Current Date

Search
Close this search box.
Search
Close this search box.

കഅ്ബയുടെ രൂപം നിര്‍മിക്കുന്നതിന്റെ വിധി?

ചോദ്യം: ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ സെന്ററിലെ ജീവനക്കാരാണ്(ഫനാര്‍) ഞങ്ങള്‍. മുസ്‌ലിംകളുമായും മുസ്‌ലിംകളല്ലാത്തവരുമായും ഞങ്ങള്‍ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. ഖത്തറിലേക്ക് ജോലി ആവശ്യാര്‍ഥവും അല്ലാതെയും വരുന്നവരാണവര്‍. ഇസ്‌ലാമിനെ സംബന്ധിച്ച് അവരോട് നേരിട്ടല്ലാതെ പരിചയപ്പെടുത്തുന്ന രീതിയാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. അഥവാ പ്രദര്‍ശനങ്ങള്‍, ഫോറങ്ങള്‍, സംസകാരിക-കലാ പരിപാടികള്‍, ഭാഷാപരമായ സംഗമങ്ങള്‍ തുടങ്ങി വ്യത്യസ്തമായ മാര്‍ഗങ്ങലൂടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
വിശുദ്ധ കഅ്ബക്ക് സമാനമായ രൂപം ഞങ്ങള്‍ നിര്‍മിക്കുകയുണ്ടായി. ഏകദേശം അകത്തുനിന്നും പുറത്തുനിന്നും കഅ്ബയോട് സമാനത പുലര്‍ത്തുന്നതാണ് ആ രൂപം. മുസ്‌ലിംകളല്ലാത്തവര്‍ കഅ്ബക്കകത്ത് വിഗ്രഹ പൂജയല്ല നടക്കുന്നതെന്നും മറിച്ച്, നമസ്‌കാരമാണ് അവിടെ നടക്കുന്നതെന്നും കണ്ടുമനസ്സിലാക്കുന്നതിന് വേണ്ടിയാണത്. അവിടെ ഖബറും, വിഗ്രഹങ്ങളും, ചിത്രരൂപങ്ങളുമൊന്നുമില്ലെന്ന് ബോധ്യപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണിത്. കഅ്ബ അല്ലാഹുവിന്റെ വിശുദ്ധ ഭവനമാണ്. ലോകത്തുളള മുസ്‌ലിംകളുടെ ഖിബ്‌ലയുമാണ്. ഈയൊരു പ്രവര്‍ത്തനത്തിന്റെ ഇസ്‌ലാമിക വിധിയെന്താണ്?

ഉത്തരം: ഇസ്‌ലാമിക പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കഅ്ബക്ക് സമാനമായ മാതൃകയില്‍ രൂപം നിര്‍മിക്കുന്നതില്‍ തെറ്റില്ല, അത് ജനങ്ങളെ കഅ്ബയിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കുവേണ്ടി, വിശുദ്ധ കഅ്ബക്ക് സമാനമായ രൂപം മലേഷ്യയില്‍ നിര്‍മിക്കപ്പെട്ടുട്ടുണ്ട്. അതവര്‍ക്ക് ഹജ്ജിന്റെ കര്‍മങ്ങള്‍ പ്രായോഗിക രീതിയില്‍ പരിചയപ്പെടാന്‍ സഹായകമാണ്. ഇതിനെതിരെ ആരും രംഗത്തുവന്നതായി എന്റെ അറിവിലില്ല. ഇതില്‍ ഒരുപാട് നന്മയുണ്ടെന്നും, പ്രബോധ മേഖലയിലെ വൈവിധ്യമാണെന്നുമാണ് എന്റെ അഭിപ്രായം.

അവലംബം: al-qaradawi.net
വിവ: അര്‍ശദ് കാരക്കാട്

Related Articles