Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് മൗദൂദിയെ ഓര്‍ക്കുമ്പോള്‍

ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വെച്ചാണ് ആ പുസ്തകം കയ്യില്‍ കിട്ടിയത്. അറബി അധ്യാപകനായ ശിഹാബ് മാഷാണ് ആ പുസ്തകം വായിക്കാന്‍ തന്നത്. സത്യസാക്ഷ്യം എന്ന പുസ്തകം ഒരു തവണ അന്ന് തന്നെ വായിച്ചു. അന്ന് ഇടക്കഴിയൂരില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. അമ്മാവന്റെ മകന്‍ മുഹമ്മദലി സാഹിബിന്റെ കയ്യില്‍ പ്രബോധനം കാണും. അതും ഇടയ്ക്കു വായിക്കും. അതില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ തന്നെയായിരുന്നു കൂടുതല്‍ താല്പര്യം. മൗദൂദി കൃതികളുമായി ആദ്യ ബന്ധം അങ്ങിനെയായിരുന്നു. പള്ളി ദര്‍സില്‍ പോയിരുന്ന ഞങ്ങള്‍ പഠിച്ചിരുന്നത് ‘ഉംദ’ കര്‍മ ശാസ്ത്ര ഗ്രന്ഥമായിരുന്നു.

സത്യസാക്ഷ്യം വായന വല്ലാത്ത ഒരു അനുഭൂതിയായി അനുഭവപ്പെട്ടു. അന്നുവരെ പറഞ്ഞും വായിച്ചും കേള്‍ക്കാത്ത ഒരു ഇസ്ലാം. ഖുര്‍ആന്‍ ‘ഓതുക’ എന്നതിലപ്പുറം വായന തുടങ്ങാത്ത കാലം. ഒരു പരമ്പരാഗത ഇസ്ലാമിനെ കുറിച്ചായിരുന്നു ഞങ്ങളുടെ പ്രായക്കാരുടെയെല്ലാം ചര്‍ച്ച. പള്ളിയില്‍ നടക്കുന്ന സാഹിത്യ സമാജങ്ങളില്‍ കൈകെട്ടും ഖുനൂത്തും ബിസ്മി ഉറക്കെ ചൊല്ലലും ഇടയ്ക്കു തവസ്സുലും പ്രാര്‍ഥനയും വിഷയങ്ങളായി വന്നു കൊണ്ടിരുന്നു. ഒരിക്കല്‍ എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചു അന്ന് ഞാന്‍ സത്യസാക്ഷ്യം വായിച്ച അറിവുകള്‍ പങ്കു വെച്ചു. കേള്‍വിക്കാര്‍ക്കും അതൊരു പുതിയ അറിവായിരുന്നു.

സയ്യിദ് മൗദൂദിയെ അങ്ങിനെയാണു പരിചയപ്പെട്ടത്. ഇസ്ലാമിന്റെ സമകാലിക വായന നടത്താന്‍ എന്നെ സ്വാധീനിച്ച വ്യക്തിത്വം. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിന് ലഭിച്ച അനുഗ്രഹം എന്തെന്ന് ചോദിച്ചാല്‍ അതിലൊന്ന് സയ്യിദ് മൗദൂദി എന്ന് പറയാന്‍ രണ്ടു വട്ടം ചിന്തിക്കില്ല. ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ച ഇസ്ലാം ഒരു വിശാല വ്യവസ്ഥയാണ്. അതില്‍ നിന്നും കുടുസ്സായ ഒരു സമുദായ ചിന്തയിലേക്ക് ദീന്‍ വന്നു നിന്നിരുന്നു. മനുഷ്യരുടെ ഈ ലോകത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പരലോകം. ഇസ്ലാം പരലോകത്തേക്കു മാത്രമുള്ള ഒന്നായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലം. അവിടെയാണ് ഇസ്ലാം ഒരു കേവല മതം എന്നതില്‍ നിന്നും ഒരു സമഗ്ര ജീവിത വ്യവസ്ഥ എന്ന് സയ്യിദ് മൗദൂദി ലോകത്തോട് പറഞ്ഞത്.

ഇലാഹ് എന്നത് ആരാധ്യന്‍ എന്ന് മാത്രമാക്കി ചുരുക്കുകയും ‘ഹുകും’ എന്നത് മത വിധികള്‍ മാത്രമായി ചുരുങ്ങിയ കാലത്ത് ഹാകിം എന്നതിന് തൗഹീദിലുള്ള സ്ഥാനം ആധുനിക ജനാധിപത്യ മതേതരത്വ കാലത്ത് വിശദീകരിച്ചു എന്നതാണു സയ്യിദ് മൗദൂദി ചെയ്ത വലിയ സേവനം. ഇസ്ലാമിനെതിരെ പാശ്ചാത്യ ലോകത്തു നിന്നും പൗരസ്ത്യ ലോകത്ത് നിന്നും ഉയര്‍ന്നു വന്ന ആരോപണങ്ങളെ സമര്‍ത്ഥമായി നേരിട്ടു എന്നതും സയ്യിദ് മൗദൂദി ചെയ്ത സേവനം തന്നെ. നവീന വാദികള്‍ നാസ്തികര്‍ പ്രവാചകത്വ വാദികള്‍ ഹദീസ് നിഷേധികള്‍ തുടങ്ങിയവരെ പ്രമാണബദ്ധമായി നേരിട്ടു എന്നതും എടുത്തു പറയേണ്ട കാര്യം തന്നെ. ഇസ്ലാമിന്റെ വീക്ഷണങ്ങള്‍ പ്രസരിപ്പിക്കുന്ന ഒരുപാട് മേഖലകളില്‍ സയ്യിദ് മൗദൂദി കടന്നു ചെന്നു. അഖീദ,കര്‍മാശാസ്ത്രം,ചരിത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ ഗ്രന്ഥ രചനകളും പ്രഭാഷണങ്ങളും ഇന്നും ലോകത്ത് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പണ്ഡിതര്‍ മരണപ്പെട്ടാലും ബാക്കിയാവുന്നതാണ് അവരുടെ വിജ്ഞാനം. ഇസ്ലാം മതം എന്ന ഒറ്റ കൃതി മാത്രം മതി സയ്യിദ് മൗദൂദിയെ ലോകത്തിനു എന്നും സ്മരിക്കാന്‍. ഒരുപാട് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥം എന്ന ഖ്യാതി കൂടി അതിനുണ്ട്. ഇസ്ലാമിനെ ആധുനിക ലോകത്തിനു പരിജയപ്പെടുത്താന്‍ സയ്യിദ് മൗദൂദി തുടങ്ങി വെച്ച സംരംഭം ഇന്നും സജീവമായി തന്നെ നിലനില്‍ക്കുന്നു. സയ്യിദ് മൗദൂദിയെ ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ വായിക്കാനാണ് നമുക്ക് താല്‍പര്യം.

ആധുനിക ചിന്തകള്‍ ദൈവത്തിനു പരിധി വെച്ചപ്പോള്‍ ആ പരിധിയുടെ ഇസ്ലാമിക മാനമാണ് സയ്യിദ് മൗദൂദി പറഞ്ഞു തന്നത്. അദ്ദേഹവുമായി യോജിക്കാനും വിയോജിക്കാനും ആര്‍ക്കും അവകാശമുണ്ട്. ശൈഖുല്‍ ഇസ്ലാമിന് ശേഷം ഇസ്ലാമിനെ ഇത്രമാത്രം പ്രമാണ ബദ്ധമായി ചര്‍ച്ച ചെയ്ത് മറ്റൊരു പണ്ഡിതനെ നാം കണ്ടില്ല. അദ്ദേഹം നമ്മോടു വിട പറഞ്ഞിട്ട് ഇന്ന് നാല് പതിറ്റാണ്ട് തികയുന്നു. അദ്ദേഹത്തിനു ശേഷം ഇസ്ലാമിക ചര്‍ച്ച മൗദൂദിയില്‍ തുടങ്ങി അവിടെ അവസാനിക്കുന്നു എന്നതാണ് നാം കണ്ടു വരുന്ന രീതിയും.

Related Articles