Current Date

Search
Close this search box.
Search
Close this search box.

സ്‌കോട്ട് കൂഗ്‌ളിന്റെ ഖുർആൻ പുന:പരിശോധന !

ഇസ്‌ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് സ്വവർഗരതി അനുവദനീയമല്ലെന്ന്. എന്നാൽ ഇസ്‌ലാമിന്റെ ക്ലാസിക് ടെകസ്റ്റുകളിൽ നിന്നെന്നും പറഞ്ഞ് ഇതിനനുകൂലമായി ചരിത്ര സാധുതയും നിയമ സാധുതയും കണ്ടെത്താൻ ചിലർ പരിശ്രമിക്കുന്നുണ്ട്. ഓറിയന്റലിസ്റ്റുകളുടെ ചുവടു പിടിച്ച് മതത്തെ കരിവാരിത്തേക്കാനാണ് ഇവരുടെ ശ്രമം. റെക്‌സ് വോക്‌നറുടെ Homosexuality in the Arab and Moslem World, ജെഫ്രി വീക്‌സിന്റെ Sexuality and Eroticism among Males in Moslem Societies, ജോൺ ബോസ്‌വെല്ലിന്റെ Christianity, Social Tolerance, and Homosexuality തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ ഇസ്‌ലാമിക വ്യവഹാരങ്ങളിൽ സ്വവർഗരതി സാധാരണമായിരുന്നെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ വാദിക്കുന്നുണ്ട്. ആധുനികത കുത്തി നിറച്ച ഇവയിൽ ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണ്. ഇസ്‌ലാം പ്രാധാന്യം കല്പിക്കുന്നത് കുടുംബ- സാമൂഹിക വ്യവസ്ഥിതിക്കാണ്. ആസ്വാദനങ്ങളെ അത് അതിർത്തി നിശ്ചയിച്ച് അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആധുനികത കുടുംബ- സാമൂഹിക വ്യവസ്ഥിതിക്ക് പുല്ലുവിലയാണ് കൽപിക്കുന്നത്. ആസ്വാദനത്തെ മനുഷ്യ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യമായി കണക്കാക്കുന്നു. സ്വേച്ഛാവൃത്തിയുടെ പരിണിത ഫലങ്ങൾ അത് പരിഗണിക്കുന്നു പോലുമില്ല. ആധുനികത ലോക വീക്ഷണം ആത്മത്തിന് (self) മാത്രം പരിഗണന നൽകുകയും അപരനെ (other) കാണാതിരിക്കുകയും ചെയ്യുന്നു ഇസ്‌ലാം നേരെ തിരിച്ചാണെന്ന് പറയേണ്ടതില്ലല്ലോ. ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ച് സ്വവർഗരതിയെ മതം അനുവദിച്ചു നൽകുന്നുണ്ട് എന്ന് വരുത്തിത്തീർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒത്തിരി പേരുണ്ട്. അവരിൽ പ്രധാനിയാണ് ബോസ്‌നിയക്കാരനായ സ്‌കോട്ട് കൂഗ്ൾ (Scott Kugle). സ്വവർഗരതിക്ക് ഇസ്‌ലാമിൽ പാരമ്പര്യത്തെ കണ്ടെത്താൻ ശ്രമിക്കുന്നത് പ്രധാനമായും രണ്ട് കൃതികളിലൂടെയാണ്. Progressive Muslims: On Justice, Gender, and Pluralism (2003) എന്ന ലേഖനസമാഹാരത്തിലും പിന്നീടെഴുതിയ Homosexuality in Islam: Critical Reflection on Gay, Lesbian and Transgender Muslims (2010) എന്ന പുസ്തകത്തിലും. ഇവയെ വിമർശനാത്മകമായി വിലയിരുത്തുകയാണിവിടെ ചെയ്യുന്നത്.

വിശുദ്ധ ഖുർആനിൽ ഒമ്പത് ഇടങ്ങളിലായി ലൂത്ത് നബി (അ) യുടെ സമുദായത്തെ പറ്റി (സോഡം/ Sodom) (1) പരാമർശിക്കുന്നുണ്ട്. അതിൽ ആറിടത്തും ഉള്ളത്, ‘കാമ പൂർത്തീകരണത്തിനായി സ്ത്രീകളെ വിട്ട് ആണുങ്ങളെയാണോ നിങ്ങൾ സമീപിക്കുന്നത്’ എന്ന നിലക്കാണ്. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ, എന്റെ പെൺമക്കളാണ് നിങ്ങൾക്ക് വിവാഹത്തിന് വിശുദ്ധർ എന്നിങ്ങനെയുള്ള പരാമർശങ്ങളും ഇവിടെ കാണാം. മറ്റു മൂന്ന് സ്ഥലങ്ങളിൽ സ്വവർഗ ലൈംഗികതയെ പറ്റി നേരിട്ട് പറയുന്നില്ലെങ്കിലും ലൂത്ത് (അ) ദൈവഭക്തിയുള്ളവരാണെന്നും അദ്ദേഹത്തിന്റെ ജനത അനുസരണക്കേട് കാണിച്ചു എന്നും പൊതുവേ പറഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഇന്ന് സ്വവർഗരതി എന്നതിന് ഉപയോഗിക്കുന്ന ഒരു പദവും ഖുർആനിൽ വന്നിട്ടേ ഇല്ലെന്ന വികല വാദമാണ് കൂഗ്ൾ ഉന്നയിക്കുന്നത്. അമലു ഖൗമി ലൂത്ത് (ലൂത്ത് നബി (അ) യുടെ ജനത ചെയ്തത്/ the act of the people of Lot), ലിവാത്വ് (ഗുദരതി/ sodomy), മുലാവത്വ (പര്യായപദം) എന്നീ പദപ്രയോഗങ്ങളൊന്നും ഖുർആനിലില്ലത്രേ. ഖുർആനിൽ അതേ പദം തന്നെ ഉപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്? ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനങ്ങളായി കരുതുന്ന അഖീദ, ഉസൂൽ, സുന്ന, ഹദീസ്, ഫിഖ്ഹ് തുടങ്ങി സംജ്ഞകളൊന്നും ഖുർആനിൽ കാണാനാകില്ല. എന്നു വെച്ച് ഇവക്ക് അടിസ്ഥാനമില്ലെന്ന് പറയാനാകില്ലല്ലോ. ലിവാത്വ് പോലെയുള്ള പദങ്ങളെല്ലാം ‘പിൽക്കാലത്ത്’ മാത്രമാണ് പോപ്പുലറായത് എന്ന് കൂഗ്ൾ Sexuality, diversity, and ethics in the agenda of progressive Muslims-ൽ പറഞ്ഞു വെക്കുന്നുണ്ട്. എന്താണാവോ പിൽക്കാലം എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. നബി (സ്വ) യുടെ ഒരു ഹദീസിൽ ‘ലൂത്ത് നബി (അ) യുടെ ജനത ചെയ്ത പ്രവർത്തനം ചെയ്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു’ (അമലു ഖൗമി ലൂത്ത്) എന്ന് നേരിട്ട് തന്നെ വന്നിട്ടുണ്ട്. ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇബ്‌നു മൻസൂറിനെ ലിസാനുൽ അറബ് എന്ന നിഘണ്ടുവിൽ ലിവാത്വ് എന്ന പദം കാണാം. കൂഗ്ൾ പറയുന്ന മറ്റൊന്ന്, ഖുർആനിൽ സ്വവർഗ ഭോഗത്തിനുള്ള ശിക്ഷ പറയുന്നില്ല എന്നാണ്. അതു പോലെ തന്നെ പീഡനം, വ്യഭിചാരം, മൃഗഭോഗം, ശവഭോഗം തുടങ്ങിയവക്കുള്ള ശിക്ഷകളൊന്നും ഖുർആനിൽ കാണാൻ സാധിച്ചോളണമെന്നില്ല. എന്നു വെച്ച് അത് അനുവദിച്ചു നൽകാനാകുമോ?

അറബി ഭാഷാ വ്യാകരണത്തെ പറ്റി ധാരണയില്ലാതെ ആണ് കൂഗ്ൾ ഖുർആൻ വ്യാഖ്യാനിക്കാനിറങ്ങുന്നത് എന്നാണ് മനസ്സിലാകുന്നത്. ‘നിങ്ങൾ സ്ത്രീകളെ വിട്ട് (മിൻ ദൂനി ന്നിസാഅ്) പുരുഷന്മാരെ സമീപിക്കുന്നുവോ?’ എന്നാണ് ലൂത്ത് നബി (അ) ചോദിച്ചത്. ഇവിടെ ‘അന്നിസാഅ്’ എന്നതിലെ അലിഫ്- ലാം ജിൻസിയ്യ് ആണ്. അഥവാ, ഒരു വിഭാഗത്തെ സൂചിപ്പിക്കാനുള്ളത് (സ്ത്രീ വിഭാഗം). എന്നാൽ ഇംഗ്ലീഷിൽ the എന്ന പദം definite article ആയി ഉപയോഗിക്കുന്ന പോലെ അലിഫ് ലാമിന് ‘നിശ്ചിതമായ’ എന്നൊരു അർത്ഥ തലം മാത്രമാണെന്നാണ് കൂഗ്ൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്. അറബി ഭാഷാ വ്യാകരണം അനുസരിച്ചാകട്ടെ, ഇവിടെ അലിഫ്- ലാം (ലാറ്റിൻ ഭാഷകളെ പോലെ) ഉപയോഗിക്കുന്നത് വിഭാഗത്തെ കുറിക്കാനാണ് (അലിഫ് ലാമുൽ ജിൻസിയ്യ്/ generic definite article). സൂറത്തുൽ അസ്‌റിലെ രണ്ടാം സൂക്തം ‘നിശ്ചയമായും മനുഷ്യൻ (അൽ ഇൻസാൻ) മഹാ നഷ്ടത്തിൽ തന്നെയാകുന്നു’ വിശകലനം ചെയ്യാം. ഇതിലെ മനുഷ്യൻ ഒരു നിശ്ചിത മനുഷ്യനല്ല, മനുഷ്യവർഗമാണത്. ലൂത്ത് നബി (അ)ന് ‘നിങ്ങളുടെ ഭാര്യമാരെ പുൽകിക്കൂടെ’ എന്ന് പറയാനായിരുന്നു ഉദ്ദേശ്യമെങ്കിൽ ‘നിങ്ങളുടെ ഭാര്യമാർ’ എന്നോ ‘നിങ്ങളുടെ സ്ത്രീകൾ’ എന്നോ പറയരുതായിരുന്നോ? അങ്ങനെ പറഞ്ഞിട്ടില്ല താനും.

സൂറത്തു ശുഅറാഇൽ ലൂത്ത് നബിയുടെ (അ) ജനതയെ പറ്റി പറഞ്ഞിടത്ത് കൂഗ്ൾ ദുർവ്യാഖ്യാനത്തിന് തുനിയുന്നുണ്ട്. ‘നിങ്ങൾ മാലോകരിൽ നിന്ന് ആണുങ്ങളെ പ്രാപിക്കുകയും, നാഥൻ നിങ്ങൾക്ക് സൃഷ്ടിച്ചുണ്ടാക്കിയ പെണ്ണിണകളെ (അസ്‌വാജ്/ mates) വർജ്ജിക്കുകയുമാണോ? അല്ല, അതിക്രമകാരികളായൊരു കൂട്ടർ തന്നെയത്രേ നിങ്ങൾ!’ (വി:ഖു 26:165166). സ്വന്തമായി ഭാര്യമാരുണ്ടായിരിക്കെ പുരുഷന്മാരെ സമീപിക്കുന്നതിനെയാണ് കൂഗ്ൾ ഇവിടെ പ്രശ്‌നമായി കാണുന്നത്. എന്നാൽ, പാരമ്പര്യ ഖുർആൻ തഫ്‌സീറുകളെല്ലാം പുരുഷന്മാരെ പ്രാപിക്കുന്നതിനെയാണ് പ്രശ്‌നവത്ക്കരിക്കുന്നത്. നബിയെ സമീപിച്ചവരുടെ ഭാര്യമാരെ പറ്റി പരാമർശിക്കുന്നു പോലുമില്ല. ഇവിടെ കൂഗ്‌ളിനോട് തിരിച്ചു ചോദിക്കാൻ ഒന്നു കൂടെയുണ്ട്: ‘എന്റെ പെൺമക്കളെ നിങ്ങൾ സമീപിച്ചോളൂ’ എന്ന് നബി പറഞ്ഞപ്പോഴും ഇക്കൂട്ടർ തറപ്പിച്ച് പറഞ്ഞത് ‘നിങ്ങളുടെ അതിഥികളായ ആണുങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്’ എന്നാണല്ലോ. സ്വർഗരതി ഭാര്യ ഉണ്ടെങ്കിലും ഇല്ലേലും മ്ലേച്ഛ പ്രവർത്തനമാണെന്നാണ് ലൂത്ത് നബി (അ) തന്റെ ജനതയെ പഠിപ്പിച്ചത്.

കൂഗ്ൾ സ്വവർഗരതിക്ക് ഖുർആനിൽ സാധൂകരണം കണ്ടെത്താനായി ഉപയോഗിച്ച മറ്റൊരു തന്ത്രമാണ് ഖുർആനികാശയമായ ബഹുസ്വരതയെ (ഇഖ്തിലാഫ്/ diversity) ചുറ്റിപ്പറ്റിയുള്ളത്. ദൈവത്തിന്റെ സൃഷ്ടികളിൽ ബഹുസ്വരത ദർശിക്കാനാകും. ആ ബഹുസ്വരത ലൈംഗികതയിലും കാണേണ്ടതുണ്ട് എന്ന് വാദിക്കുന്നു കൂഗ്ൾ. ഇസ്‌ലാം മുന്നിൽ കണ്ട ബഹുസ്വരത എന്ന് പറയുന്നത് ഗോത്രങ്ങൾ, രാഷ്ട്ര വിഭാഗങ്ങൾ, വംശങ്ങൾ എന്നിങ്ങനെയുള്ളതാണ്. സ്വവർഗ ലൈംഗികത ഇസ്‌ലാമിന്റെ ബഹുസ്വരതയാണെന്നും പറഞ്ഞ് മുന്നോട്ടു വരുന്ന കൂഗ്ൾ പക്ഷേ, ബൈസെക്ഷ്വലുകളെ എന്തേ ഉൾപ്പെടുത്തുന്നില്ല? ലൈംഗികതയെ ബഹുസ്വരതയുടെ ഭാഗമായി കാണുകയാണെങ്കിൽ, പീഡോഫീലിയയും (കുട്ടികളോടുള്ള ലൈംഗികത), നെക്രോഫീലിയയുമെല്ലാം (ശവരതി) അനുവദിക്കണമെന്നും അത് ഇസ്‌ലാമികമാണെന്നുമാണോ കൂഗ്ൾ പറഞ്ഞു വരുന്നത്?

മുഫസ്സിറുകൾ ഖുർആനിനെ സമീപിച്ചത് മുൻധാരണയോടെയായിരുന്നു എന്നാണ് കൂഗ്‌ളിന്റെ പക്ഷം. എതിർലിംഗത്തോട് മാത്രമേ രതിയിൽ ഏർപ്പെടാവൂ (hetronormative) എന്ന നിലക്കാണത്രേ ഖുർആനിക വായനകൾ നടന്നിട്ടുള്ളത്. എന്നിട്ടദ്ദേഹം തന്റെ ആക്ഷേപത്തിനായി ഉദാഹരിക്കുന്നത് മുഹമ്മദ് ബിൻ ജാബിർ അത്ത്വബ്‌രിയുടെ തഫ്‌സീറിനെയാണ്. ത്വബ്‌രി തന്റേതായി കുറേ കൂട്ടി ചേർത്തിട്ടുണ്ടെന്ന് കൂഗ്ൾ. സൂറത്തുൽ അഅ്‌റാഫിലെ 80, 81 സൂക്തങ്ങളുടെ തഫ്‌സീറിലാണത്രേ ആണത്രേ അത്. ലൂത്ത് നബിയുടെ (അ) ജനതയെ പറ്റി പരാമർശിക്കുന്ന ആ ഭാഗം തഫ്‌സീറു ത്വബ്‌രിയിൽ (2) മറിച്ചു നോക്കിയാൽ മനസ്സിലാകുന്നതേയുള്ളൂ കൂഗ്‌ളിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്. ഖുർആനിൽ നിന്ന് തന്നെയുള്ള സൂക്തങ്ങൾ തന്നെയാണ് നല്ലൊരു ശതമാനവും തഫ്‌സീറായി ഇമാം ത്വബ്‌രി കൊണ്ടുവരുന്നത്. തന്റേതായ വ്യാഖ്യാനങ്ങൾക്ക് സാധ്യത നന്നേ കുറവ്. എന്നാലോ അവിടെ തന്നെ കൂഗ്ൾ സ്വന്തം വ്യാഖ്യാനം കൊണ്ടുവരുന്നുണ്ട്. എൺപതാം സൂക്തത്തിന്റെ തുടർച്ച അല്ലത്രേ എൺപത്തിയൊന്നാം സൂക്തം! ഇവിടെ ഖുർആൻ ഉപയോഗിച്ച ‘ഫാഹിശ’ എന്നതിന്റെ ഉദ്ദേശ്യം ഏതു തരം മോശം പ്രവർത്തിയെയും ഉദ്ദേശിച്ചാകാമെന്ന് കൂഗ്ൾ. ലൂത്ത് നബി (അ)ന്റെ ജനത ശിക്ഷിക്കപ്പെട്ടത് സ്വവർഗരതി കാരണമായിരുന്നില്ല, മറിച്ച് അതിലവർ കാണിച്ച ബലാത്സംഗവും വഴിയോരക്കവർച്ചയും ആണ് കാരണമെന്നും കൂഗ്ൾ തട്ടിവിടുന്നു. ‘നൂറ്റാണ്ടുകളായി ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നതൊന്നും ശരിയല്ല, ഞാനെഴുതുന്നതാണ് ശരി’ എന്ന് പറയുന്നതിൽ വല്ല യുക്തിയുമുണ്ടോ? ഖുർആനും ഹദീസും ഫിഖ്ഹുമൊക്കെ നേരിട്ട് പറഞ്ഞവക്ക് പോലും വഴിവിട്ട വ്യാഖ്യാനങ്ങൾ നൽകുന്നവരെ കരുതിയിരിക്കേണ്ടതുണ്ട്.

ഇമാം ഗസ്സാലി (റ)ന്റെ മാസ്റ്റർപീസായ ഇഹ്‌യ ഉലൂമുദ്ദീനിലെ ഉദ്ധരണികൾ പോലും വളച്ചൊടിക്കുന്നു കൂഗ്ൾ. ‘അല്ലാഹു സൃഷ്ടികൾക്ക് നൽകിയ ചില മോഹങ്ങൾ കൃഷിയിടത്തിലേക്ക് (ഹിറാസ/ tillage) നയിക്കുന്നു’ എന്നുള്ള ഇമാമിന്റെ വരികളെ കൂഗ്ൾ മാറ്റിയെഴുതിയതിങ്ങനെ: ‘അല്ലാഹു സൃഷ്ടികൾക്ക് നൽകിയ ചില മോഹങ്ങൾ ലൈംഗിക വ്യവഹാരത്തിലേക്ക് (sexual intercourse) നയിക്കുന്നു.’ കൃഷിയിടം കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗിക വ്യവഹാരം തന്നെയാണ്. എന്നിരുന്നാലും ഹിറാസ എന്ന് ഉപയോഗിക്കുമ്പോൾ അത് സ്ത്രീയിലേക്കാണെന്ന സൂചന കൂടെയുണ്ട്. അതുകൊണ്ട് തന്നെയാകണം കൂഗ്ൾ ബോധപൂർവ്വം ‘ലൈംഗിക വ്യവഹാരം’ എന്ന് മാറ്റി ഉപയോഗിച്ചത്. ലൈംഗിക വ്യവഹാരം എന്നേ ഉള്ളൂ, അത് സ്ത്രീയോടോ പുരുഷനോടോ ആകാം എന്ന് കൂഗ്ൾ വരുത്തിത്തീർക്കുന്നു. ഗസ്സാലി ഇമാമിന്റെ തുടർന്നുള്ള വരികൾ വായിച്ചാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ ഇവിടെയും. ശേഷം വിവാഹത്തിന്റെ ഗുണങ്ങൾ പറയുന്നിടത്ത് ആദ്യമായി എണ്ണുന്നത് തന്നെ സന്താനോൽപാദനവും സമൂഹത്തിന്റെ നിലനിൽപ്പുമാണ്. അത് സ്വവർഗരതി കൊണ്ട് ഉണ്ടാകില്ലെന്ന് അത് സ്വവർഗ്ഗ രതി ഉണ്ടാകില്ലെന്നത് എന്നത് തീർച്ചയുമാണ്.

വളരെ സെലക്ടീവായാണ് കൂഗ്ൾ മതഗ്രന്ഥങ്ങളെ സമീപിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. തന്റെ ആശയത്തിന് (ദുർവ്യാഖ്യാനിച്ചെങ്കിലും) അനുകൂലമാകുന്ന വരികൾ മാത്രം എടുത്തുദ്ധരിക്കുകയാണ് ചെയ്യുന്നത്. തന്റെ വാദങ്ങളെ ഖണ്ഡിച്ചേക്കാവുന്ന ഉദ്ധരണികളെ മന:പൂർവ്വം ഒഴിവാക്കുകയും ചെയ്യുന്നു. തന്റെ ആശയത്തിനെതിരെ വരുന്ന കിതാബുകളിലെ ഉദ്ധരണികളും മറ്റും അവലംബിക്കാനാകില്ല, അത് എഴുതിയവരുടെ ചരിത്രം വിശ്വാസയോഗ്യമല്ല എന്നിങ്ങനെയെല്ലാമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞാണ് കൂഗ്ൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അദ്ദേഹം ആധികാരികമെന്ന് പറഞ്ഞ് കൊണ്ടു വരുന്ന ഉദ്ധരണികളാകട്ടെ മുസ്‌ലിം ലോകം കേട്ട് പരിചയം പോലുമില്ലാത്ത ആളുകളുടേത്. സ്വവർഗരതിയെ അംഗീകരിക്കുന്നതെന്ന് പറഞ്ഞ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ കിസാഇയുടെ ഖസസുകളിൽ നിന്ന് ഒട്ടേറെ ഉദ്ധരിക്കുന്നുണ്ട്. അവയെ പറ്റി കൂഗ്ൾ തന്നെ പറയുന്നതിങ്ങനെ: ‘quotes from earlier books that no longer exist’ (ഇന്നില്ലാത്ത ചില പഴയ ഗ്രന്ഥങ്ങളിൽ നിന്നെടുത്തത്). അലി ബിൻ ഹംസ അൽ കിസാഇ (d. 189/ 804) എന്ന ഖിറാഅത്തിന്റെ ഏഴ് സരണികളിൽ വരുന്ന ഒരു പണ്ഡിതൻ ഉണ്ട്. കൂഫയിലെ പൗരാണിക വ്യാകരണ കലാലയം സ്ഥാപിച്ച ഇദ്ദേഹത്തെ ആണോ എന്നറിയില്ല കൂഗ്ൾ ഉദ്ദേശിച്ചത്! ഉസൂലുൽ ഹദീസ് പ്രകാരം അത്ര സ്വീകാര്യയോഗ്യമല്ല ഖസ്സാസുകളുടെ (3) വാക്കുകൾ. ഇനി സമ്മതിച്ചാൽ തന്നെയും, ഇദ്ദേഹം പറഞ്ഞ മുഹമ്മദ് അൽ കിസാഇയുടേത് മാറ്റിനിർത്തപ്പെട്ടതും തീരെ കേട്ടുകേൾവിയില്ലാത്തതുമാണ്. ഇതാണോ കൂഗ്ൾ പറഞ്ഞ ആധികാരികത?

അന്തലൂസിയൻ കർമ്മ ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഇബ്‌നു ഹസ്മു ള്ളാഹിരിയെ (d. 456/ 1064) ഇസ്‌ലാമിൽ സ്വവർഗരതി ഉണ്ടെന്ന് വരുത്തിത്തീർക്കാനായി കൂട്ടു പിടിക്കുന്നുണ്ട്. ‘നമ്മുടെ മാർഗദർശി’ എന്ന നിലക്ക് വരെ കൂഗ്ൾ ഇബ്‌നു ഹസ്മിനെ പ്രതിഷ്ഠിക്കുന്നുണ്ട്. ഇബ്‌നു ഹസ്മിന്റെ അതേ രീതിശാസ്ത്രമാണ് (ളാഹിരിയ്യ്/ literal interpretation) ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഞാനും പിന്തുടരുന്നതെന്നും കൂഗ്ൾ പറയുന്നുണ്ട്. ഇന്ന് നാം ഉപയോഗിക്കുന്നതെല്ലാം ഖിസാസിയ്യ് (analytical reasoning/ analogy) ആണ്. ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ‘കള്ള് ഹറാമാ’ണെന്ന് വിധി വന്നാൽ അത് എന്ത് കാരണത്താലാണോ ഹറാമായത് അതേ കാരണമുള്ള മറ്റു വസ്തുക്കളും ഹറാമാകും (കുല്ലു മുസ്‌കിരിൻ ഹറാമുൻ). ലഹരി ആകുന്നു എന്നതാണ് കാരണം എന്നതുകൊണ്ടു തന്നെ കള്ളല്ലാത്ത മറ്റു ലഹരി വസ്തുക്കളും ഹറാമാകും. എന്നാൽ ഇബ്‌നു ഹസ്മിന്റെ രീതിശാസ്ത്രം മറ്റൊരു നിലക്കാണ്- കള്ള് നിഷിദ്ധമെന്ന് പറഞ്ഞാൽ കള്ള് മാത്രമാണ് നിഷിദ്ധമാകുക. പക്ഷേ, ഈ രീതി ശാസ്ത്രത്തിന് ഒട്ടേറെ ന്യൂനതകൾ ഉള്ളതു കൊണ്ട് എന്നേ കാലഹരണപ്പെട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. ഇബ്‌നു ഹസ്മിന്റെ അൽ മുഹല്ല ഫീ ശർഹിൽ മുജല്ല എന്ന കൃതിയിലെ ചില ഭാഗങ്ങൾ ദുർവ്യാഖ്യാനിച്ചാണ് കൂഗ്ൾ തന്റെ Homosexuality in Islam എന്ന കൃതിയിൽ നൽകുന്നത്. ഇതേ ഇബ്‌നു ഹസ്മ് തന്നെ ഈ കൃതിയിലും തൗഖുൽ ഹമാമയിലുമെല്ലാം ആയത്തുകളും ഹദീസുകളും നിരത്തി സ്വവർഗരതി ഹറാമാണെന്ന് പറയുന്നുണ്ട്. കൂഗ്‌ളിന്റെ കണ്ണ് അവിടെ എത്തിയിട്ടില്ലെന്ന് തോന്നുന്നു!

കാലങ്ങളായി മുസ്‌ലിം സമുദായം നിഷിദ്ധമെന്ന് ഫത് വ നൽകി പോന്ന കാര്യങ്ങളിൽ ഇടങ്കോലിടുകയാണ് യഥാർത്ഥത്തിൽ കൂഗ്ൾ ചെയ്യുന്നത്. അതും മുഖ്യധാരയിലെ തഫ്‌സീർ, ഫിഖ്ഹ്, തുടങ്ങി മേഖലകളെ കീഴ്‌മേൽ മറിച്ചും. ഖുർആനിനെ പുന:പരിശോധിക്കുന്ന കൂഗ്‌ളിന്റെ പ്രോജക്ട് (Quranic Revisionism) ജ്ഞാനശാസ്ത്രപരമായും രീതിശാസ്ത്രപരമായും അമ്പേ പരാജയമാണെന്ന് പറയാതെ വയ്യ! ഇമാം ജലാലുദ്ദീൻ സുയൂത്വി (റ)ന്റെ വിശ്രുത കർമശാസ്ത്ര ഗ്രന്ഥമായ അൽ അശ്ബാഹു വന്നളാഇരിൽ പറയുന്നത് പ്രകാരം ‘അടിസ്ഥാനപരമായി ലൈംഗികപരമായ സകല പ്രവർത്തനങ്ങളും നിഷിദ്ധമാണ്. നിക്കാഹ് കഴിക്കുന്നതിലൂടെയാണത് അനുവദനീയമാകുന്നത്’ കൂഗ്‌ളിന്റെ സമർത്ഥനങ്ങളുടെയെല്ലാം മുനയൊടിക്കാൻ ഈയൊരൊറ്റ ഉദ്ധരണി തന്നെ ധാരാളം.

Notes:

1. Sodomy: Sodom ലെ ജനതയിലേക്കായിരുന്നു ലൂത്വ് നബി (സ്വ)നെ അയച്ചത്. പ്രകൃതി വിരുദ്ധ ഭോഗം എന്നർത്ഥം വരുന്ന sodomy എന്ന ആംഗലേയ പദം ഉണ്ടായത് ഈ നഗരത്തിന്റെ പേരിൽ നിന്നാണ്.

2. തഫ്‌സീറു ത്വബ്‌രി: തഫ്‌സീറുകൾ രണ്ട് തരമുണ്ട് തഫ്‌സീറു രിവായയും തഫ്‌സീറു ദിറായയും. ഹദീസുകൾ കൊണ്ട് വിശദീകരിക്കുന്ന തഫ്‌സീറു രിവായക്കാണ് (ഉദാ: തഫ്‌സീറു ത്വബ്‌രി) തഫ്‌സീറു ദിറായയെക്കാൾ (ഉദാ: തഫ്‌സീറു റാസി) സ്ഥാനം. ഉമ്മഹാത്തു തഫ്‌സീറിൽ പെട്ടതുമാണ് ത്വബ്‌രി.

3. ഖസ്സാസുകൾ: ഹദീസിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നു ഹിബ്ബാൻ (റ) ഉൾപ്പടെയുള്ളവർ പറയുന്നത് ‘ഖസ്സാസുകൾ സൂക്ഷ്മത ഇല്ലാത്തവരാണെന്നും നബി (സ്വ) യുടെ മേൽ ഹദീസുകൾ കെട്ടിപ്പടച്ചുണ്ടാക്കുന്നവരാണെ’ന്നുമാണ്.

References:
1. വിശുദ്ധ ഖുർആൻ
2. ഇമാം ഗസ്സാലി (റ), ഇഹ്‌യ ഉലൂമുദ്ദീൻ
3. ജലാലുദ്ദീൻ സുയൂത്വി, അൽ അശ്ബാഹു വന്നളാഹിർ
4. Mobeen Vaid, Can Islam Accomodate Homosexual Acts? Quranic Revisionism and the Case of Scott Kugle, Muslim Matters
5. Omid Safi, Progressive Muslims; On Justice, Gender and Pluralism, Oneword Publications
6. റഷീദ് ഹുദവി ഏലംകുളം, സ്വവർഗ ലൈംഗികത സ്വത്വവും ഇസ്‌ലാമിക പാരമ്പര്യവും, തെളിച്ചം മാസിക
7. ശഹീൻ കെ. മൊയ്തുണ്ണി, ഉദാരവാദങ്ങൾ പ്രമാണങ്ങൾ വളച്ചൊടിക്കുമ്പോൾ

Related Articles