Current Date

Search
Close this search box.
Search
Close this search box.

ശഅബാൻ ശ്രേഷ്ഠമാസം

ചോദ്യം. ശഅബാൻ ശ്രേഷ്ഠമാസമാണോ,  എന്താണതിന്റെ രഹസ്യം?

ഉത്തരം.  നബി തിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാൻ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ. അതേപ്പറ്റി ചോദിക്കപ്പെട്ട സന്ദർഭത്തിൽ പൊതുവേ ആളുകൾ അശ്രദ്ധ വരുത്താൻ സാധ്യതയുള്ള മാസമാണതെന്നും, യഥാർത്ഥത്തിൽ അല്ലാഹുവിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണതെന്നും, അതിനാൽ എന്റെ കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമ്പോൾ നോമ്പ് നോറ്റ ഏറ്റവും പരിശുദ്ധമായ അവസ്ഥയിലായിരിക്കണം എന്ന് താൻ ആഗ്രഹിക്കുന്നു എന്നും അതിനാലാണ് ശഅ്ബാനിൽ താനിത്രയധികം നോമ്പനുഷ്ഠിക്കുന്നത് എന്നും തിരുമേനി (സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തിരുമേനി (സ) സൂചിപ്പിച്ച പോലെ പൊതുവേ നാമെല്ലാം ശ്രദ്ധിക്കാതെ വിടുന്ന മാസമായിരിക്കുന്നു ശഅ്ബാൻ. ധാരാളം ഹദീസുകൾ ഇവിടെ ഉരിക്കാനുണ്ടെങ്കിലും രണ്ടെണ്ണം മാത്രം ചുവടെ ചേർക്കുന്നു. ആയിശ (റ)പറയുന്നു:

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ ، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ. رَوَاهُ الْبُخَارِىُّ: – 1969. كَانَ يَصُومُ شَعْبَانَ كُلَّهُ. أَخْرَجَهُ الْبُخَارِىُّ وَمُسْلِمٌ.

അല്ലാഹുവിന്റെ റസൂൽ (സ) പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നു വെച്ചാൽ, തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ലാ എന്ന് ഞങ്ങൾ പറയുവോളം. അത്പോലെ തിരുമേനി നോമ്പെടുക്കാറില്ല എന്ന് പറയുവോളം ചില സന്ദർഭങ്ങളിൽ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാൽ റമദാനല്ലാത്ത മറ്റൊരു മാസവും പൂർണ്ണമായി അവിടുന്ന് നോമ്പനുഷ്ഠിച്ചതായി ഞാൻ കണ്ടിട്ടില്ല. റമദാൻ കഴിഞ്ഞാൽ പിന്നെ ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും അവിടുന്ന് നോമ്പനുഷ്ഠിക്കുന്നതും ഞാൻ കണ്ടിട്ടില്ല. (ബുഖാരി: 1969).

Also read: തുർക്കി സ്ത്രീകൾ കൊറോണയെ അഭിമുഖീകരിച്ച വിധം

മറ്റു ചില റിപ്പോർട്ടുകളിൽ ശഅ്ബാൻ മുഴുവൻ നബിതിരുമേനി (സ) നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം. ഇത്തരം ധാരാളം ഹദീസുകളിൽ നിന്ന് നബി (സ) ഏറ്റവും കൂടുതൽ സുന്നത്ത് നോമ്പുകൾ അനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്ന് മനസ്സിലാവുന്നു.

എന്താണതിന്റെ രഹസ്യം?
ഇതിന്റെ രഹസ്യത്തെപ്പറ്റി സ്വഹാബിവര്യൻ ഉസാമ (റ) റസൂലിനോട് അന്വേഷിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ? തിരുമേനി പറഞ്ഞു: റജബിന്റേയും റമദാനിന്റേയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാർത്ഥത്തിൽ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. അതിനാൽ ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്.(നസാഈ: 2357).

عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ؟. قَالَ: « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِى وَأَنَا صَائِمٌ ».- صَحِيحٌ النِّسَائِيُّ: 2357

ഇവിടെ പരാമർശിക്കപ്പെട്ട റജബ്, യുദ്ധം വിലക്കപ്പെട്ടിരുന്ന പവിത്രമാസങ്ങളിൽ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധമായ റമദാനും. അവ രണ്ടിനും ഇടയിലുള്ള ശഅ്ബാൻ ശ്രദ്ധിക്കാതെപ്പടാതെ പോവുക സ്വാഭാവികം. എന്നാൽ അങ്ങനെ അവഗണിക്കേണ്ട മാസമല്ല അതെന്നും പ്രത്യുത പരമാവധി സൽക്കർമ്മങ്ങൾ വർദ്ധിപ്പിച്ച് തങ്ങളുടെ കർമ്മരേഖ അല്ലാഹുവിന് സമർപ്പിക്കപ്പെടാൻ പാകത്തിൽ ഒരുങ്ങിയിരിക്കുകയും ചെയ്യേണ്ട മാസമാണ് ശഅ്ബാൻ എന്നും, ആ മാസത്തിൽ ചെയ്യാവുന്ന പുണ്യകർമ്മങ്ങളിൽ ഏറ്റവും ഉത്തമം സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കുക എന്നുമൊക്കെ പഠിപ്പിക്കുകയാണ് നബി തിരുമേനി (സ).

Also read: ഒഴിവ് സമയം ചിലവഴിക്കാന്‍ പത്ത് മാര്‍ഗ്ഗങ്ങള്‍

അതിനാൽ സാധ്യമാകുന്നവർ സുന്നത്തു നോമ്പുകൾ അധികരിപ്പിക്കാൻ പരിശ്രമിക്കുക. നഷ്ടപ്പെട്ട നോമ്പുകൾ നോറ്റു വീട്ടാനും ഈ സമയം ഉപയോഗപ്പെടുത്താം. മലക്കുകൾ നമ്മുടെ വാർഷിക റിപ്പോർട്ട് അല്ലാഹുവിലേക്ക് ഉയർത്തുമ്പോൾ ഏറ്റവും ഉത്തമമായ നിലയിൽ ജീവിക്കുന്ന സൗഭാഗ്യവാന്മാരാകാൻ ശ്രമിക്കുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

Related Articles