Current Date

Search
Close this search box.
Search
Close this search box.

ശബരിമല നടയിറങ്ങുമ്പോള്‍

ശബരിമല നട തുറക്കുന്നതും അടക്കുന്നതും വിശ്വാസികളെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. അടുത്തിടെ അതൊരു പൊതു വിഷയമായി മാറിയതിന്റെ കാരണം ആരും പറയാതെ തന്നെ നമുക്കറിയാം. ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ ആരൊക്കെ എന്തൊക്കെ നേടി എന്ന് കൂടി നോക്കുന്നത് നല്ലതാണ്. ആദ്യ ദിനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തിനായിരുന്നു മുന്‍തൂക്കം. പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകളെ കയറ്റണം എന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നില്ല. അതൊരു കോടതി വിധിയായിരുന്നു. കേരളത്തില്‍ പല പാര്‍ട്ടികളും സംഘടനകളും സമരത്തില്‍ പങ്കെടുത്തെങ്കിലും രണ്ടു പക്ഷമേ അതിനുണ്ടായിരുന്നുള്ളൂ. കോടതി വിധി നടപ്പാക്കണം എന്ന് പറയുന്നവരും പാടില്ല എന്ന് പറയുന്നവരും.

അതിന്റെ പേരില്‍ ശബരിമലയില്‍ പല രീതിയിലുള്ള സമരവും നടന്നു. ഈ പ്രായത്തില്‍ പെട്ട ഒരു സ്ത്രീയെയും കടത്തി വിടില്ല എന്ന് സമരക്കാരും പോകുന്നവര്‍ക്ക് സഹായം ചെയ്യുമെന്ന് സര്‍ക്കാരും. വിശ്വാസത്തെ വര്‍ഗീയമാക്കി മാറ്റി കേരളം കത്തിക്കാന്‍ സംഘ പരിവാര്‍ നടത്തിയ ചില പ്രത്യേക പേരുള്ള സ്ത്രീകളുടെ സന്നിധാനത്തിലേക്കുള്ള കടന്നു വരവും അതിനെ സമര്‍ത്ഥമായി നേരിട്ട കേരള പൊതു ജനതയും പ്രശംസ അര്‍ഹിക്കുന്നു. കോടതിയുടെ ചിലവില്‍ രാഷ്ട്രീയം കളിക്കാന്‍ സംഘപരിവാര്‍ കാട്ടി കൂട്ടിയ കോപ്രായങ്ങള്‍ ജനത്തിന് വേഗം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു എന്നതും ചേര്‍ത്ത് വായിക്കണം. വിഷയത്തില്‍ യു ഡി എഫും രംഗത്തിറങ്ങി. അവരുടെയും ആവശ്യം കോടതി വിധി നടപ്പാക്കാന്‍ പാടില്ല എന്നത് തന്നെയായിരിക്കണം.

ഒന്നാം ഘട്ടത്തില്‍ ആര്‍ എന്തൊക്ക് നേടി എന്നത് പരിശോധിക്കണം. സംഘപരിവാര്‍ ഉദ്ദേശം നടന്നില്ല എന്നത് അവരുടെ മനസ്സിലിരിപ്പ് ജനം മനസ്സിലാക്കി എന്നതു കൊണ്ടാണ്. വിശ്വാസത്തിന്റെ പേരില്‍ നടത്തിയ സമരം വിശ്വാസികളെ കാര്യമായി സ്വാധീനിച്ചു എന്ന് പറയാന്‍ കഴിയില്ല. സംഘ പരിവാര്‍ ഏറ്റെടുത്ത സമരം എന്നല്ലാതെ വിശ്വാസികള്‍ എന്നൊരു ബാനര്‍ നമുക്ക് കാണാന്‍ കഴിഞ്ഞില്ല. കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും സംഘ പരിവാര്‍ വാദങ്ങളെ സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. സംഘ പരിവാര്‍ ആഗ്രഹിച്ച ഒരു കലാപ ശ്രമം ഫലം കണ്ടില്ല എന്നത് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കേരളം ഇനിയും പാകമായിട്ടില്ല എന്ന് കാണിക്കുന്നു.

സര്‍ക്കാരും മുഖ്യമന്ത്രിയും ആദ്യം മുതല്‍ പറഞ്ഞു വന്ന നിലപാട് തിരുത്തിയില്ല. വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ അവര്‍ക്കു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ അതിനു തെളിവാണ്. വിഷയത്തിലെ വിശ്വാസം ഒരിക്കലും സര്‍ക്കാരിന്റെ കാര്യമല്ല എന്ന നിലപാട് വിശദീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. വിഷയം ഭരണഘടനയും സുപ്രീം കോടതിയും സര്‍ക്കാരും തമ്മിലുള്ളതാണ്. തങ്ങളുടെ നിലപാട് കൃത്യമായി പറഞ്ഞു എന്നിടത്തു ഇടതുപക്ഷത്തിന് ആദ്യമുണ്ടായ ക്ഷീണം തിരിച്ചു പിടിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.

ഇതുവരെയുള്ള കളിയില്‍ നഷ്ടം സംഭവിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സിനും യു ഡി എഫിനുമാണ്. ഒന്ന് അവരുടെ നിലപാടില്ലായ്മ. മറ്റൊന്ന് പല കോണ്‍ഗ്രസ്സ് യു ഡി എഫ് നേതാക്കളുടെ നിലപാടുകളും സംഘപരിവാര്‍ നിലപാടും തിരിച്ചറിയാന്‍ ജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രാഷ്ട്രീയമായി വിഷയത്തെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയപെട്ടു എന്ന് തന്നെയാണ് നമ്മുടെ വിലയിരുത്തല്‍. സുപ്രീം കോടതിക്ക് മത വിഷയങ്ങളില്‍ വിധി പറയാന്‍ പാടുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. പാടില്ല എന്ന് തന്നെ പറയാം. സുപ്രീം കോടതി വിധിക്കു റിവ്യൂ ഹരജി നല്‍കില്ല എന്ന സര്‍ക്കാര്‍ തീരുമാനം നേരത്തെ തന്നെ പ്രഖ്യാപിച്ചതും. സംഘ് പരിവാറിനെ പോലെ തന്നെ പലപ്പോഴും ഉത്തരവാദിത്ത ബോധമില്ലാതെ പല കോണ്‍ഗ്രസ് നേതാക്കളും പ്രതികരണം നടത്തി എന്നതാണ് നാം കണ്ട മറ്റൊരു കാര്യം.

അപ്പോള്‍ ഒന്നാം ഘട്ടം ഇങ്ങിനെ വായിക്കാം എന്ന് തോന്നുന്നു. കലാപമുണ്ടാക്കാനുള്ള സംഘ പരിവാര്‍ ശ്രമം പാളി. തന്ത്രി,കൊട്ടാരം എന്നിവയെ കൂട്ട് പിടിച്ചു വിശ്വാസവും സമരവും ഒന്നിച്ചു കൊണ്ട് പോകാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. നിലപാടില്ലായ്മ കൊണ്ടും അതി വൈകാരികത കൊണ്ടും കോഗ്രസ്സിന് ശബരിമല ഒരു നഷ്ടക്കച്ചവടമായി. പോലീസ് വിഷയത്തില്‍ കൈകൊണ്ട നിലപാടും എടുത്തു പറയണം. പോലീസ് ഓഫീസറുടെ പേരും മതവും പറഞ്ഞു പോലും സംഘ പരിവാര്‍ കലാപത്തിന് ശ്രമിച്ചു എന്നത് കാണാതിരിക്കരുത്. അവസാന വിശകലനത്തില്‍ ഒന്നാം ഘട്ടം അവസാനിക്കുമ്പോള്‍ ഇടതു പക്ഷം തന്നെയാണ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത് എന്ന് കാണാം.

ശബരിമല അവസാനിക്കുന്നില്ല. അടുത്ത കോടതി വിധി വരെ മാത്രമാകും ഇപ്പോഴത്തെ കാര്യങ്ങള്‍ക്കു ആയുസ്സുണ്ടാവുക. എന്നിരുന്നാലും കേരളം ഒരിക്കലും കലാപ ഭൂമിയാക്കാന്‍ കഴിയില്ല എന്നുറപ്പാണ്. കേരളത്തിന്റെ സാക്ഷരത അവിടെയാണ് തെളിഞ്ഞു നില്‍ക്കുന്നതും.

Related Articles