Current Date

Search
Close this search box.
Search
Close this search box.

മതേതരത്വത്തെ നയിക്കുന്നത് മതവും ജാതിയും തന്നെയാണ്

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതു കൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തെ നോക്കി ഇന്ത്യയെ വിലയിരുത്തരുത് എന്നും അഭിമാനത്തോടെ കേരളക്കാര്‍ പറയാറുണ്ട്. പക്ഷെ നമ്മുടെ ആ ചിന്തക്ക് കോട്ടം തട്ടുന്നു എന്നതാണ് പുതിയ സംഭവങ്ങള്‍ നമ്മോടു പറയുന്നത്. മതവും ജാതിയും പൊതു സമൂഹത്തിലേക്ക് മോശമായ രീതിയില്‍ വരാന്‍ പാടില്ല. മതം മൂല്യങ്ങളാണ്. ജാതി ഒരാളുടെ അടയാളവും. നമ്മുടെ പൊതു സമൂഹത്തെ മതവും ജാതിയും എങ്ങനെയാണ് സ്വാധീനിക്കുന്നത്. അതിന്റെ രണ്ടു തെളിവുകളാണ് ശബരിമലയും ഷാജി വിഷയത്തില്‍ കോടതി നടത്തിയ കണ്ടെത്തലും.

ശബരിമല ഒരു മത വിഷയമാണ്. സ്ത്രീകളുടെ പദവിയും അതിന്റെ ഭാഗമാണ്. സമൂഹത്തിലെ മൊത്തം ജനത്തെ അത് ബാധിക്കുന്നില്ല. വിശ്വാസികളുടെ വിശ്വാസം മാത്രമാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതെ സമയം ആ വിഷയത്തെ എത്ര മാത്രം വര്‍ഗീയ വല്‍ക്കരിക്കാന്‍ തല്പര കക്ഷികള്‍ ശ്രമിച്ചു എന്ന് നോക്കിയാല്‍ കാര്യം മനസ്സിലാവും. അന്യ മതസ്ഥരായ ഉദ്യോഗസ്ഥരാണ് കുഴപ്പം ഉണ്ടാകാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു സംഘ് പരിവാര്‍ ഉന്നയിച്ച ആരോപണം. അത് കേരളം തള്ളിക്കളഞ്ഞുവെങ്കിലും അത്തരം നീക്കങ്ങളുടെ അപകടം നാം മനസ്സിലാക്കാതെ പോകരുത്. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിലേക്ക് തന്ത്രിയെയും കൊണ്ട് വരാന്‍ അവര്‍ ശ്രമിച്ചു എന്ന് കൂട്ടി വായിക്കുമ്പോള്‍ രാഷ്ട്രീയത്തിന് വളരാന്‍ നല്ലത് മതവും വിശ്വാസവും തന്നെ എന്നവര്‍ കണക്കു കൂട്ടുന്നു.

ഒരു എം എല്‍ എ യുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദു ചെയ്തത് തെരഞ്ഞെടുപ്പിനായി മതവും വിശ്വാസവും മോശമായി ഉപയോഗിച്ചു എന്ന പേരിലാണ്. ഒരു പക്ഷെ ഈ കാരണത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് റദ്ദു ചെയ്യപ്പെടുന്ന വ്യക്തി ഷാജിയാകാം. സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണോ ഇതെല്ലം സംഭവിച്ചതു എന്ന കണക്കെടുപ്പിനേക്കാള്‍ നാം കാണേണ്ടത് അത്തരം പ്രചാരണം നടത്താന്‍ ആളുകള്‍ എങ്ങിനെ രംഗത്തു വന്നു എന്നതാണ്. അങ്ങിനെ ഒരു നോട്ടീസ് ആ നിയോജക മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു എന്നത് സത്യമാണ്. ആ നോട്ടീസിലെ ഉള്ളടക്കം ജനാധിപത്യ മതേതര സമൂഹത്തിനു ഹാനികരമായിരുന്നു എന്നതും ആരും സമ്മതിക്കും. തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ കണ്ണും പൂട്ടി അംഗീകരിക്കാത്തവരെ അകാരണമായി വര്‍ഗീയതയും തീവ്രവാദവും ഭീകരവാദവും ഉന്നയിക്കുന്ന ഒരാളെ തന്നെ അതെ കാരണത്താല്‍ കോടതി അയോഗ്യനാക്കി എന്നതാണ് ആ വിധിയിലെ പ്രത്യേകത.

അപ്പോള്‍ നമ്മുടെ മതേതരത്വത്തെ നയിക്കുന്നത് മതവും ജാതിയും വിശ്വാസവും തന്നെയാണ്. ആവശ്യമുള്ളപ്പോള്‍ തങ്ങളുടെ ആവശ്യം പോലെ അതിനെ മോശമായി ഉപയോഗപ്പെടുത്തുന്നു. മതത്തിലെ നല്ല മൂല്യങ്ങള്‍ രാഷ്ട്രീയത്തിലും പൊതു സമൂഹത്തിലും കടന്നു വരണം. നല്ല മൂല്യങ്ങള്‍ കടന്നു വരാന്‍ നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമ്മതിക്കില്ല. അങ്ങിനെ പറയുന്നതിനെ വര്‍ഗീയത എന്ന് പ്രചരിപ്പിക്കുകയും വിശ്വാസത്തിന്റെ പേരില്‍ മോശമായ നേട്ടം ഉണ്ടാകുന്നതിന് സമര്‍ത്ഥമായ വഴികള്‍ കണ്ടെത്തുന്നതിനെ മതേതരത്വം എന്നും വിളിച്ചു അവര്‍ സായാജ്യമടയുന്നു.

Related Articles