Current Date

Search
Close this search box.
Search
Close this search box.

മതരാഷ്ട്രവാദം – മൗദൂദി പറഞ്ഞതും പറയാത്തതും

ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ മൗദൂദി ശ്രദ്ധേയമായ രീതിയില്‍ ഇടപെട്ടു എന്നുപറയാവുന്നത് അദ്ദേഹത്തിനെതിരെ ഒരു ആരോപണമുയര്‍ന്ന സന്ദര്‍ഭത്തിലാണ്. 1953 ലെ ഖാദിയാനി വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച ലാഹോര്‍ കോടതി അന്വേഷണ റിപ്പോര്‍ട്ടില്‍, മൗദൂദിയുടേതെന്ന് പറയപ്പെടുന്ന ഒരു ഉദ്ധരണി എടുത്ത് ചേര്‍ത്തിരുന്നു. കോടതി രേഖപ്രകാരം, മൗദൂദിയോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നു; ”പാകിസ്താനില്‍ ഇസ്‌ലാമിക ഗവണ്‍മെന്റ് വേണമെന്ന് താങ്കള്‍ പറയുമ്പോള്‍, ഇന്ത്യയില്‍ ഹിന്ദുക്കള്‍ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഭരണഘടനയുണ്ടാക്കുന്നത് താങ്കള്‍ക്ക് അനുവദിക്കാന്‍ കഴിയുമോ?” അതിന് മൗദൂദി ഇങ്ങനെ മറുപടി പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്: ”അവിടെയുള്ള ഭരണകൂടം ഇന്ത്യന്‍ മുസ്‌ലിംകളെ ശൂദ്രരായോ (താഴ്ന്ന ജാതി) മ്ലേഛരായോ (തൊട്ടുകൂടാത്തവര്‍) കണക്കാക്കുകയോ അവരുടെ മേല്‍ മനുവിന്റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയോ ഭരണതലങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തി അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്താല്‍ ഞാനതിന് എതിര് നില്‍ക്കുകയില്ല. കാരണം അത്തരമൊരു അവസ്ഥ ഇന്ത്യയില്‍ നേരത്തെ നിലനില്‍ക്കുന്നുണ്ട്.” തന്റെ സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന ഒരാള്‍ ഇത്രക്കും ബീഭത്‌സമായ ഒരു പ്രസ്താവന നടത്തുമോ?

Also read: എന്താണ് സി.എ.എ-എൻ.പി.ആർ-എൻ.ആർ.സി? ഇന്ത്യൻ പൗരൻമാരെ ഏതുവിധത്തിൽ ബാധിക്കും?

എന്നാല്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്ന് ഒരു കത്തില്‍ മൗലാനാ മൗദൂദി എഴുതിയിട്ടുണ്ട്. അന്ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്ന ഡോ. നജാതുല്ലാ സിദ്ധീഖിക്ക് മൗദൂദി എഴുതി: ”മുനീര്‍ റിപ്പോര്‍ട്ടില്‍ എന്നിലേക്ക് ചേര്‍ത്തിപ്പറഞ്ഞ കാര്യങ്ങളില്‍ വളരെയേറെ വളച്ചൊടിക്കലുകള്‍ നടന്നിട്ടുണ്ട്. ഇന്ത്യയില്‍ മനുവിന്റെ ധര്‍മശാസ്ത്രം നടപ്പാക്കാമെന്നോ, മുസ്‌ലിംകളോട് ശൂദ്രന്മാരെപ്പോലെയോ മ്ലേഛന്മാരെപ്പോലെയോ പെരുമാറാമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഇതൊക്കെ മുനീര്‍ സാഹിബിന്റെ (ജസ്റ്റിസ് മുഹമ്മദ് മുനീറിന്റെ) സ്വന്തം വാക്യങ്ങളാണ്. അതൊക്കെ അദ്ദേഹം എന്നിലേക്ക് ചേര്‍ത്തിപ്പറയുകയാണ്. അദ്ദേഹം എന്നോട് ചോദിച്ച ചോദ്യം ഇതായിരുന്നു: ‘ഇവിടെ ഒരു ഇസ്‌ലാമിക ഭരണം വേണമെന്ന് പറയുമ്പോള്‍, ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് മേല്‍ മനുവിന്റെ ധര്‍മശാസ്ത്രം നടപ്പാക്കുന്ന ഒരു ഹിന്ദു ഗവണ്‍മെന്റിനെ നിങ്ങള്‍ അംഗീകരിക്കുമോ?’ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ മറുപടി ഇതാണ്: എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് അവരാണ്. എന്ത് രീതി സ്വീകരിക്കണം എന്ന് അവര്‍ നമ്മോട് അഭിപ്രായം ചോദിക്കുകയില്ല. അതുപോലെ നമ്മള്‍ അവസരം ലഭിക്കുമ്പോള്‍ നമ്മുടെ വിശ്വാസ പ്രമാണമനുസരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിലെ ഹിന്ദുക്കള്‍ അവര്‍ ഉദ്ദേശിക്കുന്ന വിധത്തിലാവും പ്രവര്‍ത്തിക്കുക.’

Related Articles