Your Voice

നാം ത്യാഗത്തിന്റെ മധു നുകരാന്‍ തയ്യാറാവണം

‘പ്രകൃതിക്കു ഒരു നിയമമുണ്ട്. അത് പക്ഷെ ഗണിതത്തിന്റെ ഭാഷയിലാണ് എഴുതിയിരിക്കുന്നത്’ എന്ന ഗലീലിയോയുടെ പ്രസ്താവനക്ക് സാമൂഹ്യ ശാസ്ത്രവുമായി എന്ത് ബന്ധം എന്ന് ചോദിക്കാനിരിക്കട്ടെ. സമൂഹങ്ങളുടെ ജയപരാജയങ്ങള്‍ക്ക് ഒരു നിയമമുണ്ട്. അത് ത്യാഗത്തിന്റെ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പ്രത്യേകിച്ച് ആരും പറയേണ്ടതില്ലാത്ത വിധം വ്യക്തമാണ്. ദുര്‍ഘട മാര്‍ഗങ്ങളെ താണ്ടിക്കടക്കാത്ത ഒരു ജനതക്കും വിജയിക്കുന്നത് പോവട്ടെ പിടിച്ചു നില്‍ക്കുക പോലും സാധ്യമല്ല. ഒരു ജനതയുടെ ത്യാഗത്തിന്റെ തോത് ഒരു നിശ്ചിത അളവില്‍ എത്തിച്ചേരുമ്പോള്‍ അവര്‍ നിലനില്പിനുള്ള അര്‍ഹത നേടുന്നു.ഒറ്റക്കും കൂട്ടായും ത്യാഗത്തിന്റെ ഒരായിരം വര്‍ണപ്പൂക്കള്‍ വിരിയിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍പിനുള്ള അര്‍ഹതയുള്ളൂ. ഓരോ ത്യാഗവും ഓരോ അമൂല്യരത്‌നമാണ്. അസാമാന്യ ഉറപ്പും ഭദ്രതയുള്ള കരിങ്കല്ലുകളാണ് ത്യാഗങ്ങള്‍. വ്യക്തികളായാലും ജനതകളായാലും അവരുടെ ത്യാഗോല്‍പ്പന്നങ്ങളായ പാറക്കഷ്ണങ്ങള്‍ ഉപയോഗിച്ച് മാത്രമേ അതിജീവന പടവുകള്‍ പണിയാന്‍ പറ്റൂ.

ആദാമിന്റെ പുത്രന്‍ ഹാബീല്‍ ക്ഷമയുടെ ഒരു വലിയ ചരിത്രത്തിനു തുടക്കമിട്ടു. നിരവധി തവണ വധഭീഷണി ഉയര്‍ത്തിയ സഹോദരനെ മുന്‍കൂട്ടി വധിച്ചു സ്വയം രക്ഷപെടാന്‍ വഴിയുണ്ടായിരുന്ന ഹാബീല്‍ അതിനു മുതിര്‍ന്നില്ല. അവസാനം നിനച്ചിരിക്കാത്തസന്ദര്‍ഭം നോക്കി സഹോദരന്‍ ഹാബീലിനെ വധിച്ചു. അക്രമത്തിനു തുടക്കമിടാതെ സൂക്ഷിക്കുകയെന്ന ഒരു വലിയ പാഠം ഇതുവഴി ലോകത്തിനു ലഭിച്ചു. ആ ത്യാഗത്തിന്റെ സന്ദേശമാണ് ഇന്നും ലോകത്തെ സംയമനം പാലിക്കുന്നവരുടെ പ്രചോദനം. നൂഹ് നബി അവശേഷിച്ച സത്യാനുസാരികളെ കൂട്ടി കപ്പലില്‍ അലഞ്ഞു. ഇബ്രാഹിം നബി സത്യത്തിന്റെ ശബ്ദവുമായി രാജ്യങ്ങള്‍ മുറിച്ചു കടന്നു. യാഖൂബ് നബി മകനെ നഷ്ടപെട്ട വര്‍ഷങ്ങള്‍ വിഷമം കടിച്ചൊതുക്കി പ്രാര്‍ത്ഥനാമഗ്‌നനായി ചെലവഴിച്ചു. പ്രവാചകന്‍ യൂസഫ് കാട്ടിലെ പൊട്ടകിണറ്റില്‍ അകപ്പെട്ടും ജയിലില്‍ വസിച്ചും കഠിന പരീക്ഷണങ്ങളെ നേരിട്ടു. മൂസാ നബി തന്റെ വന്‍ ജനാവലിയെയും പേറി മരുഭൂമിയില്‍ സംവത്സരങ്ങള്‍ താണ്ടി. ബനൂ ഇസ്രാഈല്‍ പ്രവാചകന്മാരില്‍ പലരും വധിക്കപ്പെട്ടു. ഈസ നബിയെ ജനങ്ങള്‍ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചു.

പ്രവാചകന്മാര്‍ നേരിട്ട കഠിനമായ പരീക്ഷണങ്ങളെക്കാള്‍ അവരുടെ മഹത്വം വിളിച്ചോതിയതു അവരുടെ ജീവിത ശൈലിയായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ജീവിതത്തെ ദാനം ചെയ്ത പ്രവാചക മഹത്തുക്കള്‍ പക്ഷെ അവരില്‍ നിന്ന് യാതൊരു വിധ പ്രതിഫലവും ഇച്ഛിച്ചിരുന്നില്ല. പ്രവാചകന്മാര്‍ നിസ്വാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്. സമയവും അദ്ധ്വാനവും സത്യത്തിന്റെ മാര്‍ഗത്തില്‍ പ്രതിഫലേച്ഛയേതുമില്ലാതെ വ്യയം ചെയ്ത് തങ്ങളുടെ പ്രചോദനം യാതൊരു വിധ സ്വാര്‍ത്ഥ വികാരവുമല്ലന്നു അവര്‍ തെളിയിച്ചു. പ്രവാചകന്മാരുടെ ഈ നിസ്വാര്‍ത്ഥത അവരുടെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡമായും പ്രവാചകത്വത്തിന്റെ ഉരക്കല്ലായും വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തടിച്ചു കൊഴുക്കുന്ന സാഹചര്യം ഒരിക്കലുമുണ്ടാവില്ല. സത്യത്തിന്റെ പ്രവാചകരുടെ ജീവിതം രക്തസാക്ഷിത്വത്തില്‍ അവസാനിച്ചുവെന്ന് വരാം. പക്ഷെ, അതൊരിക്കലും ജീര്‍ണിച്ചു വീര്‍ക്കുകയില്ല.

സത്യം മാത്രമല്ല ചിലപ്പോള്‍ അസത്യവും വേരുപിടിക്കണമെങ്കില്‍ ത്യാഗം ആവശ്യമായി വരും. ലോകത്തു വംശീയത പ്രചരിപ്പിച്ചവരും ത്യാഗത്തിന്റെ അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്താണ് പലപ്പോഴും വിജയക്കൊടി നാട്ടിയത്. അസത്യത്തിനും വംശീയതക്കും വേണ്ടിയാണെങ്കിലും ആയിരക്കണക്കിന് മനുഷ്യായുസ്സുകളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അവരുടെ വിജയത്തിനും അടിസ്ഥാനമായി വര്‍ത്തിച്ചത്.

ഒരിക്കല്‍ ആയിരങ്ങളോ പതിനായിരങ്ങളോ സഹിച്ച ത്യാഗങ്ങളാണ് അടുത്ത ഒരു തലമുറയുടെ സ്വസ്ഥജീവിതം ഉറപ്പ് വരുത്തന്നത്. മത സമുദായങ്ങളുടെ ചരിത്രത്തില്‍ മാത്രമല്ല കേവല ഭൗതിക നേട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരും ത്യാഗത്തിന്റെ ഒരായിരം ഏടുകള്‍ രചിച്ചവരാണ്. നൂറു കണക്കിന് ശാസ്ത്രജ്ഞരുടെ ജീവന്‍ പോലും അപായപ്പെടുത്തിയുള്ള നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച പ്രവര്‍ത്തങ്ങളാണ് യൂറോപ്പ്യന്‍ നവോത്ഥാനം സാധ്യമാക്കിയത്. രാവും പകലും വ്യത്യാസമില്ലാതെ മഴയും വെയിലും കണ്ടതായി ഭാവിക്കാതെ ഒന്നോ ഒട്ടനവധി പേരോ ചെയ്ത കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഓരോ കണ്ടുപിടിത്തവും. അവര്‍ വിയര്‍പ്പൊഴുക്കിയതിന്റെ ഫലമായി നമ്മുടെ ശയന മുറികള്‍ ഇന്ന് ശീതീകരിച്ചു കിട്ടുന്നു. അവരുടെ വിയര്‍പ്പില്‍ വെന്ത വിഭവങ്ങളാണ് മനുഷ്യ സമൂഹം ഇന്നനുഭവിക്കുന്ന മുഴുവന്‍ സുഖ സൗകര്യങ്ങളും

ലോകത്തു ഇസ്ലാമിന്റെ വളര്‍ച്ച സാധ്യമാക്കിയത് ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളാണ്. ആദര്‍ശത്തിന്റെ മാര്‍ഗത്തില്‍ വീടും സ്വത്തും കുടുംബവും നഷ്ടപെട്ടും പീഢനങ്ങളുടെ തീച്ചൂളയില്‍ ജീവന്‍ ഹോമിക്കപെട്ടും പോയവരുടെ ചരിത്രമാണത്. അവസാനം അവരുടെ ആത്മീയ ശക്തി വിജയക്കൊടി നാട്ടി.

കേരളത്തിലും ഇന്ത്യയിലും ലോകത്തു മുഴുവനും ഇടതു പക്ഷ പ്രസ്ഥാനങ്ങളെ വേരുപിടിപ്പിച്ചത് ത്യാഗമല്ലാതെ മറ്റൊന്നുമല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ കുട്ടികാലത്തെ കട്ടന്‍ ചായയും മുറി ബീഡിയും പ്രശസ്തമാണല്ലോ.

മാനവ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിനു സംഭാവന അര്‍പ്പിച്ച സകലരും ത്യാഗങ്ങളനുഷ്ഠിച്ചാണ് അത് സാധിച്ചത്. ആധുനിക അമേരിക്കയില്‍ കറുത്തവര്‍ കടുത്ത വംശീയ പക്ഷപാതിത്വത്തിനു വിധേയമായിരുന്നിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് (1929 ജനുവരി 15 1968 ഏപ്രില്‍ 4), നയിച്ച അഹിംസയലധിഷ്ഠിതമായിരുന്ന സമരം ഒരു പരിധി വരെ ആ വിപത്തിനെ ഇല്ലാതാക്കി. ആഫ്രിക്കയില്‍ ഔദ്യോഗികമായി തന്നെ നിലവിലുണ്ടായിരുന്ന വംശീയ വിവേചനത്തെ എതിര്‍ത്ത് നെല്‍സണ്‍ മണ്ടേല ജയില്‍ വാസമനുഷ്ഠിച്ചതു ഇരുപതു വര്‍ഷമാണ്. ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്റെ മാര്‍ഗത്തില്‍ ഗാന്ധി അഞ്ചു വര്‍ഷത്തില്‍ അധികം ജയിലില്‍ വസിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റു ഒമ്പതു വര്‍ഷത്തോളം ഇരുമ്പഴികള്‍ക്ക് പിന്നില്‍ അന്തിയുറങ്ങി.

വര്‍ത്തമാന കാലത്തു നിലനില്‍പ് ഭീഷണി നേരിടുന്ന ജന വിഭാഗങ്ങള്‍ ത്യാഗത്തിന്റെ മധു നുകരാന്‍ തയ്യാറെടുക്കണം. അത് പക്ഷെ ഹിംസയുടെ മാര്‍ഗമാവരുത്. ഹിംസയുടെ മാര്‍ഗങ്ങള്‍ അന്തം വിടുവിക്കുകയും അഹിംസയുടെ മാര്‍ഗങ്ങള്‍ അന്തം ജനിപ്പിക്കുകയുമാണ് ചെയ്യുന്നത്. ത്യാഗത്തിന്റെ ഒരായിരം ഏടുകള്‍ ഉടനെ തുറക്കപ്പെടണം. പഠനം, പര്യവേക്ഷണം, ശത്രുക്കളെ പോലെ പെരുമാറുന്നവരുമായുള്ള കൂടിക്കാഴ്ചകള്‍, ജനത്തെ സേവിക്കുന്ന ബഹുമുഖ പരിപാടികള്‍, ഇനിയും വര്‍ഗീയവത്കരിച്ചിട്ടില്ലാത്ത മനസുകളെ കണ്ടത്താനുള്ള ഭഗീരഥ പ്രയത്‌നങ്ങള്‍, വംശീയ വാദികളുടെ ഹൃദയം തുറപ്പിക്കാന്‍ സാധ്യതയുള്ള പുതിയ വഴികള്‍ കണ്ടത്താനുള്ള അന്വേഷണങ്ങള്‍ തുടങ്ങി ത്യാഗങ്ങള്‍ അത്യാവശ്യമായ ഒരായിരം മേഖലകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നു കിടപ്പുണ്ട്. ത്യാഗത്തിന്റെ ഓരോ വഴികളും ഓരോ പ്രതീക്ഷ മുനമ്പുകളാണ്. വിജയത്തിന്റെ പുതിയ വന്‍കരകള്‍ അവിടെ ഒളിഞ്ഞിരിപ്പുണ്ടാവും. തീര്‍ച്ച.

ഖുര്‍ആന്‍ 29:69 ല്‍ നല്‍കുന്ന വെളിച്ചവും മറ്റൊന്നല്ല. ‘നമ്മുടെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നാം മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കും’

Facebook Comments
Show More

Related Articles

Close
Close