Current Date

Search
Close this search box.
Search
Close this search box.

ശ്രീകുമാരൻ തമ്പി, മാർക്സിസം, സച്ചിദാനന്ദൻ

കൊല്ലപ്പെട്ടവനു വേണ്ടി /
കരഞ്ഞും /
കൊന്നവന്/
കൈ കൊടുത്തും /
ഒരു വിധം /
ജീർണിച്ചു പോകുന്നു /

പുതു കവികളിൽ ഏറെ രാഷ്ടീയ ജാഗ്രതയുള്ള പ്രദീപ് രാമനാട്ടുകരയുടെ ഉപര്യുക്ത വരികൾ കേരള സാംസ്കാരിക പൊതു വ്യവഹാരം കടന്നു പോയ്ക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ കടലാഴം വ്യക്തമാക്കുന്നു!

മുഖ്യമായും സിനിമാ ഗാനരചയിതാവ് എന്ന നിലയിലാണ് ശ്രീകുമാരൻ തമ്പി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
പൊൻവെയിൽ മണിക്കച്ച../ സ്വന്തമെന്ന പദത്തിനെന്തർഥം.. /തിരുവാഭരണം.. /
തൽക്കാല ദുനിയാവ്..

എന്നിങ്ങനെ മനുഷ്യഗന്ധിയായ അനേകം ഗാനങ്ങൾക്ക് അദ്ദേഹം ജന്മം നൽകിയിട്ടുണ്ട്. അതു കൊണ്ടു തന്നെ മറ്റു പല കലാകാരന്മാർക്കുമെന്ന പോലെ ശ്രീകുമാരൻ തമ്പിക്കും കേരളീയൻ്റെ ഹൃദയ നനവിൽ പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. (മാധ്യമം വാരികയിൽ തുടർന്നു വരുന്ന തമ്പിയുടെ “സംഗീത യാത്ര”യിലും മനുഷ്യ പക്ഷത്തുനിൽക്കുന്ന ഒരു കലാകാരനെയാണ് നാം ദർശിക്കുന്നത് )

എന്നാൽ ശ്രീകുമാരൻ തമ്പി “ഹിന്ദു കോൺക്ലേവ് ” വേദിയിൽ പങ്കെടുത്ത് അവാർഡും ആദരവും ഏറ്റുവാങ്ങുകയും ബ്രാഹ്മണനും ഗോവിനും സുഖം നേരുന്ന “ഹിന്ദുത്വ ” യെ വാനോളം പുകഴ്ത്തുകയും സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇകഴ്ത്തുകയും നേരത്തേ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയും നിലവിൽ കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ ശ്രീ.കെ സച്ചിദാനന്ദനെ ആക്ഷേപിക്കുകയും ചെയ്തത് അങ്ങേയറ്റം ഞെട്ടലുണ്ടാക്കി.

ജാതി വ്യവസ്ഥയുടെ മേൽക്കോയ്മാ മനസ്സുകൾ മനുഷ്യരോട് ചെയ്തു കൂട്ടിയ ക്രൂരതകളെപ്പറ്റി അജ്ഞാതനല്ല ശ്രീകുമാരൻ തമ്പി. ഭരണഘടനയെ അട്ടിമറിച്ചും ചരിത്രം തിരുത്തിയും കോടതികളെപ്പോലും ചൊൽപ്പടിക്ക് നിർത്താൻ ശ്രമിച്ചും തൊഴിലാളി, സ്ത്രീ, ദലിത്, മുസ് ലിം, ക്രിസ്ത്യൻ, ആദിവാസി പീഡിത പിന്നാക്ക വിഭാഗങ്ങൾക്കെതിരെ പച്ച നുണയും വെറുപ്പും പ്രചരിപ്പിച്ചും സംഘ് ഫാഷിസം”വിശ്വരൂപം” പ്രദർശിപ്പിക്കുമ്പോൾ തമ്പിയെപ്പോലുള്ള ഒരാൾ വേണമെങ്കിൽ മൗനം ദീക്ഷിക്കുന്നത് മനസ്സിലാക്കാം. പക്ഷെ അദ്ദേഹം അപര വിദ്വേഷത്തെ പെയിൻറടിച്ചു വെളുപ്പിച്ചതും ഫാഷിസത്തിൻ്റെ ഹിംസാത്മക മുഖം തൊട്ടു കാട്ടാൻ ശ്രമിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും ധീര വ്യക്തിത്വങ്ങളെയും അസത്യ പ്രസ്താവന വഴി കല്ലെറിഞ്ഞതും തീർത്തും പ്രതിഷേധാർഹമത്രെ!

ഫാഷിസത്തെ സുഖിപ്പിക്കാൻ ശ്രമിക്കുന്ന ശ്രീകുമാരൻ തമ്പി അറിയേണ്ട ഒരു വസ്തുതയുണ്ട്:
ഫാഷിസത്തിനു മുന്നിൽ മുട്ടുമടക്കിയതല്ല, ലോക ഫാഷിസത്തെ മുഖാമുഖം നേരിട്ട് കീഴടക്കിയതാണ് മാർക്സിസത്തിൻ്റെ ചരിത്രം.

(മാർക്സിസത്തോട് സൈദ്ധാന്തികമായി ആർക്കും വിയോജിക്കാം. പാർട്ടിയുടെ നയനിലപാടുകളെയും നേതൃനിരയിലുള്ള ചിലരുടെ ജീവിത രീതിയെയും വിമർശിക്കാം. എന്നാൽ മാർക്സിസത്തെ കാടടച്ചു വെടി വെക്കുന്നതിൽ ബുദ്ധിപരമായ സത്യസന്ധതയില്ല )

മനുഷ്യരാശിയുടെ രണ്ടു ഭീഷണികളായി മുതലാളിത്തത്തെയും ഫാഷിസത്തെയും ഗ്രാംഷി നിരീക്ഷിച്ചിട്ടുണ്ട്. ഒപ്പം
ഫാഷിസം നിലനിൽക്കുന്നത് പ്രത്യയശാസ്ത്ര ഭീകരതയിലും കായിക ഭീകരതയിലുമാണ്. (ഫാഷിസത്തിൻ്റെ അദൃശ്യ ലോകം. കെ.ഇ.എൻ. പാപ്പിയോൺ)

രണ്ടാം ലോക യുദ്ധവേളയിൽ ജർമനി, ഇറ്റലി, ജപ്പാൻ മുതലാളിത്ത ഫാഷിസ്റ്റ് അച്ചുതണ്ടിനെതിരെ സോവ്യറ്റ് യൂനിയൻ ഐക്യ പക്ഷത്ത് ചേർന്നപ്പോഴാണ് ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർ പരാജയ രുചി അറിയുന്നത്. ഒടുവിൽ ആ ഏകാധിപതിക്ക് 1945 ഏപ്രിൽ 30ന് സ്വന്തം വെപ്പാട്ടിയുമൊത്ത് ബർലിൻ നിലവറയിൽ ആത്മഹത്യ ചെയ്യേണ്ടി വന്നു. ഹിറ്റ്ലറുടെ വലംകൈ മുസോളിനിയും പത്നി ക്ലാരാ പെറ്റാച്ചിയും വധിക്കപ്പെട്ടു. ഫാഷിസത്തിൻ്റെ പ്രചാരകനായ ഗീബൽസ് കുഞ്ഞുങ്ങൾക്കു വിഷം നൽകി, ഭാര്യയെ വെടിവെച്ചു കൊന്നു, ഒടുവിൽ സ്വന്തം മാറിലേക്ക് നിറയൊഴിച്ചു!
ഇത്രയും സംഭവിക്കുമ്പഴേക്ക് ചെമ്പടയുടെ ലക്ഷങ്ങളാണ് മരിച്ചുവീണത്!

ഇന്ത്യയിലെ സംഘ് ഫാഷിസത്തെ പ്രതിരോധിക്കാൻ ആർക്കും ഒറ്റക്ക് കഴിയില്ല. ഉന്നയിക്കപ്പെടുന്ന അത്തരം അവകാശവാദങ്ങൾ താത്വികമായല്ലാതെ പ്രായോഗീക തലത്തിൽ ആകാശ കുസുമമായിരിക്കും.

രാഷ്ട്രത്തിൻ്റെ ജനാധിപത്യ/മത നിരപേക്ഷ / ബഹുസ്വരത സംരക്ഷിക്കാൻ ഇടതുപക്ഷവും ഇടതുപക്ഷ സഹയാത്രികരായ ചരിത്രകാരന്മാരും കവികളും എഴുത്തുകാരും പ്രഭാഷകരും കാണിക്കുന്ന ജാഗ്രതയെ ഒട്ടും കുറച്ചു കാണാൻ വയ്യ.

റൊമീല ഥാപ്പർ, ഇർഫാൻ ഹബീബ് തുടങ്ങി എം.എൻ വിജയൻ, കടമ്മനിട്ട, കെ.ഇ.എൻ, സുനിൽ പി.ഇളയിടം വരെ നീളുന്ന വലിയൊരു പട്ടികയിൽ എല്ലാ അർത്ഥത്തിലും മുന്നിൽ നിൽക്കുന്ന ആളാണ് സച്ചിദാനന്ദൻ. (ശ്രീകുമാരൻ തമ്പി ഗാന്ധി ഘാതകരെ സുഖിപ്പിക്കാനും തൻ്റെ വെറുപ്പിനും അദ്ദേഹത്തെ ശരവ്യമാക്കിയത് വെറുതേയല്ല!)

ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള, ലോകം അറിയുന്ന സാംസ്കാരിക വ്യക്തിത്വമാണ് സച്ചിദാനന്ദൻ. എക്കാലത്തെയും മലയാളികളുടെ അഭിമാനമായ അദ്ദേഹം ആരുടെ മുന്നിലും തല കുനിക്കാൻ തയ്യാറല്ല. ഏതെങ്കിലും വിഭാഗത്തിൻ്റെ കയ്യടിക്കല്ല, അനീതികൾക്കെതിരെ തൂലികയും നാവും പടവാളാക്കുകയാണ് സച്ചിദാനന്ദൻ്റെ ജീവിത ദൗത്യം. ഇതൊന്നും അവകാശവാദങ്ങളല്ല, അദ്ദേഹത്തിൻ്റെ സർഗ സംഭാവനകളെ വിലയിരുത്തുന്ന ആർക്കും ബോധ്യപ്പെടുന്ന വസ്തുതകളാണ്.

കവിത, ലേഖനം, നിരൂപണം, നാടകം, യാത്രാവിവരണം എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം സ്വതന്ത്ര കൃത്രികളും 18 കാവ്യ പരിഭാഷകൾ ഉൾപ്പെടെ അത്രയും വിവർത്തനങ്ങളും, നിരവധി പ്രഭാഷണങ്ങളും മനുഷ്യാവകാശങ്ങളിലുള്ള ഇടപെടലുകളും ആനുകാലികങ്ങളിലുള്ള എഴുത്തും കൊണ്ട് സർഗ വിസ്മയം തീർത്ത ചരിത്രമാണ് സച്ചിദാനന്ദൻ്റെത്! (പ്രാദേശീക , ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെല്ലാം ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും സച്ചിദാനന്ദനെ തേടി വന്നിട്ടുണ്ട്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഐറിഷ്, അറബിക്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിലും സച്ചിദാനന്ദൻ്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്)

സച്ചിദാനന്ദൻ ഒരിക്കലും ദന്തഗോപുരവാസിയല്ല. അതു കൊണ്ടാണ് മുന്നിൽ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ സാധിക്കാത്തത്. വൈവിധ്യ വിശ്വാസങ്ങളും ഭിന്ന വീക്ഷണങ്ങളുമാണ് ഇന്ത്യയുടെ ആത്മാവ്. ആ ഇന്ത്യയെ തകർക്കാൻ ജീവനുള്ള കാലത്തോളം ആരെയും അനുവദിക്കില്ലെന്ന് സച്ചിദാനന്ദൻ പ്രഖ്യാപിക്കുന്നു (എൻ്റെ ഇന്ത്യ എൻ്റെ ഹൃദയം ഫാഷിസ്റ്റുവിരുദ്ധ കവിതകൾ. മൈത്രി ബുക്സ്)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles