Current Date

Search
Close this search box.
Search
Close this search box.

മത പരിത്യാഗവും രാജ്യദ്രോഹവും

പെരും നുണയായും അർദ്ധ സത്യങ്ങളായും ഒരു നൂറു നുണ ഒരു ലേഖനത്തിൽ എഴുതിയാൽ എല്ലാത്തിനും മറുപടി പറയാൻ നിൽക്കില്ലെന്ന ധാരണയിലാണോ എന്നറിയില്ല, ആഷ് ലി അടുത്തതായി പറയുന്ന വിഷയം നോക്കുക :
“മതപരിത്യാഗിയെ കൊല്ലണം എന്നൊക്കെ സിദ്ധാന്തമുള്ള ഒരാളെ സൈദ്ധാന്തികനായി കൊണ്ട് നടന്നാൽ ആരുടെ പിന്തുണ കിട്ടാനാണ്? ഏറ്റവും ചെറിയ മുസ്ലിം രാഷ്ട്രീയ-സംഘടന ആയി ഇവർ ചുരുങ്ങിപ്പോവുന്നത് ഇത്ര ദുർബലവും മിനിമം നീതിബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്തതും പ്രായോഗികമായി അസാധ്യവും ആയ ഒരു തിയറി മുറുകെപ്പിടിച്ചതു കൊണ്ടാണെന്നും തോന്നിയിട്ടുണ്ട്.”.

പ്രിയ ആഷ് ലി, ‘മത’ പരിത്യാഗിക്കുള്ള ശിക്ഷയെ കുറിച്ച ജമാഅത്തെ ഇസ്ലാമിയുടെ സമീപനം വ്യക്തമാക്കുന്നതിന് മുമ്പ് ഒരു കാര്യം ചോദിക്കട്ടെ. മുസ്ലിം ലോകം പൊതുവിൽ അംഗീകരിക്കുന്ന നാല് മദ്ഹബുകൾ ഉണ്ട്. (ജമാഅത്തെ ഇസ്‌ലാമി ഇതിൽ ഏതെങ്കിലും ഒരു മദ്ഹബിനെ സബ്സ്ക്രൈബ് ചെയ്തു പിന്തുടരുന്നവരല്ല. ഓരോ വിഷയത്തിലും മെറിറ്റ് നോക്കി ഇമാമീങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നവരാണ്. ഏതെങ്കിലും ഇമാമിന്റെ ഒരു വിഷയത്തിലെ അഭിപ്രായത്തോട് യോജിപ്പ് ഉള്ളത് കൊണ്ട്, എല്ലാ വിഷയങ്ങളിലും യോജിപ്പ് ഉണ്ടാകണമെന്നില്ല. അത് പോലെതന്നെ, ഏതെങ്കിലും വിഷയത്തിൽ ഒരു ഇമാമിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്ന് കരുതി എല്ലാ വിഷയത്തിലും വിയോജിക്കുന്നുവെന്നും കരുതേണ്ട. അഭിപ്രായ വിത്യാസമുള്ള കാര്യങ്ങളിളെല്ലാം എല്ലാ ഇമാമു മാരോടും ആദരവും ബഹുമാനവും പുലർത്തുകയും ചെയ്യുന്നു.) ആ നാലു മദ്ഹബകളും മത പരിത്യാഗിയുടെ വിഷയത്തിൽ എന്താണ് പറയുന്നതെന്ന് ആഷ് ലി പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. ആഷ് ലി പറഞ്ഞത് പോലെ മത പരിത്യാഗി വിഷയത്തിലെ മൗദൂദിയുടെ സമീപനമാണ് ജമാഅത്തിന്ന് പിന്തുണ കിട്ടാതിരിക്കാൻ കാരണമെങ്കിൽ, ഈ മദ്ഹബുകൾക്കൊന്നും അനുയായികൾ ഉണ്ടാകുവാനേ പാടില്ലല്ലോ? രണ്ടാമതായി, ആഷ്‌ലിയുടെ എഴുത്ത് വായിച്ചാൽ തോന്നുക, ഇന്ത്യയിലും ഇതര രാജ്യങ്ങളിലുമുള്ള ജമാഅത്ത് പ്രവർത്തകരും അനുഭാവികളുമെല്ലാം ജമാഅത് പ്രവർത്തകരായത് മൗദൂദിയുടെ മത പരിത്യാഗി വിഷയത്തിലെ അഭിപ്രായം പരിഗണിച്ചാണ് എന്നാണ്!

നേരത്തെ വ്യക്തമാക്കിയത് പോലെ മൗദൂദിക്ക്‌ നിരവധി വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ട്. ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ട് അതിനെ കുറിച്ച് ഞാൻ ഒന്നും എഴുതുന്നില്ല. ആ കർമ ശാസ്ത്ര വിഷയത്തിൽ മൗദൂദിയുടെ അഭിപ്രായം എന്ത് തന്നെയായാലും അതൊന്നും പ്രസ്ഥാനത്തിന്റെ അഭിപ്രായമായിരിക്കയില്ലെന്നു നേരത്തെ ഇത് സംബന്ധമായി എഴുതിയതിൽ നിന്നു തന്നെ വ്യക്തമായതാണെല്ലോ? അങ്ങനെ പ്രസ്ഥാനത്തിന്റെ അഭിപ്രായമായി മൗദൂദിയൊ ജമാഅത്തെ ഇസ്ലാമിയോ അതിന്റെ പ്രവർത്തകരോ കണ്ടിട്ടുമില്ല. വിരുദ്ധങ്ങളായ എല്ലാ അഭിപ്രായങ്ങളെയും ആദരവോടെ നോക്കികാണുന്ന സംസ്കാരമാണ് ജമാഅത്തിന്റേത്. പ്രസ്ഥാനം എന്ന നിലയിൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി രാജ്യ ദ്രോഹവും അരാജകത്വ പ്രവർത്തനവുമാണ് ‘ഇർതിദാദ്’, ‘മുഫാറഖത് അനിൽ ജമാഅ’ എന്നിവ കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത് എന്ന് കൃത്യമായും മനസിലാക്കുന്നു. ഖുർആനും നബി ചര്യയും ഇസ്ലാമിക ചരിത്രവും അതാണ് വ്യക്തമാക്കുന്നത്. ഇസ്‌ലാമിനെ രാഷ്ട്രീയ മുക്തമാക്കുവാൻ ശ്രമിച്ച കോളനിയലിസവും അൾട്രാ സെക്യൂലറിസ്റ്റുകളും ഇസ്‌ലാമിൽ ഇല്ലാത്ത മത പൗരോഹിത്യവും, അതിനെ രാഷ്ട്രീയ മുക്തമാക്കുമ്പോൾ ഇസ്‌ലാമിലെ രാജ്യ ദ്രോഹപരമായ കുറ്റത്തിന്റെ ശിക്ഷ എന്ത് ചെയ്യുമെന്ന പ്രശ്നം ഉത്ഭവിക്കുക സ്വാഭാവികമാണെല്ലോ? അപ്പോൾ അവരും കൂടി കണ്ട ‘പരിഹാരം’ ആണ് ആ ശിക്ഷയെ ‘മത പരിത്യാഗ’ത്തിന്ന് ആയി ചിത്രീകരിക്കുകയെന്നത്. ഇങ്ങനെ പറയുന്നതാകട്ടെ, ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കുവാനും സഹായിക്കും. അപ്പോഴും ഒരു ചോദ്യമുയരും. രാഷ്ട്രവും രാഷ്ട്രീയവും ഇല്ലാത്ത ഇസ്ലാമിലെ മത പരിത്യാഗത്തിന്ന് ആരോപിക്കപ്പെടുന്ന ഈ ശിക്ഷ ആരാണ് നടപ്പാക്കുക?!

മത പരിത്യാഗവും രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇസ്ലാമിക സമീപനം മനസ്സിലാക്കുവാൻ താഴെ കൊടുത്ത ലിങ്കിലെ ഈയുള്ളവൻ എഴുതിയ ലേഖനം വായിക്കുവൻ താല്പര്യപ്പെടുന്നു. ആവർത്തനം ഒഴിവാക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. https://www.facebook.com/100002296459825/posts/1440524596034075/
(തുടരും)

Related Articles