Current Date

Search
Close this search box.
Search
Close this search box.

ജാതി വാഴ്ചയിലെ അടിമ ജീവിതം!

തൊട്ടടുത്തായി വന്ന മൂന്ന് ജാതി ഭീകര വാർത്തകൾ നമ്മുടെ രാഷ്ട്രം എങ്ങോട്ടു പോകുന്നു എന്നതിലേക്കുള്ള ദിശാസൂചിയാണ്.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വന്ദനകതാരിയ എന്ന 29 കാരിക്ക് ജന്മനാട്ടിൽ ഏൽക്കേണ്ടി വന്നത് പഴി! കാരണം മറ്റൊന്നുമല്ല, അവരുടെ ജാതി! ഫൈനലിൽ അർജൻ്റീനയോട് ഇന്ത്യ പരാജയപ്പെടാൻ കാരണമായത് ടീമിൽ ദലിതർ ഉണ്ടായതു കൊണ്ടാണത്രെ! മത്സരശേഷം വന്ദനയുടെ വീടിനു മുന്നിൽ ആക്രോശിച്ചും ഭീഷണിപ്പെടുത്തിയും അരിശം തീർത്ത ശേഷമാണ് “ജനം” പിരിഞ്ഞു പോയത്!

കോയമ്പത്തൂർ ജില്ലയിലെ അണ്ണൂർ ഒട്ടർ പാളയത്തിൽ വില്ലേജ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ, ദലിതനായ മുത്തുസ്വാമിക്കുണ്ടായ അനുഭവമാണ് മറ്റൊന്ന്. ഉദ്യോഗസ്ഥ പദവിയിലിരുന്നിട്ടും ദലിതനായി എന്ന ഒറ്റക്കാരണത്താൽ ഗോപാൽ സ്വാമി എന്ന സവർണ (ഗൗണ്ടർ ) യുവാവിൻ്റെ കാലിൽ സാഷ്ടാംഗം വീണ് കരഞ്ഞ് മാപ്പ് ചോദിക്കേണ്ടി വന്നു ഇദ്ദേഹത്തിന്! ഓൺലൈൻ അപേക്ഷയുമായി ബന്ധപ്പെട്ട് ഓഫീസർ ഒരു നിയമം പറഞ്ഞപ്പോൾ പ്രകോപിതനായ സവർണൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എൻ്റെ കാലിൽ വീണ് മാപ്പ് പറയാത്ത പക്ഷം ദലിതനായ തന്നെ ഗ്രാമത്തിൽ താമസിക്കാൻ അനുവദിക്കില്ല! ജോലി തെറിപ്പിക്കും! കുടുംബത്തെ തീ കൊളുത്തി കൊല്ലും!….” ഇതോടെ പേടിച്ചരണ്ട ദലിത് “ഉദ്യോഗസ്ഥൻ” സവർണ യുവാവിൻ്റെ കാലിൽ വീഴുകയായിരുന്നു!

ജാതി ഭീകര വാഴ്ചയുടെ മറ്റൊരു ക്രൂര വാർത്ത വന്നത് സാക്ഷാൽ രാജ്യസഭയിൽ നിന്നാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് ഐ.ഐ.ടികളിൽ നിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാതി വഴിയിൽ പഠനം ഉപേക്ഷിച്ചവരിൽ 63 ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്നാണത്രെ! ഇതിൽ തന്നെ 70 ശതമാനവും പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളായിരുന്നു! എന്നു പറഞ്ഞാൽ രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളായ ഐ.ഐ.ടികളിൽ വാഴുന്നത് ജാതി ഭീകരതയുടെ കരി മൂർഖാൻമാരാണ്!

അടുത്തിടെയാണല്ലോ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തത്. സ്വന്തം അധ്യാപകൻ്റെ ജാതിപീഡനം മൂലം പഠനം തുടരാൻ വഴിയില്ലെന്ന് എഴുതി വെച്ചാണ് അവർ സ്വയംഹത്യ തെരഞ്ഞെടുത്തത്. രോഹിത് വെമുല എഴുതിയതു പോലെ “എൻ്റെ പേരു തന്നെ പ്രശ്നമാണ് വാപ്പച്ചി!..” എന്ന് ഫാത്തിമയും എഴുതി വെച്ചിരുന്നു! മദ്രാസ് ഐ.ഐ.ടിയിൽ മാത്രം ഏഴു വർഷത്തിനകം ഇതുപോലെ 35 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടത്രെ!

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കനുസരിച്ച് രാജ്യത്തെ 23 ഐ.ഐ.ടികളിലായി 4000 വിദ്യാർത്ഥികൾ കൊഴിഞ്ഞു പോയതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്!

ജാതീയതയും പരമത വിദ്വേഷവും ഹിന്ദുത്വ ഫാഷിസത്തിൻ്റെ അടിസ്ഥാന പ്രത്യയശാസ്ത്രമാണെന്നതിനാൽ മോദി സർക്കാറിൻ്റെ കീഴിൽ രാഷ്ട്രം കൂടുതൽ ജാതിവത്കരിക്കപ്പെടും എന്നതിൻ്റെ കൂടി പ്രഖ്യാപനങ്ങളാണിതൊക്കെയെന്ന് പറയേണ്ടതില്ല. മനുഷ്യ പക്ഷത്തു നിൽക്കുന്നവരെല്ലാം സംഘ് ഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായി പോരടിക്കൽ മാത്രമാണ് മുന്നിലുള്ള ഏക പോംവഴി!

Related Articles