Current Date

Search
Close this search box.
Search
Close this search box.

മതങ്ങളും അന്ധവിശ്വാസങ്ങളും

പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അറബികള്‍ മൃഗ ബലി നടത്തുക സാധാരണമാണ്. അതിനെ അന്ധ വിശ്വാസം എന്നാരും പറയാറില്ല. റാഫേല്‍ യുദ്ധ വിമാനം കമ്മീഷന്‍ ചെയ്യുമ്പോള്‍ മന്ത്രി അദ്ദേഹത്തിന്റെ വിശ്വാസം പ്രകടിപ്പിച്ചു എന്നതില്‍ എന്താണ് തെറ്റ്?

ഒരു മതത്തിന്റെ വിശ്വാസം മറ്റൊരു മതക്കാരന് അന്ധ വിശ്വാസമായി തോന്നുക എന്നത് സ്വാഭാവികം മാത്രം. അത് കൊണ്ട് തന്നെ മറ്റൊരു വിശ്വാസിയുടെ വിശ്വാസത്തെ നമുക്ക് വിശകലനം ചെയ്യാം എന്നല്ലാതെ അതിനെ പരിഹസിക്കാന്‍ പാടില്ല എന്ന് ഇസ്‌ലാം പറയുന്നതും. മറ്റൊരു വിഭാഗത്തിന്റെ കണ്ണില്‍ വിശ്വാസം തന്നെ പൂര്‍ണമായ അന്ധ വിശ്വാസമാണ്. വിശ്വാസം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത കാലത്തോളം അത് ആചരിക്കാന്‍ ഭരണ ഘടനയും സ്വാതന്ത്രം നല്‍കുന്നു. വിശ്വാസവും അന്ത വിശ്വാസവും മതങ്ങളുടെ കാര്യത്തില്‍ അതിനകത്തു തന്നെ തീരുമാനിക്കണം. ഇസ്ലാം മതത്തെ കുറിച്ച് അന്ധവിശ്വാസം എന്നത് തീരുമാനിക്കേണ്ടത് മത പ്രമാണങ്ങള്‍ വെച്ച് കൊണ്ടാണ്. ഹിന്ദു മതത്തിലും അങ്ങിനെയാകാനെ ഇടയുള്ളൂ.

മതങ്ങള്‍ തമ്മിലുള്ള അന്തരം ദൈവമുണ്ടോ എന്നതിലല്ല. ലോകത്തില്‍ നിലനില്‍ക്കുന്ന അധികം മതങ്ങളും ഒരു ദൈവത്തിന്റെ സാന്നിധ്യം അംഗീകരിക്കുന്നു. ദൈവത്തിനെ ഏതു രീതിയിലാണ് അംഗീകരിക്കേണ്ടത് എന്നിടത്താണ് ആ വ്യത്യാസം നിലനില്‍ക്കുന്നത്. ഏകനായ ദൈവം എന്നതാണു ഇസ്ലാമിന്റെ ദൈവിക കാഴ്ചപ്പാട്. ദൈവത്തെ ആരാധിക്കുക എന്നതിലും മതങ്ങള്‍ ഒന്നിക്കുന്നു. ആരാധന എന്നത് ദൈവത്തിനു മാത്രമാകണം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കേവലം ആരാധ്യന്‍ എന്നതിലപ്പുറം ജീവതത്തിന്റെ മുഴുവന്‍ മേഖലയിലും ദൈവത്തിന്റെ സാന്നിധ്യം ഇസ്‌ലാം അംഗീകരിക്കുന്നു.

പല മതങ്ങളും അവരുടെ പ്രമാണങ്ങളുടെ പേരില്‍ പല ആചാരങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടായിക്കിയിട്ടുണ്ട്. പുണ്യം നേടുക എന്നതാണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കപ്പെടുന്നു. ഹിന്ദു ആചാര പ്രകാരം പൂജ എന്നത് ഒരു അനിവാര്യതയായി കണക്കാക്കുന്നു. മറ്റുള്ളവരുടെ ഭാഷയില്‍ അതിനെ അന്ധ വിശ്വാസം എന്ന് വിളിക്കുമ്പോള്‍ അവരുടെ ഭാഷയില്‍ അത് വിശ്വാസമാണ്. തിരിച്ചും അങ്ങിനെ തന്നെ. അപ്പോള്‍ മതങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അവിടെ ചര്‍ച്ച ചെയ്യേണ്ടത് ആചാര അനുഷ്ടാങ്ങളെ കുറിച്ചല്ല. പകരം മതങ്ങള്‍ ഊന്നി നില്‍ക്കുന്ന ദൈവ വിശ്വാസത്തിന്റെ സ്വഭാവത്തെ കുറിച്ചാകണം. അത് കൊണ്ടാണ് പ്രവാചകനും ഖുര്‍ആനും പരമത വിശ്വാസത്തെ അവമതിക്കുന്നതിനെ എതിര്‍ത്തതും. അതെ സമയം റാഫേല്‍ യുദ്ധ വിമാന കാര്യത്തില്‍ നമുക്കുള്ള എതിര്‍പ്പ് ഒരു മതേതര രാജ്യത്തു ഒരു മതത്തിന്റെ ആചാരം ഔദ്യോഗിക കാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു എന്നിടത്താണ്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം എന്ന നിലയിലേക്ക് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ഇത്തരം നിലപാടുകള്‍ നമ്മില്‍ ആശങ്ക ഉയര്‍ത്തില്ല. ഇന്ത്യന്‍ പൌരത്യം തന്നെ മതത്തിന്റെ പേരില്‍ വീതിക്കാന്‍ ഒരുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. അവിടെ ഈ പൂജയൊക്കെ വളരെ നിസ്സാരം എന്നെ പറയാന്‍ കഴിയൂ.

ഇസ്‌ലാമില്‍ ബലി ഒരു പുണ്യകരമായ കാര്യമാണ്. എന്ത് തുടങ്ങുന്നതിനു മുമ്പും ബലി ആവശ്യമാണ് എന്ന നിലപാട് ഇസ്‌ലാമിനില്ല. ഒരാള്‍ സ്വമേധയാ അങ്ങിനെ ചെയ്യുന്നുവെങ്കില്‍ അത് പുണ്യകരം തന്നെ. പക്ഷെ അതൊരു അനിവാര്യതയല്ല. മതത്തില്‍ പല പുതിയ രീതികളും പലയിടത്തും കടന്നു കൂടിയിട്ടുണ്ട്. അതിനു പ്രമാണത്തിന്റെ പിന്‍ബലം ഉണ്ടെന്നു വരില്ല. നമ്മുടെ കൊച്ചു കേരളത്തിലും അത്തരം പലതും നമുക്ക് കാണാം. അത് കൊണ്ട് തന്നെ അന്ധവിശ്വാസം മതങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ആപേക്ഷികതയാണ്.

Related Articles