ഭൗതിക ജീവിതത്തിന്റെ സർവ്വവിധ ജീർണതകൾക്കും (ജാഹിലിയ്യത്ത്) ആഗോള അധിനിവേശത്തിന്റെ സാമ്രാജ്യത്വ ഭീകരതകൾക്കുമെതിരെ നിരന്തരം കലഹിക്കൽ സത്യവിശ്വാസികളുടെ ബാധ്യതയാണെന്ന് തെര്യപ്പെടുത്തിയ സയ്യിദ് മൗദൂദി ഒരിക്കലും ചാരു കസേരാ ബുദ്ധിജീവിയായിരുന്നില്ല.
തർജുമാനുൽ ഖുർആൻ മാസികയിലൂടെ താൻ നടത്തിയ ആഹ്വാനങ്ങൾ ചെവിക്കൊണ്ടവർക്ക് സംഘടിത പ്രവർത്തന രൂപം വേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആ പ്രഖ്യാപനത്തോട് അനുകൂലമായി പ്രതികരിച്ച വിവിധ പ്രദേശങ്ങളിലുള്ള പണ്ഡിതരും ചിന്തകരുമായ 75 പേർ ചേർന്നാണ് 1941 ൽ ജമാഅത്തെ ഇസ് ലാമി എന്ന ഇസ് ലാമിക പ്രസ്ഥാനം രൂപവത്കരിക്കുന്നത് (വിഭജനാനന്തരം 1948 ൽ ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി പുന:സംഘടിപ്പിക്കപ്പെട്ടു)
സമഗ്രവും സമ്പൂർണവുമായ ജീവിത പദ്ധതിയാണ് ഇസ് ലാം. അല്ലാഹു നൽകിയ അതി മഹത്തായ ഈ കാരുണ്യത്തിന് നാം സ്വയം സാക്ഷ്യം വഹിക്കുകയും ചുറ്റുമുള്ള ജനകോടികൾക്ക് എത്തിച്ചു കൊടുക്കുകയും വേണം… ഇതായിരുന്നു ജമാഅത്തെ ഇസ് ലാമി വഴി സയ്യിദ് മൗദൂദി ഉദ്ദേശിച്ചതിന്റെ രത്നച്ചുരുക്കം.
പ്രസ്ഥാനം ലക്ഷ്യമിടുന്ന വിപ്ലവത്തിന്റെ പരിച്ഛേദമായിരുന്നു മൗദൂദിയുടെ”ദാറുൽ ഇസ് ലാം”.
സ്വഛസുന്ദരമായ ഒരു ഗ്രാമത്തിൽ പരമാവധി ഇസ് ലാമിക സാമൂഹിക ക്രമത്തിനൊത്ത് ജീവിക്കുക എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ദാറുൽ ഇസ് ലാം. 1938 ലെ ദാറുൽ ഇസ് ലാം പദ്ധതി മൗദൂദി സാഹിബും മഹാകവി അല്ലാമാ ഇഖ്ബാലും കൂടിയാലോചിച്ച് ആവിഷ്കരിച്ചതായിരുന്നു.
മൗദൂദിയുടെ ദാർശനിക ജീവിതവും സമര ജീവിതവും തമ്മിൽ ഇഴ പിരിക്കാൻ പ്രയാസമാണ്. തർജുമാനുൽ ഖുർആന്റെ കാര്യം തന്നെ നേക്കാം. ഒരു വലിയ പത്ര സ്ഥാപനത്തിൽ ആലങ്കാരിക എഡിറ്ററായി ജോലി നോക്കുകയായിരുന്നില്ല മൗദൂദി സാഹിബ്. മറിച്ച് മൗദൂദി എന്ന ഒറ്റയാൾ പട്ടാളമായിരുന്നു പ്രസ്തുത മാസിക പൂർണമായി നടത്തിയത്!
ഒരു പ്രസിദ്ധീകണത്തിന്റെ ഓഫീസിൽ ഒരാൾ മാത്രം! അയാൾ തന്നെ മാറ്ററുകൾ തയ്യാറാക്കുന്നു. എഡിറ്റോറിയൽ എഴുതുന്നു. പ്രൂഫ് വായിക്കുന്നു. അച്ചടി കഴിഞ്ഞാൽ ഓഫീസിൽ കൊണ്ടുവന്ന് റേപ്പർ ഒട്ടിച്ച് വിലാസമെഴുതി സ്റ്റാമ്പ് പതിക്കുന്നു. അനന്തരം അവ ചുമന്ന് പോസ്റ്റ് ഓഫീസിലേക്ക് പോകുന്നു. കേരളമടക്കം ലോകത്തിന്റെ വിവിധ കോണുകളിൽ തർജുമാനുൽ ഖുർആൻ പറന്നെത്തിയത് അങ്ങനെയായിരുന്നു. ഒരു വേള ലോകത്തെവിടെയും കണ്ടിട്ടില്ലാത്ത പത്രപ്രവർത്തനം!
ദൈവിക വർണത്തിനൊത്ത് ലോകത്തെ മാറ്റിപ്പണിയാനാണ് മൗദൂദി ശ്രമിച്ചത്.
ഓരോ കാൽ വെപ്പും ഓരോ ഗ്രന്ഥവും രചിച്ചത് ആ അർത്ഥത്തിലാണ്. “പലിശ” മാത്രം ഉദാഹരിക്കാം. ലോകത്തെമ്പാടുമുളള പലിശ രഹിത സാമ്പത്തിക സംവിധാനങ്ങളെയും ഇസ് ലാമിക ബേങ്കുകളെയും ഏറെ സ്വാധീനിച്ച കൃതിയാണിത്.
ചിന്താപരമായി ആന്ധ്യം ബാധിക്കുന്ന വരട്ടുവാദക്കാരിൽ നിന്ന് വ്യത്യസ്തനായിരുന്നു മൗദൂദി.
മനുഷ്യന് അതിരില്ലാത്ത ആധിപത്യം നൽകുന്ന പടിഞ്ഞാറൻ ഡെമോക്രസിയെയും ഭൗതികവാദ സെക്യുലരിസത്തെയും സ്വേഛാധിപത്യത്തിലും ദേശ പൂജയിലുമെത്തുന്ന നാഷനലിസത്തെയും താത്വികമായി ഖണ്ഡിക്കുമ്പോഴും ഇപ്പറഞ്ഞവയുടെയെല്ലാം രചനാത്മക വശങ്ങളെ മൗദൂദി അംഗീകരിക്കുന്നുണ്ട്. “മതേതരത്വം ദേശീയ .ത്വം ജനാധിപത്യം ഒരു താത്വിക വിശകലനം ” എന്ന കൃതി (ബ്രിട്ടീഷ് ഇന്ത്യയിൽ മൗദൂദി നടത്തിയ ഒരു പ്രഭാഷണം) വായിക്കുന്ന ആർക്കും അക്കാര്യം ബോധ്യപ്പെടും.
പാകിസ്ഥാനിൽ ജനാധിപത്യ പുന:സ്ഥാപനത്തിനു വേണ്ടി മൗദൂദി പ്രക്ഷോഭം നടത്തിയിട്ടുണ്ട്.
ഇസ് ലാമിക ഭരണഘടനക്കും മൗദൂദീസാഹിബ് നിരന്തരമായ സമര പോരാട്ടങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി വ്യത്യസ്ത ധാരകളിൽപ്പെട്ട 31 പ്രഗത്ഭ പണ്ഡിതരെ പങ്കെടുപ്പിച്ചു കൊണ്ട് 1951 ൽ കറാച്ചിയിൽ നടത്തിയ ഉലമാ കോൺഫ്രൻസ് ശ്രദ്ധേയമായിരുന്നു. വിശ്രുത പണ്ഡിതൻ സയ്യിദ് സുലൈമാൻ നദ് വി സയ്യിദ് മൗദൂദിയുമായി സജീവമായി സഹകരിക്കുകയും ഈ കോൺഫ്രൻസിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. (തുടരും )
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0