സിറാജുൽ ഹഖ് സാഹിബാണ്‌ പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്‌ മുമ്പുള്ളവരെല്ലാം മരണം വരെ ആ പദവിയിൽ തുടർന്നവരായിരുന്നെങ്കിൽ മുനവ്വർ ഹസൻ സാഹിബ് മാത്രമാണ്‌ അതിന്‌ അപവാദമായത്. അദ്ദേഹത്തിന്റെ വേറിട്ട നിലപാടുകളിലും തീരുമാനങ്ങളിലെ കണിശതയുമായിരിക്കാം ഇങ്ങനെ സംഭവിക്കാൻ കാരണം.

പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ ജനകീയനായ നേതാവായിരുന്നു അദ്ദേഹമെന്നത് ജമാ അത്ത് വിമർശകർ പോലും അംഗീകരിക്കുന്നതാണ്‌. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മരണ വാർത്തയറിഞ്ഞ് അനുശോചനമറിയിച്ചവർ പാകിസ്താനിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്‌. പാകിസ്താൻ പ്രസിഡണ്ട് ഡോ. ആരിഫ് അലവി, പ്രധാനമന്ത്രി ഇംറാൻ ഖാൻ, സിന്ദ് മുഖ്യമന്ത്രി, നാഷണൽ അസംബ്ലി സ്പീക്കർ അസദ് ഖൈസർ, മുസ്‌ലിം ലീഗ് പ്രസിഡണ്ട് ശഹ്ബാസ് ശരീഫ്, പീപ്പ്ൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ, ജെ.യു.ഐ വക്താവ് മൗലാനാ ഫസ്‌ലുറഹ്മാൻ ഉൾപ്പേടെ സമൂഹത്തിന്റെ നാനാതുറയിലുമുള്ള വ്യക്തിത്വങ്ങൾ അതിൽ ഉൾപ്പെടുന്നു. നാസിമാബാദ് ഈദ് ഗാഹ് മൈതാനിയിൽ നടന്ന അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിന്‌ ജമാഅത്ത് അമീർ സിറാജുൽ ഹഖ് സാഹിബ് നേതൃത്വം നൽകി. ജമാഅത്ത് സെക്രട്ടറി ജനറൽ ലിയാഖത്ത് ബലൂച്ച്, കറാച്ചി ജമാഅത്ത് അമീർ ഹാഫിദ് നഈം, എം.എം.എ നേതാവ് ആമിർ ഖാൻ, മുസ്‌ലിം ലീഗ് വക്താവ് നിഹാൽ ഹാശ്മി, മുഹാജിർ ഖൗമി മൂവ്മെന്റ് വക്താവ് ആഫാഖ് അഹ്മദ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മത രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു. നാസിമാബാദിലെ സഖിഹസൻ ഖബർസ്ഥാനിലാണ്‌ അദ്ദേ ഹത്തെ ഖബറക്കിയത്.

സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന്‌ സ്വർഗത്തിൽ ഉന്നത പദവി നൽകി ആദരിക്കട്ടെ, ആമീൻ.

Related Articles