Current Date

Search
Close this search box.
Search
Close this search box.

ഒന്ന് സംഘപരിവാറും മറ്റൊന്ന് സയണിസവും

ഫാസിസം എന്ന പദം രൂപം കൊള്ളുന്നത് ‘ഫാസസ്’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണത്രെ. വിറകുകൂട്ടം എന്നര്‍ത്ഥമുള്ള ‘ഫാസിയോ’ എന്ന പദത്തില്‍ നിന്നാണെന്നും പറഞ്ഞു വരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഗതി നിര്‍ണയിച്ചതില്‍ ഫാസിസത്തിന്റെ പങ്കു വലുതാണ്. ഒന്ന് ഇറ്റലിയിലാണെങ്കില്‍ മറ്റൊന്ന് ജര്‍മനിയിലും അതെ സമയത്ത് തന്നെ രൂപം കൊണ്ടു. ഒന്നാം ലോക യുദ്ധത്തില്‍ കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വന്നത് ജര്‍മനിക്കായിരുന്നു. അവരുടെ ഒരുപാട് ഭൂമി നഷ്ടമായി. ഈ അവസരം ഉപയോഗിച്ച് കൊണ്ടാണ് അവിടെ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത്. ഒന്നാം ലോക യുദ്ധത്തിന് ശേഷം ഇറ്റലിയില്‍ ഫാസിസ്റ്റുകളും അധികാരത്തില്‍ വന്നു. പിന്നീട് നാം കാണുന്നത് ഹിറ്റ്‌ലറും മുസോളനിയും തമ്മിലുള്ള മുന്നയിയാണ്. രണ്ടാം ലോക യുദ്ധത്തോടെയാണ് ഈ രണ്ടു ഇസങ്ങളെയും ലോകം തൂത്തെറിഞ്ഞത്. പ്രതിപക്ഷ സ്വരം ഒരിക്കലും അംഗീകരിക്കാതിരിക്കുക എന്നതാണ് ഈ രണ്ടു നിലപാടിന്റെയും അടിസ്ഥാനം, അത് കൊണ്ട് തന്നെ അവര്‍ക്ക് പെട്ടെന്ന് ഒന്നിക്കാന്‍ കഴിയുന്നു. ഫാസിസവും നാസിസവും ഒന്നിച്ചത് അങ്ങിനെയാണ്.

നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഫാസിസത്തിന്റെയും നാസിസത്തിന്റെയും സ്ഥാനത്ത് നാം സംഘ് പരിവാറിനെ കാണുന്നു എന്ന് മാത്രം. ഇപ്പോള്‍ അത്തരം നിലപാട് സ്വീകരിക്കുന്നവരെയാണ് ആഗോള തലത്തില്‍ കാണാന്‍ കഴിയുന്നത്. ഒന്ന് സംഘ പരിവാറും മറ്റൊന്ന് സയണിസവുമാണ്. പണ്ട് നാസിസവും ഫാസിസവും ഒന്നിച്ചത് പോലെ ഇവരും ഒന്നിച്ചാണ് മുന്നോട്ടു പോകുന്നത്. രണ്ടാം ലോക മഹയുദ്ധത്തോടെ ഫലത്തില്‍ ഫാസിസവും നാസിസവും ലോകത്തു നിന്നും വിട പറഞ്ഞു എന്ന് പറയപ്പെടുന്നുവെങ്കിലും ആ രീതികള്‍ ഇന്നും ലോകത്തു പലയിടത്തും ശക്തമായി തന്നെ നിലനില്‍ക്കുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ പോലും അങ്ങിനെയാണ് ഫാസിസം കടന്നു വരുന്നതും. അധിക കാലം ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നുറപ്പാണ്. ഇരുപതാം നൂറ്റാണ്ടില്‍ തന്നെ രൂപം കൊണ്ട പലതും അതെ നൂറ്റാണ്ടില്‍ തന്നെ അവസാനിക്കുന്നതും നാം കണ്ടതാണ്.

പുറത്തു ആരും തകര്‍ക്കാതെ തന്നെ ആഭ്യന്തര കുഴപ്പം കൊണ്ടു അവ തകരും എന്നുറപ്പാണ്. കേരളത്തില്‍ സംഘ് പരിവാര്‍ കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന പുതിയ ചര്‍ച്ചകള്‍ അതാണ് സൂചിപ്പിക്കുന്നതും. വിശ്വാസത്തെ എങ്ങിനെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാം എന്നതായിരുന്നു സംഘ പരിവാര്‍ എന്നും ചിന്തിക്കുന്ന കാര്യം. അത് കൊണ്ടാണ് രാജ്യത്തിന്റെ അവസ്ഥ പറയാതെ രാമനും രാമജന്മഭൂമിയും ശബരിമലയുമൊക്കെ അവരുടെ തിരഞ്ഞെടുപ്പ് വിഷയങ്ങളാകുന്നത്. കേരളത്തില്‍ സംഘ് പരിവാര്‍ ഉയര്‍ത്തിയ വലിയ രാഷ്ട്രീയ ചര്‍ച്ച ശബരിമലയിലെ സ്ത്രീ പ്രവേശനം തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവരില്‍ ഒരു വിഭാഗം മനസ്സിലാക്കുന്നത് മറ്റേ വിഭാഗം രാഷ്ട്രീയമായി തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ്. സംഘ് പരിവാറില്‍ രണ്ടു ചിന്ത ധാരകള്‍ ഉണ്ടത്രേ. ഒന്ന് ‘ പ്യൂരിറ്റന്‍’ മറ്റൊന്ന് ‘ റെഡി ടു വെയിറ്റ്’ . ഒന്നാമത്തെത്തേതു മാറ്റം ആഗ്രഹിക്കുന്ന വിഭാഗം. ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാണ് എന്നാണു അവരുടെ നിലപാട്. അതെ സമയം സ്ത്രീകള്‍ അമ്പത് വയസ്സാകുന്നു വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്നതാണ് രണ്ടാമത്തെ സംഘത്തിന്റെ നിലപാട്. രണ്ടു വിഭാഗവും ചേരി തിരിഞ്ഞു സാമൂഹിക മാധ്യമങ്ങളില്‍ സംവാദം മുറക്ക് നടക്കുന്നു. പക്ഷെ സംവാദങ്ങളില്‍ അധികവും ആഭാസമാണ് എന്നതാണ് കാര്യം.

ശബരി മല വിഷയത്തില്‍ കേരളത്തെ പരമാവധി വര്‍ഗീയമായി ചേരി തിരിക്കാന്‍ സംഘ് പരിവാര്‍ ശ്രമിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചില നയപരമല്ലാത്ത ഇടപെടലുകളും അവര്‍ക്ക് വേഗം നല്‍കിയിരുന്നു. കേരളം അതിന്റെ പ്രബുദ്ധത കാണിച്ച നാളുകളായിരുന്നു കടന്നു പോയത് . കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട വിഷയം സമൂഹത്തിനു കൂടുതല്‍ പരുക്കുകള്‍ നല്‍കാതെ പോയതിനു നാം ദൈവത്തെ സ്തുതിക്കണം. ശബരിമലയില്‍ സ്ത്രീ പ്രവേശനം ആകാമെന്ന് തീരുമാനമുള്ള ആര്‍ എസ് എസ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി അവരുടെ അഭിപ്രായം മാറ്റി പറഞ്ഞു. അതെ സമയം അമ്പത്തിന്റെ പരിധിയില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ‘ കുല സ്ത്രീകള്‍’ അവരുടെ ചട്ടുകങ്ങളായി മാറി എന്നതു വൈകിയാണ് അവര്‍ അരിഞ്ഞതും. യോഹന്നാന്‍ എന്ന വ്യക്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിമാനത്താവളം പോലും ഈ വിഷയത്തില്‍ കക്ഷിയാണ് . യോഹന്നാന് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ് ആര്‍ എസ് എസ് പിന്തുണയുള്ള വിഭാഗം എന്ന് പോലും ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു. എത്ര സങ്കുചിതമായാണ് മതത്തെ ഫാസിസം ഉപയോഗിക്കുന്നത് എന്നതിന്റെ നല്ല ഉദാഹരമാണ് നമ്മുടെ മുന്നിലൂടെ കടന്നു പോയ ശബരിമലയും തിരഞ്ഞെടുപ്പും.

ചുരുക്കത്തില്‍ മറ്റുള്ളവരോടുള്ള വിദ്വേഷത്തില്‍ നിര്‍മിക്കപ്പെട്ട എല്ലാം തകരുക എന്നത് സ്വാഭാവികം മാത്രം. ഇന്ത്യയില്‍ സംഘ് പരിവാറിന്റെ ഫാസിസ്റ്റു ആക്രമണത്തിന് മുസ്ലിംകള്‍ മാത്രമല്ല പാത്രമായിട്ടുള്ളത്. ദളിതുകളും അവരുടെ ഇരകളാണ്. അത് മതേതര ഇന്ത്യ തിരിച്ചറിയും എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് നല്‍കാന്‍ പോകുന്ന പാഠങ്ങള്‍.

Related Articles