Your Voice

ചിലത് അങ്ങനെയാണ്.. മറച്ചു വെക്കാന്‍ കഴിയില്ല

എത്ര ഒളിക്കാന്‍ ശ്രമിച്ചാലും സത്യവും ഗര്‍ഭവും പുറത്തു വരും എന്നാണ് പണ്ട് മുതലേ പറഞ്ഞു വരാറ്. വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയും ഖിലാഫത്ത് സമരവും ഒരിക്കലും സംഘ പരിവാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല മലബാറിലെ വര്‍ഗീയ കലാപങ്ങളില്‍ അത് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ സാംസ്കാരിക മന്ത്രാലയം ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറ്റിയമ്പതാം വര്ഷം അനുസ്മരിക്കുന്നതിന്റെ ഭാഗമായി 1857 മുതല്‍ 1947 കാലം വരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ച ആളുകളുടെ പേരും വിവരവും ചേര്‍ത്ത് കൊണ്ട് ഒരു നിഘണ്ടു പുറത്തിറക്കാന്‍ തീരുമാനിച്ചു. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ടു മരിക്കുകയോ കൊല്ലപ്പെടുകയോ അലെങ്കില്‍ അതിന്റെ ഭാഗമായി സര്‍ക്കാര്‍ വധ ശിക്ഷ വിധിക്കുകയോ ചെയ്തവര്‍ എന്നിവരെയാണു ഈ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ, ആസാദ് ഹിന്ദ്‌ സൈന്യം, വിവിധ കര്‍ഷക പ്രക്ഷോഭങ്ങള്‍, ഗോത്ര സമരങ്ങള്‍, തുടങ്ങി വ്യത്യസ്ത അവസരങ്ങളില്‍ ജീവന്‍ പൊലിഞ്ഞ ഏകദേശം 13500 ഓളം ധീര ദേശാഭിമാനികളെ ഈ നിഘണ്ടുവില്‍ ഓര്‍മ്മിക്കുന്നു.

2018 മാര്‍ച്ച് ഏഴിനാണ് ഈ നിഘണ്ടു പ്രധാനമന്ത്രി മോഡി പുറത്തിറക്കിയത്. അന്നദ്ദേഹം ഒരു പ്രസംഗം നടത്തി. അതിങ്ങിനെ സംഗ്രഹിക്കാം “ നമ്മുടെ രക്ത സാക്ഷികളുടെ ഓര്‍മ്മകളെ ഈ രീതിയില്‍ ഒന്നിപ്പിക്കാന്‍ നടത്തുന്ന ആദ്യ സംരഭമാണിത്. നമ്മുടെ രാജ്യം കെട്ടിപ്പെടുക്കാന്‍ ശ്രമിച്ച ധീര ദേശാഭിമാനികളെ വേണ്ട രീതിയില്‍ ഇതുവരെ ആദരിച്ചിട്ടില്ല. അവരെ സ്മരിക്കുമ്പോള്‍ നമ്മുടെ ഭൂതം മാത്രമല്ല ഭാവി കൂടിയാണ് പ്രശോഭിതമാകുന്നത്”. രാജ്യം ഒന്നാമത് എന്ന മുദ്രാവാക്യത്തെ മുറുകെപ്പിടിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ കാരണമാകും…………”.

അഞ്ചു വ്യാള്യങ്ങളിലായാണ് ഈ നിഘണ്ടു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ വാല്യം ദല്‍ഹി ഹരിയാന പഞ്ചാബ് ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലെ 4400 രക്ത സാക്ഷികളുടെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. വാല്യം രണ്ടില്‍ യു പി, ഉത്തര്ഖഢ്, എംപി, ചത്തിസ്കഢ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവടങ്ങളിലെ 3500 പേരുടെ വിവരം നല്‍കുന്നു. മൂന്നാം വാല്യം മഹാരാഷ്ട്ര ഗുജറാത്ത് സിന്ധ് എന്നിവിടങ്ങളിലെ 1400 പേരുടെ വിവരവും നാലാം വാല്യം ബംഗാള്‍ ബീഹാര്‍ ജാര്‍ഖണ്ഡ് ഒഡീസ ആസാം അരുണാചല്‍ പ്രദേശ്‌ മണിപ്പൂര്‍ മേഘാലയ നാഗാലാന്‍ഡ്‌ ത്രിപുര എന്നിവടങ്ങളിലെ 3300 പേരുടെ വിവരവും അഞ്ചാം വാല്യം ആന്ദ്രപ്രദേശ്, തെലുങ്കാന, കര്‍ണാടകം തമിഴ്‌നാട്‌ കേരളം എന്നിവടങ്ങളിലെ 1450 പേരുടെ വിവരവും ഉള്‍ക്കൊള്ളുന്നു.

Also read: വൈവിധ്യങ്ങളുടെ മഴവിൽ കൂടാരം

കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് ഈ കൃതികള്‍ പുറത്തിറക്കിയത് എന്നത് കൊണ്ട് അവര്‍ക്ക് കൂടി ബോധ്യമായ വിവരമാവും ഈ നിഘണ്ടുവില്‍ ഉണ്ടാവുക. പ്രസ്തുത കൃതിയില്‍ വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിങ്ങനെ വായിക്കാം “ അദ്ദേഹം ഏറനാട് നെല്ലിക്കോട്ടു ജനിച്ചു . ആലി മുസ്ലിയാരുടെ അടുത്ത അനുയായി. മലബാര്‍ ലഹളയിലെ ഒരു പ്രധാനപ്പെട്ട നേതാവ്. അദ്ദേഹത്തെയും പിതാവിനെയും ബ്രിട്ടീഷ് സര്‍ക്കാര്‍ മക്കയിലേക്ക് നാട് കടത്തി. ശേഷം അദ്ദേഹം തിരിച്ചു വന്നു ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. മഞ്ചേരി നിലമ്പൂര്‍ എന്നിവിടങ്ങളിലെ സുപ്രധാന ഖിലാഫത്ത് നേതാവായി അദ്ദേഹം ഉയര്‍ന്നു. കല്ലാമൂലയില്‍ വെച്ച് അദേഹം ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിച്ചു. പോലീസ് ക്യാമ്പ് ആക്രമിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. ബ്രിട്ടീഷ് ഭരണം നില നില്‍ക്കുമ്പോള്‍ തന്നെ ഒരു പ്രദേശത്തിന്റെ അധികാരം അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. 1922 ല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് സൈന്യം പിടികൂടുകയും പിന്നീട് വെടിവെച്ചു കൊല്ലുകയും ചെയ്തു.”.

അതാണ്‌ സത്യവും. സംഘ പരിവാറും അനുയായികളും പറഞ്ഞു പരത്തുന്ന ഒന്നും ഈ പുസ്കത്തില്‍ കണ്ടില്ല എന്ന് മാത്രമല്ല ഹാജി ശത്രുവായി കണ്ടത് ബ്രിട്ടീഷുകാരെ മാത്രം എന്ന് നിഘണ്ടു അടിവരയിടുന്നു. ചരിത്രത്തില്‍ അവഗാഹമുള്ള ആളുകളെയാകുമല്ലോ ഈ പണിക്കു സര്‍ക്കാര്‍ ഏല്‍പ്പിച്ചു കാണുക. അവര്‍ എന്തായാലും വാരിയന്‍കുന്നനെ വര്‍ഗീയവാദിയായി കണ്ടില്ല. അത് ഒരു വലിയ കാര്യമായി പറയുന്നതല്ല. സംഘ മനസ്സുകള്‍ പോലും പലപ്പോഴും അവരറിയാതെ സത്യം അംഗീകരിക്കേണ്ടി വരും എന്നുറപ്പാണ്.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

കേരള മുസ്ലിം പോരാട്ട ചരിത്രം പറയുന്ന കൃതിയാണ് ഷെയ്ഖ്‌ സൈനുദ്ദീന്‍ മഖ്ദൂം  രചിച്ച തുഹ്ഫതുല്‍ മുജാഹിദീന്‍. അതിന്റെ മൂല കൃതി അറബി ഭാഷയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള The National Mission for Manuscript ആയിരുന്നു ആ കൃതി നാല് ഭാഷകളില്‍ പുറത്തിറക്കിയത്. അത് തുടങ്ങി വെച്ചത് യു പി എ സര്‍ക്കാര്‍ ആയിരുന്നെങ്കിലും അത് പുറത്തിറങ്ങിയത് മോഡി സര്‍ക്കാരിന്റെ കാലത്താണ്. വൈദേശിക കടന്നു കയറ്റത്തെ എങ്ങിനെയാണു മുസ്ലിംകള്‍ പ്രതിരോധിച്ചത് എന്ന് ആ കൃതി കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയിലേക്ക്‌ ആദ്യം കടന്നു വന്ന യോറോപ്യന്‍ എന്നത് മാത്രമല്ല വാസ്കോടിഗാമ, ഇന്ത്യന്‍ മണ്ണിലേക്ക് ദുഷ്ട മനസ്സോടെ കടന്നു വന്ന ആദ്യ വിദേശി എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അന്ന് മുതല്‍ മുസ്ലിം ജനത പോരാട്ടം ആരംഭിച്ചു. അതിന്റെ ബാക്കിയാണ് ആലി മുസ്ലിയാരും ശിഷ്യന്‍ വരിയന്‍ കുന്നത്തും. വാമൊഴികള്‍ കള്ളം പറയുമ്പോഴും വരമൊഴികള്‍ സത്യപ്പെടുത്തുന്ന ചരിത്രം. ചിലത് അങ്ങനെയാണ്.. മറച്ചു വെക്കാന്‍ കഴിയില്ല.

പ്രധാനമന്ത്രിയുടെ വാക്കുകളും നാം അടിവരയിടും. ചരിത്രം ഇന്നലകളെ കുറിച്ച് കറുത്ത നുണകള്‍ പറയാന്‍ മാത്രമുള്ളതല്ല, നാളേക്ക് വെളിച്ചം നല്‍കാന്‍ കൂടിയുള്ളതാണ്. അവരറിയാതെ സംഘ പരിവാര്‍ തന്നെ അത് ചെയ്യുന്നു എന്നത് കാലത്തിന്റെ നീതി മാത്രം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker