Your Voice

ഭരണകൂട വേട്ടക്കിരയാകുന്ന പണ്ഡിതര്‍

ഒരിക്കല്‍ മാത്രമാണ് ഷെയ്ഖ് യൂസുഫുല്‍ ഖറദാവിയെ നേരില്‍ കണ്ടത്. അതൊരു ദൂരെ നിന്നുള്ള കാഴ്ചയായിരുന്നു. ഞാന്‍ യു എ ഇ യില്‍ ഉള്ള സമയത്തു പലപ്പോഴും അദ്ദേഹം അവിടം വന്നിരുന്നു. ഹജ്ജിനു പോയ സമയത്തു ഒരു സുഡാനിയുമായി സംസാരിച്ചു. ഒരു വിഷയം പറഞ്ഞപ്പോള്‍ ‘അതില്‍ ഷെയ്ഖ് ഖറദാവി എന്ത് പറയുന്നു’ എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ‘ശൈഖ് ഖര്‍ദാവിയുടെ അഭിപ്രായം പരിഗണിക്കാതെ എങ്ങനെയാണ് ആ വിഷയത്തില്‍ നിലപാട് സ്വീകരിക്കുക’ എന്നായിരുന്നു പ്രതികരണം.

ഇസ്ലാമിന്റെ വൈജ്ഞാനിക രംഗം എന്നും നയിച്ചിരുന്നത് ആ കാലത്തെ പണ്ഡിതരായിരുന്നു. പണ്ഡിതന്മാര്‍ അത് കൊണ്ട് തന്നെ പ്രവാചകരുടെ പിന്‍ഗാമികള്‍ എന്ന് പ്രവാചകന്‍ പറഞ്ഞു. പണ്ഡിതര്‍ ബാക്കിയാക്കി പോകേണ്ടത് വിജ്ഞാനവും സംസ്‌കാരവുമാണ്. അതല്ലാതെ സമ്പത്തല്ല എന്ന് കൂടി ചേര്‍ത്ത് പറയണം. ഷെയ്ഖ് ഖറദാവിക്കെതിരെ ഇന്റര്‍പോള്‍ ഇറക്കിയ ‘മോസ്റ്റ് വാണ്ടഡ് പട്ടികയില്‍’ നിന്നും അദ്ദേഹത്തെ ഒഴിവാക്കി എന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു. രാജ്യത്തിനെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നതാണ് സീസി സര്‍ക്കാര്‍ ചുമത്തിയ കുറ്റം. ജനാധിപത്യപരമായി തിരഞ്ഞെടുത്ത മുര്‍സി സര്‍ക്കാരിനെ പട്ടാളത്തിന്റെ പിന്തുണയോടെ പുറത്താക്കി സീസി അധികാരം പിടിച്ചപ്പോള്‍ മധ്യേഷ്യയില്‍ പലരും മൂകനായി. മുസ്ലിം ലോകത്തിന്റെ ആസ്ഥാന പണ്ഡിതര്‍ ആ വിഷയത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രസ്തുത അട്ടിമറിക്കു ഈജിപ്തിന് പിന്തുണ നല്‍കിയവര്‍ ആരൊക്കെ എന്നത് പകല്‍ പോലെ വെളിച്ചമാണ്.

മുസ്ലിം പണ്ഡിത ലോകം ചരിത്രത്തില്‍ അധിക സമയത്തും ഭരണാധികാരികളുടെ പിടുത്തത്തിലായിരുന്നു. ചരിത്രത്തില്‍ വളരെ കുറച്ചു പേര് മാത്രമാണ് അതിന് അപവാദം. അവര്‍ അനുഭവിച്ച പീഡനങ്ങള്‍ നാം വായിച്ചതും അറിഞ്ഞതും. ഖലീഫ മഅ്മൂന്‍ ഖുര്‍ആന്‍ സൃഷ്ടി വാദവുമായി രംഗത്തു വന്നപ്പോഴും അതിനു ശേഷം വന്ന രാജാക്കന്മാരും അധികം പണ്ഡിതന്മാരില്‍ നിന്നും എതിര്‍പ്പൊന്നും നേരിട്ടില്ല എന്ന് മാത്രമല്ല അതിനെതിരെ ശക്തമായി നിലകൊണ്ട ഇമാം അഹ്മദ് ബിന്‍ ഹമ്പലിനെ പോലുള്ളവരെ ക്രൂശിക്കാന്‍ കൂട്ട് നിന്നതും അന്നത്തെ പണ്ഡിതര്‍ തന്നെ. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇസ്ലാമിക വൈജ്ഞാനിക ദാര്‍ശനിക രംഗത്തു ഷെയ്ഖ് ഖറദാവി നിറഞ്ഞു നില്‍ക്കുന്നു. ഒരേ സമയത്തു തന്നെ മുസ്ലിം അധികാരി പക്ഷത്തു നിന്നും ജൂത പക്ഷത്തു നിന്നും അദ്ദേഹം ഭീഷണികള്‍ നേരിട്ടു. അല്ലെങ്കില്‍ രണ്ടു പേര്‍ക്കും യോജിക്കാന്‍ കഴിയുന്ന ചില അപൂര്‍വ മേഖലയാണ് ഖര്‍ദാവി എന്ന് സാരം.

ഇല്ലാത്ത കാരണം പറഞ്ഞാണ് സീസി ഭരണകൂടം ഖര്‍ദാവിക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രമിച്ചത്. കുറ്റം ചെയ്യാത്തയാള്‍ കുറ്റവാളി എന്നും തീവ്രവാദി എന്നും ഭീകരവാദി എന്നും പരിചയപ്പെടുത്തുക എന്നത് പുതിയ കാര്യമല്ല. അത്തരം നിലപാടുകള്‍ കൊണ്ട് യഥാര്‍ത്ഥ പണ്ഡിതരെ തളക്കാന്‍ കഴിയില്ല. ഇസ്ലാമിന്റെ ജനം അവഗണിച്ച പൂര്‍ണത ലോകത്തിനു ചൂണ്ടി കാണിച്ചു കൊടുത്തു എന്നതാണ് സയ്യിദ് മൗദൂദി ചെയ്ത സേവനം. ഇസ്ലാമിന്റെ വിശാലത ജീര്‍ണതയുടെയും തീവ്രതയുടെയും മധ്യത്തില്‍ നിന്നും ലോകത്തിനു കാണിച്ചു കൊടുത്തു എന്നതാണ് ഷെയ്ഖ് ഖറദാവി ചെയ്ത സേവനം. ഇസ്ലാം എളുപ്പമാണ് എന്ന് പറഞ്ഞാല്‍ അത് വിശ്വാസത്തിലും കര്‍മ്മത്തിലും എളുപ്പമാകണം. സലഫി ധാരയുടെ കടും പിടുത്തം പലതിനെയും വിശ്വാസികള്‍ക്ക് ദുസ്സഹമാക്കിയിരുന്നു. ഇസ്ലാമില്‍ ഹലാലാണ് കൂടുതല്‍ ഹറാം പരിമിതവും. പക്ഷെ നമുക്ക് പരിചിതമായ ദീന്‍ ഹറാമുകളുടെ ഒരു സംഗമ ഭൂമിയായിരുന്നു.

കേരളത്തിലെ ഒരു അറിയപ്പെടുന്ന സലഫി പ്രഭാഷകന്‍ സകാത്തുമായുള്ള അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പൂര്‍ണമായി അവലംബിച്ചത് ഷെയ്ഖ് ഖര്‍ദാവിയുടെ ‘ ഫിഖ്ഹ് സകാത്’ എന്ന ഗ്രന്ഥമാണ്. അതിലും ബ്രഹത്തായ ഒന്ന് പിന്നെ ഇറങ്ങിയില്ല എന്നാണു അദ്ദേഹം കാരണം പറഞ്ഞത്. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്തു അതിനുള്ള പ്രതിരോധം കൂടിയാണ് ഷെയ്ഖ് ഖറദാവി എന്ന് പറയണം. ഒരിക്കല്‍ തോറ്റു എന്നത് കൊണ്ട് പിശാച് അടങ്ങിയിരുന്ന ചരിത്രം നാം കേട്ടിട്ടില്ല. എന്ത് കൊണ്ട് ഇമാം ഷാഫി അവര്‍കള്‍ ബാഗ്ദാദ് വിട്ടുപോയി എന്നത് കൂടി നാം ചേര്‍ത്ത് വായിക്കണം. യഥാര്‍ത്ഥ പണ്ഡിതന്മാരെ എന്നും ഭരണ കൂടങ്ങള്‍ വേട്ടയാടിയിട്ടേയുള്ളൂ. അത് കൊണ്ട് തന്നെ അടുത്ത ചതിയിലൂടെ അവര്‍ രംഗത്തു വരും എന്നുറപ്പാണ്. അതിനെ തടയാന്‍ സര്‍വ ശക്തന്‍ അദ്ദേഹത്തിന് ശക്തി നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Facebook Comments
Show More

Related Articles

Close
Close