Your Voice

ശ്രീലങ്കന്‍ മുസ്‌ലിം വേട്ടക്ക് പിന്നില്‍ ?

ആടിനെ പട്ടിയാക്കുക പിന്നീട് പേപ്പട്ടിയാക്കുക ശേഷം തല്ലിക്കൊല്ലുക എന്നത് നടപ്പാക്കുന്നതില്‍ അവസാനമായി ശ്രീലങ്കയിലും ശത്രു വിജയിച്ചിരിക്കുന്നു. ഇപ്പോള്‍ അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. ന്യൂസിലാന്‍ഡില്‍ ഉണ്ടായ ദുരന്തത്തിന് പകരം വീട്ടുന്നു എന്നാണു ലങ്കന്‍ ദുരന്തത്തിന് കാരണമായി സംഗതി നടത്തി എന്ന് പറയപ്പെടുന്ന ഐ.എസ് പറയുന്നത്. അതിനു പകരം ചോദിയ്ക്കാന്‍ മുസ്‌ലിം ലോകം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നിരിക്കെ ഇസ്ലാമിന് വേണ്ടി സ്‌ഫോടനം നടത്തുന്നു എന്നത് തന്നെ ഇസ്‌ലാമിന് അന്യമാണ്. അന്ന് തന്നെ രണ്ടു ദുരന്തങ്ങളെയും ലോകം തള്ളിപ്പറഞ്ഞതാണ്.

ഇസ്ലാമിക ലോകം തന്നെ മൊത്തമായി തള്ളിപ്പറഞ്ഞ ആളുകളുടെ പേരിലാണ് ലങ്കയില്‍ സ്‌ഫോടനം നടന്നത്. നിരപരാധികളെ കൊല്ലുക എന്നത് ഇസ്ലാമിന്റെ നിലപാടല്ല. ഒരു നിരപരാധിയുടെയും രക്തം ഭൂമിയില്‍ അന്യായമായി വീഴാന്‍ ഇസ്ലാം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവ് അതിന്റെ അടിസ്ഥാനമായ വേദഗ്രന്ഥം തന്നെയാണ്. അകാരണമായി ഒരാളെ കൊന്നാല്‍ അത് മുഴുവന്‍ മനുഷ്യരെയും കൊന്നതിനു തുല്യം എന്നാണ് മുസ്ലിമിന്റെ വിശ്വാസം. ഇസ്ലാം സുതാര്യമാണ് എന്നതു പോലെ തന്നെയാണ് ഇസ്ലാമിക സംഘടനകളും സുതാര്യമാകണമെന്നതും. ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒറ്റ സംഘടനയും സുതാര്യമല്ല എന്നത് തന്നെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല എന്ന് പറയാന്‍ കാരണമായി തീരുന്നതും.

കൊളംബോയുടെ വടക്കു ഭാഗത്ത് ഇപ്പോഴും നിശാ നിയമം നിലനില്‍ക്കുന്നു. ഇന്നലെ മുസ്ലിംകളുടെ പല സ്ഥലങ്ങളിലും മുസ്ലിംകളുടെ പള്ളികളും വ്യാപാര സ്ഥാപനങ്ങളും ആള്‍ക്കൂട്ടം ആക്രമിച്ചു എന്നാണ് വാര്‍ത്ത. ആക്രമണത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ഥിതിഗതികള്‍ നേരിടാന്‍ പോലീസ് ശക്തമായി തന്നെ രംഗത്തുണ്ട്. ഈ ആക്രമണത്തിന് പിന്നില്‍ ആരെന്നു വ്യക്തമല്ല എന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ തന്നെ ആക്രമണത്തിന് രംഗത്തുണ്ട് എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നു. മുസ്ലിംകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു എന്നല്ലാതെ അതിന്റെ പിന്നിലാരെന്ന കൃത്യത വാര്‍ത്തകള്‍ നല്‍കുന്നില്ല.

ലങ്കയിലെ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ അതിന്റെ ഗുണം അവര്‍ക്കു രണ്ടു പേര്‍ക്കുമാവില്ല എന്നറിയാത്തവരല്ല അവിടെയുള്ളവര്‍. പക്ഷെ അവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കല്‍ ചിലരുടെ ജീവിത ലക്ഷ്യമാണ്. ഏതോ ഒരു ഭീകരന്‍ ന്യൂസിലാന്‍ഡിലെ പള്ളിയില്‍ കടന്നു നിരപരാധികളായ മുസ്ലിംകളെ വെടിവെച്ചു കൊന്നു എന്നതിന് മറ്റൊരു ക്രിസ്ത്യാനിയോടും മുസ്ലിംകള്‍ക്ക് വെറുപ്പ് ഉണ്ടായിട്ടില്ല, അതിന്റെ കാര്യവുമില്ല. ലോകത്തിന്റെ വിവേകപൂര്‍ണമായ ഇടപെടലില്‍ ഭീകരന്റെ ഒരു കുതന്ത്രവും നടന്നില്ല. ഇസ്ലാമല്ല എന്ന് മുസ്ലിംകള്‍ തന്നെ ഉറപ്പിച്ചു പറഞ്ഞ കൂട്ടം ചെയ്യുന്ന കാര്യങ്ങള്‍ക്കു മുസ്ലിംകളുടെ പേരില്‍ വരവ് വെക്കാന്‍ ചില കുബുദ്ധികള്‍ കിണഞ്ഞു ശ്രമിക്കുന്നു. നമ്മുടെ നാട്ടില്‍ സംഘ പരിവാര്‍ സ്‌പോണ്‍സേര്‍ഡ് ക്രിമിനല്‍ കുറ്റങ്ങള്‍ ഒരിക്കലും ഹിന്ദുക്കളുടെ പേരില്‍ ആരും വരവ് വെക്കാറില്ല. അത് പോലെ തന്നെ മുഖമോ അഡ്രസോ ഇല്ലാത്ത സംഘങ്ങളുടെ പേരില്‍ നടമാടുന്ന ക്രൂരതകള്‍ക്ക് ഇസ്ലാമും പ്രതിയാകില്ല തീര്‍ച്ച.

ഒന്നുമല്ലെങ്കിലും ശ്രീലങ്കന്‍ മുസ്ലിംകള്‍ക്ക് ഒരു അരക്ഷിത ബോധം ഉണ്ടാക്കാന്‍ അക്രമികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് അക്രമികള്‍ ആഗ്രഹിക്കുന്നതും. സ്വസ്ഥത എന്നതാണ് ഒന്നാമത്തെ കാര്യം. അതില്ലാതെ വന്നാല്‍ പിന്നെ എല്ലാം ഇല്ലാതായിക്കൊള്ളും. മുസ്ലിംകളുടെ വീടുകള്‍,കടകള്‍,വ്യവസായ സ്ഥാപനങ്ങള്‍, പള്ളികള്‍ എന്നിവ തിരഞ്ഞു പിടിച്ചു ആക്രമിക്കാന്‍ നേരത്തെ പദ്ധതിയിട്ടു എന്ന് വേണം ഊഹിക്കാന്‍. അതെ സമയം കലാപത്തെ കുറിച്ച് തെറ്റായ വിവരം നല്‍കുന്നു എന്നതിന്റെ പേരില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇസ്ലാമോഫോബിയയോളം ശത്രു വിജയിച്ച മറ്റൊന്നും ഈ കാലത്തിലില്ല. പടിഞ്ഞാറില്‍ നിന്നും മാറി ഇപ്പോള്‍ ഏഷ്യന്‍ നാടുകളില്‍ പോലും എത്ര സമര്‍ത്ഥമായാണ് അത് ഉപയോഗിക്കപ്പെടുന്നത്. സമുദായങ്ങള്‍ മാന്യമായി സഹവര്‍ത്തിത്വത്തില്‍ ജീവിക്കുക എന്നതു ഭീകരര്‍ക്ക് അത്ര സുഖകരമായി അനുഭവപ്പെടില്ല. അത് തകര്‍ക്കാന്‍ അവര്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കും. ശ്രീലങ്ക നല്‍കുന്ന പാഠം അതാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നത് അനുഗ്രഹമാണ്. നമ്മുടെ നാട്ടിലെത് പോലെ ന്യൂനപക്ഷ വേട്ടയുടെ നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നില്ല എന്നത് അനുഗ്രഹമാണ്. അത് കൊണ്ട് തന്നെയാണ് ആടിനെ പട്ടിയാകുക എന്നത് ഒരു സ്ഥിരം നിലപാടായി പലരും ഏറ്റെടുത്തതും. മ്യാന്‍മറിലെ മുസ്ലിംകളെ കൊന്നുതള്ളിയവര്‍ ശ്രീലങ്കയിലും ശക്തരാണ് എന്നത് തന്നെയാണ് ഈ വിഷയത്തില്‍ നല്ല മനുഷ്യരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്

Facebook Comments
Related Articles
Show More
Close
Close