ഗാന്ധിജിയെ കൊന്നു കൊണ്ടാണ് അവര്‍ ആഘോഷത്തിന് തുടക്കം കുറിച്ചത്. അതില്‍ തന്നെ ഒരു സൂചനയുണ്ടായിരുന്നു. മറ്റാരും തങ്ങള്‍ക്കു പ്രശ്‌നമല്ലെന്ന്. പിന്നെയും അവര്‍ പലരെയും കൊന്നു. അതില്‍ പ്രശസ്തര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഉണ്ടായിരുന്നു. എല്ലാ കൊലയുടെയും കാരണം ഒന്ന് തന്നെ. അവര്‍ സംഘ പരിവാറിന് എതിരായിരുന്നു. കൊന്നു തീര്‍ക്കുക എന്നത് ഫാസിസം പണ്ടേ സ്വീകരിച്ച രീതിയാണ്. അതിനു ചരിത്രത്തോളം പഴക്കമുണ്ട്.
അവര്‍ അധികാരത്തിന്റെ അയലത്ത് പോലും ഇല്ലാതിരുന്ന കാലത്ത് അവരുടെ നിലപാട് ഇതായിരുന്നു. ഇപ്പോള്‍ അവരുടെ കയ്യിലാണ് അധികാരം. അതിനാല്‍ തന്നെ അവരുടെ ക്രൂരത കൂടുതല്‍ പുറത്തുവരും. അവസാനമായി നാം കാണുന്നത് സുനില്‍ പി ഇളയിടത്തിനെയും അവര്‍ തേടി ചെന്നു എന്നതാണ്. പണ്ട് ചേകന്നൂര്‍ തിരോധാനത്തിന്റെ പേരില്‍ സമരം ചെയ്ത ചരിത്രം സംഘ് പരിവാറിനുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എങ്കിലും ആ രീതിയില്‍ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യുന്നതിനെ ഒരു മത സംഘടനയും അനുകൂലിച്ചില്ല. എന്നിട്ടും ആ തിരോധാനത്തെ മൊത്തം ഇസ്ലാമിന്റെ പേരില്‍ ആരോപിക്കാനാണ് അന്നവര്‍ ശ്രമിച്ചത്. സുനില്‍ പി ഇളയിടം തുറന്നിട്ടത് ഒരു സംവാദത്തിന്റെ വാതിലാണ്. പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും പറഞ്ഞു വരുന്ന വിശ്വാസവും ആചാരങ്ങളും സംഘ പരിവാര്‍ പറയാനുദ്ദേശിക്കുന്ന വിശ്വാസവും ആചാരങ്ങളും തീര്‍ത്തും ഭിന്നമാണ് എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. അദ്ദേഹം ആരെയും സംഘട്ടനത്തിനു വിളിച്ചില്ല. പകരം പ്രമാണ യുക്തമായ സംവാദ രീതി മുന്നോട്ടു വെച്ചു.
മതങ്ങള്‍ സംവാദം ഉപേക്ഷിച്ചാല്‍ അതിന്റെ പ്രസക്തി തന്നെ ഇല്ലാതാവും. സംവാദം മതത്തിന്റെ അടിസ്ഥാനമാണ്. അത് ഇന്ന് കാണുന്ന വാദ പ്രതിവാദമല്ല എന്ന് മാത്രം. പക്ഷെ സഹിഷ്ണുത എന്നത് സംഘ പരിവാര്‍ നിഘണ്ടുവില്‍ എന്നും കാണാന്‍ ബുദ്ധിമുട്ടാണ്. കത്വ പീഡന കേസില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബം വക്കീലിനെ മാറ്റിയിരിക്കുന്നു. കാരണം പലതും പറയുന്നെങ്കിലും സംഘ പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നത് തന്നെയാണ് കാരണം. താന്‍ കൊല്ലപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ചെയ്‌തേക്കാം എന്ന് ആ അഭിഭാഷക തന്നെയാണ് ഒരിക്കല്‍ ലോകത്തോട് പറഞ്ഞത്. അടുത്തിടെ ഗൗരി ലങ്കേഷ് വരെ നീണ്ടു നില്‍ക്കുന്ന കൊലകള്‍ അവര്‍ നടത്തി കഴിഞ്ഞു. പലപ്പോഴും പോലീസും അനുബന്ധ സ്ഥാപനങ്ങളും ഇതിനു കൂട്ട് നില്‍ക്കേണ്ടി വരുന്നു. സംഘ പരിവാറിന് ഒരു അധികാരവുമില്ലാത്ത കേരളത്തില്‍ പോലും കാര്യം ഭിന്നമല്ല എന്ന് കാണാം.
സത്യം പറയുന്നവരെ ഇല്ലാതാക്കുക എന്ന നിലപാട് ജനാധിപത്യത്തിന് എതിരാണ്. തങ്ങള്‍ ഇല്ലാതാക്കും എന്ന് പരസ്യമായി വെല്ലുവിളി നടത്തുന്ന ഈ സംഘം രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കും എതിരാണ്. സുപ്രീം കോടതി പോലും ഇവരുടെ മുന്നില്‍ തോറ്റു പോകുന്നു എന്നതാണ് വാസ്തവം. വടക്കേ ഇന്ത്യന്‍ മണ്ണിനെ ബാധിച്ച ഒരു രാഷ്ട്രീയമുണ്ട്. അത് തീര്‍ത്തും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. അത് കേരളത്തിലും വിളയിക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. സുനില്‍ ഒരു കരു മാത്രം. ഫാസിസം ഒരു സ്ഥലത്തു വിജയിച്ചാല്‍ പിന്നെ അതിന്റെ തേരോട്ടമാകും. അതിനാല്‍ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാന്‍ മതേതര ജനാധിപത്യ കേരളം സമയം വൈകിക്കരുത്.
വെടിയുണ്ടയേറ്റു വീഴുന്ന ഗാന്ധിജി അവസാനമായി പറഞ്ഞത് ‘റാം റാം’ എന്നായിരുന്നത്രെ. 1948 ജനുവരി മുപ്പതിന് പ്രാര്‍ത്ഥനാ മന്ദിരത്തിലേയ്ക്കുള്ള പടികള്‍ കയറി മുന്നോട്ടു പോകുമ്പോള്‍ പ്രാര്‍ത്ഥനാ മണ്ഡപത്തിലെത്താന്‍ മൂന്നടിമാത്രം ബാക്കിയുള്ളപ്പോളാണ് ഗോഡ്സെ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. പ്രാര്‍ത്ഥന നടത്താന്‍ പോകുന്നയാളെ പോലും സഹിക്കാന്‍ കഴിയാത്ത സംഘ് പരിവാറിന് മറ്റാരും സ്വീകാര്യമാകില്ല എന്നവര്‍ ഉറപ്പിച്ചു പറയുന്നു.