Current Date

Search
Close this search box.
Search
Close this search box.

ശബരിമല: കുളം കലക്കി മീന്‍ പിടിക്കുന്നവര്‍

ശബരിമല ഒരു വിശ്വാസ കാര്യം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ വിഷയമായി മാറുന്നു എന്നതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംഘ പരിവാര്‍ കേരളത്തില്‍ വേരുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഈ വിഷയത്തില്‍ കക്ഷിയല്ല എന്നിരിക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് അവര്‍ സമരം ചെയ്യുന്നത്. മതേതര പാര്‍ട്ടികളും സംഘപരിവാര്‍ ഉദ്ദേശങ്ങള്‍ക്കു കരുത്തു പകരാനുള്ള ശ്രമത്തിലാണ്. ശബരിമല കൊണ്ട് സംഭവിക്കുന്ന രാഷ്ട്രീയ നേട്ടം ഒരിക്കലും അവര്‍ക്കു ലഭിക്കില്ല എന്നുറപ്പാണ്. ഹിന്ദുക്കളുടെ കുത്തക ഏറ്റെടുത്തു സമരം ചെയ്യുന്ന സംഘപരിവാറില്‍ നിന്നും നേട്ടം കൊയ്യാനുള്ള ശ്രമം തീര്‍ത്തും പാഴ്‌വേലയാകും.

ഇന്ത്യയില്‍ ഏക സിവില്‍കോഡ് എന്നത് സംഘ പരിവാര്‍ ആഗ്രഹമാണ്. ഏക സിവില്‍കോഡിലേക്കുള്ള വഴിയായിട്ടു ചിലര്‍ ശബരിമല വിഷയത്തെ അവതരിപ്പിക്കുന്നത്. ശബരിമല വിഷയം കോടതിയുമായി ബന്ധപ്പെട്ട വിഷയമാണ്. ഏക സിവില്‍കോഡ് പാര്‍ലമെന്റില്‍ നിയമം ഉണ്ടാക്കിയിട്ട് വേണം. ഇപ്പോഴുള്ള നിയമം മാറ്റിയെഴുതുക തന്നെ വേണം. സംഘപരിവാറിന് രാജ്യസഭയില്‍ കാര്യമായ ഭൂരിപക്ഷമില്ല എന്നതാണ് നിയമ നിര്‍മാണം നടക്കാതിരിക്കാനുള്ള കാരണം. ശബരിമല വിഷയം സംഘപരിവാറിന് വീണുകിട്ടിയ ആയുധമാണ്. അത് കൊണ്ട് കേരളത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നതും. ബാബരി മസ്ജിദ് വിഷയം കൃത്യമായി ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയില്‍ അവര്‍ ഭരണം പിടിച്ചത്. ബാബരി മസ്ജിദ് വിഷയത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്നതാണ് കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടാന്‍ തന്നെ കാരണം. മൃദു ഹിന്ദ്വത്വം എന്നത് ഒരു നിലപാടായി കോണ്‍ഗ്രസ്സ് സ്വീകരിച്ചപ്പോള്‍ കടുത്ത രീതിയില്‍ അതേറ്റെടുത്ത സംഘപരിവാര്‍ കാര്യം നേടി എന്ന് വേണം മനസ്സിലാക്കാന്‍.

ശബരിമല ഒരു നിയമ പ്രശ്‌നമാണ്. വിധിയെ സംഘ പരിവാറും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും സ്വാഗതം ചെയ്തതുമാണ്. പക്ഷേ കുളം കലക്കി മീന്‍ പിടിക്കാനുള്ള സംഘ പരിവാര്‍ ശ്രമത്തെ നിസ്സാരമായി കാണരുത്. പത്തു വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശരിമലയില്‍ പോകരുത് എന്നത് ഒരു മതവിധിയാണ്. മതാചാരങ്ങളില്‍ കോടതി അഭിപ്രായം പറയാന്‍ പാടില്ല എന്നതാണ് നമ്മുടെ ഭരണഘടന പറയുന്നത്. രാജ്യത്തെ നിയമത്തെ അംഗീകരിക്കുക എന്നതാണ് രാജ്യസ്‌നേഹം. ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്നത് പരമോന്നത കോടതിയുടെ വിധിയാണ്. വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. വടക്കേ ഇന്ത്യയില്‍ നാം കണ്ടു വരുന്ന ദുരന്തങ്ങളില്‍ ഒന്ന് ജനം നിയമം കയ്യിലെടുക്കുക എന്നതാണ്. കോടതി വിധി മാറ്റി കിട്ടാന്‍ നിയമ പരമായി തന്നെ വഴികളുണ്ട്. അതാണ് ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. ശബരിമലയിലേക്കു വരിക എന്നതു മത വിരുദ്ധമാണ് എന്ന് വിശ്വാസികളെ പഠിപ്പിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്.

Related Articles