Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെന്ന നവോത്ഥാന നായകന്‍

ആഗോള അധികാര വ്യവസ്ഥയുടെ ഈ ഏകധ്രുവ ലോകത്ത് എത്ര തല്ലിക്കെടുത്തിയാലും ഉയരുന്ന പ്രതീക്ഷയുടെ ഇസ്‌ലാമിക നവജാഗരണത്തിന് നാം ഏറ്റവും കടപ്പെട്ട ദാര്‍ശനികനും വിപ്ലവകാരിയുമത്രെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. പ്രഗത്ഭ പണ്ഡിതന്‍, ക്രാന്തദര്‍ശിയായ ചിന്തകന്‍, സമരനായകന്‍, കരുത്തുറ്റ ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട് സയ്യിദ് മൗദൂദിയുടെ തൊപ്പിയില്‍ ചൂടാന്‍.

ഫിഖ്ഹ് കൊണ്ട് ഇസ്‌ലാമിനെ ഉരുട്ടിക്കളിക്കുന്ന പണ്ഡിതരില്‍ നിന്ന് ഭിന്നമായി നിലവിലുള്ള ആത്മീയ ഭൗതിക പ്രത്യയശാസ്ത്രങ്ങളെ നാഡിപിടിച്ചളക്കുകയും അവയുടെ ബലഹീനതകള്‍ തുറന്നു കാട്ടി മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഇസ്‌ലാമിനെ സമര്‍പ്പിക്കുകയും ചെയ്തു മൗദൂദി. അക്കാര്യത്തില്‍ മൗദൂദിക്ക് വിശുദ്ധ ഖുര്‍ആനില്‍ ഊന്നിയ കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.

പ്രവാചക പരമ്പരയില്‍ എത്തുന്ന കുടുംബമാണ് മൗദൂദിയുടേത്. ദീര്‍ഘകാലത്തെ ആത്മീയ പാരമ്പര്യമുള്ള ചിശ്തിയാ സൂഫീ ത്വരീഖത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ പൂര്‍വ്വപിതാക്കള്‍ അഫ്ഗാന്‍ ഇറാന്‍ അതിര്‍ത്തി പ്രദേശത്തുനിന്നാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. മാതാവ് തുര്‍ക്കി വംശജ.1903 സെപ്റ്റംബര്‍ 25 ന് പുരാതന നാട്ടുരാജ്യമായ ഹൈദരാബാദില്‍ പെട്ട ഔറംഗാബാദിലാണ് അബുല്‍ അഅലാ ജനിച്ചത്. കുടുംബത്തില്‍ കടന്നു പോയ പ്രമുഖ പണ്ഡിതനെ അനുസ്മരിക്കാന്‍ വേണ്ടിയാണത്രെ മാതാപിതാക്കള്‍ കുട്ടിക്ക് ഇങ്ങനെ ഒരു പേരിട്ടത്.

ഇസ്‌ലാമിന്റെ പ്രയോഗവത്കരണവും ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയുമായിരുന്നു മൗദൂദിയന്‍ ചിന്തയുടെ കേന്ദ്ര ബിന്ദു. 1914 ല്‍ മൗലവി പരീക്ഷ പാസായ ഒഴിവുവേളയില്‍, തന്റെ പതിനൊന്നാം വയസില്‍ ‘അല്‍ മര്‍അത്തുല്‍ ജദീദ ‘ എന്ന അറബികൃതി സയ്യിദ് മൗദൂദി ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി! പിന്നീട് ഉസ്മാനിയാ സര്‍വ്വകലാശാലക്കു വേണ്ടി ‘അല്‍ ഹിക്മത്തുല്‍ മുതആലിയ ഫില്‍ അസ്ഫാരില്‍ അഖ്‌ലിയ്യ’ എന്ന കടുകട്ടിയുള്ള തത്വശാസ്ത്ര ഗ്രന്ഥവും മൗദൂദി വിവര്‍ത്തനം ചെയ്യുകയുണ്ടായി (ഇതിനു ലഭിച്ച പാരിതോഷികസംഖ്യയില്‍ നിന്ന് 5000 രൂപ ഉപയോഗിച്ചാണ് മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക സ്വന്തമാക്കുന്നത്)

ഇന്ത്യയിലെ ആധികാരിക പണ്ഡിത സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രങ്ങളായ ‘മുസ് ലിം’, ‘അല്‍ ജംഇയ്യത്ത്’ എന്നിവയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത മൗദൂദി ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി വീറോടെ വാദിക്കുകയും ചെയ്തു. ഇന്ത്യാ വിഭജനത്തെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തു അദ്ദേഹം.

ഇസ്‌ലാമിനു നല്‍കിയ സമഗ്ര സംഭാവനകളെ അധികരിച്ച് ലോകപ്രശസ്തമായ ഫൈസല്‍ അവാര്‍ഡ് ആദ്യമായി നല്‍കപ്പെട്ടത് സയ്യിദ് മൗദൂദിക്കായിരുന്നു.
120ല്‍ പരം ഗ്രന്ഥങ്ങളും ലഘുലേഖകളും എഴുതിയിട്ടുണ്ട് മൗദൂദി (192028 കാലത്ത് മൗദൂദി നാല് ഗ്രന്ഥങ്ങള്‍, ഒന്ന് അറബിയില്‍ നിന്നും മൂന്ന് എണ്ണം ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തിയതായി പ്രൊഫ: ഖുര്‍ശിദ് അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്) ആയിരത്തിലധികം പ്രസംഗങ്ങള്‍ വേറെയും. ഇതില്‍ ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ പോലുള്ള ഗഹനമായവയും തനി ഗ്രാമീണരോട് സംസാരിച്ച ഖുത്ബാത്തും കാണാം. മനുഷ്യ പക്ഷത്തിനു വേണ്ടിയുള്ള ഇടപെടലുകളും ( മനുഷ്യാവകാശങ്ങള്‍ ഇസ് ലാമില്‍) പ്രവര്‍ത്തനോര്‍ജ്ജം പകരുന്നവയും (ഇസ് ലാം ആധുനിക യുഗത്തില്‍) ഉണ്ട്. മൗലാനാ മുഹമ്മദലിയുടെ ഹൃദയംഗമമായ പ്രസംഗം കേട്ട് പ്രചോദിതനായ മൗദൂദി തന്റെ ഇരുപതുകളില്‍ രചിച്ച വിശിഷ്ട ഗ്രന്ഥമാണ് ‘അല്‍ ജിഹാദുവില്‍ ഇസ് ലാം’. ഇസ് ലാംമതം എന്ന ഗ്രന്ഥം ഫ്രഞ്ച്, ഇറ്റാലിയന്‍, ജാപ്പനീസ് , ചൈനീസ് തുടങ്ങി 70 ല്‍ പരം ആഗോള ഭാഷകളില്‍ ലഭ്യമാണ്. തഫ്ഹീമുല്‍ ഖുര്‍ആന്‍ ആണ് മൗദൂദിയുടെ മാസ്റ്റര്‍പീസ്. മദീനാ യൂനിവേഴ്‌സിറ്റി നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന് പാഠ്യപദ്ധതി ഉണ്ടാക്കാന്‍ അധികൃതര്‍ സമീപിച്ചത് സയ്യിദ് മൗദൂദിയെയായിരുന്നു.1961 ല്‍ അതിനു വേണ്ടി അദ്ദേഹം സൗദി സന്ദര്‍ശിച്ചു. മുസ് ലിം വേള്‍ഡ് ലീഗിന്റെ (റാബിത്വ ) സ്ഥാപകാംഗം കൂടിയാണ് മൗദൂദി.

മൗദൂദിയുടെ ഗ്രന്ഥങ്ങളെല്ലാം മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. മൗദൂദിയുടെ 30 കൃതികള്‍ മുന്‍നിര്‍ത്തി ഡോ: മുഹമ്മദ് ഇമാറ നടത്തിയ പഠനം നമ്മെ വല്ലാതെ കൊതിപ്പിക്കും. അകം പൊള്ളയായ ഒരുനാഗരികതയെ തൗഹീദീന്റെ പ്രപഞ്ച വീക്ഷണത്തിലൂന്നി തൊലിയുരിക്കുന്ന മഹത്തായ നിരീക്ഷണങ്ങള്‍…

സയ്യിദ് മൗദൂദി ചിന്തകരും പണ്ഡിതരും ഉള്‍പ്പെടുന്ന 75 പേരുമായി ചേര്‍ന്നാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ് ലാമി എന്ന കരുത്തുറ്റ ആധുനിക ഇസ് ലാമിക പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. സുന്നത്ത് നിഷേധപ്രവണത, ഖാദിയാനികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെതിരെ പേനത്തുമ്പ് കൊണ്ട് സമരമുഖം തീര്‍ത്ത മൗദൂദി, അതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യപ്പെടുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആഗോള പണ്ഡിതന്മാരുടെയും ചിന്തകരുടെയും ഭരണകര്‍ത്താക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് പാകിസ്ഥാന്‍ അധികൃതര്‍ക്ക് ശിക്ഷാ നടപടികള്‍ പിന്‍വലിക്കേണ്ടി വന്നു.

മാനസികമായ ഈമാനില്‍ ഊന്നി നിന്ന് ഇസ്‌ലാമിന്റെ സമഗ്രതയെ ജ്വലിപ്പിക്കുന്നതാണ് മൗദൂദിയന്‍ ദര്‍ശനത്തിന്റെ കാതല്‍. ഇതിനു വേണ്ടി തൗഹീദിന്റെ അന്ത:ചോദന സ്വാംശീകരിച്ച് ബൗദ്ധിക പടയണി തീര്‍ത്തു അദ്ദേഹം. തീവ്രതയും ഒപ്പം ജീര്‍ണതയും തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത സന്തുലിത ശൈലിയാണ് മൗദൂദിയുടേത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മൗദൂദി പക്ഷെ ഒരിക്കലും ക്ഷമാപണശൈലിയും സ്വീകരിച്ചിരുന്നില്ല.
‘റസൂലിന്റെ പേന കൊണ്ടെഴുതുന്ന മൗലവി ‘ എന്നത്രെ ദാര്‍ശനിക കവി ഇഖ്ബാല്‍ മൗദൂദിയെ വിശേഷിപ്പിച്ചത്! മൗദൂദിയുമായി വീക്ഷണ വൈജാത്യം പുലര്‍ത്തുന്ന സിയാഉദ്ദീന്‍ സര്‍ദാര്‍ മൗദൂദിയുടെ വാക്കുകളെ ‘സ്വര്‍ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ടുപോലെ’ എന്നാണ് പരിചയപ്പെടുത്തിയത്! മതനിരാസം കത്തിനിന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രഭാതത്തില്‍, പണ്ഡിത വേഷധാരികള്‍ സമര്‍ത്ഥമായി മീന്‍ പിടിക്കുമ്പോള്‍ ഇങ്ങനെ ഒരു മനുഷ്യന്‍ സമ്പത്തും ശരീരവും സമയവും കൊണ്ട് ഇസ് ലാമിനു കാവല്‍ നിന്നുവെന്നത് അദ്ഭുതമാണ്.

തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക, ദാറുല്‍ ഇസ് ലാം മാതൃകാ ഗ്രാമം, അര്‍ദുല്‍ ഖുര്‍ആന്‍ പര്യടനം, പോപ്പുമായി നടത്തിയ കത്തിടപാടുകള്‍, മസ്ജിദുല്‍ ഹറാമിലെ പ്രഭാഷണം,മാര്‍ഗരറ്റ് ആല്‍വ (മര്‍യം ജമീല)യുടെ ശിഷ്യത്വം, നാലു വര്‍ഷവും എട്ടു മാസവും നീണ്ടു നിന്ന ജയില്‍വാസം, വധശ്രമം, തുടങ്ങി ഇസ് ലാമിക ഭരണഘടനാ നിര്‍മ്മാണം, സെയ്ല്‍ദാര്‍ പാര്‍ക്കിലെ ‘അസ്വാരി മജാലിസ്’ ഉള്‍പ്പെടെ യുവാക്കളുമായി നടത്തിയ സംവാദങ്ങള്‍ എന്നിങ്ങനെ സയ്യിദ് മൗദൂദിയുടെ ത്യാഗനിര്‍ഭരവും സംഭവബഹുലവുമായ ജീവിതത്തിന്റെ ഒരു നഖച്ചിത്രം പോലും ഈ ചെറുകുറിപ്പില്‍ ഒതുക്കുക വയ്യ.

നിരന്തരമായ കര്‍മ്മ ജീവിതം നയിച്ച സയ്യിദ് മൗദൂദി 1979 സെപ്റ്റംബര്‍ 22നാണ് ഇഹലോകവാസം വെടിഞ്ഞത്.
മരണം അമേരിക്കയില്‍ വെച്ചായതിനാല്‍ മൃതദേഹം വഹിച്ചെത്തിയ അമേരിക്ക, യൂറോപ്പ്, ഏഷ്യ വന്‍കരകളില്‍ അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്‌കരിക്കപ്പെട്ടു. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തില്‍ ലാഹോറില്‍ നടന്ന അവസാനത്തെ ജനാസ നമസ്‌കാരത്തില്‍ മാത്രം പങ്കെടുത്തത് ഒരു ലക്ഷം പേരായിരുന്നു!

തന്റെ കാലഘട്ടത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളെയും തൗഹീദില്‍ ഊന്നി നിന്ന് അഭിസംബോധന ചെയ്തുവെന്നതാണ് സയ്യിദ് മൗദൂദിയുടെ ഏറ്റവും വലിയ സവിശേഷത. അറബ് വസന്ത വിപ്ലവം ഉള്‍പ്പെടെ ലോകത്ത് നടക്കുന്ന മുഴുവന്‍ ഇസ്‌ലാമിക ഉയിര്‍ത്തെഴുന്നേല്‍പുകള്‍ക്കും മൗദൂദി ചിന്തയോട് ബന്ധം കാണാം. ആഗോളതലത്തില്‍ ഇന്നും ഏറ്റവും വായിക്കപ്പെടുന്ന ആധുനിക ഇസ്‌ലാമിക ചിന്തകനും പരിഷ്‌കര്‍ത്താവും മൗദൂദി തന്നെ. പ്രൊഫ: ഖുര്‍ശിദ് അഹ്മദിന്റെ ഭാഷയില്‍ ആല്‍പ്‌സ് പര്‍വ്വതം യൂറോപ്പിന്റെയും ഹിമാലയം ഏഷ്യയുടെയും കാലാവസ്ഥയെ സ്വാധീനിക്കുന്നതു പോലെ മൗദൂദി ചിന്ത മുസ്‌ലിം മനസ്സുകളെ സ്വാധീനിച്ചു കൊണ്ടേയിരിക്കും!. വിശ്രുത പണ്ഡിതന്‍ അലിത്വന്‍താവി, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിക്ക് മഹാനായ ഇമാം ഗസാലി (റ) യുടെ കൂടെ സ്ഥാനം നല്‍കിയത് വെറുതേയല്ല.

Related Articles