Current Date

Search
Close this search box.
Search
Close this search box.

രാജ്യമില്ലാത്ത ഒരു ജനത

രാജ്യമില്ലാത്ത ജനത എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഏക വിഭാഗം ഫലസ്തീന്‍ തന്നെയാകണം. ഒരിക്കല്‍ അവരും ഒരു സ്വതന്ത്ര ജനതയായിരുന്നു. ചരിത്രം നമുക്കറിയാം. കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യം വരുന്നില്ല. സ്വതന്ത്ര രാജ്യമായ ഫലസ്തീന്‍ ഇസ്രയേല്‍ ഫലസ്തീന്‍ എന്ന രീതിയില്‍ രണ്ടായപ്പോള്‍ എന്ത് കൊണ്ട് രണ്ടു രാഷ്ട്രങ്ങള്‍ നിലവില്‍ വന്നില്ല എന്ന ചോദ്യം കൂടുതല്‍ ആരും ചോദിച്ചു കാണുന്നില്ല.

1948 ല്‍ ഫലസ്തീന്‍ മുറിച്ചു ഇസ്രയേല്‍ രൂപം കൊണ്ടപ്പോള്‍ ബാക്കി വരുന്ന സ്ഥലം മറ്റു പലരും കയ്യില്‍ വെച്ചു. ഈജിപ്തും ജോര്‍ദാനും ബാക്കി വരുന്ന സ്ഥലങ്ങള്‍ അവരുടെ കൈവശം വെച്ചു. ഫലസ്തീന്‍ രാജ്യം അന്ന് നിലവില്‍ വന്നിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥകള്‍ ഉണ്ടാകുമായിരുന്നില്ല എന്നും ചിന്തിക്കാം. 1948 ല്‍ നിലവില്‍ വന്ന ഇസ്രയേല്‍ ഒരു പാട് കാലത്തെ പഴക്കമുള്ള അറബ് നാടുകളെ ഒന്നാമത്തെ യുദ്ധത്തില്‍ തന്നെ പിടിച്ചു നിര്‍ത്തിയിരുന്നു.

1948 ലാണ് ഔദ്യോഗികമായി ഇസ്രയേല്‍ നിലയില്‍ വന്നത്. ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ ഇസ്രയേല്‍ രാജ്യ പ്രഖ്യാപനം നടത്തി തൊട്ടടുത്ത ദിവസങ്ങളില്‍ വൻശക്തി നേതാക്കളായ യുഎസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ എന്നിവർ ഉടൻ തന്നെ പുതിയ രാജ്യത്തെ അംഗീകരിച്ചു. ചുരുക്കത്തില്‍ ഇസ്രയേല്‍ എന്ന രാജ്യം അനൌദ്യോഗികമായി 1917 ല്‍ തന്നെ നിലവില്‍ വന്നിരുന്നു എന്ന് സാരം. രണ്ടു ലോക യുദ്ധങ്ങള്‍ നടന്ന കാലത്തിനിടയിലാണ് ഇസ്രയേല്‍ രാഷ്ട്രം ഗര്‍ഭം ധരിക്കുന്നതും ജന്മം കൊള്ളുന്നതും. വന്‍ സഖ്യ രാഷ്ട്രങ്ങള്‍ ഇസ്രയേല്‍ രാഷ്ട്രത്തെ വളരെ മുമ്പ് തന്നെ മനസ്സില്‍ പ്രതിഷ്ഠ നടത്തിയിരുന്നു.

അത് കൊണ്ട് തന്നെ 1948 ലെ ഇസ്രയേല്‍ രാഷ്ട്ര പ്രഖ്യാപനം ഒരു ചടങ്ങ് മാത്രമായി അവശേഷിക്കുന്നു. വിഭജന കാലത്തും ഫലസ്തീനിലെ ജൂത ജനസംഖ്യ 40 % ല്‍ താഴെയായിരുന്നു. പക്ഷെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച വിഭജനത്തില്‍ അറുപതു ശതമാനം ഭൂമിയും അവര്‍ക്ക് നല്‍കിയിരുന്നു. ഇന്ന് അനൌദ്യോഗികമയി തന്നെ എണ്‍പത് ശതമാനം ഫലസ്തീന്‍ ഇസ്രയേല്‍ കൈവശമാണ്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അവര്‍ നടത്തി കൊണ്ടിരിക്കുന്ന കുടിയേറ്റങ്ങള്‍ അതിനു തെളിവാണ്. കിഴക്കന്‍ ജറുസലേം എല്ലാ മതങ്ങളുടെയും പുണ്യ ഭൂമിയായി കണക്കാക്കി അതൊരു സ്വതന്ത്ര സ്ഥലമായി വിടുക എന്നതും ഇസ്രയേല്‍ രൂപീകരണ കാലത്തെ കരാറിന്റെ ഭാഗമാണ്. അവിടെ നിന്നും മുസ്ലിംകള്‍ ഒഴിഞ്ഞു പോകണം എന്ന ഇസ്രയേല്‍ തീരുമാനമാണ് വര്‍ത്തമാന കലാപങ്ങള്‍ക്ക് കാരണമായത്‌.

ഇസ്രായേല്‍ ജനനം മുതല്‍ അറബ് ലീഗ് ഇസ്രയേലുമായി ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ വര്‍ത്തമാന കാലത്തിലേക്ക് എത്തപ്പെടുമ്പോള്‍ അതില്‍ അധിക രാഷ്ട്രങ്ങളും ഉപരോധം അവസാനിപ്പിച്ചിരിക്കുന്നു എന്ന് മാത്രമല്ല ആ രാജ്യങ്ങളില്‍ ഇസ്രയേലും തിരിച്ചും മില്യന്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിയിടുണ്ട് എന്നാണു കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്ഷം മാത്രം നയതന്ത്ര ബന്ധം ആരംഭിച്ച യു എ ഇ യും ഇസ്രയേലും കഴിഞ്ഞ കൊല്ലം ഒരു ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫലസ്തീന്‍ എന്ന സ്വതന്ത്ര രാജ്യത്തെ ഇല്ലാതാക്കി അവിഹിത മാര്‍ഗത്തിലൂടെ ഇസ്രയേല്‍ എന്ന രാഷ്ട്രം സ്ഥാപിച്ചു എന്നതായിരുന്നു അറബ് രാജ്യങ്ങളുടെ എതിര്‍പ്പിനു കാരണം. അതെ സമയം അന്നത്തേക്കാള്‍ കൂടുതല്‍ ഭൂമി ഇന്ന് ഇസ്രയേലിന്റെ കയ്യില്‍ വന്നിട്ടും , ഫലസ്തീന്‍ മണ്ണില്‍ കൂട്ടക്കൊലകള്‍ നടത്തിയിട്ടും അറബികളുടെ ഉപരോധം വര്‍ദ്ധിക്കുകയല്ല കുറയുകയാണ് ചെയ്തത് എന്ന് വന്നാല്‍ അതിന്റെ പിന്നിലെ രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യണം.

ഇസ്രയേല്‍ അവരുടെ നിലപാടുകളില്‍ നിന്നും ഒരിഞ്ചു പോലും പിറകോട്ടു പോയില്ല എന്ന് മാത്രമല്ല കിലോമീറ്ററുകള്‍ മുന്നോട്ടു പോയി ,അതെ സമയം അറബ് മുസ്ലിം രാഷ്ട്രങ്ങള്‍ കിലോമീറ്റര്‍ പിന്നോട്ട് നടക്കുകയും ചെയ്തു. ഇസ്രയേല്‍ രാജ്യം രൂപീകരിക്കാന്‍ മുന്നോട്ടു വന്ന രാജ്യങ്ങള്‍ തന്നെയാണ് ഇന്നും അവരുടെ പിന്നില്‍. ബൈഡന്‍ ഭരണ കൂടവും നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ജറുസലേമില്‍ നിന്നും അറബികളെ പുറത്താക്കുന്ന കാര്യവും ബൈതുല്‍ മുഖദ്ദിസില്‍ നിന്നും വിശ്വാസികളെ ആക്രമിച്ചു പുറത്താക്കുന്ന കാര്യവും ബൈഡന്‍ അറിഞ്ഞു കാണില്ല എന്ന് പറയാന്‍ കഴിയില്ല. ജൂത രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ എന്നും അമേരിക്കന്‍ ഭരണ കൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

തങ്ങളുടെ അറബ് യജമാനന്മാര്‍ രക്ഷക്കെത്തും എന്ന വിശ്വാസം ഫലസ്തീന്‍ ജനതയ്ക്ക് പണ്ടേ നഷ്ടമായിരിക്കുന്നു. അവരിപ്പോള്‍ ഫലസ്തീന്‍ തീറെഴുതി കൊടുത്തിരിക്കുന്നു. വന്‍ ശക്തികള്‍ പണ്ടേ മറു പക്ഷത്താണ്. ഇനി ആരിലാണ് ഫലസ്തീന്‍ ജനത പ്രതീക്ഷ കാത്തു സൂക്ഷിക്കേണ്ടത്. 2030 ത്തോട് കൂടി ഫലസ്തീന്‍ എന്ന പേര്‍ ചരിത്ത്രത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. ഈ ചെറിയ പ്രതിരോധം പോലും ഇല്ലാതായാല്‍ പിന്നെ എല്ലാം ശുഭം.

കിഴക്കന്‍ ജറുസലേമില്‍ നിന്നും അവസാനത്തെ മുസ്ലിമിനെ പുറത്താക്കുന്നതില്‍ നിന്നും ഇസ്രായേല്‍ നയം വ്യക്തമാക്കുന്നു. മുസ്ലിമിന്റെ പുണ്യ ഗേഹം നിലനില്‍ക്കുന്ന ഭൂമിയില്‍ നിന്നും അവസാനത്തെ മുസ്ലിമിനെയും പുറത്താക്കുക വഴി ഒരു പൂര്‍ണമായ മാനസിക ആധിപത്യം. ഒരു എതിര്‍പ്പും കൂടാതെ അതിനെ രാജാക്കന്മാര്‍ അംഗീകരിക്കും. പരസ്പരം നിക്ഷേപം നടത്തിയ തങ്ങളുടെ കോടികളെക്കാള്‍ വിലയില്ല കിഴക്കന്‍ ജറുസലേമിലെ മുസ്ലിംകള്‍ക്ക് എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു.

രണ്ടു സംഗതികള്‍ വിശ്വാസികള്‍ക് ഉണ്ടാകാന്‍ പാടില്ലെന്ന് ഇസ്ലാം പറയുന്നു. ഒന്ന് ഭയം മറ്റൊന്ന് നിരാശ. ഒരിക്കല്‍ താര്‍ത്താരികള്‍ മുസ്ലിം ലോകത്ത് ഇതിലും വലിയ ക്രൂരത കാണിച്ചിട്ടുണ്ട്. പിന്നെ കുരിശു യുദ്ധ സൈന്യം അതിലും ക്രൂരമായത് ചെയ്തു. അപ്പോള്‍ ഒരു സലാഹുദ്ദീന്‍ അയ്യൂബിയെ അള്ളാഹു നിശ്ചയിച്ചു. ജയപരാജയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കയറയിറങ്ങിക്കൊണ്ടിരിക്കും എന്നാണു പ്രമാണം. അല്ലാഹുവിന്റെ ദീനിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു വിഭാഗം എന്നുമുണ്ടാകും എന്നും പ്രമാണം പറയുന്നു. വിശ്വാസികള്‍ക്ക് അഭിമാനമായ ഒരു വിഭാഗത്തെ പകരം കൊണ്ട് വരിക എന്നത് പ്രാപഞ്ചിക “ സുന്നത്തായി” ഖുര്‍ആന്‍ പറയുന്നു. കമ്യുണിസത്തിന്റെ നല്ല കാലത്ത് അതിന്റെ ചരമം പ്രഖ്യാപിച്ച സയ്യിദ് മൌദൂദി നമ്മുടെ മുന്നിലുണ്ട്. എല്ലാ അധര്‍മ്മങ്ങളും തകരും. അത് സമയത്തിന്റെ മാത്രം വിഷയമാണ്‌.

നെത്യേന്‍യാഹൂ എന്ന ഭരണാധികാരിയുടെ പരാജയം മറക്കാന്‍ തല്‍ക്കാലം പുതിയ സംഭവ വികാസങ്ങള്‍ കാരണമായേക്കാം. പക്ഷെ ഇരുട്ട് കൊണ്ട് എത്ര കാലം ഓട്ടയടക്കാം എന്ന ചോദ്യം അപ്പോഴും ബാക്കിയാണ് .

Related Articles