Current Date

Search
Close this search box.
Search
Close this search box.

പട്ടിണിപ്പാവങ്ങള്‍ക്കിടയിലെ 3000 കോടിയുടെ പ്രതിമ

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ പട്ടേലിന്റെ യൂണിറ്റി പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുന്ന നര്‍മദ ജില്ലയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലം മാത്രമാണ് നാനാ പിപാലിയ എന്ന സ്ഥലത്തേക്ക്. എണ്‍പതു ശതമാനം കര്‍ഷകരുടെ ഗ്രാമം. വെള്ളമില്ലാതെ പലരും കൃഷി നിര്‍ത്തിയിരിക്കുന്നു എന്ന് മാത്രമല്ല മറ്റു ജോലികള്‍ക്കു പോയി തുടങ്ങിയിരിക്കുന്നു. തങ്ങളുടെ കൃഷിക്ക് ജലസേചന സൗകര്യം ഒരുക്കണം എന്നത് ജനത്തിന്റെ ഒരുപാട് കാലത്തെ ആവശ്യം കൂടിയാണ്. ഈ ഗ്രാമത്തില്‍ അധികം പേരും പട്ടിണിയുടെ പിടുത്തത്തിലാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം കുറവാണ്, മാത്രമല്ല കുട്ടികളില്‍ പോഷകാഹാര കുറവും ദൃശ്യമാണ്.

ഇത് ഗുജറാത്തിലെ അധികം ഗ്രാമങ്ങളുടെയും അവസ്ഥയാണെന്ന് പറയപ്പെടുന്നു. അപ്പോഴാണ് മുവ്വായിരം കോടി ചിലവഴിച്ചു ഒരു പ്രതിമ നിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ഖ്യാതിയുമായാണ് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുന്നത്. ഈ പണം ഉപയോഗിച്ചിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകര്‍ നേരിടുന്ന ജല വിഷയം അവസാനിപ്പിക്കാമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നതും. പട്ടേലും സംഘപരിവാറും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ ഒരു ബന്ധവുമില്ല എന്ന് പറയേണ്ടി വരും. ഗുജറാത്തുകാരന്‍ എന്നതാണ് മോഡി കാണുന്ന സാമ്യം. നെഹ്‌റുവിന്റെയും മറ്റു നേതാക്കളുടെയും മുന്നില്‍ പട്ടേലിനെ കോണ്‍ഗ്രസ് അവഗണിക്കുന്നു എന്ന് പറഞ്ഞാണ് പ്രതിമ നിര്‍മാണം ആരംഭിച്ചത്.

സ്വന്തമായി സ്വാതന്ത്ര്യ സമരവുമായി എടുത്തു പറയാന്‍ നേതാക്കളില്ല എന്നതാണ് സംഘപരിവാര്‍ നേരിടുന്ന വലിയ വെല്ലുവിളി. അതിനെ മറികടക്കാന്‍ കണ്ട സമീപനമാണ് മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകളെ ദത്തെടുക്കുക എന്നത്. പട്ടേല്‍ ഒരു ശക്തനായ ദേശീയ നേതാവായിരുന്നു. ഇന്ത്യ വിഭജന സമയത്ത് മാറി നിന്നിരുന്ന നാട്ടുരാജാക്കന്മാരെ ഇന്ത്യയില്‍ ലയിപ്പിക്കുന്നതില്‍ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചു എന്നൊക്കെ വായിക്കാം. ഗാന്ധി വധവുമായി ബന്ധപ്പെട്ടു ആര്‍ എസ് എസിനെ നിരോധിക്കാന്‍ വരെ അദ്ദേഹം ആവശ്യപ്പെട്ടു എന്നും നാം വായിക്കുന്നു. എന്നിട്ടും പട്ടേലിനെ സ്വന്തമാക്കാന്‍ സംഘ് പരിവാര്‍ മത്സരിക്കുന്നു. കോണ്‍ഗ്രസ് പട്ടേലിനെ അവഗണിക്കുന്നു എന്ന വാര്‍ത്തകള്‍ അവര്‍ പടച്ചുവിടുകയും ചെയ്യുന്നു.

പട്ടിണി പാവങ്ങള്‍ തിങ്ങി താമസിക്കുന്ന ഒരിടത്ത് മുവ്വായിരം കോടി രൂപ ചെലവ് ചെയ്ത് പ്രതിമ നിര്‍മിക്കുക എന്നത് ജനത്തോടു ചെയ്യുന്ന വെല്ലുവിളിയാണ്. പ്രതിമ കാണാന്‍ ആളുകള്‍ വരുമ്പോള്‍ റവന്യൂ വര്‍ധിക്കും ആളുകള്‍ക്ക് ജോലി ലഭിക്കും എന്നാണു സര്‍ക്കാര്‍ ഭാഷ്യം. ജനത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ട സമ്പത്ത് ഇത്തരം ധൂര്‍ത്തുകള്‍ക്ക് വേണ്ടി ചിലവഴിക്കുന്നു എന്നത് തന്നെ ജനത്തോടുള്ള സര്‍ക്കാരുകളുടെ മനോഭാവം വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ 31നാണ് പ്രതിമയുടെ ഉദ്ഘാടനം.

Related Articles