Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലെ ഇണകള്‍ – യുക്തിവാദി വിമര്‍ശനങ്ങള്‍ ശരിയോ ?

യുക്തിവാദികൾ ഖുർആനുമായി ബന്ധപ്പെട്ട് സ്ഥിരമായി ഉന്നയിക്കുന്ന ഒരു വിമർശനമാണ് ഭൂമിയിലെ എല്ലാ വസ്തുക്കളെയും ഇണകളായി അഥവാ ജോഡികളായി സൃഷ്ടിച്ചിരിക്കുന്നു എന്ന ഖുർആന്റെ പരാമർശം. ഏകകോശജീവിയായ അമീബയും മറ്റു ചില സൂക്ഷ്മജീവികളും ഇണകളായിട്ടല്ല സൃഷ്ടിക്കപ്പെട്ടതെന്നും പ്രത്യുൽപാദനം നടത്തുന്നതെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് ഖുർആന്റെ പരാമർശം തെറ്റാണെന്ന് അവർ വാദിക്കുന്നു. പൂർവകാല ഖുർആൻ വ്യാഖ്യാതാക്കൾ (മുഫസ്സിറുകൾ) ഇത് സംബന്ധിച്ച ഖുർആൻ സൂക്തങ്ങൾക്ക് നൽകിയ വിശദീകരണം മുന്നിൽ വെച്ചു കൊണ്ട് ഈ വാദത്തിന് മറുപടി പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. ഭാഷാപരമായി നമുക്ക് അവലംബിക്കാന്‍ കഴിയുന്ന ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നാണ് പൗരാണിക തഫ്സീറുകള്‍ (ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ ). ശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ അന്നത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അവരുടെ ധാരണകളിൽ തെറ്റുണ്ടാവാമെങ്കിലും, ശാസ്ത്രം ഇന്നത്തെപ്പോലെ പുരോഗമിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം സൂക്തങ്ങൾക്ക് അവർ നൽകിയ ഭാഷാപരമായ വിശദീകരണം ശ്രദ്ധേയമാണ്.

ഖുർആൻ ഈ വിഷയം പരാമർശിക്കുന്ന രണ്ട് സൂക്തങ്ങളുടെ ആശയാർത്ഥം ഇവിടെ കൊടുക്കാം: ” ഭൂമിയിൽ മുളയ്ക്കുന്ന സസ്യങ്ങളിലും ഇവരുടെ (മനുഷ്യരുടെ) തന്നെ വർഗത്തിലും ഇവർക്കറിഞ്ഞുകൂടാത്ത മറ്റെല്ലാ വർഗങ്ങളിലും ഇണകളെ സൃഷ്ടിച്ചവൻ എത്രയും പരിശുദ്ധനാകുന്നു” . ഖുർആൻ: 36:36. ” നാം സകല വസ്തുക്കളെയും ഇണകളായി (ജോടികളായി) സൃഷ്ടിച്ചു. നിങ്ങൾ പാഠമുൾക്കൊള്ളാൻ ” ഖുർആൻ: 51:49

ഇത്തരം ഖുര്‍ആനിക വചനങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള നിരീശ്വരവാദികളുടെ വാദം ഇതാണ്: സമൂഹങ്ങളുടെ നടുവില്‍ ജീവിക്കാത്തതും ഇണകളല്ലാത്തതുമായ ജീവികൾ നമുക്ക് ചുറ്റുമുണ്ടെന്ന് തെളിയിക്കപ്പെട്ട ഇക്കാലത്ത് ഖുർആനിന്റെ ഇത്തരം പരാമർശങ്ങൾ അബദ്ധവും അപ്രസക്തവുമാണ്. ഇണകൾ, ജോടികൾ എന്നൊക്കെ സാധാരണ പരിഭാഷപ്പെടുത്താറുള്ള “സൗജ് “, അതിന്റെ ദ്വിവചനരൂപമായ “സൗജയ്ൻ “, ബഹുവചനമായ “അസ് വാജ് ” എന്നീ പ്രയോഗങ്ങൾ ഖുർആൻ പല സ്ഥലങ്ങളിലും ഉപയോഗിച്ചത് കാണാം. ജീവജാലങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നതല്ല ‘ഇണകളാക്കി’ എന്നതിന്‍റെ വിവക്ഷ. മറിച്ച് മൂര്‍ത്തമായതും അമൂര്‍ത്തമായതുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ വാക്കുകൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ആയത്തുകളുടെ വ്യത്യസ്ത അർത്ഥ തലങ്ങളിൽ ഊന്നിക്കൊണ്ട് നാം അതിനെ മനസ്സിലാക്കേണ്ടതുണ്ട്.

ഇതിന്‍റെ വിശദീകരണവുമായി ബന്ധപ്പെട്ട് മുഫസ്സിറുകളും അറബി ഭാഷാവിദഗ്ദ്ധരും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇബ്നു മന്‍ദൂറിന്‍റെ ലിസാനുല്‍ അറബ് എന്ന അറബി ഡിക്ഷ്ണറിയില്‍ ‘സൗജ്’ എന്ന പദത്തിന് നല്‍കിയ അര്‍ത്ഥം, ‘ഒരു ജോടിയിലെ ഒന്ന് ‘ എന്നാണ്. എന്നാല്‍ അറബികള്‍ക്കിടയില്‍ വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ രണ്ട് ഇനങ്ങള്‍ എന്ന അര്‍ത്ഥത്തിന് ‘സൗജൈനി’ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നതായി കാണാന്‍ കഴിയും . ഉദാഹരണത്തിന് , കറുപ്പും വെളുപ്പും, മധുരവും പുളിപ്പും. ഇമാം അല്‍ ഹസനും ഇതേ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് പറയുന്നു, ”ആകാശം ജോടിയിലെ ഒന്നാകുന്നു. ഭൂമിയും ജോടിയിലെ ഒന്നാണ് .അതുപോലെ ശൈത്യകാലവും , വേനല്‍ക്കാലവും , രാവു , പകലും…അങ്ങനെയെല്ലാം ജോടിയിലെ ഒന്നാണ്. ”

ഇമാം അല്‍ ത്വബരി മുജാഹിദില്‍നിന്നും ഉദ്ധരിച്ചുകൊണ്ട് ചില ഉദാഹരണങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അവിശ്വാസവും വിശ്വാസവും, ദുഃഖവും സന്തോഷവും , മാര്‍ഗ്ഗദര്‍ശനവും വഴിപിഴപ്പിക്കലും , രാവും പകലും , ഭൂമിയും സ്വര്‍ഗ്ഗവും, ജിന്നും മനുഷ്യനും ഇവയെല്ലാം പരസ്പരം ജോടികളാകുന്നു. ‘സകല വസ്തുക്കളെയും ഇണകളായി നാം സൃഷ്ടിച്ചു’ എന്ന സൂക്തത്തിന്റെ വിവക്ഷ അല്‍ ത്വബരി മുജാഹിദിന്‍റെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ട് ഇങ്ങനെ വിശദീകരിക്കുന്നു: ”അല്ലാഹു തന്‍റെ സൃഷ്ടികളിലോരോന്നിന്റെയും ഉദ്ദേശത്തിന് വിരുദ്ധമായി മറ്റൊരു സൃഷ്ടിയെ സൃഷ്ടിക്കുന്നു. ശേഷം ഒന്ന് മറ്റൊന്നിന് പങ്കാളിയാക്കുകയും ചെയ്തു” . ഈ ആശയം കൂടുതൽ വിശദീകരിച്ചു കൊണ്ട് ത്വബരി പറയുന്നു: എല്ലാ വസ്തുക്കള്‍ക്കും അതിന്‍റേതായ വസ്തുതാപരമായ സ്വഭാവസവിശേഷതകളുണ്ട്. അതുപോലെ തന്നെ അതിന്‍റെ ഇണയ്ക്കും. അവ പരസ്പര വ്യത്യാസം കാണിക്കുന്നതും പരിപൂരകങ്ങളുമാണ്. എന്നാല്‍ എല്ലാ തരത്തിലും സൃഷ്ടികള്‍ പരിപൂര്‍ണരോ സമാനമില്ലാത്തതോ പങ്കാളിയെ കൂടാതെയുള്ളതോ അല്ല. ഇതിനു തീര്‍ത്തും വിപരീതമായി അതുല്യനും ഏകനും പരിപൂര്‍ണനുമായിട്ടുള്ളത് അല്ലാഹു മാത്രമാകുന്നു. അതിനാല്‍ തന്‍റെ സൃഷ്ടികളെയെല്ലാം ‘ഇണകളാക്കി’ യതിലൂടെ അല്ലാഹു അവരില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

ആകാശവും ഭൂമിയും , സൂര്യനും ചന്ദ്രനും , നിരപ്പായ തറയും പര്‍വ്വതവും , വേനല്‍ക്കാലവും ശൈത്യകാലവും , ജിന്നും മനുഷ്യനും , സന്തോഷവും സങ്കടവും, സത്യവും അസത്യവും , സ്ത്രീയും പുരുഷനും , വെളിച്ചവും ഇരുട്ടും , ഈമാനും കുഫ്റും , മധുരവും കയ്പും , ഇങ്ങനെ പരസ്പര വിരുദ്ധമായതിനെ വര്‍ഗ്ഗങ്ങളാക്കി സൃഷ്ടിച്ചു എന്നാണ് ഇമാം ബഗവി ഈ ആയത്തിന് നല്‍കുന്ന വിശദീകരണം .മനുഷ്യർ ഇ തെക്കുറിച്ച് ചിന്തിച്ച് പാoമുൾക്കൊള്ളാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ജോടികളെ ഏകനായ അല്ലാഹു സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു .

അല്‍ ഖുര്‍തുബി ഈ ആയത്തിന് നല്‍കുന്ന അര്‍ത്ഥം, രണ്ട് വ്യത്യസ്ത ഇനങ്ങളില്‍ പെട്ടതോ അതോ സമാനവര്‍ഗ്ഗത്തില്‍പ്പെട്ടതോ ആയിട്ടുള്ളത് എന്നതാണ്. ഇബ്നു സൈദും ഇതേ അഭിപ്രായമാണ് ഉദാഹരണസഹിതം വിവരിക്കുന്നത്: സ്ത്രീ-പുരുഷന്‍, മധുരം-പുളിപ്പ്. എന്നാല്‍ ഇത്തരത്തിലുള്ള സൃഷ്ടിപ്പിന്‍റെയെല്ലാം അടിസ്ഥാനം സ്രഷ്ടാവായ അല്ലാഹു ഏകനാണ് എന്ന ഓര്‍മപ്പെടുത്തലാകുന്നു.

തഫ്സീറുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാമാണികമായ ഇബ്നു കസീറിന്റെ തഫ്സീറിൽ ‘നാം സകല വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചു’ എന്ന ഖുര്‍ആനിക വചനത്തിന് നല്‍കുന്ന വ്യാഖ്യാനം , അല്ലാഹു എല്ലാത്തിനെയും ഇണകളായി സൃഷ്ടിച്ചത് സ്രഷ്ടാവിന് പങ്കാളികളില്ല എന്നു തിരിച്ചറിയാന്‍ വേണ്ടിയാകുന്നു എന്നതാകുന്നു.

ഈ ആയത്തില്‍ ഇണ എന്നതിന് ഉപയോഗിച്ച ‘സൗജയ്ന്‍’ എന്ന അറബി പദവുമായി ബന്ധപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഖുര്‍ആനില്‍ ‘സൗജയ്ൻ’ എന്ന് പ്രയോഗിച്ച ആയത്തുകളില്‍ ചിലയിടങ്ങളില്‍ വളരെ സ്പഷ്ടമായി ഉദ്ദേശം , മനുഷ്യ സബന്ധമായ സ്ത്രീ-പുരുഷന്‍ ആണെന്നു കാണാന്‍ കഴിയും (53:45, 75:39). മറ്റു ചിലയിടങ്ങളില്‍ പഴവര്‍ഗ്ഗങ്ങളുടെ ജോടികളെ സംബന്ധിച്ചു പരാമര്‍ശിച്ചതായി കാണാം (13:3). അല്‍ ബഗവി ഇതിനു നല്‍കുന്ന വിശദീകരണം ‘സമാനമായ വര്‍ഗ്ഗത്തിലെ രണ്ട്’ എന്നാണ്. ഉദാഹരണത്തിന്, ചുവപ്പ്-പച്ച, മധുരം-പുളി. ഇമാം ഖുര്‍തുബിയും ഇതിനോട് സമാനമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഇവിടെ സൂചിപ്പിച്ച ജോടികളൊന്നും സ്ത്രീ-പുരുഷന്‍ എന്നുള്ള അര്‍ത്ഥം നല്‍കുന്നില്ല. കാരണം ഇതൊരിക്കലും ‘സൗജ്’ ന്‍റെ ആത്യന്തികമായ അര്‍ത്ഥം അല്ല. ഖുര്‍ആനിന്‍റെയും അറബികളുടെയും ഭാഷ അറിയുന്ന ഒരാള്‍ക്ക് ഇത് വളരെ വ്യക്തമാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് നിരീശ്വരവാദികള്‍ ഉന്നയിക്കുന്ന മറ്റൊരു സംശയമാണ് , ”എല്ലാ ജീവജാലങ്ങളും ലൈംഗികമായി പ്രത്യുല്‍പാദനം നടത്താറില്ല. എന്നിട്ടും ‘രണ്ട് ഇണ’ എന്ന ധാരണ എങ്ങനെയാണ് ഉണ്ടാവുന്നത്?” എന്നുള്ളത്. ഈ ചോദ്യത്തിനുള്ള വിശദീകരണം ഇതാണ്: അറബി പദങ്ങളുടെ അര്‍ത്ഥത്തിന്‍റെ ആഴം മുഴുവനും പ്രകടിപ്പിക്കാന്‍ കഴിയാത്താതുകൊണ്ടുള്ള പരിമിതികൾ ഖുര്‍ആന്‍റെ എല്ലാ പരിഭാഷകളിലും ഉണ്ടാവും. എല്ലാ ജീവികളെയും ലൈംഗികമായി പ്രത്യുൽപാദനം നടത്തുന്ന ഇണകളായിട്ടാണ് സൃഷ്ടിച്ചത് എന്ന് ഖുർആൻ പറഞ്ഞതിനെ മനസ്സിലാക്കേണ്ടതില്ല. ലൈംഗികപ്രത്യുല്‍പാദനവും അലൈംഗിക പ്രത്യുല്‍പാദനവും സ്വയം തന്നെ വിരുദ്ധമായ രണ്ട് ജോടികളാണ്‌ അഥവാ കാറ്റഗറികളാണ്. അതിനാല്‍ അല്ലാഹുവിന് ലൈംഗികപരമായും അലൈംഗികപരമായും ജൈവിക ജീവിതം പ്രോഗ്രാം ചെയ്യാന്‍ സാധിക്കും . ഇവ രണ്ടും ഒരു ജോടിയും ആവുന്നു. എന്നാല്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു തരത്തിലും പ്രത്യുല്‍പാദനത്തിലൂടെയല്ല അവന്‍ ഉണ്ടാകുന്നത്. അങ്ങനെ നിരീശ്വരവാദികളുടെ ഈ വാദവും ഇവിടെ നിരാകരിക്കപ്പെടുകയാണ്‌.

ചുരുക്കത്തില്‍ സകലതിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു യാതൊരു പങ്കാളിയും ഇല്ലാത്തവനാണ് എന്ന പ്രാപഞ്ചിക സത്യത്തെ ഓര്‍മപ്പെടുത്തുകയാണ് ഈ ഖുർആൻ സൂക്തത്തിലൂടെ.

Related Articles