Current Date

Search
Close this search box.
Search
Close this search box.

ദുൻയാവിൽ നിന്നും രക്ഷപ്പെട്ട സാലിം(റഹ്)

സാലിം ബിൻ അബ്ദില്ലാഹ് ബിൻ ഉമർ ബിനിൽ ഖത്ത്വാബ്(റ) മദീന കണ്ട വിഖ്യാത നിയമജ്ഞരിൽ ഒരാളായിരുന്നു, അദ്ദേഹത്തിന്റെ വല്ലിപ്പ ഉമറുൽ ഫാറൂഖിന്റെ ഏറ്റവും രൂപസാദൃശ്യമുള്ള മകൻ അബ്ദുല്ലയുടെ മകനായിരുന്നു സാലിം . ഉപ്പയുടെ സദൃശ്യത ഏറ്റവും പ്രകടമായിരുന്ന പുത്രനായിരുന്നു സാലിമെന്ന് സഈദുബ്നു മുസയ്യിബും ഇബ്നു ഹിബ്ബാനും രേഖപ്പെടുത്തുന്നു. സാലിമിന്റെ ഉമ്മ പേർഷ്യൻ ചക്രവർത്തി യസ്ദജിർദിന്റെ പുത്രിമാരിലൊരാളായിരുന്നു. യുദ്ധത്തിൽ ബന്ദിയായി അടിമയായി, തുടർന്ന് സാലിം ജനിച്ചതോടെ അവർ സ്വതന്ത്രയുമായി . ഉസ്മാൻ (റ) ന്റെ ഭരണകാലത്താണ് സംഭവം. പ്രവാചകാനുയായി ആയിരുന്ന സാലിം മൗലാ അബീ ഹുദൈഫ(റ)യുടെ പേരാണ് ഉപ്പ അബ്ദുല്ല സ്വന്തം പുത്രന് തെരെഞ്ഞെടുത്തത്. രണ്ടു സാലിമുമാരുടേയും ജീവിത സാഹചര്യങ്ങളുടെ സാമ്യത കൊണ്ടാവണം അങ്ങനെയൊരു നാമകരണം. അബ്ദുല്ലയുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനമുണ്ടാക്കിയ മൗലയായിരുന്നു സാലിം .സ്വയം പരിവ്രാജക ജീവിതം തെരെഞ്ഞെടുത്ത , വൈജ്ഞാനികാന്തരീക്ഷം ഇഷ്ടപ്പെട്ടിരുന്ന ദുൻയവിയായ ആഗ്രഹങ്ങളിൽ നിന്നും മോചിതനായ, പേരിനെ അന്വർഥമാക്കിയ ജീവിതമായിരുന്നു സാലിമിന്റേത്. പരലോകത്തെ സ്നേഹിച്ച് ദുൻയാവിനെ മൊഴിചൊല്ലിയ മഹാമനീഷി.

ഒരിക്കലദ്ദേഹം ഖലീഫ: സുലൈമാനു ബ്നു അബ്ദിൽ മലിക്കിന്റെ കൊട്ടാരത്തിൽ പിന്നിക്കീറിയ തന്റെ സാധാരണ വേഷവും ധരിച്ച് കയറിച്ചെന്നു. രാജാവ് ആദരിച്ച് സ്വീകരിച്ച് തന്റെ ഇരിപ്പിടത്തിലിരുത്തി. അദ്ദേഹത്തിന്റെ ബന്ധുവായ ഉമറുബ്നു അബ്ദിൽ അസീസും അന്ന് ആ സദസ്സിൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തോട് തൊട്ടടുത്തിരിക്കുന്ന സാമാജികൻ ചെവിയിൽ ചോദിച്ചു:
താങ്കളുടെ അമ്മാവന് ഇത്തരം വേദികളിലുപയോഗിക്കാനെങ്കിലും നല്ല ഒരു കുപ്പായം വാങ്ങിക്കൊടുത്തു കൂടായിരുന്നോ ? ഖലീഫയുടെ അടുത്തു വന്നിരിക്കുന്ന കോലം നോക്കിക്കേ!!
ഉമറുബ്നു അബ്ദിൽ അസീസ് അതേ ഭാഷയിൽ തിരിച്ചടിച്ചു :
” താനുടുത്തിരിക്കുന്ന ഈ വിശേഷ വസ്ത്രങ്ങൾ കൊണ്ടെന്ത് കാര്യം? എന്റെ അമ്മാവന്റെ പിന്നിയ വസ്ത്രങ്ങൾ അദ്ദേഹത്തെ എത്ര ഉയരങ്ങളിൽ കൊണ്ടുപോയി ഇരുത്തിയിരിക്കുന്നതെന്ന് നോക്കൂ ! ”

റൊട്ടിയും എണ്ണയുമായിരുന്നു സാലിമിന്റെ പ്രധാന ഭക്ഷണമെന്ന് അദ്ദേഹത്തിന്റെ സഹപാഠികൾ പറയുന്നത് ഖലീഫ: ഹിശാം ബിൻ അബ്ദിൽ മലിക് കേട്ടിട്ടുണ്ടായിരുന്നു. ഒരിക്കൽ ഹജ്ജ് സമയത്ത് മുസ്ദലിഫയിൽ വെച്ച് അദ്ദേഹം ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് നേരം നോക്കിനിന്നിട്ട് ഖലീഫ വിളിച്ചു ചോദിച്ചു: ഓ അബു ഉമർ (സാലിമിന്റെ വിളിപ്പേര് )എന്താണ് ഹജ്ജ് സ്പെഷ്യൽ ?
സാലിം: റൊട്ടിയും എണ്ണയും ഹിശാം ചോദിച്ചു: നിങ്ങൾക്ക് എങ്ങനെ റൊട്ടിയും എണ്ണയും ദിവസേന തിന്നാൻ കഴിയും?
സാലിം : ഞാനത് എണ്ണയിലിട്ട് വെക്കും, നന്നായി വിശക്കുമ്പോൾ ആസ്വദിച്ചു കഴിക്കും.

മറ്റൊരു ഹജ്ജ് യാത്രയിലെ വേറൊരനുഭവം സുഫ്യാൻ ഇബ്നു ഉയയ്ന (റ) പറയുന്നു: സുലൈമാനു ബ്നു അബ്ദുൽ മലിക് കഅ്ബയിൽ പ്രവേശിച്ചപ്പോഴാണ് സാലിമിനെ കാണുന്നത്.
കണ്ടമാത്രയിൽ ഖലീഫ സാലിമിനോട് പറഞ്ഞു:
“സാലിം , താങ്കൾക്കെന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. ”
സാലിം : “അല്ലാഹുവിന്റെ വീട്ടിൽ വെച്ച് അവനോടല്ലാതെ മറ്റാരോട് ചോദിക്കുന്നതിലും എനിക്ക് ലജ്ജയുണ്ട് ”
ഹജ്ജിന്റെ ചടങ്ങുകൾ കഴിഞ്ഞു , കഅ്ബയുടെ പുറത്തുവെച്ച് ആകസ്മികമായി അവർ വീണ്ടും കണ്ടുമുട്ടി . ഖലീഫ വീണ്ടും തന്റെ വർത്തമാനം ആവർത്തിച്ചു :
“സാലിം , താങ്കൾക്കെന്ത് വേണമെങ്കിലും എന്നോടിപ്പോൾ ചോദിക്കാം. ”
സാംലിം അദ്ദേഹത്തോട് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഈ ലോകത്തിന്റെ ആവശ്യങ്ങളോ പരലോകത്തിന്റെ ആവശ്യങ്ങളോ?”
ഖലീഫ:”ഇഹലോകത്തിന്റെ ആവശ്യങ്ങളിലേതും ”
സാലിം അദ്ദേഹത്തോട് പറഞ്ഞു: ” എല്ലാ ദുൻയാവുമുള്ളവനോട് പോലും ഞാനത് ചോദിക്കാറില്ല, അത് സ്വന്തമല്ലാത്ത ഒരാളോട് പിന്നെ ഞാൻ എങ്ങനെ അത് ചോദിക്കും?”

ഉമറു ബിൻ അബ്ദിൽ അസീസ് ഒരിക്കൽ സാലിമുബിനു അബ്ദുല്ലയ്ക്ക് കത്തെഴുതി,
വല്ലിപ്പ ഉമറുൽ ഫാറൂഖിന്റെ ചില കത്തുകളിലെ വരികൾ എഴുതാൻ ആവശ്യപ്പെട്ടു. അദ്ദേഹം എഴുതി:
സ്വന്തം ആനന്ദം തീരുന്നതിന് മുമ്പേ കണ്ണടഞ്ഞ രാജാക്കന്മാരെ നീ ഓർക്കുക. ഒരിക്കലും തൃപ്തരാവാതിരുന്ന അവരുടെ വയർ ചീഞ്ഞു നാറി തൊട്ടടുത്ത പാവത്തിന് അസഹ്യമായതും നീ
മറക്കാതിരിക്കുക.

സാലിം , അലിയ്യു ബ്നുൽ ഹുസൈൻ , ഖാസിം ബിൻ മുഹമ്മദ് എന്നിവരെ പോലുള്ള പണ്ഡിത ശ്രേഷ്ഠരെ കണ്ടാണ് അടിമ മോചിതരായ സ്ത്രീകളിലും ബുദ്ധി കൂർമ്മതയുള്ള സന്താനങ്ങളുണ്ടാവുമെന്ന് മദീനക്കാർക്ക് ബോധ്യപ്പെട്ടതെന്ന് ഇമാം അസ്വമഈ ഇബ്ൻ അബിസ്സിനാദിൽ നിന്നുമുദ്ധരിക്കുന്നു.

ഹജ്ജിനും ഉംറക്കുമല്ലാതെ സ്വന്തം വല്ലിപ്പയും അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിമാരും അന്ത്യവിശ്രമം കൊള്ളുന്ന മദീന വിട്ട് സാലിം ദൂരേക്കൊന്നും പോയില്ല.106 AH/725 CE- ൽ മദീനത്തു വെച്ച് തന്നെയാണ് അദ്ദേഹം മരിക്കുന്നത് . ജന്നാത്തുൽ ബഖീഇലാണ് ഖബറടക്കം ചെയ്യപ്പെട്ടത്. റഹിമഹുല്ലാഹു റഹ്മതൻ വാസിഅ :

المصادر:
– “الطبقات الكبرى” لابن سعد (5/ 154).
– “سير أعلام النبلاء” للذهبي (4/ 457) وما بعدها.
– “تهذيب التهذيب” لابن حجر (3/ 436-437).
– “حلية الأولياء وطبقات الأصفياء” لأبي نعيم (2/ 194).
– “صفة الصفوة” لابن الجوزي (2/ 90-91).

Related Articles