മൊറോക്കോ കവി സഈദ് ഉബൈദിന്റെ ചില വരികളിൽ വായിച്ചിട്ടുള്ള ഒരു പേരാണ് സ്വാങ്കിയദം
(Sanki Yedim). തുർക്കീ സംസ്കാരവുമായി ബന്ധപ്പെട്ട ഏതോ ചരിത്രസ്മാരകം മാത്രമായിരുന്നു ഇന്നുവരെ അത്.
മിതവ്യയവുമായി ബന്ധപ്പെട്ട ഒരു ഖുത്വുബയിലാണ് കൂടുതൽ അനാവരണം ചെയ്യപ്പെട്ടത് . ഖത്വീബ് ഈയുള്ളവന്റെ സുഹൃത്ത് സമീർ കാളികാവ് :
ഖൈറുദ്ദീൻ കജ്ജി അഫെൻദി (Keçeci Hayreddin Efendi) എന്ന തുർക്കി വംശജനായ സാധാരണക്കാരന്റെ അനുവദനീയമായ ആഗ്രഹങ്ങളുടെ മാറ്റിവെക്കലിന്റെ കഥയാണത്. തുർക്കിയിലെ ഫാതിഹ് പ്രദേശത്ത് താമസിച്ചിരുന്ന അഫൻദി ചന്തയിലൂടെ നടക്കുമ്പോൾ, കൗതുകമുണർത്തുന്ന പഴങ്ങളോ മാംസമോ മധുരപലഹാരങ്ങളോ കണ്ടാൽ വാങ്ങാൻ മോഹിച്ചു അടുത്തു ചെന്നു വിലയന്വേഷിച്ചു മനസ്സിൽ പറയുമായിരുന്നുവത്രെ സ്വാങ്കിയദം (As If I Have Eaten). എന്നിട്ട് ആ തുക തന്റെ പണക്കുറ്റിയിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഈ രീതിയിൽ സൂക്ഷിച്ച് ഉള്ളതിൽ തൃപ്തനായി ജീവിച്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയ പള്ളിയുടെ ചരിത്രം പലതും നമ്മെ പഠിപ്പിക്കുന്നു.
തന്റെ വരുമാനത്തിന്റെ നല്ല പങ്ക് ധൂർത്തടിക്കാതെ സൂക്ഷിച്ച് ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിച്ച് ലോകത്തിന് മുന്നിൽ തന്റെ ജീവിതം അടയാളപ്പെടുത്തിയ അഫെൻദി മിതവ്യയ ജീവിതത്തിൻറെ അത്ര പഴയതല്ലാത്ത മാതൃകയാണ്.
ഇസ്താംബൂളിലെ പ്രാന്തപ്രദേശമായ ഫാതിഹിൽ 1750 CE ൽ സ്ഥാപിതമായ ഈ ചെറിയ മസ്ജിദ് അതിന്റെ വിചിത്രമായ പേരിൽ നിന്നാണ് പ്രശസ്തി നേടിയത്. ഏകദേശം 200 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ആ പള്ളി കാത്തുവെപ്പിന്റെ സ്മാരകമായി സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാണ്. ഒന്നാം ലോകയുദ്ധസമയത്ത് പള്ളിക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. യുദ്ധം കഴിഞ്ഞ് ഇരുപത് വർഷത്തിന് ശേഷം തീപിടുത്തത്തിൽ പള്ളി ഏതാണ്ട് കത്തി നശിക്കുകയും തുടർന്ന് 1959 CE-ൽ ജനങ്ങളിൽ നിന്നുള്ള സംഭാവനകൾ കൊണ്ട് പള്ളി പുനർ നിർമ്മാണം നടന്നു.
ഇസ്താംബൂളിലെ ഫാതിഹ് ജില്ലയുടെ ഡെപ്യൂട്ടി മുഫ്തിയായ അബ്ദുൽ സമദ് അയ്ദിൻ പറയുന്നു: സ്വാങ്കിയദം പള്ളി മിതവ്യയത്തിന്റെ പ്രതീകമാണ്. വുദുവിന്റെ വെള്ളത്തിലേ മതപരമായി ധൂർത്ത് ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന് കരുതുന്ന നമ്മളെ പോലെയുള്ള വലിയ ഉപഭോക്തൃ സമൂഹങ്ങളിൽ സ്വാങ്കിയദം പള്ളി പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നു. വേണ്ടതെല്ലാം ഉണ്ടാക്കി വെക്കുന്നതും വേണ്ടത് ഇപ്പോൾ വേണ്ടെന്ന് വെക്കുന്നതും തമ്മിലുള്ള വ്യത്യാസവും വിശ്വാസിയുടെ മിതവ്യയ ജീവിതത്തിന്റെ വ്യതിരിക്തതയും മനസ്സിലാക്കാൻ സ്വാങ്കിയദം പള്ളി നമ്മെ ഉണർത്തുന്നു.
അവലംബം :
1-The Tale of the ‘As If I Have Eaten’ Mosque
2-വിക്കിപ്പീഡിയ
3- സമീർ കാളികാവിന്റെ ഖുതുബ
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5