Current Date

Search
Close this search box.
Search
Close this search box.

സെന്‍കുമാറും സംഘ്പരിവാറും

കേരളത്തിലെ രാമജന്മഭൂമി എന്ന് ശബരിമലയെകുറിച്ച് പല സംഘപരിവാര്‍ നേതാക്കളും പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വടക്കേ ഇന്ത്യന്‍ ഹിന്ദുക്കളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞത് പോലെ ശബരിമല കൊണ്ട് ഒരു ഹിന്ദു ഏകീകരണം സാധ്യമാണ് എന്നതായിരുന്നു അവര്‍ ഉദ്ദേശിച്ചത്. അത് പലപ്പോഴും പലരും തുറന്നു പറയുകയും ചെയ്തിരുന്നു. സംഘ പരിവാര്‍ അതുമായി നടത്തിയ സമരങ്ങള്‍ പ്രത്യക്ഷത്തില്‍ ഒരു പരാജയമായിരുന്നു എന്നാണ് വിലയിരുത്തല്‍. അതെ സമയം ആ വിലയിരുത്തല്‍ ശരിയായിരുന്നോ എന്ന് മനസ്സിലാക്കാന്‍ ഇനിയും കാലം വേണ്ടി വരും. വിശ്വാസികളെ തങ്ങളുടെ ലേബലില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. അയ്യപ്പ ഭക്ത സമ്മേളനം പോലും ഭക്തി എന്നതിനേക്കാള്‍ സംഘ പരിവാര്‍ ശബ്ദമായതു അത് കൊണ്ടാണ്. അയ്യപ്പ ഭക്ത സമ്മേളനം ഒരു സവര്‍ണ സമ്മേളനമായിരുന്നു എന്ന പരാതിയും വന്നു തുടങ്ങിയിരിക്കുന്നു.

നിരാഹാര സമരം നിര്‍ത്തിയെങ്കിലും സംഘ പരിവാര്‍ അടങ്ങിയിരിക്കും എന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ പലരും അവരോടു കൂട്ട് കൂടുന്നു എന്നതും നാം കാണാതെ പോകരുത്. അതില്‍ പ്രമുഖനാണ് മുന്‍ ഡി ജി പി ടി.പി സെന്‍കുമാര്‍. കേരളത്തിലെ പോലീസ് മേധാവിയായിരുന്നു ഒരിക്കല്‍ അദ്ദേഹം. അന്ന് തന്നെ തന്റെ സംഘപരിവാര്‍ വിധേയത്വം അദ്ദേഹം കാണിച്ചിട്ടുണ്ട്. കേരള പോലീസ് അടുത്ത കാലത്ത് സംഘ പരിവാര്‍ അനുകൂലമാകുന്നു എന്നത് പെട്ടെന്നുണ്ടായ ഒരു കാര്യമല്ല. മോന്തായം വളഞ്ഞാല്‍ പുര മൊത്തം വളയും എന്നൊരു ചൊല്ലുണ്ട്. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പിന്നെയും സര്‍ക്കാര്‍ വക നിയമനം വരാറുണ്ട്. സുപ്രീം കോടതി ജഡ്ജിവരെ അതിലുണ്ട്. തങ്ങളുടെ സര്‍വീസ് കാലത്തു ഭരണകൂടത്തെ പരമാവധി പ്രീണിപ്പിക്കാന്‍ ഇത് കാരണമാകും. കേന്ദ്രത്തിലെ ഫാസിസ്റ്റു സര്‍ക്കാരിന്റെ ആനുകൂല്യം പറ്റാന്‍ വഴിവിട്ട കളികള്‍ പലപ്പോഴും അവര്‍ നടത്തും.

ഹിന്ദുക്കള്‍ ഏകീകരിക്കുന്നതു കൊണ്ട് നമുക്ക് എതിര്‍പ്പില്ല. അത് ആവശ്യവുമാണ്. അത് തെറ്റായ പ്രചാരണത്തിന്റെ പേരില്‍ പാടില്ല എന്നുമാത്രം. ശബരിമലയില്‍ കുഴപ്പം ഉണ്ടാക്കുന്നത് ഇതര മതക്കാരാണ് എന്ന് തുടങ്ങിയ പല ആരോപങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. കുഴപ്പം മാത്രം ഉദ്ദേശിച്ചു പല നേതാക്കളെയും കൊണ്ട് വന്നിരുന്നു. കേരള സമൂഹത്തിന്റെ ഉറച്ച മതേതര നിലപാടിന് മുന്നില്‍ അവസാനം അവര്‍ക്കു സമരപ്പന്തല്‍ പൊളിക്കുന്നതു വരെ എത്തേണ്ടി വന്നു. പക്ഷെ അവര്‍ അടങ്ങിയിരിക്കും എന്ന് നാം പ്രതീക്ഷിക്കരുത്. അവിടെയാണ് കേരളം കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. കേരളത്തിലെ സവര്‍ണരെ അവര്‍ണ്ണരുടെ താഴെ കൊണ്ട് വന്നു എന്ന സെന്‍കുമാറിന്റെ വിലാപം അതിന്റെ ഭാഗമാണ്. ഹിന്ദു മതത്തില്‍ അവര്‍ണ്ണരുടെ സ്ഥാനം എവിടെയാണ് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ആ ചോദ്യത്തിന്റെ പ്രസക്തി തെക്കേ ഇന്ത്യയില്‍ ആളുകള്‍ കൂടുതല്‍ മനസ്സിലാക്കുന്നു എന്നത് കൊണ്ടാണ് പലപ്പോഴും അവിടം സംഘ് പരിവാര്‍ പുറത്തു പോകേണ്ടി വരുന്നത്. അടുത്ത ദിവസം നടന്ന അയ്യപ്പ സമ്മേളനം ഹിന്ദുവിന്റെ പേരില്‍ സവര്‍ണരെ രക്ഷിക്കാനുള്ള അടവാണ് എന്ന് പറഞ്ഞത് സാക്ഷാല്‍ വെള്ളാപ്പള്ളി തന്നെ എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തില്‍ പലവിധ മോഹങ്ങളുമായാണ് സംഘ് പരിവാര്‍ മല കയറിയത്. ആ മോഹങ്ങള്‍ അവിടെ വെച്ച് തന്നെ തല്ലിക്കെടുത്താന്‍ കേരളം ജനതയ്ക്ക് കഴിഞ്ഞു എന്നത് സത്യമാണ്. പക്ഷെ അടി കൊണ്ട പാമ്പാണ് സംഘ് പരിവാര്‍. വായില്‍ നിറയെ വിഷവും ചുമന്നാണ് അവര്‍ നടക്കുന്നത്, അതിന്റെ ബഹിര്‍സ്ഫുരണമാണ് നാം കേള്‍ക്കുന്ന പല പ്രസ്താവനകളും. സെന്‍കുമാര്‍ വളര്‍ത്തിയ പലരും ഇന്ന് പോലീസിലുണ്ട്. ആ ഉറപ്പു കൂടി ഇതിനു പിന്നിലുണ്ട് എന്ന് മനസ്സിലാക്കണം.

Related Articles