Current Date

Search
Close this search box.
Search
Close this search box.

മതേതര പാര്‍ട്ടികള്‍ മതങ്ങള്‍ക്കു പിന്നാലെയാണ്

ശബരിമല വീണ്ടും പ്രക്ഷോഭ ഭൂമിയാകാന്‍ പോകുന്നു. കോടതി വിധി നടപ്പാക്കും എന്ന് സര്‍ക്കാര്‍. പറ്റില്ലെന്ന് പ്രതിപക്ഷം. കാര്യങ്ങള്‍ ഏതുവരെ പോകുമെന്ന് കാത്തിരുന്നു കാണാം എന്ന് ജനവും. പ്രതിപക്ഷം തീര്‍ത്തും രാഷ്ട്രീയമായി കാര്യങ്ങളെ കാണുന്നു എന്നതാണ് വസ്തുത. ഇത് മതമാണ്. പോകാന്‍ പാടില്ല എന്ന് മനസ്സിലാക്കിയവര്‍ എന്തായാലും പോകില്ല. പോകാന്‍ സന്നദ്ധരായവരെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുക എന്നതാണ് എതിര്‍ക്കുന്നവര്‍ ചെയ്യേണ്ടത്. മുമ്പ് പറഞ്ഞത് പോലെ കേരള സര്‍ക്കാര്‍ ഈ വിധിയില്‍ കക്ഷിയല്ല. സ്ത്രീകള്‍ക്ക് നടയില്‍ പോകാം എന്നത് സുപ്രീം കോടതി പറഞ്ഞതാണ്. അതിനെതിരെ പലരും റിവ്യൂ,റിട്ട് ഹരജികള്‍ നല്‍കിയിട്ടുണ്ട്. അവിടെയൊന്നും സമരം ചെയ്യുന്ന ഒരു കക്ഷിയെയും കണ്ടില്ല. അവരുടെ കയ്യില്‍ മിടുക്കരായ വക്കീലന്മാര്‍ ഉണ്ടെന്നിരിക്കെ അവരെന്തിനു മാറി നിന്നു എന്നറിയില്ല.

മതത്തെ രാഷ്ട്രീയമായി ഉപയോഗപെടുത്തുന്നു എന്നതിന്റെ നേര്‍ രൂപമാണ് ഇപ്പോള്‍ നടക്കുന്ന സമരം. സുപ്രീം കോടതി വന്നാല്‍ അതിനെതിരെ റിവ്യൂ ഹരജി നല്‍കുക എന്നത് നിര്‍ബന്ധ കാര്യമല്ല. ആ വിധി നടപ്പാക്കുക എന്നതാണ് പ്രധാന കാര്യം. അത് നടപ്പാക്കാന്‍ വിമുഖത കാണിച്ചാല്‍ കോടതിക്ക് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാം. അടുത്ത ജനുവരിയില്‍ കേസുകള്‍ വീണ്ടും പരിഗണിക്കും എന്ന് പറഞ്ഞപ്പോഴും നിലവിലെ വിധി നിലനില്‍ക്കും എന്ന് തന്നെയാണ് കോടതി പറഞ്ഞത്. ഇന്നലെ വിധി റദ്ദാക്കണം എന്ന് പറഞ്ഞു നല്‍കിയ ഹരജിയും തള്ളപ്പെട്ടു. അപ്പോള്‍ കോടതിയുടെ മുന്നില്‍ കാര്യം കൃത്യമാണ്. മുന്‍ വിധിയില്‍ അവര്‍ ഒരു കുഴപ്പവും കാണുന്നില്ല. പരാതിക്കാരുടെ പരാതികള്‍ അവര്‍ക്കു വേണ്ടി പരിഗണിക്കും.

അന്തിമ വിധി എന്നൊന്ന് ഇവിടെ പ്രസക്തമല്ല. കോടതി യുവതികളുടെ പ്രവേശനം പാടില്ല എന്ന വിധി വരാത്ത കാലത്തോളം അംഗീകരിക്കില്ല എന്ന് ബി ജെ പി യും കോണ്‍ഗ്രസ്സിലെ ചില നേതാക്കളും പറഞ്ഞു വരുന്നു. അവസാന വിധി എന്ത് വന്നാലും അംഗീകരിക്കും എന്ന ഉറപ്പ് സര്‍ക്കാരിന് നല്‍കിയാല്‍ പ്രശ്‌നം ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ വിധി നടപ്പാതിരിക്കാന്‍ കുറച്ചു കൂടി പിന്തിക്കാം. അതെ സമയം ഇപ്പോഴുള്ള വിധി തന്നെ അന്നും കോടതി ഉറപ്പിച്ചാല്‍ അംഗീകരിക്കില്ല എന്നത് കൊണ്ട് സമയം നീട്ടി നല്‍കുന്നത് കൊണ്ട് ഗുണമില്ല എന്ന് സര്‍ക്കാര്‍ മനസ്സിലാകുന്നു.

രണ്ടു പാര്‍ട്ടികള്‍ കേരളത്തില്‍ വലിയ ജാഥ നടത്തി. സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒന്നും അതിലില്ല. അതെ സമയം ദേശീയ പാത വികസനത്തിന്റെ പേരില്‍ വീടും സമ്പാദ്യവും നഷ്ടമാകുന്നവര്‍ ഇന്ന് തെരുവിലാണ്. ആരും അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല. ഭൂമിയില്ലാത്ത കര്‍ഷകരും പാവപ്പെട്ടവരും ഭൂമിക്കു വേണ്ടിയുള്ള സമരത്തിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ പാതകള്‍ സഞ്ചാര യോഗ്യമല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ചെയ്യാന്‍ ആയിരം കാരണങ്ങള്‍ നിലനില്‍ക്കെ ദേശീയ മതേതര പാര്‍ട്ടികള്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിക്കുന്നത് നല്ല കാര്യമല്ല.

Related Articles