Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്ക: യഥാര്‍ത്ഥ ശത്രുവിനെ ആദ്യം തിരിച്ചറിയണം

ചായ കുടിക്കാന്‍ കടയില്‍ കയറിയാല്‍ ഹസ്സന്‍ക്ക ഒരു പ്ലേറ്റില്‍ എല്ലാ കടികളും കൊണ്ടുവന്നു വെക്കും. എനിക്ക് ഒന്ന് മതി എന്ന് പറഞ്ഞാല്‍ ‘അതില്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി അവിടെ വെച്ചോളൂ’ എന്നാണു ഹസ്സന്‍ക്ക പറയാറ്. എല്ലാ കടികളും പുറമേക്ക് പലതാണെങ്കിലും ഒരേ വിലയാണ്. അത് കൊണ്ട് തന്നെ ഹസ്സന്‍ക്ക കടിയുടെ രൂപത്തിലല്ല എണ്ണത്തിലാണ് ശ്രദ്ധയൂന്നാറ്.

സലഫി,സുന്നി,തബ്‌ലീഗ് ജമാഅത്ത് എന്നത് അപ്പുറത്ത് പാത്രത്തിലെ എണ്ണക്കടികള്‍ പോലെയാണ്. ഇസ്ലാമോഫോബിയ എന്നത് മൊത്തം ഇസ്ലാമിന്റെ പേരാണ്. മുസ്ലിംകള്‍ ഇസ്ലാമല്ല എന്ന് ഉറപ്പിച്ചു പറഞ്ഞ അഹമ്മദീയക്കാരെ പോലും ഇസ്ലാം പേടിയില്‍ നിന്നും ആരും ഒഴിവാക്കിയിട്ടില്ല. ലങ്കയില്‍ സ്‌ഫോടനം നടത്തിയതിനു പിന്നില്‍ മുസ്ലിംകളാണ് എന്നതാണ് ഇതുവരെ കിട്ടിയ വിവരം. മുസ്ലിംകള്‍ എന്നത് കൊണ്ട് വിവക്ഷ അവരുടെ പേര് മുസ്ലിംകളുടെതാണ് എന്ന് സാരം. ഒരു മുസ്ലിമിനും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് അവിടെ നടമാടിയത്.

അതെ സമയം കേരളത്തിലെ സലഫി പ്രവര്‍ത്തകരെ ചൂണ്ടിക്കാണിക്കാനാണ് ചിലര്‍ക്ക് താല്പര്യം. സാക്കിര്‍ നായിക്കിന്റെ സഹായവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സാക്കിര്‍ നായിക്ക് കുറെ കാലമായി നമ്മുടെ നാട്ടിലില്ല. തങ്ങളുടെ പല വികലമായ നിലപാടുകളും അദ്ദേഹം തുറന്നു കാട്ടുന്നു എന്നതിലപ്പുറം സാക്കിര്‍ നായിക്കിനോട് ഈ വിഭാഗത്തിനു എതിര്‍പ്പ് ഉണ്ടാകേണ്ട മറ്റു കാരണമില്ല. സലഫികള്‍ എന്നത് ഭീകരതയുടെ പേരല്ല അതൊരു ചിന്താ ധാരയുടെ പേരാണ്. പക്ഷെ അതിനെ ഭീകരതയിലേക്ക് കൊണ്ട് പോയതിന് അതിന്റെ ആളുകള്‍ ഉത്തരം പറയണം. ഇസ്ലാമിക ചിന്താ ധാരകള്‍ക്ക് സലഫികളുടെ സംഭാവന വലുതാണ്. ഇസ്ലാമിനെ ഒരു ജീവിത പദ്ധതി എന്നതില്‍ നിന്നും മാറ്റി കേവലം മതമെന്ന സങ്കുചിത ചിന്തയിലേക്ക് മാറിപ്പോയി എന്നതാണ് സലഫികളുടെ പേരില്‍ സംഘടിച്ച ചിലര്‍ ചെയ്ത ദുരന്തം.

ശ്രീലങ്കയില്‍ തന്നെ സ്‌ഫോടനത്തിന് പിറകിലുണ്ട് എന്ന് പറയപ്പെടുന്ന ഹാഷിമിനെ അവിടുത്തെ പണ്ഡിതരും നാട്ടുകാരും ഒരിക്കല്‍ നാട്ടില്‍ നിന്നും ഒറ്റപ്പെടുത്തിയതാണ്. പക്ഷെ അയാള്‍ സ്വയം തന്നെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ഇന്ത്യയില്‍ അദ്ദേഹം പലപ്പോഴും വന്നതായി പറയപ്പെടുന്നു. പക്ഷെ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സംഘവുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചതായി പറയപ്പെടുന്നില്ല. ഇസ്ലാം ഒരു വൈകാരിക പ്രതിഭാസമല്ല. എന്നിട്ടും പലരും ഇസ്ലാമിനെ അങ്ങിനെയാണ് സമീപിക്കുന്നത്. ഭൂമിയില്‍ ജീവിക്കാനുള്ള മനുഷ്യന്റെ ആവശ്യം സൃഷ്ടാവായ ദൈവം അംഗീകരിച്ചതാണ്. ഓരോരുത്തരുടെയും ഭൂമിയിലെ ജീവിതമാണ് പരലോകത്ത് ചര്‍ച്ചയാകുക. അത് എങ്ങിനെ വേണമെന്ന് മനുഷ്യന്‍ തീരുമാനിക്കണം. അതിന്റെ പേരില്‍ ഒരാളെയും ഇല്ലാതാക്കാന്‍ ഇസ്ലാം എന്തായാലും അനുമതി നല്‍കുന്നില്ല. അടുത്തിടെ സലഫി ചിന്തകള്‍ എന്ന പേരില്‍ പല വൈവിധ്യങ്ങളും നാം കണ്ടു. ദീനുമായി അവക്കൊന്നും ബന്ധമില്ലെന്ന് വിവരമുള്ളവര്‍ അന്ന് ഉറക്കെ പറഞ്ഞതാണ്. സലഫികള്‍ എന്നത് കൊണ്ട് ഉദ്ദേശം സച്ചരിതരായ സഹാബികള്‍ എന്നാണല്ലോ ശരിയായ വ്യാഖ്യാനം.

ആഗോള തലത്തില്‍ സുന്നികളുടെ ഭാഗമാണ് സലഫികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ സുന്നികള്‍ എന്നത് ചിലര്‍ സ്വയം ഏറ്റെടുത്ത നാമമാണ്. ആ വിഭാഗം ഇസ്ലാമില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്ന പലതിനെയും സലഫി വിഭാഗം ശക്തമായി എതിര്‍ക്കുന്നു. കേരളത്തില്‍ ഒരു ഭീകര സലഫിയും ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. ചില വികല ചിന്തകള്‍ രൂപം കൊണ്ടു എന്നതൊഴിച്ചാല്‍ എടുത്തു പറയാന്‍ കഴിയുന്ന മറ്റൊന്നും നാം കണ്ടില്ല. യമനിലെക്കും സിറിയയിലേക്കും പോയെന്നു പറയപ്പെടുന്നത് ഇന്നും തെളിയിക്കാത്ത കാര്യങ്ങളാണ്. അതെ സമയത്ത് ശ്രീലങ്കയില്‍ ഭീകരതയ്ക്ക് പിന്നില്‍ സലഫി എന്ന് കേള്‍ക്കെ കേരളത്തിലും ഭീകര സലഫികള്‍ ഉണ്ടെന്ന തരത്തില്‍ നടത്തപ്പെടുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ഉയരുന്ന ശബ്ദങ്ങള്‍ ആരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് എന്നറിയില്ല.

പേര് നോക്കിയല്ല നാം ഭീകരതയെ എതിര്‍ക്കേണ്ടത്. അത് തീര്‍ത്തും മനുഷ്യ വിരുദ്ധമാണ്. മതത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ആരെയും അനുവദിക്കരുത്. മതത്തിന്റെ ശരിയായ വ്യാഖ്യാനം നാം പറഞ്ഞു കൊണ്ടിരിക്കണം. അത് കൂട്ടായി പറയണം. കേരളത്തില്‍ ഇന്നും മുഖാമുഖ മാമാങ്കം അരങ്ങു വാഴുകയാണ്. സംവാദങ്ങള്‍ അടുപ്പിക്കാനാണ്. മുസ്ലിം സമുദായത്തില്‍ ബുദ്ധിപരമായ സംവാദം പാടില്ലെന്ന് ശത്രു ഉറപ്പിച്ചിരിക്കുന്നു. വൈകാരികത മുറ്റി നില്‍ക്കുന്ന സംവാദങ്ങള്‍ ഒരിടത്ത് നിത്യ കാഴ്ചയാകുമ്പോള്‍ അപ്പുറത്ത് മറ്റു ചിലര്‍ മതത്തെ വൈകാരികമായും ഉപയോഗിക്കുന്നു. ‘നിങ്ങളില്‍ മാന്യനായ ഒരാളുമില്ലേ’ എന്നൊരിക്കല്‍ ലൂത്ത് നബി ചോദിച്ചു. വിഷയം വേറെയാണെങ്കിലും നാമും അതെ ചോദ്യം ചോദിക്കും. കാരണം ശത്രുവിന് സംഘടനകള്‍ പാത്രത്തിലെ പൊരിക്കടികള്‍ മാത്രം.

Related Articles