Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതന്മാര്‍ സംവദിക്കുമ്പോള്‍ പാമരന്മാര്‍ വിധി പറയുന്നു

തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് ഇമാം ഷാഫി (റ) അവര്‍കള്‍ മദീനയിലേക്ക് പോകുന്നത്. അവിടെ അദ്ദേഹം ഇമാം മാലികിന്റെ (റ) വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചു. മാലിക് അവര്‍കളുടെ മരണം വരെ ഷാഫി അവര്‍കള്‍ ഇമാം മാലികിന്റെ ശിഷ്യനായി തുടര്‍ന്നു. ഈജിപ്തില്‍ എത്തുന്നത് വരെ ഇമാം ഷാഫി അവര്‍കള്‍ ഒരു കണക്കിന് ഇമാം മാലിക്കിന്റെ സരണിയില്‍ തുടര്‍ന്നു എന്നാണ് പണ്ഡിത മതം. ഇമാം മാലിക്കുമായി കുറഞ്ഞ വിഷയങ്ങളില്‍ മാത്രമായിരുന്നു ഇമാം ഷാഫി അവര്‍കള്‍ക്കു അഭിപ്രായ വ്യത്യാസം എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്.

ഈജിപ്തില്‍ അന്ന് മാലിക് ചിന്താ സരണിക്കു കാര്യമായ വേരോട്ടം ലഭിച്ചിരുന്നു. അവിടെ ഇമാം ഷാഫി അവര്‍കള്‍ കണ്ട വലിയ ഒരു ക്രമ പ്രശ്‌നം ജനങ്ങള്‍ ഇമാം മാലിക്കിനെ അതിരുവിട്ടു ബഹുമാനിക്കുന്നു എന്നതാണ്. അത് തുറന്നു പറയാനും ഇമാം ഷാഫി അവര്‍കള്‍ തയ്യാറായി. അനുയായികള്‍ നേതാവിനെ പരിധിവിട്ട് ആദരിച്ചാല്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്ത് ഇമാം ഷാഫി മുന്‍കൂട്ടി കണ്ടു. ഈ വിഷയത്തില്‍ ഇമാം മാലിക്കുമായുള്ള അഭിപ്രായ വ്യത്യാസവും ഉന്നയിച്ചു ഇമാം ഷാഫി അവര്‍കള്‍ രചിച്ച പുസ്തകം ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറക്കിയത്. അതിന്റെ പേരില്‍ ഇമാം ഷാഫിക്കെതിരെ നടപടി സ്വീകരിക്കണം എന്നുവരെ മാലിക് ചിന്താ ധാരയിലെ ആളുകള്‍ ഭരണാധികാരിയോട് ആവശ്യപ്പെട്ടു എന്നൊക്കെ വായിക്കാന്‍ കഴിയുന്നു.

പറഞ്ഞു വരുന്നത് സയ്യിദ് മൗദൂദിയെ കുറിച്ച് തന്നെയാണ്. അബുല്‍ ഹസന്‍ അലി നദ്‌വി ജമാഅത്തെ ഇസ്ലാമിയെയും സയ്യിദ് മൗദൂദിയെയും തള്ളിപ്പറഞ്ഞിട്ടുണ്ട് എന്ന് കാണിച്ചു ഒരു സഹോദരന്‍ മെയില്‍ അയച്ചിരുന്നു. മറ്റൊരു സഹോദരന്‍ സയ്യിദ് മൗദൂദിയുടെ അറബി പരിജ്ഞാനത്തെ കുറിച്ചും പര്‍ദ്ദ എന്ന മൗദൂദിയുടെ പുസ്തകത്തെ കുറിച്ചും. മഹാന്മാര്‍ അങ്ങിനെയാണ്, മരണപ്പെട്ടാലും അവര്‍ കൊളുത്തി വെച്ച ജ്ഞാനം ഈ ഭൂമിയില്‍ ബാക്കിയാകും. അത് എന്നും ജ്വലിച്ചു കൊണ്ടിരിക്കും. സംഘടനയില്‍ രണ്ടു വര്‍ഷമാണ് നദ്‌വി സാഹിബ് തുടര്‍ന്നത് എന്നാണ് എന്റെ അറിവ്.

അന്ന് അദ്ദേഹം ഉന്നയിച്ച ഒരു ആരോപണം ജമാഅത്തു പ്രവര്‍ത്തകര്‍ മൗദൂദി സാഹിബിനോട് അതിരുവിട്ട ആദരവ് കാണിക്കുന്നു എന്നായിരുന്നു. മറ്റൊരാളില്‍ നിന്നും പഠിക്കാനില്ലാത്ത രീതിയില്‍ മൗദൂദി സാഹിബിനെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ അത്ര കണ്ടു അംഗീകരിക്കുന്നു എന്നത് തെറ്റായ പ്രവണത വിളിച്ചു വരുത്തും എന്നതാണ് അദ്ദേഹം ഉന്നയിച്ച ആരോപണം. ശേഷം അദ്ദേഹം മൗദൂദിയെയും പ്രസ്ഥാന നിലപാടിനെയും വിമര്‍ശിച്ചു ഒരു ഗ്രന്ഥം എഴുതുകയും ചെയ്തു. മൗദൂദി സാഹിബ് സാങ്കേതിക ശബ്ദം എന്ന പുസ്തകത്തില്‍ ഉന്നയിച്ച പലതും അലി മിയാന്‍ വിമര്‍ശന വിധേയമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

നമ്മുടെ വിഷയം അതല്ല. ഇന്ന് പലരും പറയുന്നത് പോലെ മൗദൂദിക്ക് അറബി അറിയില്ല എന്ന ഒരാരോപണം അദ്ദേഹം എവിടെയും ഉന്നയിച്ചതായി കണ്ടില്ല. ലോക പ്രശസ്തരായ ഇന്നും ജീവിച്ചിരിക്കുന്ന അറബ് പണ്ഡിതര്‍ മൗദൂദി സാഹിബിനെ ഉസ്താദ് മൗദൂദി എന്ന് വിളിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല എന്നതിനാല്‍ ഒരാളുടെ പാണ്ഡിത്യം അളക്കാന്‍ കഴിയുക അദ്ദേഹം ബാക്കിയാക്കി പോയ പ്രവര്‍ത്തനങ്ങളെ നോക്കിയാണ്. വിമര്‍ശകര്‍ അതിനെങ്കിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പല ആരോപണവും ഇല്ലാതാകുമായിരുന്നു. നേതാവിനെ അനുയായികള്‍ കൂടുതല്‍ മഹത്വ വല്‍ക്കരിക്കുന്നു എന്നത് ഒരു പുതിയ ആരോപണമായി നാം കാണുന്നില്ല. ഇമാം മാലിക്കിനെ ആളുകള്‍ പരിധി വിട്ടു ആദരിക്കുന്നു എന്ന ഇമാം ഷാഫി അവര്‍കളുടെ അഭിപ്രായവും ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്.

അതെസമയം തന്നെ മുസ്ലിം യുവാക്കളെ പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നതില്‍ മൗദൂദി സാഹിബ് കാണിച്ച പ്രവര്‍ത്തനത്തെ നദ്‌വി അവര്കള് എടുത്തു പറയുന്നു. ഇസ്ലാമിന് നേരെ വന്ന ആരോപണങ്ങളെ തടഞ്ഞു നിര്‍ത്തുന്നതില്‍ മൗദൂദി സാഹിബ് എന്നും മുന്നിലായിരുന്നു എന്നദ്ദേഹം തുറന്നു പറയുന്നു. പടിഞ്ഞാറന്‍ ലോകത്തിന്റെ സ്ത്രീ കാഴ്ചപ്പാടിനെ തുറന്നു കാട്ടി ഇസ്ലാമിലെ സ്ത്രീയുടെ മഹത്വവും സ്ഥാനവും എടുത്തു കാണിക്കുന്ന കൃതിയായിരുന്നു മൗദൂദി സാഹിബിന്റെ പര്‍ദ്ദ. പര്‍ദ്ദ എന്ന കൃതി വിമര്‍ശകരില്‍ എത്ര പേര് വായിച്ചു എന്നതാണ് ചോദ്യം. കേവലം ഒരു വസ്ത്ര ധാരണ രീതിയുടെ വിശകലനമല്ല ആ പുസ്തകം. ഇസ്ലാമിലെ സ്ത്രീയെ അടയാളപ്പെടുത്തടുന്നതാണ്.

ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്ര രീതിയെ കുറിച്ച് പറയുന്നിടത്തു സ്ത്രീ മുഖം മറക്കണം എന്നദ്ദേഹം പറയുന്നു. അത് അവിടെ മാത്രമല്ല സൂറ അഹ്‌സാബ് വിശദീകരണത്തിലും സൂറ നൂറിന്റെ വിശദീകരണത്തിലും അദ്ദേഹം അത് പറയുന്നുണ്ട്. അത് ആദ്യമായി പറഞ്ഞ വ്യക്തിയല്ല മൗദൂദി. ഇസ്ലാമിക ലോകത്തു ഈ വിഷത്തില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പണ്ട് മുതലേ സാധ്യമാണ്. മൗദൂദി സാഹിബിനെ അനുയായികള്‍ പരിധി വിട്ടു ആദരിക്കുന്നു, മൗദൂദിയുടെ അഭിപ്രായങ്ങള്‍ക്കു അപ്രമാദിത്വം നല്‍കുന്നു എന്ന മുന്‍ ആരോപണത്തെ ഈ അഭിപ്രായം ദുര്‍ബലപ്പെടുത്തും. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ സ്ത്രീകളില്‍ മുഖം മറക്കുന്നവരും മറക്കാത്തവരുമുണ്ട്. സംഗീതം,സിഹ്ര്‍ പോലുള്ള വിഷയങ്ങളിലും മൗദൂദി സാഹിബിനോട് ഭിന്നിക്കുന്ന ആളുകള്‍ ധാരാളം. നേതാവിനെ ആളുകള്‍ ബഹുമാനിക്കണം, അത് സംഘടന നിലനില്‍ക്കാനുള്ള കാരണം കൂടിയാണ്. മൗദൂദി സാഹിബിനെ ഒരു പരിഷ്‌കര്‍ത്താവായി ജമാഅത്ത് പ്രവര്‍ത്തകര്‍ അംഗീകരിക്കും. ആ നിലക്കുള്ള ബഹുമാനവും നല്‍കും.

സ്ത്രീയുടെ പൊതു മണ്ഡലത്തിലെ ഇടം മൗദൂദി നിരസിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. സ്ത്രീകളുടെ മുഖ്യ ഇടം വീടാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്ന അഭിപ്രായമില്ല. പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഫാത്തിമ ജിന്നയെ പിന്തുണച്ച ചരിത്രവും മൗദൂദിക്കു പറയാനുണ്ട്.

പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത സാധ്യമാണ്. നമ്മുടെ നാട്ടില്‍ സംഘടനകള്‍ പിളര്‍ന്നിട്ടുണ്ട്. അന്നൊക്കെ ഇരുപക്ഷത്തും നില്‍ക്കുന്ന പണ്ഡിതരെ എങ്ങിനെയാണ് എതിര്‍പക്ഷം കൈകാര്യം ചെയ്തത് എന്നത് നാം കണ്ടതാണ്. ഇമാം മാലിക്കിനെതിരെ അഭിപ്രായം പറഞ്ഞ ഇമാം ഷാഫി അവര്‍കള്‍ക്കു ദേഹോപദ്രവം വരെ ഏല്‍ക്കേണ്ടി വന്നു എന്നാണ് ചരിത്രം. മൗദൂദി സാഹിബിനെയും പ്രസ്ഥാനത്തെയും വിമര്‍ശിച്ചു രംഗത്തു വന്ന നദ്വി അവര്‍കളെ മാന്യമായാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിട്ടത്. മൗദൂദി സാഹിബിന്റെ ജീവിതത്തിന്റെ അവസാന സമയത്താണ് നദ്വി സാഹിബ് വിമര്‍ശനവുമായി രംഗത്തു വന്നത്. ‘അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് വിഷമമുണ്ടാക്കുന്ന രീതിയില്‍ പ്രതികരിക്കരുത്’ എന്നാണ് സയ്യിദ് മൗദൂദി സാഹിബ് അന്ന് അണികള്‍ക്ക് നല്‍കിയ ഉപദേശം.
പണ്ഡിതന്മാര്‍ സംവദിക്കുമ്പോള്‍ പാമരന്മാര്‍ വിധി പറയുന്നു എന്നതാണ് നാം നേരിടുന്ന വലിയ ദുരന്തം.

പണ്ഡിതന്മാര്‍ സംവദിക്കുമ്പോള്‍ പാമരന്മാര്‍ വിധി പറയുന്നു എന്നതാണ് നാം നേരിടുന്ന വലിയ ദുരന്തം. തന്റെ ശിഷ്യരില്‍ രണ്ടു പേര് തന്റെ അഭിപ്രായത്തെ തിരുത്തും എന്നാണു ഒരിക്കല്‍ ഇമാം അബൂ ഹനീഫ അവര്‍കള്‍ പറഞ്ഞത്. തിരുത്തലും വിമര്‍ശനവും ഇസ്ലാമിക ലോകത്തിനു ഒരു പുത്തരിയല്ല. അവസാന വാക്ക് എന്നൊന്ന് ഇസ്ലാമില്‍ പ്രവാചകന് മാത്രം എന്ന് മനസ്സിലാക്കിയാല്‍ ഇപ്പോള്‍ നടക്കുന്ന പല ചര്‍ച്ചകള്‍ക്കും ഒരു സ്ഥാനവും കാണില്ല.

Related Articles