Current Date

Search
Close this search box.
Search
Close this search box.

ആരാധനക്കുള്ള അവകാശം സ്ത്രീക്കും പുരുഷനും തുല്യമാണ്

ദൈവത്തിനു മുമ്പില്‍ മനുഷ്യര്‍ ഒരേ പോലെയാണ്. മനുഷ്യരില്‍ മാത്രമല്ല എല്ലാ ജീവി ജാലങ്ങളിലും ആണ്‍ പെണ്‍ എന്ന വിഭജനമുണ്ട്. തീര്‍ത്തും ജൈവപരമായ വിഭജനം. രണ്ടു പേരുടെയും ശാരീരിക മാനസിക കായിക മാനങ്ങള്‍ വ്യത്യസ്തമാണ്. അത് ലോകം അംഗീകരിച്ചതും. മതങ്ങളില്‍ മാത്രമല്ല അതല്ലാതെ തന്നെ ഭൗതിക ലോകത്തു തന്നെ ആ വിഭജനം നാം കണ്ടു കൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ ചരിത്രാധീനാ കാലം മുതല്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ്. അവരുടെ മാനുഷിക അവകാശങ്ങള്‍ പോലും പലപ്പോഴും നഷ്ടപെപ്പടുത്തി കളഞ്ഞ ചരിത്രം നാം വായിക്കുന്നു. പ്രവാചക കാലത്തു പെണ്‍കുട്ടികള്‍ ജനിക്കുന്നത് തന്നെ കുടുംബത്തിന് മാനഹാനിയായി കണക്കാക്കിയിരുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയ സംഭവങ്ങള്‍ നാം വായിക്കുന്നു. പുരാതന ഈജിപ്തില്‍ നാടിന്റെ ഐശ്വര്യത്തിനു വേണ്ടി കന്യകയെ നൈല്‍ നദിയില്‍ മുക്കിക്കൊല്ലുന്ന വിവരങ്ങള്‍ നാം അറിയുന്നു.

നമ്മുടെ ആധുനിക കാലത്തും സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വെറുതെ വന്നതല്ല. നാം ആര്‍ജിച്ച സാമൂഹിക പുരോഗതി കൂടി അതിനു കാരണമാണ്. സ്ത്രീകള്‍ക്ക് ആരാധന സ്വാതന്ത്ര്യം പോലും വിലക്കുക എന്നിടത്തേക്കു കാര്യങ്ങള്‍ നീണ്ടു പോകുന്നു എന്നത് എന്നത്തെയും വിഷയമാണ്. പ്രവാചകന്‍ ഒരു സ്ത്രീയെയും പള്ളിയില്‍ നിന്നും തടഞ്ഞില്ല. പള്ളിയില്‍ പോകണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് തന്നെ നല്‍കി. പുരുഷനെ പോലെ പള്ളിയില്‍ തന്നെ പോകണം എന്ന നിബന്ധന സ്ത്രീക്ക് വെച്ചില്ല. അത് സ്ത്രീകളോട് ചെയ്ത ഒരു അനുഗ്രഹമാണ്. അതെ സമയം അവര്‍ പോകണം എന്ന് ഉദ്ദേശിച്ചാല്‍ അത് തടയാന്‍ പാടില്ല എന്ന് പുരുഷനെ ഉണര്‍ത്തി. ആര്‍ത്തവ സമയത്തു സ്ത്രീ പള്ളിയില്‍ പോകുന്നത് മതം വിലക്കി. ആ സമയത്തു നമസ്‌കാരം പോലുള്ള കാര്യങ്ങളും അവളുടെ മേല്‍ നിര്ബന്ധമാക്കിയില്ല. സ്ത്രീയുടെ ജൈവശാസ്ത്രപരമായ പരിഗണയാണ് വിഷയം

ശബരിമലയില്‍ പത്തു വയസ്സ് മുതല്‍ അമ്പത് വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം പാടില്ല എന്ന വിധി തിരുത്തിയത് ഇവിടെ നിന്ന് കൊണ്ട് വേണം വിശകലനം ചെയ്യാന്‍. മതങ്ങളിലെ കാര്യങ്ങള്‍ പറയാനുള്ള അവകാശം മതങ്ങള്‍ക്ക് നല്‍കുക എന്നതാണ് നല്ല രീതി. ഈ വിഷയത്തില്‍ സ്ത്രീകളെ വിലക്കുന്ന പ്രമാണമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അതാണ് സ്വീകരിക്കപ്പെടേണ്ടത്. അതെ സമയം മുന്‍ കാലത്തു സംഭവിച്ച പുരുഷ മേധാവതിത്വത്തിന്റെ ഭാഗമാണെങ്കിലും അത് തിരുത്തുകയും വേണം. ആരാധിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും തുല്യമാണ്. അതിന്റെ രീതികളൂം സ്വഭാവങ്ങളും പറയേണ്ടത് കോടതികളാണ് എന്ന് വന്നാല്‍ മതങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും.

കോടതികള്‍ നാട്ടിലെ നിയമ വ്യവസ്ഥയുടെ ഭാഗമാണ്. ഭരണകൂടങ്ങള്‍ മാനുഷിക വിരുദ്ധമാകുമ്പോള്‍ പലപ്പോഴും കോടതികള്‍ സഹായവുമായി എത്താറുണ്ട്. മതങ്ങളുടെ ആചാരങ്ങളും അനാചാരങ്ങളും കോടതികള്‍ക്ക് പരിശോധിക്കാം. പക്ഷെ അത് കേവല വായന കൊണ്ട് സാധ്യമല്ല. അതിനു മത പണ്ഡിതരെ തന്നെ സമീപിക്കണം. പള്ളികള്‍ ഒരു വിഭാഗത്തിന്റെ നിര്‍ബന്ധ ഘടകമല്ല എന്ന വിധി അങ്ങിനെ രൂപപ്പെട്ടതാണ്. സ്ത്രീകളുടെ ശബരിമല വിഷയവും ഒരു മത വിഷയമാണ് എന്ന രീതിയില്‍ വേണം പരിഗണിക്കാന്‍. മതത്തെ പൗരോഹിത്യം കയ്യേറുമ്പോള്‍ കോടതികളുടെ ഇടപെടല്‍ ഗുണം ചെയ്യും പക്ഷെ പകരം യഥാര്‍ത്ഥ മതമായിരിക്കണം വരേണ്ടത് എന്ന് കൂടി മനസ്സിലാക്കണമെന്ന് മാത്രം.

എല്ലാ പഴമകളെയും തച്ചുടക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ പരമോന്നത കോടതി. രാജ്യം ഇതുവരെ കാത്തു സൂക്ഷിച്ച സദാചാര മൂല്യങ്ങളും അതില്‍ ഉള്‍പ്പെടും. പരിസ്ഥിതി പരിഗണിക്കാതെ ഡാമുകള്‍ തുറന്നു വിട്ടതിന്റെ ദുരന്തം നാം നേരില്‍ അനുഭവിച്ചതാണ്. ഒരു മലവെള്ളപ്പാച്ചിലില്‍ എല്ലാം നശിക്കാനാണ് സാധ്യത കൂടുതല്‍.

Related Articles