Current Date

Search
Close this search box.
Search
Close this search box.

അൽ ഫിത്വ്‌റയുടെ ശില്പി സഈദ് ഫാറൂഖി ഇനിയോർമ്മ

അൽ ഫിത്വ്‌റ പ്രീ പ്രൈമറി സ്കൂൾ സ്ഥാപകൻ, KJU സംസ്ഥാന പ്രവർത്തക സമിതി അംഗം, കൗൺസിൽ ഫോർ ഇസ്‌ലാമിക് എഡുക്കേഷൻ ആൻ്റ് റിസർച്ച് (CIER), സംസ്ഥാനത്തെ സ്കൂൾ, കോളേജ് തുടങ്ങിയ പാഠ്യപദ്ധതികൾ എന്നിവയുടെ നിർണ്ണയ കമ്മിറ്റി അംഗം, ഒട്ടനവധി അറബിക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗുരുനാഥൻ,വിവിധ ഖുർആൻ പഠന ക്ലാസ്സുകളിലെ അധ്യാപകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ സേവനം ചെയ്ത ബഹുമാന്യ ഗുരുനാഥൻ സഈദ് ഫാറൂഖി അല്ലാഹുവിലേക്ക് യാത്രയായി എന്ന വാർത്ത കേൾക്കുമ്പോൾ കുറിപ്പുകാരൻ 6 കിലോമീറ്റർ അകലെയുള്ള താമസ സ്ഥലത്തുണ്ടായിരുന്നു . പക്ഷേ അദ്ദേഹത്തെ പെരുന്തൽമണ്ണ മൗലാനയിൽ അഡ്മിറ്റ് ചെയ്ത വിവരം അറിയാഞ്ഞതാണ് അവസാന സന്ദർശനത്തിനുള്ള അവസരം ലഭിക്കാതിരിക്കാൻ കാരണം. മാസങ്ങൾക്ക് മുമ്പ് കരിപ്പൂര് നടന്ന മർകസുദ്ദഅവ സമ്മേളനത്തിലാണ് അവസാനമായി കണ്ടത്. അപ്പോഴും ശാരീരികമായി വല്ല പ്രയാസങ്ങളൊന്നും തോന്നിയിരുന്നില്ല. അഥവാ നിരന്തമായ യോഗയിലൂടെ അദ്ദേഹം തൻ്റെ അസുഖാവസ്ഥയെ മാനസികമായി അതിജീവിച്ചിരുന്നു.

സഈദ് ഫാറൂഖി, അറബി ഭാഷയുടെ കാമുകനും ഖുര്‍ആൻ്റെ പരിചാരകനുമായിരുന്നു. ഗുരുതുല്യനായ ഫാറൂഖി അറബി ഭാഷക്കും, വിശുദ്ധ ഗ്രന്ഥത്തിനും നല്കിയ സമർപ്പണവും സേവനവും ശരക്കണക്കിന് ശിഷ്യന്മാർക്ക് എപ്പോഴും പ്രചോദനമായി നില്ക്കും.

അദ്ദേഹത്തിന്റെ ജീവിതം അറബി ഭാഷയുടെ പ്രചാരത്തിനും സംരക്ഷണത്തിനും വേണ്ടി സമർപ്പിച്ചതാണ്. സർക്കാർ പാഠപുസ്തക പരിഷ്കരണ നടപടികളുടെ ഭാഗമായാണ് അദ്ദേഹവുമായുള്ള ആദ്യ ബന്ധം. തുടർന്ന് വാടാനപ്പള്ളി കേന്ദ്രീകരിച്ച് അൽ ഫിത്വ്‌റയുടെ ഒരു ശാഖ പ്രവർത്തനം ആരംഭിക്കുവാനുള്ള ആദ്യാനുമതിക്ക് ആ വ്യക്തിബന്ധം നിമിത്തമായി. വാടാനപ്പള്ളിയിൽ അതിൻ്റെ നേതൃത്വം നൽകിയ എൻ്റെ ഭാര്യാപിതാവായ മർഹൂം അഹ്മദ് കുട്ടി മാഷുമായും ഫാറൂഖിക്ക് നല്ല ബന്ധമായിരുന്നു. കേരളത്തിൻ്റെ അകത്തും പുറത്തുമായി ആരംഭിച്ച അൽ ഫിത്വ്‌റക്ക് സംഘടനാ വ്യത്യാസം പരിഗണിക്കാതെ അനുമതി നൽകിയിരുന്നു അദ്ദേഹം. സാധ്യമാവുന്ന സ്ഥലങ്ങളിലെല്ലാം സ്വന്തമായെത്തി അടിസ്ഥാന സൗകര്യങ്ങളും അധ്യാപക പരിശീലനവും ഉറപ്പു വരുത്തുകയും ചെയ്തു കൊണ്ടിരിന്നു. അറബി ഭാഷാ പ്രാവീണ്യം കൊണ്ടും അറബിയുടെ സൌന്ദര്യവും പ്രാധാന്യവും എടുത്തു കാണിക്കുവാനുളള ശ്രമം കൊണ്ടും അദ്ദേഹം വ്യത്യസ്തനായിരുന്നു. അറബി ഭാഷയുടെ സമ്പന്നതയും ഖുര്‍ആനിന്റെ ഭാഷാ സൗന്ദര്യവും അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഖുതുബക്കുള്ള ഖുർആനിക പരാമർശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരമാണ്. ബാഅ – ബവ്വഅ – ബീഅ ധാതുവിൽ വരുന്ന പദങ്ങളുടെ സന്ദർഭങ്ങൾ സവിശേഷമായി പഠിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

അദ്ദേഹത്തിന്റെ അധ്യാപന / ക്ലാസ് ശൈലി സജ്ജീവവും ഇൻ്ററാക്റ്റീവും മനോഹരവുമായിരുന്നു. അറബി ഭാഷയുടെ ആശയവും ഖുർആൻ്റെ സന്ദേശവും വ്യക്തമായും സംഗ്രഹിച്ച് പ്രബോധനം നടത്തിയ അദ്ദേഹത്തിന്റെ സംഭാഷണങ്ങളും രചനകളും ബഹുമാനത്തോടെ ഓർക്കപ്പെടും.

സഈദ് ഫാറൂഖിയുടെ വേർപാട് അറബി ഭാഷ പ്രേമികൾക്കും ഖുര്‍ആൻ വിദ്യാർത്ഥികൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും എഴുത്തുകളും, അദ്ദേഹത്തിന്റെ ആത്മാവിന്റെ ഓർമ്മകളും നിത്യവും നമുക്ക് പ്രചോദനമായി നില്ക്കും. കഴിഞ്ഞ റമദാനിൽ പോലും അദ്ദേഹം പറഞ്ഞ ഇമാം മാലിക്കിന്റെ ആന സംഭവം ഒന്നു രണ്ടുസ്ഥലങ്ങളിൽ എടുത്തു പറഞ്ഞ് റമദാനിലെ ‘ആനകളെ’ കണ്ട് സമയം കളയരുത് എന്ന് ആലങ്കാരികമായി സംസാരിച്ചതോർക്കുന്നു. റമദാനിലെ ആനകളെ സൂക്ഷിക്കുക എന്ന പേരിൽ തന്നെ അദ്ദേഹത്തിൻ്റെ
ആ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ശബാബ് വാരികയിൽ അദ്ദേഹമെഴുതിയിരുന്ന ലേഖനങ്ങൾ ഈയ്യുള്ളവൻ വായിക്കുകയും പഠിക്കുകയും ഖത്വീബന്മാരോടും വായിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു.

സഈദ് ഫാറൂഖിക്ക് സ്വർഗം ലഭിക്കട്ടെ എന്നും അൽ ഫിത്വ്‌റയിലൂടെ അറബി ഭാഷയ്ക്കും വിശുദ്ധ ഖുര്‍ആനും അദ്ദേഹം നല്കിയ സേവനങ്ങളെ അല്ലാഹുവിൻ്റെയടുത്ത് ഉപകാരപ്പെടുന്ന വിജ്ഞാനീയങ്ങളും സ്ഥായിയായ സ്വദഖയുമായി സ്വീകരിക്കട്ടെ എന്നും അദ്ദേഹത്തിൻ്റെ മക്കളുടെയും
ശിഷ്യന്മാരുടെയും പ്രാർത്ഥനകളെ റബ്ബ് സ്വീകരിക്കട്ടെ എന്നും അദ്ദേഹത്തിൻ്റെ പ്രവർത്തന സ്വാധീനങ്ങൾ (ആസാർ) അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും ശിഷ്യന്മാർക്കും പ്രചോദനമായി മാറട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Related Articles