Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികൾ പീഡിപ്പിക്കപ്പെടണം എന്നുണ്ടോ ?

പ്രവാചക ചരിത്രത്തിലെ മഹത്തരമായ ഒന്നാണ് ഹിജ്റ. മക്കയിൽ നിന്നും ശത്രുക്കളുടെ ശല്യം സഹിക്കവയ്യാതെ പ്രവാചകനും വിശ്വാസികളും മദീനയിലേക്ക് പാലായനം ചെയ്തു. മുസ്ലിമായി മക്കയിൽ ജീവിക്കാൻ കഴിയാത്ത അവസരം വന്നപ്പോൾ അത്തരം ഒരു തീരുമാനം അനിവാര്യതയായി തീർന്നു. ഹിജ് റക്ക് മുമ്പ് തന്നെ ഇസ്ലാമിൽ നമസ്കാരം നിർബന്ധമാക്കിയിരുന്നു. നമസ്കാരം ആരംഭിച്ച ഒന്നാം തിയ്യതി മുതൽ സഹാബികൾ അത് കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നു. എന്നിട്ടും അവർക്ക് സ്വദേശം വിടേണ്ടി വന്നു. ഒരു പ്രവാചകനും ചരിത്രത്തിൽ സ്വസ്ഥമായി ജീവിച്ചതായി നമുക്കറിയില്ല.

നമസ്കാരം ഇസ്ലാമിലെ നിർബന്ധ കാര്യമാണ്. പ്രായപൂർത്തിയും ബുദ്ധിയും വിവേകവും ഒത്തു വന്നാൽ അത് വിശ്വാസിയുടെ മേൽ ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒന്നായി മാറുന്നു. നമസ്കാരം ദീനിന്റെ തൂണായി ഇസ്ലാം എണ്ണുന്നു. നമസ്കാരം നിലനിർത്തുക എന്നത് കൊണ്ട് വിവക്ഷ ദീനിനെ നിലനിർത്തുക എന്നതാണ്. നമസ്കാരം ഉപേക്ഷിക്കൽ ദീനിനെ തകർക്കുന്നത് പോലെ എന്നാണു ഇസ്ലാം കണക്കാക്കുന്നത്. മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണം അത് ഒന്നാം തിയ്യതി മുതൽ തന്നെ ആരംഭിച്ചിരുന്നു. എല്ലാ പ്രവാചകന്മാരും അത് നേരിട്ടവരാണ്. മൂസാ നബിയും നൂഹ് നബിയും ഇബ്രാഹിം നബിയും ഈസാ നബിയും അവസാനം മുഹമ്മദ്‌ നബിയും അക്കാരണത്താൽ തന്നെ ശത്രുക്കളുടെ എതിർപ്പിനു പാത്രമായിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് ചതിയിലൂടെ ചില സഹാബികളെ ശത്രുക്കൾ കൊന്നു കളഞ്ഞതിന്റെ ചരിത്രവും നാം വായിക്കുന്നു.

നമസ്കരിക്കാത്തവർ ശത്രുവിന്റെ കൈകൊണ്ടു കൊല്ലപ്പെടണം എന്നൊരു തീരുമാനം ഇസ്ലാമിനില്ല. ശാഫി കർമ്മ ശാസ്ത്ര പ്രകാരം നമസ്കരിക്കാത്തത് കൊണ്ട് ഒരാൾ ഇസ്ലാമിൽ നിന്നും പുറത്തു പോകില്ല. പകരം നമസ്കാരത്തിന്റെ പ്രാധാന്യത്തെ ചോദ്യം ചെയ്‌താൽ മാത്രമാണ് ഒരാൾ ഇസ്ലാമിൽ നിന്നും പുറത്തു പോകുക. ഒരാൾ നമസ്കരിച്ചില്ല എന്നത് കൊണ്ട് അയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഭരണ കൂടത്തിനു അവകാശമില്ല. തങ്ങൾക്കു ശത്രുക്കളുടെ കയ്യിൽ നിന്നും പീഡനം സഹിക്കേണ്ടി വന്ന സന്ദർഭത്തിൽ നമസ്കാരം കൊണ്ടും സഹനം കൊണ്ടും അല്ലാഹുവിനോട് സഹായം തേടാൻ പ്രവാചകന്മാർ അണികളോട് പറയുന്നുണ്ട്. അത് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനുള്ള കാരണമായി മനസ്സിലാക്കപ്പെടുന്നു.

അതെ സമയം പീഡിതരേ അക്രമികളിൽ നിന്നും രക്ഷപ്പെടുത്താൻ നിങ്ങൾ എന്ത് കൊണ്ട് മുന്നോട്ട് വരുന്നില്ല എന്ന ചോദ്യമാണ് ഖുർആൻ ഉയർത്തുന്നത്. ചില കാരണങ്ങളാൽ മക്കയിൽ പെട്ടുപോയ വിശ്വാസികളെ കുറിച്ചാണ് ആ ഖുർആൻ വചനം അവതീർണമായത് . ഫലസ്തീനിലും ചൈനയിലും ഇന്ത്യയിലും മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നു എന്നത് അവർ നമസ്കാരം ഉപേക്ഷിച്ചത് കൊണ്ടാണ് എന്ന വ്യാഖ്യാനം ഭരണ കൂട ഭീകരതയെ സഹായിക്കലാണ്. അതെ പോലെ അക്രമികളായ ഭരാണിധികാരിയെ സുഖിപ്പിക്കലാണ്.

സമസ്ത കേരളത്തിലെ വലിയ മുസ്ലിം സംഘടനയാണ്. അവർ രണ്ടു ചേരിയിൽ പോയിട്ടും അവരുടെ സംഘടന ശക്തി കുറഞ്ഞിട്ടില്ല. എന്ത് കൊണ്ട് സമസ്ത പിളർന്നു എന്നതു ഇന്നും ഒരു സമസ്യയാണ്. ലോകത്തിലെ മുഴുവൻ അക്രമികളായ ഭരണാധികാരികളെയും പിന്താങ്ങുന്ന രീതി ആരു നടത്തിയാലും അത് ഏറെ ദുഖകരമാണ്. ഈജിപ്തിൽ നിന്നും തുടങ്ങി ഇന്ത്യ വരെ അങ്ങിനെയാണ് ചിലരുടെ നിലപാട്. അടുത്തിടെ കേരളത്തിൽ ഇടതു പക്ഷത്തിന്റെ തുടർ ഭരണം വേണമെന്ന വാദം മുന്നോട്ട് വെക്കുന്നതും മറ്റൊന്നല്ല. ഭരണ കൂടങ്ങളെ പിന്താങ്ങുക എന്നത് പുരോഹിതരുടെ എന്നത്തേയും നിലപാടാണ്. ഇമാം അബൂഹനീഫ ഭരണകൂടത്തിൽ നിന്നും മർദ്ദനമെറ്റപ്പോൾ അതിനു ഭരണകൂടത്തിനു പിന്തുണ നൽകിയത് അന്നത്തെ കൊട്ടാരം പണ്ഡിതരായിരുന്നു. ചരിത്രത്തിൽ ഭരണ കൂട ഭീകരതയ്ക്ക് എന്നും പുരോഹിതരുടെ പിന്തുണ ലഭിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.

നമസ്കരിക്കാത്ത ഒരാളുടെയും വീടുകൾ കത്തിക്കണം എന്ന് ഇസ്ലാമിലില്ല. പ്രവാചകൻ അങ്ങിനെ പറഞ്ഞത് ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യം ഊന്നി പറയാൻ വേണ്ടി മാത്രം. മുസ്ലിംകളെ നമസ്കാരം പഠിപ്പിക്കാൻ വേണ്ടിയാണു ചൈനയിലും മ്യാൻമറിലും ഇസ്രായേലിലും ഇന്ത്യയിലും അക്രമികളായ ഭരണാധികാരികൾ ദൈവം നിശ്ചയിച്ചത് എന്നത് വിഷയങ്ങളെ എങ്ങിനെ കാണുന്നു എന്നതിന്റെ തെളിവാണ്. എന്ത് കൊണ്ട് എന്നതിന് ഒരു ഉത്തരം വേണം. ആ ഉത്തരം അവർ മുസ്ലീംകളായി എന്നത് തന്നെയാണ്.

വിശ്വാസികളെ കിടങ്ങ് കുഴിച്ചു കത്തിച്ചു കളഞ്ഞ ഒരു സംഭവം ഖുർആൻ പറയുന്നു. ഗുജറാത്തിൽ മോഡി സ്റ്റൈലിൽ അന്നത്തെ ഭരണകൂടം ചെയ്ത നീചമായ പ്രവർത്തനത്തെ ഖുർആൻ ഇങ്ങിനെ വിശദീകരിച്ചു. “ ആ സത്യവിശ്വാസികളോട് അവർക്കുണ്ടായിരുന്ന വിരോധത്തിനു കാരണം, അവർ അജയ്യനും സ്തുത്യർഹനുമായ, ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനായ അല്ലാഹുവിൽ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു” അതായത് മുസ്ലിമായി എന്ന ഏക കാരണമാണ് ഇന്ന് നാം കാണുന്ന ആക്രമങ്ങളുടെ പിന്നിലെ വസ്തുതയും. നമസ്കാരം ഒഴിവാക്കിയ കാരണത്താൽ മുസ്ലിംകളെ ഇല്ലാതാക്കാൻ അല്ലാഹു ഒരു ഭരണ കൂടത്തെ കൊണ്ട് വരും എന്ന് പറയുന്ന ഒന്നും ഇസ്ലാമിലില്ല . അതെ സമയം ആ അക്രമികളായ ഭരണകൂടത്തെ പിന്തുണക്കാൻ കാണിക്കുന്ന വൈഭവം അവർ എത്രമാത്രം ഇ ലോകത്തോട്‌ ഒട്ടി നിൽക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായി മനസ്സിലാക്കാം.

രണ്ടു വിഭാഗം നന്നാകുമ്പോൾ മാത്രമാണ് മനുഷ്യ കുലം നന്നാകുന്നത്. ഒന്ന് ഭരണകൂടം മറ്റൊന്ന് പണ്ഡിതർ. ചരിത്രത്തിൽ പണ്ഡിതർ എന്നും പ്രതിപക്ഷത്താകും. ഭരണ കൂടത്തെ തിരുത്താനുള്ള ശക്തിയായി അവർ നില കൊണ്ടു. മുൻഗാമികളുടെ ചരിത്രം അതാണു പറയുന്നത്. ഭരണ കൂടത്തിന്റെ തെറ്റുകളെ ന്യായീകരിച്ചു കൊണ്ടല്ല അവരിൽ നിന്നും അവകാശം പിടിച്ചു വാങ്ങേണ്ടത് . പകരം അവരുടെ നിലപാടുകളെ തിരുത്തിയാണ്.

പണ്ഡിതരും പുരോഹിതരും തമ്മിലുള്ള അന്തരം ഇങ്ങിനെ മനസിലാക്കാം, “ പണ്ഡിതർ അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ പാലം പണിയുന്നു. മനുഷ്യരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. അല്ലാഹുവിന്റെ വിധികളും നിർദ്ദേശങ്ങളും ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചു നൽകുന്നു. പുരോഹിതൻ വിശ്വാസികൾക്കും ദൈവത്തിനുമിടയിൽ മതില് പണിയുന്നു. അല്ലാഹുവിനെയും മനുഷ്യരെയും അകറ്റുന്നു. ദൈവത്തിന്റെ നിർദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു.

ഫലസ്തീനും ഉയ്ഗൂറും രോഹിങ്കയും ഡൽഹിയും ഗുജറാത്തും കേവലം നമസ്കാരത്തിന്റെ വിഷയമായി മാറരുത്. ഇസ്ലാമോഫോബിയ ഇന്നൊരു സത്യമാണ്. അത് മുസ്ലിംകളെ തന്നെ പിടികൂടുന്നു എന്നതിന്റെ കൂടി ലക്ഷണമായി നമുക്ക് ഇത്തരം അഭിപ്രായ പ്രകടനങ്ങളെ മനസ്സിലാക്കാം. “’ഞങ്ങൾ അല്ലാഹുവിൽ മാത്രം ഭരമേൽപിച്ചു. നാഥാ, ഞങ്ങളെ നീ മർദകരായ ജനത്തിന് പരീക്ഷണമാക്കാതിരിക്കേണമേ നിന്റെ കാരുണ്യത്താൽ ഞങ്ങളെ സത്യനിഷേധികളായ ജനത്തിൽനിന്നു മോചിപ്പിക്കേണമേ” എന്ന ഖുർആൻ വചനം ഇങ്ങിനെ വിശദീകരിക്കപ്പെടുന്നു. ( yoonus 85)

“ഞങ്ങളെ നീ മർദകരായ ജനത്തിന് ഒരു പരീക്ഷണമാക്കരുത്’ എന്ന് സത്യവിശ്വാസികളായ ഈ യുവാക്കൾ നടത്തിയ പ്രാർഥന വിശാലമായ അർഥങ്ങളുൾക്കൊള്ളുന്നുണ്ട്. ദുർമാർഗത്തിന്റെ പൊതുവായ വിജയവും ആധിപത്യവും നിലനിൽക്കുമ്പോൾ ഒരുപിടി ആളുകൾ സത്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി മുന്നോട്ടുവരുകയാണെങ്കിൽ വിവിധതരത്തിലുള്ള അക്രമങ്ങളാണവർക്ക് നേരിടേണ്ടിവരുന്നത്. ഒരു ഭാഗത്ത് അസത്യത്തിന്റെ യഥാർഥ കൊടിവാഹകർ തങ്ങളുടെ മുഴുവൻ കഴിവുകളും വിനിയോഗിച്ചു സത്യപ്രബോധനത്തെ ചവിട്ടിമെതിക്കാൻ ആഗ്രഹിക്കുന്നു. മറുഭാഗത്ത്, സത്യപ്രേമികളാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു പ്രത്യേക വിഭാഗം സത്യം അംഗീകരിക്കുന്നുവെന്ന് വാദിക്കുന്നുവെങ്കിലും, അസത്യത്തിന്റെ നിഷ്ഠുര ആധിപത്യത്തിനെതിരെ സത്യത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി ശ്രമിക്കുന്നത് നിർബന്ധ ചുമതലയല്ലെന്നും അത് അപ്രായോഗികവും വിഡ്ഢിത്തവുമാണെന്നും മനസ്സിലാക്കുന്നു. സത്യത്തോട് തങ്ങൾ ചെയ്യുന്ന ഈ വഞ്ചനാത്മകമായ നിലപാട് ശരിയാണെന്ന് വാദിക്കാൻ അവർ പാടുപെട്ടുകൊണ്ടിരിക്കും. അതിനാൽ, സത്യദീനിന്റെ സംസ്ഥാപന -പ്രബോധന പ്രവർത്തനങ്ങൾ അവരിൽ സൃഷ്ടിച്ച പ്രത്യക്ഷമോ പരോക്ഷമോ ആയ മനസ്സാക്ഷിക്കുത്ത് മായ്ച്ചുകളയുന്നതിനുവേണ്ടി യഥാർഥ സത്യപ്രബോധകർ അസത്യത്തിന്റെ വാഹകരാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിക്കുന്നു.”

Related Articles