ഇരുപതാം നൂറ്റാണ്ട് കണ്ട പ്രഗത്ഭ പണ്ഡിതനും ചിന്തകനും നവോത്ഥാന നായകനുമാണ് സയ്യിദ് അബുൽ അഅലാ മൗദൂദി. മുസ് ലിം ലോകത്തിന്റെ അകത്തും പുറത്തും ഇത്രയധികം ശ്രദ്ധിക്കപ്പെട്ട, ഒപ്പം ഇത്രയേറെ തെറ്റുധരിക്കപ്പെട്ട മറ്റൊരു വ്യക്തിത്വം ഉണ്ടാവില്ല!
സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ ഇന്ത്യൻ പശ്ചാത്തലത്തിൽ വേറിട്ടൊരു ശബ്ദവുമായാണ് മൗലാനാ മൗദൂദി കടന്നു വന്നത്. ആചാരനിഷ്ഠ മതത്തിനും അരാജകത്വ പൊതു ജീവിതത്തിനും മധ്യേ ഋജുവായ ആത്മീയതയും മൂല്യവത്തായ രാഷ്ട്രീയവും സമഗ്രമായി മേളിച്ച സന്തുലിത ജീവിത പദ്ധതിയാണ് ഇസ് ലാം എന്നതായിരുന്നു “മൗദൂദിയൻ തോട്ടി”ന്റെ കാതൽ.
ആർത്തലച്ചു വന്ന മനുഷ്യ നിർമ്മിത പ്രത്യയ ശാസ്ത്രങ്ങളുടെ നാഡി പിടിച്ചളന്ന് അസാമാന്യ ധീരതയോടെ, ഇസ് ലാമിന്റെ സമഗ്ര ശോഭ ഉയർത്തിക്കാട്ടിയ മൗദൂദി സത്യവിശ്വാസികളുടെ സമാജത്തിന് പുതിയ പ്രതീക്ഷകളുടെ ചായം നൽകുകയും നിരാശയുടെ ചാരത്തിൽ നിന്ന് പ്രത്യാശയുടെ കനലുകൾ ഊതിജ്ജ്വലിപ്പിച്ച് അവരെ പ്രവർത്തന സജ്ജമാക്കുകയും ചെയ്തു.
അഹ് ലുബൈത്തിൽ വേരുകളാഴ്ത്തിയ, അലിയ്യുബ്നു അബീത്വാലിബ് (റ) യുമായി സന്ധിക്കുന്ന വംശ പരമ്പരയാണ് സയ്യിദ് മൗദൂദിയുടേത്. ചിശ്ത്തിയ്യാ സ്വൂഫീ ത്വരീഖത്തിന്റെ ആത്മീയ ശിക്ഷണത്തിൽ വളർന്ന കുടുംബത്തിൽ ഹൈദരാബാദ് നാട്ടു രാജ്യത്തിലെ ഔറംഗാബാദിൽ 1903 സെപ്റ്റംബർ 25 നാണ് മൗദൂദി സാഹിബ് ജനിക്കുന്നത്.
വി.എ കബീർ എഴുതുന്നു:
“ഒരേ സമയം പല യുദ്ധ മുഖങ്ങളിൽ പൊരുതേണ്ട നിയോഗമായിരുന്നു മൗദൂദിയുടേത്. വിശ്വാസ വൈകൃതങ്ങളും കർമ ജാഡ്യവും ബാധിച്ച മുസ് ലിം ബഹുജനം ഒരു വശത്ത്. കൊളോണിലിസത്തോടൊപ്പം കടന്നുവന്ന പടിഞ്ഞാറൻ ചിന്തകളുടെയും സംസ്കാരത്തിന്റെയും പ്രവാഹത്തിൽപ്പെട്ട യുവജനം മറ്റൊരുവശത്ത്. ചരിത്രത്തിന്റെ ചാലക ശക്തികളെയും നാഗരിക പരിവർത്തനങ്ങളെയും കുറിച്ച് ധാരണയില്ലാത്ത പരമ്പരാഗത പണ്ഡിത സമൂഹം വേറൊരു വശത്ത്. ഈ ശോച്യ പരിസരത്താണ് മൗദൂദി തന്റെ നവോത്ഥാന പദ്ധതിക്ക് കുറ്റിയടിക്കുന്നത് ” (മൗദൂദി സ്മൃതിരേഖകൾ)
60 വർഷത്തെ പൊതു ജീവിതത്തിന്നിടയിൽ മൗദൂദി കൈ വെക്കാത്ത വിഷയങ്ങളില്ല! വൈവിധ്യ ചിന്തകളെ വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ വായിക്കുന്ന 120 ലധികം ഗ്രന്ഥങ്ങളും ലഘുലേഖകളും രചിച്ചു അദ്ദേഹം. 1000 ൽ പരം പ്രസംഗങ്ങൾ നടത്തി! (ഇവയിൽ 700 എണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ) സയ്യിദ് മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി അനവദ്യസുന്ദരമായ ഉർദു ഭാഷയിൽ രചിച്ച തഫ് ഹീമുൽ ഖുർആൻ എന്ന 6 വാള്യങ്ങളുള്ള ഖുർആൻ വ്യഖ്യാനമത്രെ. 30 വർഷങ്ങളാണ് ഇതിനു വേണ്ടി അദ്ദേഹം ചെലവഴിച്ചത്!
1914 ൽ വെറും പതിനൊന്നാം വയസ്സിൽ “അൽ മർഅത്തിൽ ജദീദ ” (അഭിനവ വനിത )എന്ന അറബി പുസ്തകം ഉർദുവിലേക്ക് വിവർത്തനം ചെയ്തു കൊണ്ടാണ് മൗദൂദി എഴുത്തു ജീവിതം ആരംഭിക്കുന്നത്! തുടർന്ന് 1918ൽ അൽ മദീന പത്രാധിപ സമിതി അംഗമായി. 1920 ൽ താജ് വാരിക എഡിറ്ററായി. തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ പ്രസിദ്ധീകരണമായ അൽ ജംഇയ്യത്തിന്റെ പത്രാധിപരായി! ( അതിനിടയിൽ മൗലാനാമുഹമ്മദലിയുടെ ഹംദർദിലേക്കും ക്ഷണമുണ്ടായി) തുടർന്ന് 1932 ൽ സ്വന്തമായി തർജുമാനുൽ ഖുർആൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മൗദൂദി സാഹിബിന്റെ വിചാരവിപ്ലവത്തിന് കരുത്തു പകർന്നത് തർജുമാനുൽ ഖുർആൻ ആയിരുന്നു.
ഇസ് ലാമിലെ ജിഹാദ് ഏറെ തെറ്റുധരിക്കപ്പെട്ട ഒരു ഘട്ടത്തിൽ മൗലാനാ മുഹമ്മദലി ദൽഹി ജുമാ മസ്ജിദിൽ ചെയ്ത ഹൃദയഹാരിയായ ഒരു പ്രസംഗം യുവാവായ മൗദൂദിയിൽ സൃഷ്ടിച്ച പ്രതികരണമാണ് “അൽ ജിഹാദു ഫിൽ ഇസ് ലാം” എന്ന വിഖ്യാതമായ പ്രഥമ ഗ്രന്ഥത്തിന്റെ നിമിത്തം.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇസ് ലാമിക പ്രതിഭയത്രെ സയ്യിദ് മൗദൂദി! ഉർദു, അറബി, ഹിന്ദി, ഇംഗ്ലീഷ്, പേർഷ്യൻ, ടർക്കിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, സാഹിലി ഭാഷകളിലെല്ലാം അദ്ദേഹത്തിന്റെ കൃതികൾ ലഭ്യമാണ്!
സയ്യിദ് മൗദൂദിയുടെ അഗാധമായ പാണ്ഡിത്യത്തെ പറ്റി വിശ്രുത സിറിയൻ ചിന്തകൻ ശൈഖ് അലി ത്വൻ ത്വാവി എഴുതുന്നു: “ഗ്രന്ഥകാരന്മാർ നാലു വിധമുണ്ട്. ഒരു വിഭാഗം പ്രബലമായതും ദുർബലമായതുമൊക്കെ ഒരുക്കൂട്ടുന്നു. വിഷയത്തിൽ കാണുന്നതൊക്കെ ശേഖരിക്കുന്നു. സുയൂത്വി ഉദാഹരണം.
മറ്റൊരു വിഭാഗം ഖണ്ഡിത പ്രമാണങ്ങൾ ശേഖരിക്കുന്നു. എന്നിട്ടവയുടെ പ്രാമാണികത പരിശോധിച്ച് അവ മുഴുവൻ ഉദ്ധരിക്കുന്നു. ശൗക്കാനി ഉദാഹരണം.
അവരെക്കാൾ ഉയർന്നു നിൽക്കുന്ന മൂന്നാമത്തെ വിഭാഗം ഖണ്ഡിത പ്രമാണങ്ങൾ കോഡീകരിച്ച് അവ വ്യാഖ്യാനിക്കുകയും അവയിൽ നിന്ന് നിയമ നിഷ്പാദനം സാധിക്കുകയും ചെയ്യുന്നു. എന്നിട്ടതിൽ നിന്നൊക്കെ ഒരു പൂർണ പഠനം ഉണ്ടാക്കിയെടുക്കുന്നു. ഇബ്നു തൈമിയ്യ ഉദാഹരണം.
ഈ മൂന്ന് വിഭാഗത്തേക്കാളും ശ്രേഷ്ഠമായ ഒരു വിഭാഗമുണ്ട്. അവർ ഖണ്ഡിത പ്രമാണങ്ങളെ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കിയെടുക്കുകയും എന്നിട്ടതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ സ്വന്തം ചിന്തയെപ്പോലെയായിത്തീരുന്നു. ശേഷം ഒരാൾ സ്വന്തം ചിന്ത അവതരിപ്പിക്കുന്നതു പോലെ വിവിധ രൂപത്തിലും ശൈലിയിലും അവതരിപ്പിക്കുന്നു. ഇമാം ഗസ്സാലി ഉദാഹരണം.
മൗദൂദി ചിലപ്പോൾ മുകളിൽ പറഞ്ഞ മൂന്നാം വിഭാഗത്തിന്റെ പദവിയേക്കാൾ ഉയരുകയും
നാലാം വിഭാഗത്തിന്റെ പദവിയിലേക്കെത്തുകയും ചെയ്യുന്നുണ്ട്! ” ( വിമർശിക്കപ്പെടുന്ന മൗദൂദി. സെന്റർ ഫോർ റിസർച്ച് & അനാലിസിസ് – ലജ്ന – പ്രസിദ്ധീകരണം)
ഇസ് ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസൻ അവാർഡ് സമർപ്പിക്കപ്പെട്ടത് സയ്യിദ് അബുൽ അഅലാ മൗദൂദിക്കായിരുന്നു! (തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5