Current Date

Search
Close this search box.
Search
Close this search box.

ആ മന്ദഹാസ ധാവള്യം ഇനിയില്ല

പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്ലാഹി ഇന്ന് രാവിലെ (2021 ഡിസംബർ 21 ന് ) അന്തരിച്ചു. ആദാബെ സിന്ദഗി (ജീവിത മര്യാദകൾ) എന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ലോകഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള അന്വേഷകർക്ക് തുടർന്നും പ്രയോജനം ചെയ്യുന്ന വിജ്ഞാന നിധികളാണ് ഉപരിസൂചിത ഗ്രന്ഥവും ആസാൻ ഫിഖ്ഹുമെല്ലാം . ലളിതമായ ഭാഷയിൽ കർമശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആസാൻ ഫിഖ്ഹ് കേരളത്തിന് പുറത്ത് ഉറുദു മീഡിയത്തിൽ നടന്നു വരുന്ന ജമാഅതെ ഇസ്ലാമിയുടെ സെക്കന്ററി പാഠശാലകളിൽ പഠിപ്പിക്കപ്പെട്ടു വരുന്നു. ഇത്തരത്തിലുള്ള 60 ലേറെ ഗ്രന്ഥങ്ങൾ ഇസ്ലാഹി രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയതും പറഞ്ഞതും ഉർദുവിലായിരുന്നു വെങ്കിലും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൂടെ അദ്ദേഹം വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും സംസാരിക്കുന്ന വായനക്കാരിലേക്കും അവ എത്തി. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ പലരും പാശ്ചാത്യ-പൗരസ്ത്യ നാടുകളിലുണ്ട് .

1932 ൽ ജൂലൈ 9 ന് ഫോർമുല്ലിയിൽ ജനിച്ച മൗലാന ജമാഅതെ ഇസ്ലാമിയുടെ മൂന്ന് പതിറ്റാണ്ടായി കേന്ദ്ര ശൂറാംഗമായിരുന്നു. ഇസ്‌ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ ” പ്രോജക്റ്റ് വൈ ഇസ്‌ലാമിന്റെ ” മുഖ്യ രക്ഷാധികാരിയായിരുന്നു മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്ലാഹി .

ബ്രിട്ടീഷ് ഇന്ത്യയിലെ ഉത്തർപ്രദേശിലെ ബറേലിയിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെറുപ്പത്തിലെ ഖുർആൻ മനഃപാഠമാക്കി, പിതാവ് ശൈഖുൽ ഹദീസ് മൗലാന അബ്ദുൾ ഖദീം ഖാൻ സാഹിബ് അദ്ദേഹത്തെ തുടർ വിദ്യാഭ്യാസത്തിനായി സഹാറൻപൂർ ജില്ലയിലെ മസാഹിറുൽ ഉലൂമിൽ ചേർത്തു. തുടർന്നദ്ദേഹം ഉപരിപഠനത്തിനായി മദ്രസതുൽ ഇസ്‌ലാഹ് തെരെഞ്ഞെടുത്തതാണ് പ്രസ്ഥാനത്തിന്റെ പരിസരത്തേക്ക് അദ്ദേഹത്തെ മാറ്റി നട്ടതെന്നാണ് നിരീക്ഷണം.

മൗലാനാ അമീൻ അഹ്‌സൻ ഇസ്‌ലാഹിയുടെ കീഴിൽ നാല് വർഷം ചെലവഴിച്ച അദ്ദേഹം ഫസീലത് പൂർത്തിയാക്കിയത് ഇസ്ലാഹി ലായിരുന്നു. 1953-ൽ ജമാഅത്തെ ഇസ്‌ലാമി അംഗമായി, വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇസ്‌ലാഹി നാട്ടിലെയും പുറത്തെയും നിരവധി വിദ്യാഭ്യാസ, ക്ഷേമ സ്ഥാപനങ്ങളുടെ മാർഗദർശിയായിരുന്നു. പെൺകുട്ടികളുടെ ഉന്നത അറബിക്, ഇസ്‌ലാമിക വിദ്യാഭ്യാസത്തിനുള്ള അതുല്യവും പ്രശസ്തവുമായി ജാമിഅതു സ്സ്വാലിഹാതിന്റെ സാരഥിയായിരുന്നു. മർഹൂം മൗലാന അബ്ദുൽ ഹയ്യ് ലഖ്‌നവി സ്ഥാപിച്ചതായിരുന്നു പ്രസ്തുത സ്ഥാപനം.

രാംപൂർ നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശത്ത് നിരവധി ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വിശാലമായ കാമ്പസിൽ ഇപ്പോൾ ആയിരത്തിലധികം വിദ്യാർത്ഥിനികൾ താമസിച്ച് പഠിക്കുന്നു. നഗരത്തിൽ നിന്ന് കാമ്പസിലേക്ക് വന്നു പഠിക്കുന്ന ഡേസ്കോളേഴ്സിന്റെ എണ്ണം മൂന്നിരട്ടിയിലധികമാണ്. ജാമിഅയ്ക്ക് മറ്റൊരു കാമ്പസുണ്ട്; ജൂനിയർ വിഭാഗങ്ങൾക്കുള്ള ക്ലാസുകൾ നടക്കുന്ന പഴയ കാമ്പസ് .

പ്രൊഫ എഫ് ആർ ഫരീദി, ഡോ അബ്ദുൽ ഹഖ് അൻസ്വാരി എന്നിവരുടെയെല്ലാം മാതൃ സ്ഥാപനമായ മർകസി ദർസ്‌ഗാഹെ ഇസ്‌ലാമി (രാംപൂർ ) കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്. സദാ പുഞ്ചിരി തൂകിയുള്ള ശുദ്ധ ഉറുദു സംസാരം, പ്രകൃത്യാലുള്ള വിനയം, നർമ്മം, കരുതൽ എന്നിവയിൽ വേരൂന്നിയതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. കഴിഞ്ഞ വർഷം ശാന്തപുരം അൽ ജാമിഅയിൽ നടന്ന ശൂറാ യോഗത്തിലാണ് ഇസ്ലാഹിയുമായി അടുത്തിടപെടുന്നത്. ഭാര്യാ പിതാവ് മരണപ്പെട്ട വാർത്തകേട്ട് രണ്ടാം ദിവസം അദ്ദേഹം പെട്ടെന്നു പോയി. പ്രശസ്തനായ ഡോ സൽമാൻ അസ്അദ് പുത്രന്മാരിൽ പ്രമുഖനാണ്.പരലോകത്ത് അല്ലാഹു അദ്ദേഹത്തിന്റെ പദവി ഉയർത്തട്ടെ. ഇസ്ലാമിക പ്രസ്ഥാനത്തിനു അല്ലാഹു നല്ല പകരക്കാരനെ നല്കി ആദരിക്കട്ടെ .

Related Articles