നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ, സർവ്വകലാശാലകളിൽ, ഐ.ഐ.ടികളിൽ, കോളജുകളിൽ അഴിഞ്ഞാടുന്ന ജാതി ഭീകരതയുടെ നേർചിത്രമാണ് രോഹിത് വെമുലയുടെ ജീവിതവും മരണവും!
“എന്റെ ജനനം തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടം ” എന്നെഴുതി ആത്മഹത്യ ചെയ്ത / രക്തസാക്ഷ്യം വരിച്ച രോഹിത് വെമുല ഇന്ത്യയിലെ കോടിക്കണക്കിന് പീഡിത പിന്നാക്ക ജനവിഭാഗങ്ങളുടെ ദൈന്യജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്!
ഇന്ത്യൻ ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുന്നോട്ടുവെക്കുന്നത് ചാതുർവർണ്യമാണല്ലോ. പിന്നാക്ക ജാതിക്കാർ / കറുത്ത തൊലിയുള്ളവർ സവർണരെ “സേവിക്കേണ്ട” വരാണ് എന്ന ലളിതയുക്തിയാണ് വർണാശ്രമധർമത്തിന്റെ ആകത്തുക! (അങ്ങനെ സേവിച്ചാലേ അടുത്ത ജന്മം കുലീനമാവൂ എന്ന് ചിന്തിക്കുന്ന അടിമച്ചങ്ങലകളിൽ തളക്കപ്പെട്ട ജാതി ഇരകളാണ് ഫാഷിസത്തിന്റെ ഇന്ധനവും ആയുധവും!) ഭീകരവും മാരകവുമായ ഈ അപരിഷ്കൃത പ്രത്യയ ശാസ്ത്രം ഫാഷിസത്തിന്റെ യൂറോപ്യൻ അനുഭവങ്ങളേക്കാൾ എത്രയോ നൂറ്റാണ്ടുകൾ പഴക്കമുള്ളതും കോടിക്കണക്കിന് മനുഷ്യരെ അടിമകളും ഐത്ത ജാതിക്കാരുമായി ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയകറ്റിയ സാമൂഹിക ദുരാചാരവുമാണ്!
ആർ.എസ്.എസ് ഭടന്മാർ ഇന്ത്യ ഭരിക്കുന്ന സാഹചര്യത്തിൽ, ജാതിമേധാവിത്വത്തിന്റെ ഹിന്ദുത്വ ജീവിത വ്യവഹാരങ്ങൾ ശൂദ്രന് വിദ്യ വിലക്കുന്നതും ഭ്രഷ്ട് കൽപ്പിക്കുന്നതും സ്വാഭാവികമാണ്! (അറിയുക! ഉത്തരേന്ത്യ മുഴുവൻ പിച്ചിച്ചീന്തപ്പെടുന്ന കറുത്ത മനുഷ്യ സ്ത്രീകളുടെ അഭിമാനം ആഢ്യ ബ്രാഹ്മണ്യ മൂല്യവിചാരങ്ങളിൽ കുറ്റം പോലുമല്ല!)
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ 2015 ൽ ആത്മഹത്യ ചെയ്ത ആറാമത്തെ ദലിത് വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ഹൃദയ ഭേദകമായ ജീവിത കഥ ഹിന്ദുത്വ ഫാഷിസവുമായി മുഖാമുഖം നിൽക്കുന്ന ഈ ഘട്ടത്തിൽ ഓരോ ഇന്ത്യക്കാരനും / കേരളീയൻ സവിശേഷമായും ആഴത്തിൽ അറിയേണ്ടതാണ്.
മൈത്രീ ബുക്സ് (തിരുവനന്തപുരം) ആണ് അതിന് വേദി ഒരുക്കിയിരിക്കുന്നത്. “രോഹിത് വെമുല ഇന്ത്യൻ ഫാഷിസത്തിന്റെ ഇര ” എന്ന പ്രമുഖർ അണിനിരക്കുന്ന പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.ടി റജി കുമാർ.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5