Your Voice

കൊലകളുടെ ആവർത്തനങ്ങൾ

കോടിക്കണക്കിന് മനുഷ്യരെ കൊലക്ക് കൊടുത്ത് അവരുടെ ശവക്കൂനകൾക്ക് മീതെ സാമ്രാജ്യങ്ങൾ വിജയാരവത്തിന്റെ തേരോടിച് ആർത്തുല്ലസിച്ചത്തിന്റെ  കഥകൾ അടുക്കി വെച്ചതാണ് ലോക ചരിത്രത്തിന്റെ സിംഹ ഭാഗവും. അപരിമേയമായ അത്തരം കൊടും കൊലകളുടെ ഗതകാലങ്ങളിൽ ഒരംശമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ വിതറിയ മരണങ്ങളുടെ ഏടുകൾ.

പൊതുവെ ലോകത്തു നവോത്ഥാന മൂല്യങ്ങളുടെ മിന്നാ മിനുങ്ങായി പ്രവർത്തിച്ചുവെന്നു കരുതപ്പെടുന്ന ബ്രിട്ടീഷുകാർ ഇന്ത്യയിൽ അഴിച്ചു വിട്ടത് കിരാതമായ  കൊലകളാണ്. ഒരു ഭാഗത്തു ശാസ്ത്ര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചപ്പോൾ തന്നെ വെള്ളക്കാർ തങ്ങളുടെ സാമ്രാജ്യ താല്പര്യങ്ങൾ സംരക്ഷികുന്നതിന്റെ ഭാഗമായി അവിശ്വസനീയമായ കൂട്ടകുരുതികളാണ് ഇന്ത്യയിൽ നടത്തിയത്.

ബംഗാൾ നവാബിനെതിരെ 1757 ജൂൺ 23നു പ്ലാസി യുദ്ധം വിജയിച്ച ശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിലെ അവരുടെ ഭരണം ഊട്ടിയുറപ്പിച്ചു. മുഗളരെ ഇല്ലാതാക്കി ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും നേരിട്ട് നികുതി പിരിക്കാൻ തുടങ്ങി. ജനങ്ങൾക്ക് മീതെ കനത്ത നികുതിയാണ് അവർ അടിച്ചേൽപ്പിച്ചത്. പ്രജകൾക്ക് ഒരിക്കലും ഒടുക്കാൻ പറ്റാത്ത ഭീമമായ സംഖ്യകളാണ് നികുതിയായി നിക്ഷയിച്ചിരുന്നത്. നികുതിയടക്കാൻ സാധിക്കാതിരുന്ന കർഷകരുടെ കൃഷി സ്ഥലങ്ങൾ പിടിച്ചെടുത്ത് അവരെ തെരുവിൽ തള്ളി. ബംഗാളിൽ മാത്രമല്ല ആഗ്ര, മദ്രാസ് തുടങ്ങി തങ്ങളുടെ അധീനതയിൽ എത്തിപ്പെട്ട പ്രദേശങ്ങളിൽ ഒന്നും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഭീമമായ നികുതി ചുമത്തുക മാത്രമല്ല തങ്ങൾ ആവശ്യപ്പെടുന്ന വിളകൾ തന്നെ കൃഷി ചെയ്യണമെന്നു നിർബന്ധിക്കുകയും ചെയ്തു. നീലം കൃഷി ചെയ്യുന്നത് അങ്ങേയറ്റത്തെ നഷ്ട കച്ചവടമായിരുന്ന സമയത്തു ബംഗാളിലെ കർഷകർ നീലം തന്നെ കൃഷി ഇറക്കണമെന്നു ബ്രിട്ടീഷുകാർ നിർബന്ധിച്ചു. ബ്രിട്ടീഷുകാർ അവരുടെ നാട്ടിൽ ആരംഭിച്ചിരുന്ന ഇതുമായി ബന്ധപ്പെട്ട ചില വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കാനായിരുന്നു ഇത്.

Also read: കൊറോണ വൈറസ് കാലത്തെ ജുമുഅ: നമസ്കാരം

പൊതുജനം സർവ വിധേനയും പൊറുതിമുട്ടി. വിദേശത്തു നിന്നും കുറഞ്ഞ വിലക്ക് വസ്ത്രങ്ങൾ ഇറക്കു മതി ചെയ്ത് ഇന്ത്യയിലെ പരുത്തി തുണി വ്യവസായങ്ങൾ പൂട്ടിച്ചു. വസ്ത്ര നിർമാണം കുടിൽ വ്യവസായമാക്കി ജീവിതായോധനം നടത്തിയിരുന്നവർ ഒന്നടങ്കം കൃഷിയിലും മറ്റും കൂലി വേലകൾ തേടി ഗ്രാമങ്ങളിലേക്ക് കുടിയേറി. താങ്ങാനാവാത്ത നികുതിഭാരത്താൽ കഴുത്തൊടിഞ്ഞ കരഷകരാവട്ടെ കൃഷി ഇട്ടെറിഞ്ഞു പോയി. ക്ലേശിച്ചും കൃഷിയിൽ ഏർപെട്ടിരുന്നവരിൽ തങ്ങൾ ചുമത്തിയ അത്രയും നികുതി കാഴ്ച വെക്കാത്തവരുടെ കൃഷി സ്ഥലങ്ങൾ പിടിച്ചെടുത്ത് അവരെ വഴിയിൽ തള്ളി. കോടിക്കണക്കിനു ഇന്ത്യക്കാർ ജീവിതം മുന്നോട്ടു കൊണ്ടുപോവാനാവാതെ വലഞ്ഞു. ക്ഷാമം നിത്യ സംഭവമായി. 1861ലുണ്ടായ ഒരു ക്ഷാമത്തിൽ ഉത്തരേന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 8.5 ശതമാനം പേർക്ക് ജീവൻ നഷ്ടമായി. 1876 ലെ ക്ഷാമത്തിൽ രാജ്യത്തെ പത്തുകോടി ജനങ്ങൾ നശിച്ചു. 1896, 1900 വർഷങ്ങളിൽ സമാനമായ ദുരന്തങ്ങൾക്ക് രാജ്യം സാക്ഷിയായി.

കാരുണ്യത്തിന്റെ മാലാഖയായി ലോക പ്രശസ്‌തി നേടിയ ഫ്ലോറെൻസ് നൈറ്റിംഗേൽ ഇന്ത്യയിലെ പട്ടിണിമരണങ്ങളുടെ ദയനീയത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബല്ലേരി, കടപ്പ, നെല്ലൂർ, മൈസൂർ തുടങ്ങിയവ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന കാലത്തു ആ പ്രദേശങ്ങളിലെ മൊത്തം ജനസംഖ്യയുടെ 27 ശതമാനം വിശപ്പ് അകറ്റാൻ സാധിക്കാതെ ചത്തൊടുങ്ങിയെന്ന് അവർ പരിതപിച്ചിട്ടുണ്ട്. 1876 ൻറെ ഓടുക്കത്തിൽ 21,29,850 ആയിരുന്ന സേലത്തെ ജന സംഖ്യ ക്ഷാമം നിമിത്തം 1878 മാർച്ചു മാസത്തിൽ 15,59,876 ആയി ചുരുങ്ങിയെന്ന് ഫ്ലോറെൻസ് ചൂണ്ടിക്കാട്ടി.

ഇന്ത്യ ഒട്ടുക്കും ഇക്കാലത്തു ക്ഷാമം പിടിപെട്ടിരുന്നു. ഒറീസ്സയിൽ മാത്രം കുറഞ്ഞത് പത്തുലക്ഷം പേർ 1866-ൽ മരിച്ചു. അവിടത്തെ മൊത്തം ജനസംഖ്യയുടെ മുന്നിലൊന്നായിരുന്നു ഇത്. ക്ഷാമം മൂലം രണ്ടുകൊല്ലക്കാലത്ത് മൊത്തത്തിൽ ഏതാണ്ട് അറുപതു ലക്ഷം പേർ മരണമടഞ്ഞു.

Also read: ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരോട്

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ അവസാനത്തെ ക്ഷാമമായിരുന്നു 1943 ലെ ബംഗാൾ ക്ഷാമം. ഈ ക്ഷാമകാലത്ത് 30 ലക്ഷം പേർ മരിക്കുകയുണ്ടായി. 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമർത്യസെന്നിനെ ദാർശനികതയോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അദ്ദേഹം നേരിൽ കാണാനിടയായ 1943 ലെ ബംഗാൾ ക്ഷാമം ആയിരുന്നു.

ജീവനറ്റു കിടന്ന ലക്ഷകണക്കിന് ഇന്ത്യക്കാരുടെ ജഡങ്ങളെ ചവിട്ടി മെതിച്ചു ഭക്ഷണ വസ്തുക്കൾ അവർ സ്വന്തം നാട്ടിലേക്ക് കയറ്റിയയച്ചു. ഇന്ത്യയെ കട്ടുമുടിച്ചുണ്ടാക്കിയ സമ്പത്തു ഉപയോഗിച്ചാണ് വെള്ളക്കാർ സ്വന്തം നാട്ടിൽ ശാസ്ത്രവും സാഹിത്യവും വളർത്തിയത്. ഒരു ഭാഗത്തു മനുഷ്യ രാശിയുടെ അന്തസും ഔന്നത്യവും വർധിപ്പിക്കുന്നതിനായി യത്നിക്കുന്നുവെന്നു പെരുമ്പറയടിക്കുകയും മറുഭാഗത് ഒരു ജന വിഭാഗത്തെ അടിമകളാക്കിയും കൊന്നൊടുക്കിയും നശിപ്പിച്ച ഈ ബ്രിട്ടീഷുകാരിൽ നിന്നാണ് നാം സ്വാതന്ത്ര്യം നേടിയത്. ഒരു ഭാഗത്തു അഹിംസയും ആധ്യാത്മികതയും ഉൽഘോഷിക്കുക,      മറു ഭാഗത്തു തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനവിഭാഗങ്ങളുടെ വംശീയ ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുക. നമ്മുടെ സമകാലിക അനുഭവങ്ങൾ മറ്റൊന്നല്ല.

Facebook Comments
Related Articles
Show More

Check Also

Close
Close
Close