സംഘ് ഫാഷിസ്റ്റുകൾക്ക് അമേരിക്ക, ഇസ്രാ യേൽ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകര / ചാര സംഘടനകളുമായുള്ള രഹസ്യ ബന്ധങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി രചനകൾ പുറത്തുവന്നിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, പാർലമെൻ്റാക്രമണം തുടങ്ങിയ ഒട്ടുമിക്ക സ്ഫോടനങ്ങളും വ്യാജ ഏറ്റുമുട്ടലുകളും ഇത്തരം അതിനിഗൂഢമായ ആസൂത്രണ ത്തോടെ നടന്നതത്രെ! രാജ്യത്തെ സുരക്ഷാ ഏജൻസികളും രഹസ്യാന്വേഷണ സംവിധാനങ്ങളും വരെ ഭീകരപ്രവർത്തനങ്ങളെ സഹായിക്കുകയും കേസുകൾ അട്ടി മറിക്കാൻ സഹകരിക്കുകയും ചെയ്യുന്നു!
കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാമെങ്കിലും ഇന്ത്യൻ മുസ് ലിംകളുടെ മേൽ ഭീകരപ്പട്ടം ചാർത്തി സ്വന്തം ഭീകരതകൾ മറച്ചുവെക്കുന്ന, ഒരു വെടിക്ക് രണ്ടു പക്ഷികളെ വീഴ്ത്തുന്ന ഹിന്ദുത്വ ഫാഷിസത്തിൻ്റെ നിഗൂഢ തന്ത്രങ്ങൾ പലതും ഇന്ന് പരസ്യമായ രഹസ്യമാണ്.
(അധിക വായനക്ക് എസ്.എം മുഷ് രിഫിൻ്റെ ഹു കില്ല്ഡ് കർക്കരെ?, മനീഷ സേഥിയുടെ കാഫ്ക നാട് മുൻവിധി നിയമം പ്രതിഭീകരത, ഡോ: എം.കെ മുനീറിൻ്റെ ഫാഷിസവും സംഘ് പരിവാറും, കെ.ടി കുഞ്ഞിക്കണ്ണൻ്റെ മതം ഭീകരത സാമ്രാജ്യത്വം, എ. റശീദുദ്ദീൻ്റെ ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും, കെ.ഇ.എൻ എഡിറ്റു ചെയ്ത പോകാൻ മനസ്സില്ല, ഷംസുൽ ഇസ് ലാമിൻ്റെ ഇന്ത്യയെ തകർക്കാൻ ആർ.എസ.എസ് പദ്ധതി, സദ്റുദ്ദീൻ വാഴക്കാടിൻ്റെ സ്ഫോടന ഭീകരതയുടെ സംഘപരിവാർ പരമ്പര, സംഘ് പരിവാർ വർഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും, സോളിഡാരിറ്റി പുറത്തിറക്കിയ സച്ചിദാനന്ദൻ അവതാരിക എഴുതിയ കെട്ടിച്ചമച്ച കേസുകളുടെ ജനകീയ തെളിവെടുപ്പ് , സമീക്ഷയുടെ ഡോ: സെബാസ്റ്റ്യൻ പോൾ അവതാരിക എഴുതിയ ഇവർ ഭീകരർ അന്വേഷണ ഏജൻസികൾ തകർത്ത ജീവിതങ്ങൾ, ഒരു സംഘം ലേഖകരുടെ അഫ്സൽ ഗുരു വിധി വിചാരണ ചെയ്യപ്പെടുന്നു, ജി.വിജയകുമാർ എഴുതിയ വധശിക്ഷ ഭീകരത യാക്കൂബ് മേമൻ, രവീന്ദ്രൻ രാവണേശ്വരത്തിൻ്റെ കാവിപ്പശു ഗുജറാത്ത് വംശഹത്യ മുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകൾ, ആർ.ബി ശ്രീകുമാർ രചിച്ച ഗുജറാത്ത് തിരശ്ശീലക്കു പിന്നിൽ, വിവിധ വനിതാ സംഘടനകൾ ചേർന്ന് തയ്യാറാക്കിയ ഗുജറാത്ത് സ്ത്രീ വേട്ടയുടെ സാക്ഷ്യങ്ങൾ, ഹാരിസ് ബശീറിൻ്റെ ആർ.എസ്.എസ് ഒരു വിമർശന വായന, സമദ്കുന്നക്കാവ് എഡിറ്റു ചെയ്ത ഹിന്ദുത്വ ഫാഷിസം ദേശീയത വംശീയത പ്രതിരോധം…. എന്നിങ്ങനെയുള്ള നിരവധി ഗ്രന്ഥങ്ങൾ മാർക്കറ്റിൽ ലഭ്യമാണ് )
ഈ മുഖവുരയോടെ സമീപകാലത്തു നടന്ന ചില സംഭവങ്ങൾ മാത്രം പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജൂലൈ 3 നും 4 നും ചാനലുകളും പത്രങ്ങളും പുറത്തുവിട്ട ഒരു വാർത്ത നാം മറന്നിട്ടില്ല: “കശ്മീരിൽ പിടിയിലായ ലശ്കർ ഭീകരവാദി ബി.ജെ.പി നേതാവ് !”
വാർത്തയുടെ ചുരുക്കം ഇങ്ങനെ: “ലശ്കറെ ത്വയ്യിബ തീവ്രവാദിയെന്നാരോപിച്ച് ജമ്മുവിൽ നാട്ടുകാർ പിടികൂടിയ താലിബ് ഹുസൈൻ ഷാ എന്ന ആൾ ബി.ജെ.പിയുടെ ജമ്മുവിലെ മൈനോറിറ്റി മോർച്ച സോഷ്യൽ മീഡിയ ഇൻചാർജാണ്. രണ്ട് എ.കെ 47 റൈഫിളുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും ഇയാളിൽ നിന്നും സഹായിയിൽ നിന്നും പിടികൂടിയിരുന്നു. ബി.ജെ.പി ജമ്മു – കശ്മീർ പ്രസിഡണ്ട് രവീന്ദ്ര റെയ്ന ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട് ”
മറ്റൊരു വാർത്ത, ബി.ജെ.പി നേതാവ് നടത്തിയ പ്രവാചകനിന്ദയെ പിന്തുണച്ച തയ്യൽക്കാരനെ രാജസ്ഥാനിലെ ഉദയ്പൂരിൽ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അഖ്തരി ബി.ജെ.പിക്കാരനാണെന്ന താണ്. അദ്ദേഹവും സംഘ് പരിവാർ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി നേതൃത്വം ഇത്തരം വാർത്തകൾ നിഷേധിക്കുന്നില്ലായെന്നത് പ്രത്യേകം മനസ്സിലാക്കപ്പെടേണ്ടതാണ് ( റിയാസ് അഖ്തരിയുടെ കാര്യത്തിൽ ആർ.എസ്.എസ് വക്താവ് ആകപ്പാടെ പറഞ്ഞത് “ഓൺലൈൻ അംഗത്വത്തിൽ വന്ന പിഴവ് ” എന്ന് മാത്രമാണ്! )
ഇനി നമുക്ക് ദേവീന്ദർ സിംഗിനെ ഉദാഹരിക്കാം: ജമ്മു – കശ്മീർ പൊലീസിൽ ഡി.എസ്.പിയായിരുന്ന ദേവീന്ദർ രണ്ട് ഹിസ്ബുൽ മുജാഹിദീൻ തീവ്ര വാദികൾക്കൊപ്പം കാറിൽ യാത്ര ചെയ്യവേ 2020 ജനുവരി 11ന് പിടിയിലായി.
ഈ സംഭവം നടക്കുന്ന പശ്ചാത്തലമാണ് ഏറെ ശ്രദ്ധേയം. പൗരത്വ വിവേചന നിയമത്തിനെതിരെ ഡൽഹി കേന്ദ്രീകരിച്ച് വിദ്യാർത്ഥി പ്രക്ഷോഭം അലയടിച്ചുയരുന്ന സമയം. സംഘ് പരിവാർ ഭരണകൂടത്തിന് രാജ്യത്തിനകത്തും പുറത്തും ഇത്രമേൽ പ്രഹരമേൽപ്പിച്ച മറ്റൊരു സമരം ഉണ്ടായിട്ടില്ല. ആ ജനകീയ ഉയിർപ്പിനെ തകർക്കാനുള്ള സർവ്വ അടവുകളും പയറ്റിയിരുന്നു മോദി – അമിത് ഷാ ടീം! അതിനിടയിലാണ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ “ഇൻ്റലിജൻസ് ഏജൻസി” യുടെ വാർത്ത വരുന്നത്! വാർത്തയുടെ ചൂടാറും മുമ്പ് ദേവീന്ദർ ഭീകരവാദികൾക്കൊപ്പം പിടിക്കപ്പെടുന്നു! പക്ഷെ അയാൾക്കെതിരെയുള്ള ആരോപണങ്ങളൊന്നും മുഖ്യധാരയിൽ
ചർച്ച ചെയ്യപ്പെട്ടതേ ഇല്ല!
ദേവീന്ദറുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ഇതേക്കാൾ ദുരൂഹവും ഗൗരവതരവുമമത്രെ! കാർഗിലിൽ രക്തസാക്ഷികളായ ജവാൻമാരുടെ മൃതശരീരങ്ങൾ കൊണ്ടുവരാനായി ശവപ്പെട്ടി വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണം ബി.ജെ.പി സർക്കാറിനെ ഇളക്കി മറിച്ചു കൊണ്ടിരുന്ന കാലത്താണ് 2001 ഡിസംബർ 13ന് പ്രമാദമായ പാർലമെൻ്റ് ആക്രമണം ഉണ്ടാവുന്നത്. ഈ കേസിൽ കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷക്കു വിധേയനായ അഫ്സൽ ഗുരു യഥാർത്ഥത്തിൽ നിരപരാധിയായിരുന്നു! നീതിപീഠങ്ങളെ വരെ ഫാഷിസം ഗ്രസിക്കുന്നതിൻ്റെ മികച്ച സാക്ഷ്യമാണ് അഫ്സൽ ഗുരുവിനു ലഭിച്ച വധശിക്ഷ! (ബാബരി മസ്ജിദ് / ഗുജറാത്ത് വംശഹത്യാവിധികളിലും നാം ഇത് കണ്ടു!) പാർലമെൻ്റ് ആക്രമത്തിൽ പങ്കെടുത്ത ആളേ അല്ല അഫ്സൽ! പ്രത്യുത ഏതാനും തീവ്രവാദികളെ ഡൽഹിയിൽ എത്തിച്ചു എന്നത് മാത്രമായിരുന്നു അഫ്സലിനെതിരായ ചാർജ്. ഈ കുറ്റം അഫ്സൽ നിഷേധിച്ചിരുന്നില്ല. എന്നാൽ ഇവരെ ഞാൻ ഡൽഹിയിൽ എത്തിച്ചത് “ദേവീന്ദർ സിംഗ് എന്ന ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണെ” ന്ന് അന്നു തന്നെ അഫ്സൽ ഗുരു വെളിപ്പെടുത്തിയിരുന്നു!
തീർന്നില്ല. പുൽവാമ ഭീകരാക്രമണകാലത്ത് അവിടെ ചുമതലയിൽ ഉണ്ടായിരുന്നത് ഇതേ ദേവീന്ദർ സിംഗ് ആയിരുന്നുവെന്നതും ദുരൂഹം..!
(ഇന്നിപ്പോൾ ഗുജറാത്ത് വംശഹത്യാ ഇരകളെ മുതൽ പൗരത്വ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ വരെ ജയിലിലിട്ട് പീഡിപ്പിക്കുമ്പോൾ സാക്ഷാൽ ഭീകരന്മാരെയും അവർക്ക് ചൂട്ടുപിടിച്ച ദേവീന്ദർമാരെയും സംരക്ഷിക്കുന്ന ഇരട്ടനീതിയാണല്ലോ നാട്ടിൽ നടക്കുന്നത്!)
ഇതിനർത്ഥം ഫാഷിസം വിജയിക്കുന്നു എന്നല്ല. പ്രത്യുത ഫാഷിസത്തിൻ്റെ പരാജയം ആസന്നമായിരിക്കുന്നു എന്നതാണ് ! ആളിക്കത്തുന്നതൊന്നും അണയാതിരുന്നിട്ടില്ല! ഒരു മനുഷ്യ വിരുദ്ധ പ്ര ത്യയശാസ്ത്രവും പരാജയപ്പെടാതിരുന്നിട്ടുമില്ല! ഹിറ്റ്ലറും മുസ്സോളിനിയും ഗീബൽസും തന്നെയാണ് അതിനുള്ള ചരിത്രപരമായ സാക്ഷ്യപത്രങ്ങൾ!