Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തെ ഭയക്കുന്ന സംഘ പരിവാർ

പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സ്നേഹിതൻ രാഘവന്റെ മാനുഷിക ഗുണങ്ങൾ സിദ്ധീക്ക് മൈക്കിന് മുന്നിൽ വിശദീകരിച്ചു.”ചെറുപ്പത്തിൽ മണ്ണപ്പം ചുട്ടു കളിക്കുമ്പോൾ അവന്റെ എല്ലാ മണ്ണപ്പവും അവൻ എനിക്ക് തരുമായിരുന്നു…..” സുഹൃത്തിനെ കുറിച്ച് കാര്യമായി ഒന്നും പറയാനില്ല എന്നത് കൊണ്ട് പെട്ടെന്ന് തന്നെ പ്രസംഗം നിൽക്കുകയും ചെയ്‌തു. എന്തിന് സർവാർക്കാർക്കു ഭാരത രത്നം നൽകണം എന്നത് അമിത്ഷാ സൂചിപ്പിച്ചപ്പോൾ പഴയ കഥ ഓര്മ വരിക സാധാരണമാണ്.

‘ പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. എന്ത് ചെയ്തു എന്നതു വസ്തുതയും എന്തിനു ചെയ്തു എന്നതിനെ വിശകലനവുമാണ്. വസ്തുത അതുപോലെ പറയുക എന്നതാണ് സത്യസന്ധമായ ചരിത്രം. എന്തിനു എന്ന ചോദ്യത്തിന് കാലാകാലങ്ങളിൽ വിശദീകരണം മാറിക്കൊണ്ടിരിക്കും.

ഇതിൽ ഏതാണ് അമിത്ഷാ ഉദ്ദേശിക്കുന്നത് എന്നറിയില്ല. ഇരുപതാം നൂറ്റാണ്ടു ലോക ചരിത്രത്തിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. ലോകത്തു പല രാജ്യങ്ങളും വൈദീശീയ പിടുത്തത്തിൽ നിന്നും മോചിതമായ നൂറ്റാണ്ടു എന്ന് പറയാം. നാമിന്ന്  കാണുന്ന ഇന്ത്യക്കും സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. എഴുതിയ ചരിത്രം വേറെയും. ഇന്ത്യൻ ചരിത്രം സംഘ് പരിവാറിന് നൽകുന്നത് അത്ര നല്ല സന്ദേശമല്ല. അത് കൊണ്ട് തന്നെയാണ് ചരിത്രത്തെ മാറ്റി എഴുതാൻ അവർ തയ്യാറെടുക്കുന്നതും.

മുഗൾ ഭരണകാലവും ശേഷം ബ്രിട്ടീഷ് കാലവും അതിനു ശേഷം വരുന്ന സ്വാതന്ത്ര ഇന്ത്യയുടെ കാലവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വിശകലനങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ദേശീയത ദേശസ്നേഹം എന്നിവയുടെ  കുത്തക തങ്ങൾക്കാണ് എന്നാണു സംഘ പരിവാർ വാദം. ആ വാദത്തെ സാക്ഷ്യപ്പെടുത്താൻ കഴിയുന്നത്ര വിഭവങ്ങൾ ചരിത്രത്തിൽ നിന്നും ലഭ്യമല്ല എന്നവർ തിരിച്ചറിയുന്നു. ചരിത്ര സംഭവങ്ങളെ വിശകലനം ചെയ്താലും ഏറെയൊന്നും ലഭിക്കില്ല. അധികാരം കിട്ടിയ നാൾ മുതൽ ചരിത്രത്തിൽ കൈ വെക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വർഗ്ഗീകരണം എന്നത് വാജ്‌പേയ് സർക്കാർ കാലത്തു ഉയർന്നു വന്ന മുദ്രാവാക്യമാണ്. പ്രസിദ്ധ ചരിത്രകാന്മാർ അതിനെ അന്ന് തന്നെ ശക്തിയുക്തം എതിർത്തിരുന്നു. റോമില ഥാപ്പർ ബിപാൻ ചന്ദ്ര, സുമിത് സർക്കാർ, ഇർഫാൻ ഹബീബ്, ആർ.എസ്. ശർമ്മ, അമർത്യ സെൻ തുടങ്ങി പലരും അന്ന് ആ നീക്കത്തെ എതിർത്തിരുന്നു. ചില സമുദായങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു അന്നത്തിനു കാരണം പറഞ്ഞത്. ഇന്ന് പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കുന്ന സർക്കാരല്ല കേന്ദ്രത്തിൽ എന്നത് കൊണ്ട് അവർ ഉദ്ദേശിച്ചത് നടക്കും എന്നുറപ്പാണ്.

ഒന്നാം സ്വാതന്ത്ര സമരത്തെ ആ പേരിൽ വിളിച്ച ആദ്യ വ്യക്തി സർവാക്കാറാണ് എന്ന അമിത്ഷായുടെ വാക്കുകൾ നൽകുന്ന സൂചനയും മറ്റൊന്നല്ല. ഇന്ത്യൻ സ്വാതന്ത്ര സമരവും സർവാക്കറും തമ്മിലുള്ള ബന്ധം ചരിത്രത്തിന്റെ ഭാഗമാണ്. പല തവണ ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതി കൊടുത്ത ചരിത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഗാന്ധിജിക്കു പകരം സർവാർക്കർ എന്നത് സംഘ് പരിവാർ അജണ്ടയാണ്. അടുത്ത തലമുറയിൽ അങ്ങിനെ ഒരു നിലപാട് രൂപപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ ഈ ബഹുമതി നൽകുന്നത്. 1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955-ലാണ്‌. സർവർക്കാറിനും ഭാരത രത്നം നൽകണം എന്നത് ഒരു സംഘ പരിവാർ നിര്ബന്ധമാണ്. മുകളിൽ പറഞ്ഞ ഏതു ഗണത്തിലാണ് അദ്ദേഹത്തിന് ഭാരത രത്നം നൽകാൻ കഴിയുക. പൊതു ജന സേവനം എന്നതായിരുന്നില്ല സർവാർക്കാരുടെ ജീവിത ലക്‌ഷ്യം. ഹിന്ദുത്വ തത്ത്വചിന്തയുടെ ഫോർമുലേറ്റർ എന്നതാണ് ചരിത്രം സർവർക്കാരിനു നൽകുന്ന സ്ഥാനം. ഭാരത രത്‌നം നൽകാനുളള ഒരു കണക്കിലും അത് വരാൻ സാധ്യയില്ല തന്നെ.

അവിടെ നിന്നാണ് ചരിത്രം മാറ്റി എഴുതേണ്ട ആവശ്യം കടന്നു വരുന്നത്. എന്തിനു ഭാരത രത്‌നം നൽകി എന്ന് തലമുറ ചോദിച്ചാൽ അതിനൊരു കാരണം വേണം. 1909 ലാണ് സർവാർക്കർ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധം എന്ന പുസ്തകം രചിക്കുന്നത്. അങ്ങിനെ ഒരു പുസ്തകം രചിച്ചില്ലായിരുന്നെങ്കിൽ ബ്രിട്ടീഷ് കണ്ണിലൂടെ മാത്രം നാം ഇന്ത്യൻ സ്വാതന്ത്ര സമരത്തെ നോക്കി കാണുമായിരുന്നു എന്നാണ് അമിത്ഷാ പറയുന്നതും. അതിനു ശേഷമാണു അദ്ദേഹം തന്നെ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പു ചോദിക്കുന്നതും. വാക്കും പ്രവർത്തിയും തമ്മിലുള്ള ബന്ധമാണ് അവിടെ വെളിവാകുന്നതും. ഗാന്ധിജിയുടെ കൊലപാതകവുമായി സർവർക്കാർ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ഗോഡ്സെയും പരിശുദ്ധനാക്കപ്പെടുന്ന ചരിത്രം നമുക്ക് പ്രതീക്ഷിക്കാം. ചരിത്രകാരന്മാർ ഉൾപ്പെടെ ഒരു പാട് പ്രമുഖ വ്യക്തികൾ ഉണ്ടായിരുന്ന സദസ്സിലാണ് അമിത്ഷാ ചരിത്രം തിരുത്തേണ്ട ആവശ്യം ഉന്നയിച്ചത്. അത് കൊണ്ട് തന്നെ നാം ജാഗ്രത കൈക്കൊള്ളേണ്ട സമയം വന്നിരിക്കുന്നു. ചരിത്രം ഒരു ആയുധമാണ്. വെളിച്ചവും. അതില്ലാതായാൽ ഇരുട്ടിന്റെ ആത്മാക്കൾക്ക് എന്നും സുവർണ കാലമാകും.

ഒന്നാം സ്വാതന്ത്ര സമരത്തെ അങ്ങിനെ വിളിച്ചു എന്നതാണ് അമിത്ഷാ കാണുന്ന ഗുണം. രണ്ടാം സ്വാതന്ത്ര സമരത്തെ ഒറ്റിക്കൊടുത്തു എന്ന ചരിത്രം അദ്ദേഹം കാണാതെയും പോയി . മണ്ണപ്പത്തിന്റെ കഥ പോലെ.

Related Articles