Current Date

Search
Close this search box.
Search
Close this search box.

ശബരിമല: കച്ചവടം ലാഭമാക്കുന്നത് വരെ സംഘപരിവാര്‍ പിന്മാറില്ല

പള്ളിപ്പെരുന്നാളിന് കച്ചവടം ചെയ്യാന്‍ പലിശക്കാണ് രാക്കുട്ടി പണം കടമെടുത്തത്. പള്ളിപ്പെരുന്നാള്‍ നല്ല ആള് കൂടുന്ന കാലമാണ്. നല്ല ലാഭവും ലഭിക്കുമായിരുന്നു. എല്ലാം ശരിയായി നില്‍ക്കുമ്പോഴാണ് പെട്ടെന്ന് മഴ ആരംഭിച്ചത്. പള്ളിപ്പെരുന്നാള്‍ മാറ്റി വെക്കാന്‍ കഴിയില്ല എന്നതിനാല്‍ അക്കൊല്ലത്തെ കച്ചവടം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്.

ശബരിമലയില്‍ കച്ചവടം ചെയ്യാന്‍ അത്രയും വലിയ സന്നാഹത്തിലാണ് സംഘപരിവാര്‍ വന്നത്. വെള്ളം ചേര്‍ക്കാത്ത നുണകളും കുഴപ്പങ്ങളുമായിരുന്നു കൈമുതല്‍. കേരളത്തിന് പുറത്തു അവര്‍ വന്‍ ലാഭം നേടിയത് ഈ കച്ചവടത്തിലാണ്. വീണു കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ വളരെ പെട്ടെന്നാണ് അവര്‍ രംഗത്തു വന്നത്. ദൈവം കേരളത്തെ രക്ഷിച്ചു എന്ന് പറഞ്ഞു വിശ്രമിക്കാന്‍ സമയമായിട്ടില്ല. വേദനിപ്പിച്ചു വിട്ടാല്‍ വിഷ സര്‍പ്പങ്ങള്‍ പ്രതികാരം ചെയ്യും എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളായി കേരളത്തിലെ പൊതു ചര്‍ച്ചകളില്‍ അധികവും ശബരിമല അപഹരിച്ചു എന്ന് വേണം പറയാന്‍. മറ്റൊരു വിഷയവും നാം ചര്‍ച്ച ചെയ്തില്ല. ലോകത്തും ഇന്ത്യയിലും ഒരു പാട് കാര്യങ്ങള്‍ കടന്നു പോയി. ഒന്നും നാം അറിഞ്ഞില്ല. ശബരിമല എന്ന വിഷയത്തില്‍ കേരളത്തെ ഒതുക്കി നിര്‍ത്താന്‍ സംഘ പരിവാറിന് കഴിഞ്ഞു എന്നത് നേരാണ്. നമ്മുടെ മാധ്യമങ്ങളുടെ ജാഗ്രത തന്നെയാണ് ശബരിമലയിലെ കച്ചവടം സംഘ പരിവാറിന് ഒരു നഷ്ടക്കച്ചവടമാകാന്‍ കാരണവും.

അമ്പലത്തില്‍ പശുവിന്റെ ജഡവും പള്ളികളില്‍ പന്നിയുടെ ജഡവും കൊണ്ടിട്ടാണ് ഉത്തരേന്ത്യയില്‍ കലാപം മൂര്‍ച്ഛിച്ചത്. ആ രീതി തന്നെയാണ് കേരളത്തിലും അവര്‍ തുടരാന്‍ ശ്രമിച്ചത്. നുണകളുടെ ശവക്കൂമ്പാരം തീര്‍ത്ത് കൊണ്ടാണ് അവര്‍ അതിനു ശ്രമിച്ചത്. ശബരിമല ഇപ്പോള്‍ ശാന്തമാണ് എന്നതാണ് സംഘ പരിവാറിനെ വിഷമിപ്പിക്കുന്ന കാര്യം. ശാന്തത അവര്‍ എന്നും ആഗ്രഹിക്കുന്നില്ല. അശാന്തിയില്‍ മാത്രമാണ് വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ കഴിയുക എന്നവര്‍ക്കറിയാം.

ശബരിമലയില്‍ അശാന്തിക്ക് കാരണമായ വിഷയം ഇപ്പോഴും പരിഹൃതമായിട്ടില്ല. സുപ്രീം കോടതിയുടെ അവസാന വിധിക്കു കാതോര്‍ത്തിരിക്കുകയാണ് എല്ലാവരും. അടുത്ത വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വന്നാല്‍ പോലും സമ്മതിക്കില്ല എന്നതാണ് സംഘ് പരിവാര്‍ തീരുമാനം. ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ നിലവിലുള്ള വിഷയങ്ങള്‍ക്ക് പുറമെ സംഘ പരിവാര്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രചരണായുധം കേരളത്തിലെ ശബരിമലയാണ്.

പാമ്പ് മാളത്തിലേക്ക് മടങ്ങി എന്ന് കരുതി ആരും സമാധാനിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും പാമ്പിന് പുറത്തു വരാം. സംഘ് പരിവാര്‍ തല്‍ക്കാലം രംഗത്തു നിന്ന് പിന്മാറി എന്നത് സമാധാനിക്കാനുള്ള കാരണമല്ല. കേരള മതേതര സമൂഹം കണ്ണില്‍ എണ്ണയൊഴിച്ചു നോക്കിയിരിക്കേണ്ട സമയമാണിത്. ഒരിക്കല്‍ കച്ചവടം നഷ്ടം വന്നാല്‍ ഒരു കച്ചവടക്കാരനും പൂട്ടിപോകാറില്ല. വിശ്വാസത്തെ ദുരുപയോഗം ചെയ്താണ് സംഘ് പരിവാര്‍ അധികാരത്തിലേക്ക് വഴി തുറന്നത്. വിശ്വാസത്തെ കച്ചവട ചരക്കാക്കാന്‍ സമ്മതിക്കില്ല എന്ന ഉറച്ച തീരുമാനം കേരള ജനത കൈകൊണ്ടേ പറ്റൂ.

Related Articles