Current Date

Search
Close this search box.
Search
Close this search box.

കടിച്ചിട്ട മതവും കടഞ്ഞെടുത്ത വിശ്വാസവും

ദൈവത്തിൽ വിശ്വസിക്കാൻ പാകത്തിലാണ് ഓരോ മനുഷ്യനും തന്റെ മാതാവിന്റെ ഉദരത്തിൽ ഭ്രൂണമായി രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസികളായ പാശ്ചാത്യൻ ഭ്രൂണശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ കണ്ടെത്തൽ. പെൻസിൽവാനിയ സർവകലാശാലയുടെ മേൽനോട്ടത്തിൽ 2013-ൽ നടത്തിയ ഏറ്റവും പ്രസിദ്ധമായ ശാസ്ത്രീയ പഠനം നടത്തിയ ഗവേഷകനായ സ്റ്റീഫൻ ക്രാനി പറയുന്നത് ശ്രദ്ധേയമാണ്:
“വിശ്വാസം മനുഷ്യന് വലിയ സന്തോഷം നൽകുകയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവനെ സഹായിക്കുകയും അവന്റെ ജീവിതം അർത്ഥപൂർണ്ണവും മൂല്യവത്തായതുമാക്കുകയും ചെയ്യുന്നു . ”

ദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം അത്രമാത്രമുണ്ടാവുമെന്ന് ക്രാനി പഠനത്തിന്റെ ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. പഠനഫലമായി ലഭ്യമായ ഫലങ്ങൾ വളരെ ആശ്ചര്യകരമായിരുന്നു. സന്ദേഹവാദികൾ ജീവിതത്തിൽ അവരുടെ അസ്ഥിരതയും പ്രതിരോധശേഷി ഇല്ലായ്മയുമാണ് എപ്പോഴും പ്രകടിപ്പിക്കുന്നത്. പ്രപഞ്ചത്തിന് ഒരു ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നവരെപ്പോലെയുള്ള വ്യവസ്ഥയിലായിരിക്കില്ല അത്തരം സന്ദേഹവാദികളുടെ ജീവിത പരിസരങ്ങളും ചങ്ങാത്തങ്ങളും വെളിപ്പെടുത്തലുകൾ പോലും .

മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന സിഗ്മണ്ട് ഫ്രോയിഡ് ( 1856 – 1939 CE ) മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച് മാനസികാപഗ്രഥനം അഥവാ ദൈവമുക്ത മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചുവെങ്കിലും തുടർന്ന് നടന്ന പഠനങ്ങൾ ഫ്രോയിഡ് പറഞ്ഞതിന് തീർത്തും വിപരീതമാണെന്ന് ക്രാനി തെളിയിച്ചു. ദൈവത്തിലുള്ള വിശ്വാസത്തിന് മനുഷ്യ ജീവിതത്തിൽ ധാരാളം ഗുണങ്ങളുണ്ട്.നിരീശ്വരവാദവുമായി ഒരു വ്യക്തിക്ക് ശാന്തവും സാധാരണവുമായ ഒരു പുരുഷായുസ് ജീവിച്ച് തീർക്കാൻ കഴിയില്ല! അവരുടെ ജീവിതം മുഴുവൻ ഉന്മാദത്തിലോ വിഷാദത്തിലോ ആയി ‘കഴിച്ചു’കൂട്ടുകയാവും ഫലം.

2006-ൽ ഗവേഷകരായ ആൻഡ്രൂ ക്ലാർക്കും Flourishing life for all ന്റെ ഗ്രന്ഥകാരിയായ ഒർസോള്യ ലെക്കസും നൂറുകണക്കിന് ശാസ്ത്രപഠനങ്ങളുടെ സമഗ്രമായ സർവേ നടത്തിയാണ് ദൈവത്തിലുള്ള വിശ്വാസമാണ് സന്തോഷത്തിലേക്കുള്ള കൃത്യമായ ഏക വഴിയെന്ന് കണ്ടെത്തിയത്!! ലണ്ടൻ കേന്ദ്രമായ റോയൽ ഇക്കണോമിക് സൊസൈറ്റി ( RES) 2008-ൽ നടത്തിയ കോൺഫറൻസിൽ, വിശ്വാസത്തിൽ നിന്ന് വ്യത്യസ്തമായി നിരീശ്വരവാദം ജീവിതത്തെ അസ്ഥിരതയിലേക്ക് നയിക്കുന്നുവെന്നും വിശ്വാസം വ്യക്തിക്ക് കൂടുതൽ മാന്യമായ സ്വഭാവവും പെരുമാറ്റവും സമീപനവും സ്ഥായിയായ സന്തോഷവും നൽകുന്നുവെന്നും വ്യക്തമാക്കുന്നതായിരുന്നു.

2013-ൽ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ അഫക്റ്റീവ് ഡിസോർഡേർസിന്റെ ഗവേഷണ മാസികയായ ജേർണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പറയുന്നത് ദൈവവിശ്വാസം ചെറുതും വലുതുമായ മാനസിക രോഗങ്ങൾ വളരെ എളുപ്പത്തിൽ സുഖപ്പെടുത്തുമെന്നാണ്.

അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ മിസ്സൗറി സർവകലാശാലയിൽ നടന്ന ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത് ഏതെങ്കിലും ഒരു മതത്തിലുള്ള വിശ്വാസം പോലും നിരീശ്വരവാദത്തേക്കാൾ മനുഷ്യർക്ക് മനഃശാസ്ത്രപരമായ ക്ഷേമം മെച്ചപ്പെടുത്തുമെന്നും വ്യക്തിപരമായ അടുക്കും ചിട്ടയും അവനെ കൃത്യമായി ശീലിപ്പിക്കുമെന്നാണ്.പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് ഉണ്ടെന്ന് വിശ്വസിക്കുന്നത് വിഷാദ ജന്യ രോഗങ്ങളെ വേഗത്തിൽ സുഖപ്പെടുത്താനും ജീവിതത്തിന് വ്യക്തമായ നിയന്ത്രണങ്ങൾ ശീലിപ്പിക്കുകയും സാമൂഹിക നിയമങ്ങളും ബാധകമാക്കുന്നതിലൂടെ വ്യക്തിപരമായ സന്തോഷവും സാമാജികമായ സഹജീവനവും പ്രദാനം ചെയ്യുന്നു എന്നുമാണ് വിശ്വാസികളായ പാശ്ചാത്യൻ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്

വിശ്വാസം ശാസ്ത്രത്തിലും ഖുർആനിലും

നിരവധി ശാസ്ത്രീയ പഠനങ്ങളിൽ മനസ്സിലാവുന്നത് ആഗോള തലത്തിൽ തന്നെ നിരീശ്വരവാദികൾ അവരുടെ വൈകാരിക ജീവിതത്തിൽ ഒട്ടേറെ അസ്ഥിരതയാണ് അനുഭവിക്കുന്നതെന്നാണ്. അവർ അനുഭവിക്കുന്ന ഉത്കണ്ഠയും മാനസിക അസ്വസ്ഥതയും വിവരണാതീതമാണ്.
സുബ്ഹാനല്ലാഹ്, അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിച്ചവരെ കുറിച്ച് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ പറഞ്ഞത് എത്ര കൃത്യമാണ്:

എങ്കിലും, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കി; അങ്ങനെ, അവര്‍ ഇളക്കംപിടിച്ച വിഷയത്തിലാണുള്ളത്. 50:5
അനിശ്ചിത നിലപാട് / വിഷമകരമായ അവസ്ഥ /പ്രക്ഷുബ്ധത /അസ്ഥിര ഭാവം എന്നിങ്ങനെ യുക്തിവാദികളിൽ നാം കാണുന്ന മാനസികാവസ്ഥകളെ പരിഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പ്രയോഗമാണ് മരീജ് എന്ന പദത്തിലൂടെ സ്ഥാപിക്കുന്നത്. പ്രാർത്ഥന പോലെയുള്ളവ വ്യക്തിയുടെ മാനസിക ഉണർവ് വർദ്ധിപ്പിക്കുകയും സമാധാനപരമായ ജീവിതം നയിക്കുവാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് എത്രയോ ശാസ്ത്രീയമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്!! യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിലെ പ്രസിദ്ധമായ മനശാസ്ത്ര പഠനം (22-10-2013) വ്യക്തമാക്കുന്നത് ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട ജീവിതവും മൂല്യത്തെക്കുറിച്ചുള്ള വലിയ ബോധവും ബോധ്യവും ഉണ്ടാവുമെന്നും അതിന്റെ ഫലമായി അവർ സന്തോഷവും മാനസിക സുഖവും ധാർമികമായ ജീവിതവും സംസ്കാരവും ആസ്വദിക്കുകയും ചെയ്യുന്നു എന്നാണ്.

പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഖുർആൻ പറഞ്ഞത് എത്ര കൃത്യം !!
“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. ” 16:97

ഏറ്റവും നല്ല ആരോഗ്യപൂർവ്വവും ശാന്തവുമായ ജീവിതവും മൂല്യങ്ങളിലുള്ള വിശ്വാസവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന വളരെ മഹത്തായ വെളിപാടാണിത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവിലുള്ള വിശ്വാസം മനുഷ്യന്റെ രൂപകല്പനയുമായി പൂർണമായും യോജിച്ചതാണെന്ന് തെളിയിച്ച ധാരാളം ശാസ്ത്രീയ പഠനങ്ങളും ഇതേ സംഗതി സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ പ്രകൃതിയും പ്രകൃതവും ഖുർആനിലെ ഈ അത്ഭുതത്തിന് സൂക്ഷ്മമായി സാക്ഷ്യം വഹിക്കുന്നു.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ മനശ്ശാസ്ത്ര പഠനത്തിൽ, ദൈവത്തിലുള്ള വിശ്വാസം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനത്തെ സുസ്ഥിരമാക്കാനും സഹായിക്കുമെന്ന് കണ്ടെത്തി. ഹാർവാർഡിലെ ഗവേഷകനായ ഡേവിഡ് എച്ച്. റോസ്മറിൻ തന്റെ Handbook of spirituality/religion and mental health ൽ വിശ്വാസം മാനസിക രോഗങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, വിഷാദരോഗത്തെ ചികിത്സിക്കുകയും മാനസിക സമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന് കൃതൃമായി തെളിയിക്കുന്നുണ്ട്.

“സത്യവിശ്വാസികളേ, അല്ലാഹുവിലും, അവൻറെ ദൂതനിലും, അവൻറെ ദൂതന്ന്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻറെ മലക്കുകളിലും, അവൻറെ ഗ്രന്ഥങ്ങളിലും അവൻറെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. ” 3: 136

എന്താണ് അതിനർത്ഥം? അല്ലാഹുവിനെ അംഗീകരിച്ചും അവന്റെ വിധിയിൽ വിശ്വസിച്ചും ഖുർആനിനെ മനനം ചെയ്തും അതിന്റെ രഹസ്യങ്ങളും അർത്ഥങ്ങളും അത്ഭുതങ്ങളും മനസ്സിലാക്കിയും നമ്മുടെ വിശ്വാസം നിരന്തരം പുതുക്കുകയും തദ്വാരാ സ്വർഗം നേടാനും അവിശ്വാസത്തിന്റെ ഭീതിതമായ പരിണതിയിൽ നിന്നും രക്ഷനേടാനും ആയത് ഓർമ്മപ്പെടുത്തുന്നു.

(അവലംബം : ശൈഖ് അബ്ദുദ്ദാഇമിൽ കഹീലിന്റെ kaheel7.com)

Related Articles